തീരദേശത്തിന്റെ ജീവിത പ്രശ്നങ്ങള്‍ എല്ലാകാലത്തും വെല്ലുവിളികള്‍ നിറഞ്ഞതാണ്. തീരദേശം കയ്യടക്കാന്‍ ആയുധ ബലത്തോടെ കടന്നുവന്നവര്‍, പാരമ്പര്യവും സംസ്കാരവും തകര്‍ത്ത് മതപരിവര്‍ത്തനം ലക്ഷ്യമാക്കി വന്നവര്‍, തീരവും കടലും കയ്യടക്കി സാമ്പത്തികലാഭം കൊയ്യാന്‍ വന്നവര്‍ ഇത്തരത്തിലുള്ള നിരവധി ശക്തികള്‍ തീരത്തെ സ്വസ്ഥവും സമാധാനവുമുള്ള ജീവിതത്തിന് ഭീഷണിയുയര്‍ത്തി കടന്നുവന്നിട്ടുണ്ട്. എന്നാല്‍ ആര്‍ത്തിരമ്പുന്ന തിരമാലകളോട് മല്ലടിച്ച് ഉപജീവനം നടത്തുന്നതിലൂടെ കൈവന്ന കരുത്തും സംഘശക്തിയാല്‍ ആര്‍ജ്ജിച്ച മനോധൈര്യവും കൈമുതലാക്കി എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് മുന്നേറിയതാണ് തീരദേശത്തെ പരമ്പരാഗത സമൂഹത്തിന്റെ ചരിത്രം. അഭിമാനകരമായ ഈ പശ്ചാത്തലത്തിലാണ് നാലു പതിറ്റാണ്ടുകാലത്തെ ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ പ്രവര്‍ത്തനം. മത്സ്യത്തൊഴില്‍ ഉപജീവനമാക്കിയ ഈ സമൂഹത്തിന്റെ സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ ഉന്നതിക്കായി പ്രവര്‍ത്തിക്കുന്ന ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ 17-ാം സംസ്ഥാന സമ്മേളനം 16, 17 തീയതികളില്‍ (ശനി, ഞായര്‍) ചാവക്കാട്ട് നടക്കുകയാണ്. സാമൂഹ്യവും സാംസ്കാരികവുമായ മുന്നേറ്റത്തിനുതകുന്ന പരിപാടികള്‍ നിശ്ചയിക്കാനും സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടിത്താനുമുതകുന്നതാകും ഈ സമ്മേളനം.
തീരസുരക്ഷ അതീവ ജാഗ്രതയോടെ നടത്തണമെന്നതിന്റെ സൂചനയാണ് മുനമ്പത്ത് നടന്ന മനുഷ്യക്കടത്ത്. ‘ദയാമാത’ എന്ന മീന്‍പിടിത്ത ബോട്ടില്‍ 42 പേര് ഓസ്ട്രേലിയയിലേക്ക് കടന്നതായാണ് പറയുന്നത്. മുന്നൂറിലധികം പേര് ഇങ്ങനെ കടന്നതായി സംശയിക്കുന്നു. 2015ല്‍ ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെ കടത്തിക്കൊണ്ട് വന്നതും ഇവിടം കേന്ദ്രീകരിച്ചാണ്. എല്‍ടിടിഇക്ക് വേണ്ടി ആയുധങ്ങള്‍ കടത്തിയതായി രഹസ്യാന്വേഷണ എജന്‍സികള്‍ കണ്ടെത്തിയതാണ്. അവര്‍ക്കുവേണ്ടി ബോട്ട് നിര്‍മിച്ചത് മുനമ്പത്ത് നിന്നാണെന്ന് തമിഴ്നാട് ക്യൂ ബ്രാഞ്ച് കണ്ടെത്തി. പല റിസോര്‍ട്ടുകളും ഇത്തരം കേന്ദ്രങ്ങളാണെന്ന് സംശയം ഉയര്‍ത്തുന്നുണ്ട്. കൃത്യമായ അന്വേഷണവും നടപടിയും ഇക്കാര്യത്തില്‍ ഇനിയും ഉണ്ടാകേണ്ടതുണ്ട്.
തീരമേഖലയോടും മത്സ്യത്തൊഴിലാളികളോടും സര്‍ക്കാര്‍ കാണിക്കുന്ന സമീപനത്തിന്റെ നേര്‍കാഴ്ചയാണ് ഓഖി ചുഴലിക്കാറ്റിന്റെ സമയത്തും തുടര്‍ന്നും കണ്ടത്. ഓഖിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജില്‍ പറഞ്ഞ കാര്യങ്ങളും വര്‍ഷം ഒന്ന് പിന്നിട്ടിട്ടും നടപ്പിലാക്കിയിട്ടില്ല. കടലില്‍ കാണാതായവരെ കണ്ടെത്താനുള്ള അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരിന് യാതൊരു സംവിധാനങ്ങളുമില്ലാത്തത് കേരളം ചര്‍ച്ച ചെയ്തതാണ്. അക്കാര്യത്തില്‍ കോസ്റ്റ് ഗാര്‍ഡിനെയും നേവിയെയും ആശ്രയിക്കുകയാണുണ്ടായത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രീകരിച്ച് മറൈന്‍ ആംബുലന്‍സുകളും അത്യന്താധുനിക സാങ്കേതിക തികവുള്ള രക്ഷാബോട്ടുകളും ഉണ്ടാകുമെന്ന പദ്ധതിപാക്കേജ് ഇപ്പോഴും കടലാസ്സില്‍ മാത്രമാണ്. പാക്കേജില്‍ പറഞ്ഞ മറ്റു കാര്യങ്ങളുടെയും സ്ഥിതിയും വ്യത്യസ്തമല്ല. ഓഖിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ ധനകാര്യമന്ത്രി പ്രഖ്യാപിച്ചത് രണ്ടായിരം കോടിയുടെ തീരദേശ പദ്ധതികളാണ്. ഒന്നും നടപ്പിലാക്കിയില്ല. ഈ ബജറ്റിലും ആയിരം കോടിയുടെ പ്രഖ്യാപനം നടത്തിയിരിക്കുന്നു. വാഗ്ദാനങ്ങളല്ലാതെ മറ്റൊന്നും മത്സ്യത്തൊഴിലാളിക്ക് നല്‍കുന്നില്ല.
മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷനിലൂടെ കുറച്ച് പേര്‍ക്കെങ്കിലും ആശ്വാസമാകുന്ന എഴുപത്തിഅയ്യായിരം വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളുന്ന പദ്ധതിക്ക് നീക്കിവെക്കാന്‍ സര്‍ക്കാരിന് ഫണ്ടില്ല. ക്ഷേമനിധി ആനുകൂല്യങ്ങളും പെന്‍ഷനും സമയത്തിന് നല്കാന് ഫണ്ടില്ല. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ വര്‍ഷാരംഭത്തില്‍ ലഭിക്കേണ്ട ലംപ്സം ഗ്രാന്റ് കൃത്യമായി നല്‍കുന്നില്ല. എന്നാല്‍ തീരദേശ ടൂറിസത്തിന് ഇഷ്ടംപോലെ ഫണ്ട് നല്‍കുന്നുണ്ട്. 2006-2011 കാലത്ത് സുനാമി ഫണ്ട് ഉപയോഗിച്ച് നടത്തിയ തീരദേശ ടൂറിസം പദ്ധതികളെ വീണ്ടും കോടികള്‍ ചെലവഴിച്ച് നവീകരിക്കാന്‍ പ്രത്യേക താല്‍പ്പര്യവും കാണിക്കുന്നുണ്ട്.
കേരളത്തിന്റെ തീരത്ത് പൊതുവെ ബാധിക്കാതിരുന്ന ന്യൂനമര്‍ദ്ദങ്ങളും തുടര്‍ന്നുള്ള ചുഴലിക്കാറ്റും കാലംതെറ്റി വരുന്ന കടലാക്രമണങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനയാണ്. ഇതിന്റെ ദുരിതങ്ങളും കെടുതികളും അനുഭവിക്കാന്‍ വിധിക്കപ്പെട്ടത് മത്സ്യത്തൊഴിലാളി സമൂഹമാണ്. കടല്‍വെള്ളം ചൂടായി മത്സ്യങ്ങള്‍ ഇല്ലാതാകുന്നതിന് കാരണമാകുന്ന ”എല്‍നിനോ” പോലുള്ള പ്രതിഭാസത്തിന്റെ സൂചനകള്‍ കേരളത്തിന്റെ കടലില്‍ പ്രകടമായി തുടങ്ങിയിരിക്കുന്നു. മുകള്‍ത്തട്ടിലെ മത്സ്യസമ്പത്തില്‍ കാര്യമായ കുറവാണുണ്ടായിട്ടുള്ളത്. അത് ഇനിയും കുറയും എന്നു തന്നെയാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും ലോകം അഭിമുഖീകരിക്കുന്ന ഭീഷണികളാണ്. എന്നാല്‍ ഇതിന്റെയൊക്കെ ആദ്യ ഇരകളാകുന്നത് തീരദേശ ജനസമൂഹമാണെന്ന് സര്‍ക്കാര്‍ ഇതുവരെ മനസ്സിലാക്കിടയിട്ടില്ലെന്ന് തോന്നുന്നു.
മഹാപ്രളയത്തില്‍ രക്ഷകരായി അവതരിച്ച മത്സ്യത്തൊഴിലാളികളെ പൊതുസമൂഹം ഏറെ ആദരവോടെയാണ് എതിരേറ്റത്. കേരളത്തിന്റെ സ്വന്തം സൈന്യം എന്ന് വിശേഷിപ്പിച്ച് സെല്‍ഫിയെടുത്ത് ഫ്ളക്സ് വെച്ച് ആഘോഷിച്ച സര്‍ക്കാര്‍ ഈ സമൂഹത്തോട് നന്ദികേടാണു കാണിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടയ്ക്ക് ജീവന് നഷ്ടപ്പെട്ടവര്‍, മാരകമായി പരിക്കുപറ്റി അവശരായവര് ഇവരുടെ കാര്യത്തില്‍ എന്ത് നിലപാടാണ് സ്വീകരിച്ചത്? രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളിക്ക് പാരിതോഷികമായി പ്രഖ്യാപിച്ച മൂവായിരം രൂപ സ്നേഹപൂര്‍വം വേണ്ടെന്ന് പറഞ്ഞപ്പോള്‍ ആ തുക ഉപയോഗിച്ചെങ്കിലും ഇങ്ങനെയുള്ളവരെ സഹായിച്ച് കൂടായിരുന്നോ? കഴിഞ്ഞ നാലു വര്‍ഷത്തിനിടെയുണ്ടായ കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ട് പെരുവഴിയിലായ നൂറോളം കുടുംബങ്ങള്‍ അമ്പലപ്പുഴ, പുറക്കാട് ഭാഗത്തുണ്ട്. റെയില്‍വേ പുറമ്പോക്കിലും മറ്റും ടെന്റ് കെട്ടി കഴിയുന്നവരെ പുനരധിവസിപ്പിക്കാന്‍ എന്തെങ്കിലും നടപടി ഇതുവരെ ഉണ്ടായോ. കഴിഞ്ഞ ബജറ്റിലും പുതിയ ബജറ്റിലും തീരദേശ പുനരധിവാസത്തിന് കോടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്തേ ഇവരുടെ കാര്യത്തില്‍ കുറ്റകരമായ അനാസ്ഥ തുടരുന്നത്?
തീര മേഖലയിലെ ഭവന നിര്‍മ്മാണ പദ്ധതികള്‍ ഏറെക്കുറെ അനിശ്ചിതത്വത്തിലാണ്. എല്ലാ വര്‍ഷവും കേന്ദ്ര സര്‍ക്കാര്‍ ഒന്നേകാല്‍ ലക്ഷവും സംസ്ഥാന സര്‍ക്കാര്‍ തത്തുല്യമായ തുകയും ചേര്‍ത്ത് രണ്ടരലക്ഷം ഗ്രാന്റായി നല്കുന്ന ഭവന പദ്ധതി അട്ടിമറിക്കപ്പെട്ടു. പ്രധാനമന്ത്രി ആവാസ് യോജന പോലുള്ള പദ്ധതികള്‍ പേര് മാറ്റി അവതാളത്തിലാക്കി. ഫിഷറീസ് വകുപ്പ് മുഖാന്തരം മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി ലഭിക്കേണ്ട ഭവന പദ്ധതി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുന്നതോടെ അര്‍ഹതപ്പെട്ടവര്‍ തഴയപ്പെടുന്നു. തീരദേശത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി റോഡ്, കുടിവെള്ളം, കക്കൂസ് തുടങ്ങിയ പദ്ധതികള്‍ മറ്റു മേഖലകളിലേക്ക് മാറ്റിക്കൊടുക്കുന്നത് ഈ മേഖലയിലെ സ്ഥിരം പ്രവണതയാണ്. ഭവന നിര്മ്മാണ് പദ്ധതിയും അത്തരത്തില്‍ മാറിപ്പോകുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടാകാന്‍ പോകുന്നത്.
മത്സ്യത്തൊഴിലാളികളുടെയും ഈ സമൂഹത്തിന്റെയും പ്രധാനപ്പെട്ട ആവശ്യമായിരുന്നു കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ഫിഷറീസ് വകുപ്പ് ഉണ്ടാവുകയെന്നത്. അതു യാഥാര്‍ത്ഥ്യമായി. ഇക്കാര്യത്തില്‍ ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം നടത്തിയ പരിശ്രമങ്ങള്‍ വിജയം കണ്ടെത്തിയിരിക്കുന്നു. പ്രധാന മന്ത്രിയുമായി സംഘം നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം നല്കിയ ഉറപ്പാണ് പാലിക്കപ്പെടുന്നത്. ഇക്കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തിലൂടെ ഫിഷറീസ് വകുപ്പ് യാഥാര്‍ത്ഥ്യമാക്കി നരേന്ദ്രമോദി സര്‍ക്കാര്‍ വാക്കു പാലിച്ചിരിക്കുന്നു.
(ഭാരതീയ മത്സ്യപ്രവര്‍ത്തക
സംഘം സംസ്ഥാന
ഉപാധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: