പാലക്കാട്: ഫയര്‍ഫോഴ്സ് വാഹനങ്ങളുടെ ഇന്ധന ക്ഷമതയില്‍ കൃത്രിമം കാണിക്കുന്നു. ഇതുവഴി ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ചിറ്റൂര്‍ സ്റ്റേഷനില്‍ കോട്ടയം റീജണല്‍ ഫയറോഫീസറും വകുപ്പ് വിജിലന്‍സ് ഓഫീസറുമായ അരുണ്‍കുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. വാഹനങ്ങളുടെ ഇന്ധനക്ഷമത (ഫ്യുല്‍ ടെസ്റ്റ്) പരിശോധിച്ചതില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തി.
ചിറ്റൂര്‍ സ്റ്റേഷനിലെ അഞ്ച് വാഹനങ്ങളില്‍ രണ്ടെണ്ണം പരിശോധിച്ചതില്‍ നിന്നും ഇന്ധന ക്ഷമത കുറച്ച് രേഖപ്പെടുത്തിയുട്ടുള്ളതായി തെളിഞ്ഞു. പരിശോധിച്ച ഒരു വാഹനത്തിന്റെ ലോഗ്ബുക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഒരു ലിറ്റര്‍ ഇന്ധനത്തിന് രണ്ടര കിലോമീറ്റര്‍ ക്ഷമത എന്നാണ്. പരിശോധനയില്‍ ഇത് നാലേകാല്‍ കിലോമീറ്ററുള്ളതായി കണ്ടെത്തി. മറ്റൊന്നില്‍ ഒരു ലിറ്റര്‍ ഇന്ധനത്തിന് മൂന്ന് കിലോമീറ്റര്‍ ക്ഷമതയെന്നത് പരിശോധനയില്‍ അഞ്ചാണെന്ന് തെളിഞ്ഞു. രണ്ടര കിലോമീറ്റര്‍ ക്ഷമത പ്രകാരം ഏകദേശം പതിമൂന്ന് ലക്ഷം രൂപയുടെ ഇന്ധനം ഈ കാലയളവില്‍ അടിച്ചിട്ടുണ്ട്. ഇത് നാലേകാല്‍ കിലോമീറ്ററായി കണക്കാക്കുമ്പോള്‍ ഒമ്പത് ലക്ഷം രൂപമാത്രമെ ആവുകയുള്ളു. അതില്‍ അഞ്ച് ലക്ഷം രൂപ അധികമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ഒരു വാഹനത്തിന്റെ മാത്രം കാര്യമാണ്. രണ്ടു വാഹനങ്ങളും കൂടി പരിശോധിച്ചതില്‍ പത്ത് ലക്ഷം രൂപക്ക് മുകളിലാണ് ക്രമക്കേട് നടന്നിച്ചുള്ളത്. ജില്ലയിലെ ഒരു സ്റ്റേഷനിലെ മാത്രം കാര്യം ഇങ്ങനെയെങ്കില്‍ സംസ്ഥാനത്തെ 126 സ്റ്റേഷനുകളിലും പരിശോധന നടത്തിയാല്‍ കോടികളുടെ അഴിമതിയാണ് പുറത്തുവരികയെന്ന് വിജിലന്‍സ് കരുതുന്നു.
ചില ജീവനക്കാര്‍ പരാതി നല്‍കിയെങ്കിലും നടപടികളുണ്ടായില്ല. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ബാക്കി വരുന്ന ഇന്ധനം പുറത്ത് കൊടുക്കാറുണ്ടെന്നും ഓഫീസര്‍മാരുള്‍പ്പടെയുള്ളവരുടെ സ്വകാര്യ വാഹനങ്ങളില്‍ ഉപയോഗിക്കുന്നുണ്ടെന്നും ആരോപണമുയരുന്നുണ്ട്. വര്‍ഷങ്ങളായി തിരിമറി നടക്കുന്നുണ്ടെന്നും ചിലര്‍ ഇതിലുടെ വലിയ തുക ഉണ്ടാക്കിയിട്ടുണ്ടെന്നുമാണ് സൂചന. എല്ലാ വര്‍ഷവും സ്റ്റേഷനിലെ എല്ലാ വാഹനങ്ങളുടെയും ഇന്ധനക്ഷമത പരിശോധിക്കാറുണ്ട്. മോട്ടാര്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറാണ് പരിശോധന നടത്തി ഇത് സാക്ഷ്യപ്പെടുത്തുക. മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നീ മൂന്ന് ജില്ലകള്‍ ഉള്‍പ്പെടുന്ന പാലക്കാട് ഡിവിഷന് ഒരു മോട്ടാര്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറാണുള്ളത്. മുമ്പ് പിഡബ്ല്യുഡി എഞ്ചിനീയര്‍മാരാണ് പരിശോധന നടത്തിയുരുന്നത്.
ധനകാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ ചിറ്റൂര്‍ സ്റ്റേഷനില്‍ ഇതിന് മുമ്പും പരിശോധന നടന്നിരുന്നു. ചിറ്റൂര്‍ സ്റ്റേഷനെക്കുറിച്ചുള്ള പരാതികള്‍ കൂടി വരികയാണ്. മേലുദ്യോഗസ്ഥരുടെ പ്രതികാര നടപടികളെ ഭയന്ന് ഇതേക്കുറിച്ച് പരാതിപ്പെടാന്‍ ജീവനക്കാര്‍ തയാറാകുന്നില്ല. സ്ഥലം മാറ്റം മുതല്‍ സര്‍വീസ് ബുക്കിനെ ബാധിക്കുന്ന തരത്തിലുള്ള പ്രതികാര നടപടികളാണ് മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. സ്റ്റേഷനില്‍ നിന്നും പുറത്ത് പോയി വരുന്ന വാഹനത്തില്‍ ബാക്കി വരുന്ന ഇന്ധനം എത്രയെന്ന് രേഖപ്പെടുത്തെണ്ടതുണ്ടെങ്കിലും പാലിക്കപ്പെടാറില്ല. പെട്രോള്‍ പമ്പില്‍ നിന്നും നല്കുന്ന ബില്ലിലെ തുകയായിരിക്കില്ല രേഖപ്പെടുത്തുക. ഇന്ധനമടിക്കുന്ന പമ്പുകളുമായി ഓഫീസര്‍മാര്‍ ബന്ധം സ്ഥാപിച്ചാണ് കൃത്രിമം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: