അതിശയന്‍, ആനന്ദഭൈരവി ചിത്രങ്ങളിലൂടെ മികച്ച ബാലതാരമായി തിളങ്ങിയ ദേവദാസ് നായകനാകുന്ന ‘കളിക്കൂട്ടുകാര്‍’ തിയേറ്ററുകളിലേക്ക്. ചിത്രം മാര്‍ച്ച് 8 ന് റിലീസ് ചെയ്യും. ദേവദാസിന്റെ അച്ഛനും പ്രമുഖ നടനുമായ ഭാസി പടിക്കലാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. പി.കെ ബാബുരാജാണ് സിനിമ സംവിധാനം ചെയ്യുന്നത്.
പത്തൊമ്പത് വയസ്സുള്ള ആറ് സുഹൃത്തുക്കളുടെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ് കളിക്കൂട്ടുകാര്‍ പറയുന്നത്. ആറ് പേര് ചേര്‍ന്നുള്ള ഒരു ടീനേജ് ഗ്രൂപ്പിന്റെ കഥ മാത്രമല്ല ഈ ചിത്രം. ക്യാമ്പസ് മൂവിയുമല്ല. മറിച്ച് ഈ പ്രായത്തില്‍ അവര്‍ നേരിടേണ്ടി വരുന്ന ചില സാമൂഹിക പ്രശ്നങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ആക്ഷനും സസ്പെന്‍സുമൊക്കെയുള്ള ചിത്രം പൂര്‍ണ്ണമായും ഒരു ഫാമിലി എന്റര്‍ടെയ്നറാണെന്നും സംവിധായകന് പറയുന്നു.
ഉദ്യോഗസ്ഥ അഴിമതി, മയക്കുമരുന്ന് മാഫിയ തുടങ്ങിയ സാമൂഹിക വിപത്തുകളെ ഗൗരവമായി തന്നെ സമീപിക്കുകയും അത്തരം വിപത്തുകളെ സമൂഹമധ്യത്തില്‍ വരച്ചുകാട്ടുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. തൃശ്ശൂരിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. തൃശ്ശൂര്‍, ഗോവ, വാഗമണ്‍ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചത് .
ചിത്രത്തില്‍ ദേവദാസിന് പുറമെ യുവതാരങ്ങളായ നിധി, ആല്വിന്, ജെന്സണ് ജോസ്, സ്നേഹ സുനോജ്, ഭാമ എന്നിവരും മലയാളത്തിലെ പ്രമുഖ താരങ്ങളായ സലിംകുമാര്‍,ജനാര്ദ്ദനന്,കുഞ്ചന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, ബൈജു, ഷമ്മി തിലകന്, രാമു, ശിവജി ഗുരുവായൂര്‍, , വിവേക് ഗോപന്, സുനില്‍ സുഖദ, സുന്ദര പാണ്ഡ്യന്, ബിന്ദു അനീഷ്, രജനി മുരളി , ഐറിന്, ലക്ഷ്മി പ്രമോദ് എന്നിവരും അഭിനയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: