ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ ചോരയ്ക്ക് പാക്കിസ്ഥാനും ഭീകരര്‍ക്കും ശക്തമായ തിരിച്ചടി നല്‍കാനുറച്ച് കേന്ദ്ര സര്‍ക്കാര്‍. പകരംവീട്ടാനുള്ള സൈനിക പദ്ധതികള്‍ മൂന്നു സൈനിക മേധാവിമാരും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷനും ഉന്നതതലയോഗത്തില്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ വെച്ചു. സുരക്ഷാ കാര്യങ്ങള്‍ക്കുള്ള അടിയന്തര കേന്ദ്രമന്ത്രിസഭായോഗ ശേഷം നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇക്കാര്യത്തില്‍ വ്യക്തമായ സൂചന നല്കി.
”ജനങ്ങളുടെ ചോര തിളയ്ക്കുകയാണ്. കൊടുംകുറ്റമാണ് ഭീകരര്‍ ചെയ്തത്. ഈ ആക്രമണത്തിന് രാജ്യം ശക്തമായ മറുപടി നല്‍കും. ഭീകരത പ്രോത്സാഹിപ്പിക്കുന്നവരും കനത്ത വില നല്‍കേണ്ടി വരും. സൈന്യത്തിന്റെ ധീരതയില്‍ വിശ്വാസമുണ്ട്. തിരിച്ചടിക്കാന്‍ പൂര്‍ണ സ്വതന്ത്ര്യം നല്‍കിക്കഴിഞ്ഞു. എവിടെ എപ്പോള്‍ എങ്ങനെ വേണമെന്ന് അവര്‍ക്ക് തീരുമാനിക്കാം. സ്ഥലവും സമയവും നിശ്ചയിക്കാനുള്ള അധികാരം സൈന്യത്തിനുണ്ട്. പുതിയ നയം നടപ്പാക്കുന്ന ഇന്ത്യയാണിത്”. രാജ്യത്തെ ഏറ്റവും വേഗമുള്ള ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസ് യുപിയില്‍ ഫ്ളാഗ് ഓഫ് ചെയ്ത് അദ്ദേഹം വ്യക്തമാക്കി.
ഭീകരാക്രമണത്തിനെതിരെ രാജ്യമെങ്ങും ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഉറി ഭീകരാക്രമണത്തിന് ശേഷം നടത്തിയ മിന്നലാക്രമണത്തിന് സമാനമായി കര്‍ശന നടപടി വേണമെന്ന ആവശ്യം വിവിധ കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. പാക്കിസ്ഥാന് മറുപടി നല്‍കണമെന്ന് വീരമൃത്യു വരിച്ച രത്തന്‍ ഠാക്കൂറിന്റെ പിതാവ് ആവശ്യപ്പെട്ടു. ഭാരതാംബയ്ക്കായി ഒരു മകനെ ഞാന്‍ ബലി നല്കി. അടുത്ത മകനെയും നല്കാന് തയ്യാറാണ്, അദ്ദേഹം പറഞ്ഞു. മറക്കുകയോ പൊറുക്കുകയോ ഇല്ലെന്നും ഹീനകൃത്യത്തിന് പകരം വീട്ടുമെന്നും സിആര്‍പിഎഫും വ്യക്തമാക്കി. പാക്കിസ്ഥാനെ അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടുത്തുന്നതിന് നയതന്ത്ര നടപടികള്‍ ശക്തമാക്കാന്‍ ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാകാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. സൈനിക നടപടിയും ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന.
പാക്കിസ്ഥാനെ പേരെടുത്ത് പറയാതെ കടന്നാക്രമിച്ച പ്രധാനമന്ത്രി ഭീകരതയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആ രാജ്യത്തിന് ഉചിതമായ മറുപടി നല്‍കുമെന്ന് ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ട അയല്‍രാജ്യം ഗൂഢാലോചനയിലൂടെയും തന്ത്രങ്ങളിലൂടെയും ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്നാണ് കരുതുന്നതെങ്കില്‍ അവര്‍ക്ക് തെറ്റി. അയല്‍രാജ്യത്തിന്റെ നിരാശയാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് കാരണം. നിത്യച്ചെലവുകള്‍ക്കായി മറ്റ് രാജ്യങ്ങളോട് ഇരക്കേണ്ട അവസ്ഥയിലാണ് അവര്‍. ഭീകരതയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരും ഉത്തരവാദികളായവരും അര്‍ഹമായ ശിക്ഷ അനുഭവിക്കും. രാജ്യത്തെ പിന്തുണച്ച എല്ലാവര്ക്കും നന്ദി അറിയിക്കുന്നു. അദ്ദേഹം വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: