കോട്ടയം: സംസ്ഥാനത്ത് ഇടത് ഭരണം രണ്ടര വര്‍ഷം പിന്നിടുമ്പോള്‍ വിളനാശവും കടക്കെണിയും ബാങ്കുകളുടെ ജപ്തി ഭീഷണിയും മൂലം ജീവന് വെടിയാന്‍ നിര്‍ബന്ധിതരായത് 26 കര്‍ഷകര്‍. കടത്തില്‍ മുങ്ങി ആത്മഹത്യചെയ്യുന്ന കര്‍ഷകരുടെ എണ്ണം നാള്‍ക്കുനാള്‍ കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. ഒരുമാസത്തിനിടെ ഇടുക്കി ജില്ലയില്‍ മാത്രം നാല് കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്.
2018 ഒക്ടോബര്‍ 12ന് പ്രളയദുരിതമേഖലകളിലെ കര്‍ഷക വായ്പകള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഇത് അട്ടിമറിച്ച് ബാങ്കുകള്‍ ജപ്തി നടപടികള്‍ തുടര്‍ന്നു, എന്നാല്‍ ഇതിനെതിരെ കൃഷിവകുപ്പ് മൗനംപാലിച്ചതാണ് കര്‍ഷക ആത്മഹത്യ കൂടാന്‍ കാരണം.
വിവിധ പാക്കേജുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചുവെങ്കിലും അതൊന്നും കര്‍ഷകര്‍ക്ക് പ്രയോജനപ്പെട്ടില്ല. വടക്കേന്ത്യയില്‍ കര്‍ഷകരുടെ പേരില്‍ ലോങ് മാര്‍ച്ച് നടത്തിയ സിപിഎം കേരളത്തിലെ കര്‍ഷക ആത്മഹത്യയ്ക്കെതിരെ ചെറുവിരല്‍ പോലും അനക്കാന്‍ തയ്യാറായിട്ടില്ല. കര്‍ഷകഭൂമി ജപ്തി ചെയ്യുന്ന സഹകരണ ബാങ്കുകളെ നിലയ്ക്കു നിര്‍ത്തുവാനും നിയന്ത്രിക്കാനും സംസ്ഥാന സര്‍ക്കാരിന് സാധിക്കുന്നുമില്ല. ഈ സഹകരണബാങ്കുകളില്‍ ഏറെയും സിപിഎം നിയന്ത്രണത്തിലാണ്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇടുക്കി പാക്കേജ് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യംവയ്ക്കുന്ന പ്രഖ്യാപനം മാത്രമാണെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്. 2008-ല്‍ യുപിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ച 1800 കോടിയുടെ ഇടുക്കി പാക്കേജില്‍ 150 കോടിയോളം മാത്രമാണ് ഇതുവരെ ചെലവഴിച്ചത്. ഇതിന്റെ തനിയാവര്‍ത്തനം മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ 5000 കോടിയുടെ പുതിയ ഇടുക്കി പാക്കേജും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: