നരേന്ദ്ര മോദി പ്രധാനമന്ത്രിയായത് മതേതരത്വം, ജനാധിപത്യം, സോഷ്യലിസം എന്നിവയ്ക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കിക്കൊണ്ടിരുന്ന ബുദ്ധിജീവികള്‍ക്കും എഴുത്തുകാര്‍ക്കുമാണ് ഒരര്‍ത്ഥത്തില്‍ ശരിക്കും പ്രയോജനപ്പെട്ടത്. അതുവരെ ഇടതുപക്ഷം, ഇസ്ലാമിക പക്ഷം, കോണ്‍ഗ്രസ്സ് പക്ഷം എന്നിങ്ങനെ വിവിധചേരികളില് നിന്നവര്‍ ‘ആശയപരമായ’ ഭിന്നതകളൊക്കെ മാറ്റിവച്ച് ഒറ്റക്കെട്ടായി. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായ കാലം മുതല്‍ തുടങ്ങുന്നതാണ് ഈ ഐക്യപ്പെടലെങ്കിലും മോദി പ്രധാനമന്ത്രിയായതോടെ അവസരവാദപരമായ ഈ കൂട്ടായ്മയ്ക്ക് യാതൊരു ന്യായീകരണവും ആവശ്യമില്ലെന്നു വന്നു. വ്യത്യസ്ത രാഷ്ട്രീയ വിശ്വാസങ്ങള്‍ യാതൊരു ലജ്ജയുമില്ലാതെ ഉള്‍ക്കൊള്ളുന്ന ഇത്തരം ഉഭയജീവികളുടെ ശരിയായ പ്രതിനിധിയാണ് മലയാളികളുടെ വെറും സക്കറിയ എന്ന സാഹിത്യകാരന് പോള്‍ സക്കറിയ.
കഥാകൃത്ത് എന്നതിനേക്കാള്‍ സംഘപരിവാറിനെ മുഖ്യശത്രുവായി പ്രഖ്യാപിച്ച്, ബുദ്ധിപരമായ സത്യസന്ധതയോ മറ്റ് നൈതിക പ്രശ്നങ്ങളോ ഒന്നുമില്ലാതെ ഒരു മതവെറിയന്റെ ആവേശത്തോടെ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്ന സക്കറിയ മലയാളികള്‍ക്ക് സുപരിചിതനാണ്. ഹിന്ദുക്കള്‍, അവരില്‍ത്തന്നെ സംഘപരിവാറുകാര്‍ അടിയന്തരമായി ഉന്മൂലനം ചെയ്യപ്പെടേണ്ടവരാണെന്നും, ഇതിനായി ഇസ്ലാമിക-ഇടതു തീവ്രവാദികള്‍ കൈകോര്‍ക്കുന്നതില്‍ യാതൊരു അധാര്മികതയുമില്ലെന്നും സക്കറിയ കരുതുന്നു. ഈ മൃഗീയ വികാരം പ്രകടിപ്പിക്കാനുള്ള അവസരങ്ങളൊന്നും സക്കറിയ പാഴാക്കാറില്ല. ഇക്കാരണത്താല്‍ അവസരങ്ങളും വേദികളും കഥാപുരുഷന് വേണ്ടുവോളം ലഭിക്കുന്നുണ്ട്. കോടികള്‍ മറിയുന്ന സാംസ്കാരിക വിപണിയില്‍ വളരെ ലാഭകരമായ വാണിജ്യമാണിതെന്ന് കൂട്ടാളികളെക്കാള് നേരത്തെ ഉരുളികുന്നത്തുകാരന് തിരിച്ചറിഞ്ഞത് സ്വാഭാവികം.
‘മാതൃഭൂമി ഡോട്ട് കോമി’നു നല്കിയ അഭിമുഖം (സംഘപരിവാറിന്റെ കെണികള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ രാഷ്ട്രം ഇല്ലാതാവും, 2019 ഫെബ്രുവരി 12) സക്കറിയ എന്ന എഴുത്തുകാരന്റെ അധഃപതനത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്.
1945-ല്‍ ജനിച്ച സക്കറിയയ്ക്ക് അടിയന്തരാവസ്ഥക്കാലത്ത് 30 വയസ്സാണ്. അന്ന് യഥാര്‍ത്ഥത്തില്‍ എന്തൊക്കെയാണ് സംഭവിച്ചതെന്ന് ഈ പ്രായക്കാരനായ ഏതൊരാളും തിരിച്ചറിഞ്ഞിട്ടുണ്ടാവും. പക്ഷേ അഞ്ചര പതിറ്റാണ്ട് പിന്നിടുമ്പോള്‍, ഇന്ത്യന്‍ ജനത ഫാസിസത്തെ മുഖാമുഖം ദര്‍ശിച്ച അടിയന്തരാവസ്ഥയെ ലളിതവല്‍ക്കരിക്കുകയും വെള്ളപൂശുകയും ചെയ്യുകയാണ് സക്കറിയ. ”അടിയന്തരാവസ്ഥ തീര്‍ച്ചയായും ഭീതിനിറഞ്ഞ കാലമായിരുന്നു. ഏകാധിപത്യത്തിന്റെ വൃത്തികെട്ടതും ഭീകരവുമായ മുഖം ഇന്ത്യന്‍ ജനത കാണുകയും ചെയ്തു” എന്ന് അഭിമുഖത്തില്‍ സമ്മതിക്കുന്ന സക്കറിയ അടുത്ത ശ്വാസത്തില്‍ പറയുന്നത് ”പക്ഷേ ഇതുപോലെ വ്യാജവാര്‍ത്തകളുടെയും അസത്യങ്ങളുടെയും നിര്‍മിതി അന്നുണ്ടായിരുന്നില്ല. അടിയന്തരാവസ്ഥയുടെ കരാള ദിനങ്ങളില്‍പ്പോലും മതേതരത്വവും ബഹുസ്വരതയും ഇന്ദിരാഗാന്ധി നിരാകരിച്ചിരുന്നില്ല. അടിയന്തരാവസ്ഥയില്‍ രാഷ്ട്രീയ പകപോക്കലുകളാണ് ഉണ്ടായിരുന്നത്. ഇന്നത്തെപ്പോലെ വര്‍ഗീയതയുടെ പേരിലുള്ള കൊലകളുണ്ടായിരുന്നില്ല” എന്നൊക്കെയാണ്.
അടിയന്തരാവസ്ഥയിലെ ജനാധിപത്യ ധ്വംസനങ്ങളെക്കുറിച്ചും പീഡനങ്ങളെക്കുറിച്ചും നേരറിവില്ലാത്തവരെ ക്രൂരമായി തെറ്റിദ്ധരിപ്പിച്ച് അന്ന് രാജ്യത്ത് ഏകാധിപത്യം അടിച്ചേല്പ്പിച്ചവരുടെ പിന്മുറക്കാര്ക്ക് രാഷ്ട്രീയ മേല്‍ക്കൈ നേടിക്കൊടുക്കുകയാണ് സക്കറിയ ചെയ്യുന്നത്; തെളിച്ചു പറഞ്ഞാല്‍ ഒരുതരം ദല്ലാള്‍ പണി.
അടിയന്തരാവസ്ഥയില്‍ വ്യാജവാര്‍ത്തകളുടെയും അസത്യങ്ങളുടെയും നിര്‍മിതി ഉണ്ടായിരുന്നില്ല എന്ന സക്കറിയയുടെ കണ്ടെത്തല്‍ തന്നെ ഭീതിജനകമാണ്. 1975 ജൂണ്‍ 25 ന് അര്‍ധരാത്രിയാണ് കോണ്‍ഗ്രസ്സ് ഭരണം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 21 മാസം നീണ്ടുനിന്ന ഏകാധിപത്യ ഭരണത്തില്‍ പത്രസ്വാതന്ത്ര്യം നിഷേധിച്ചു. പത്രസ്ഥാപനങ്ങള്‍ പലതും അടച്ചുപൂട്ടിച്ചു. പത്രാധിപന്മാരെ തുറുങ്കിലടച്ചു. വാര്‍ത്തകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറയിളക്കിയ ഇന്ദിരയുടെ മഹത്വം ഘോഷിക്കുന്ന ‘വാര്‍ത്തകള്‍’ ആണ് പല പത്രങ്ങളിലും വന്നുകൊണ്ടിരുന്നത്. ഇന്ത്യയെ ലോകജനതയ്ക്കുമുന്നില് അപകീര്‍ത്തിപ്പെടുത്തിയ ഈ ചരിത്രം മനഃപൂര്‍വം മറച്ചുപിടിച്ചുകൊണ്ടാണ് സക്കറിയ സംഘപരിവാറിനെ ദുഷ്ടലാക്കോടെ കടന്നാക്രമിക്കുന്നത്.
‘ഇതുപോലെ വ്യാജവാര്‍ത്തകളും അസത്യങ്ങളും’ എന്ന് മോദി ഭരണകാലത്തെക്കുറിച്ച് പറയുന്ന സക്കറിയയ്ക്ക് ഇവയില്‍ ഏതെങ്കിലുമൊന്ന് ചൂണ്ടിക്കാണിക്കാന്‍ കഴിയുന്നില്ല. കാരണം അങ്ങനെയൊന്നില്ല എന്നതുതന്നെ. ഇന്ന് വ്യാജ വാര്‍ത്തകളും അസത്യങ്ങളും നിര്‍മിക്കുന്നത് മോദി ഭരണത്തിന് കീഴില്‍ അഴിമതിയും സ്വജനപക്ഷപാതവും നടത്താന്‍ കഴിയാതെ വീര്‍പ്പുമുട്ടുന്നവരാണ്. റഫാല്‍ ഇടപാട് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ കള്ളക്കഥ മെനഞ്ഞ് മാധ്യമങ്ങള്‍ക്ക് വിളമ്പുന്ന കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ ‘മിസ്റ്റര്‍ ലെയര്‍’ എന്ന വിശേഷണത്തിന് അര്‍ഹനാണ്. രാഷ്ട്രീയത്തിലെ ഈ കോമാളി വേഷക്കാരന് പ്രചരിപ്പിക്കുന്ന കള്ളങ്ങള്‍ അനുനിമിഷം പൊളിഞ്ഞാലും അക്കാര്യം മറച്ചുവച്ച് അനിഷേധ്യ സത്യങ്ങളെന്നപോലെ വാര്‍ത്തകള്‍ നല്‍കുകയാണ് പല മാധ്യമങ്ങളുടെയും പതിവ്. മോദി ഭരണത്തിനെതിരെ ചില മാധ്യമങ്ങള്‍ ദിവസംതോറും നല്കിക്കൊണ്ടിരിക്കുന്ന വ്യാജവാര്‍ത്തകള്‍ സമാഹരിച്ചാല്‍ ഡസന്‍ കണക്കിന് വാല്യങ്ങള്‍ വരും.
അടിയന്തരാവസ്ഥയില്‍ മതേതരത്വവും ബഹുസ്വരതയും ഇന്ദിരാഗാന്ധി നിരാകരിച്ചില്ല എന്നുപറയുന്ന സക്കറിയ, ഇരുട്ട് വെളിച്ചമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. അടിയന്തരാവസ്ഥയില്‍ സഞ്ജയ് ഗാന്ധി നേതൃത്വം നല്കിയ തുര്‍ക്ക്മാന്‍ ഗേറ്റ് സംഭവം (1976 ഏപ്രില്‍ 18)ആരാണ് മറക്കുക? 15 ബുള്‍ഡോസറുകള്‍ ഉപയോഗിച്ചാണ് മുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ദല്‍ഹിയിലെ ഈ ചേരി ഒഴിപ്പിച്ചത്. ചെറുത്തവര്‍ക്കുനേരെ നടത്തിയ വെടിവെപ്പില്‍ നിരവധി പേര് കൊല്ലപ്പെട്ടു. ഇതു സംബന്ധിച്ച വാര്‍ത്ത ഇന്ത്യന്‍ മാധ്യമങ്ങളില്‍ വരുന്നത് വിലക്കി. ബ്രിട്ടീഷ് മാധ്യമമായ ബിബിസിയാണ് ഈ സംഭവം ലോകത്തെ അറിയിച്ചത്. ആളുകളെ കുടിയൊഴിപ്പിക്കുന്നതും, അവരെ വെടിവച്ചു കൊല്ലുന്നതും രുക്സാന സുല്‍ത്താന എന്ന അക്കാലത്തെ രാഷ്ട്രീയ താരത്തിനൊപ്പം നേരില്‍ കണ്ട് രസിക്കുകയായിരുന്നു ഇന്ദിരയുടെ ഈ മകന്.
അടിയന്തരാവസ്ഥയിലെ ഇന്ദിരാഗാന്ധിയുടെ ഇരുപതിന പരിപാടിയും സഞ്ജയിന്റെ നാലിന പരിപാടിയും കുപ്രസിദ്ധമാണ്. സഞ്ജയിന്റെ പരിപാടികളിലൊന്ന് നിര്‍ബന്ധിത വന്ധ്യംകരണമായിരുന്നു. ജനപ്പെരുപ്പമാണ് ഇന്ത്യയുടെ പുരോഗതിക്ക് തടസ്സമെന്ന് വിശ്വസിച്ച സഞ്ജയ് കുടുംബാസൂത്രണമെന്നാല് നിര്‍ബന്ധിത വന്ധ്യംകരണമാണെന്ന് ഉറച്ചുവിശ്വസിച്ചു. സ്ത്രീപുരുഷന്മാരെ കൂട്ടമായി വന്ധ്യംകരണം നടത്താന്‍ മുഖ്യമന്ത്രിമാര്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും സഞ്ജയ് നിര്‍ദ്ദേശവും നല്കി. ക്വാട്ട നടപ്പാക്കിയില്ലെങ്കില്‍ പണിപോകുമെന്ന് ഭയന്ന ഉദ്യോഗസ്ഥര്‍ ആളുകളെ തേടിപ്പിടിച്ച് ഇതിന് പ്രേരിപ്പിച്ചു. ഇതൊക്കെ മറച്ചുവച്ച് അടിയന്തരാവസ്ഥയിലെ മതേതരത്വത്തെക്കുറിച്ച് സക്കറിയ ഇപ്പോള്‍ വാചാലനാവുന്നത് മിതഭാഷയില്‍ പറഞ്ഞാല്‍ ഒരുതരം അടിമത്തമാണ്. കുറെക്കാലമായി ഇത് ശീലമാക്കിയ സക്കറിയയ്ക്ക് അസ്വാഭാവികമായി ഒന്നും തോന്നുന്നില്ലായിരിക്കാം. ഒരു മറുചോദ്യം പോലും ഉന്നയിക്കാതെ സക്കറിയയുടെ അസത്യപ്രചാരണത്തിന് കുടപിടിക്കുന്ന ‘മാതൃഭൂമി’ ലേഖകന്റെ തൊലിക്കട്ടിയാണ് അപാരം.
ചില ‘സുകുമാര കലകളില്‍’ താല്പര്യമുള്ളവനെങ്കിലും സക്കറിയ സംഗീതത്തില്‍ താല്പ്പര്യമുള്ളവനാണോയെന്ന് വ്യക്തമല്ല. പക്ഷേ ഇന്ത്യക്കാരനെന്ന നിലയ്ക്ക് കിഷോര്‍ കുമാര്‍ എന്ന അതുല്യ ഗായകനെക്കുറിച്ച് തീര്‍ച്ചയായും കേട്ടിരിക്കും. അടിയന്തരാവസ്ഥയില്‍ കിഷോര്‍ കുമാറിനും അദ്ദേഹത്തിന്റെ പാട്ടുകള്‍ക്കും സംഭവിച്ച ദുര്‍ഗതി സക്കറിയ ബോധപൂര്‍വം വിസ്മരിക്കുന്നു. അടിയന്തരാവസ്ഥയെയും ഇന്ദിരാഗാന്ധിയുടെ ഇരുപതിന പരിപാടിയെയും പ്രകീര്‍ത്തിച്ച് ടെലിവിഷനുവേണ്ടി സിനിമകളെടുക്കാന്‍ വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം കിഷോര്‍ കുമാറിനെയും സമീപിച്ചിരുന്നു. എന്നാല്‍ ഈ ചിത്രങ്ങള്‍ക്കുവേണ്ടി പാടാന്‍ കിഷോര്‍ കുമാര്‍ തയ്യാറായില്ല. ഇതോടെ ആകാശവാണിയിലും ദൂരദര്‍ശനിലും കിഷോര്‍ കുമാറിന്റെ പാട്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഉത്തരവിറക്കാന്‍ ഒട്ടും താമസിച്ചില്ല. കിഷോര്‍ കുമാറിന്റെ പാട്ടുകളുള്ള സിനിമകളുടെ കാര്യത്തില്‍ എന്തു ചെയ്യണമെന്ന് തീരുമാനിക്കാന്‍ അവയുടെ പട്ടിക തയ്യാറാക്കാനും നിര്‍ദ്ദേശം നല്കി. എന്തിനേറെ പറയുന്നു, കിഷോര്‍ കുമാറിന്റെ പാട്ടുകളുടെ ഗ്രാമഫോണ്‍ റെക്കോര്‍ഡുകളുടെ വില്‍പ്പന പോലും മരവിപ്പിച്ചു. എച്ച്എംവി എന്ന കമ്പനി ഈ നിര്‍ദ്ദേശം ശിരസാവഹിച്ചു. ഇതാണ് അടിയന്തരാവസ്ഥയില്‍ ഇന്ദിര നിലനിര്‍ത്തിയെന്ന് സക്കറിയ സാക്ഷ്യപ്പെടുത്തുന്ന ബഹുസ്വരത!
മോദി ഭരണത്തില്‍ ”ജനാധിപത്യ സംവിധാനങ്ങളെല്ലാം വെല്ലുവിളിക്കപ്പെടുകയാണ്” എന്ന് അടിസ്ഥാനരഹിതമായി കുറ്റപ്പെടുത്തുന്ന സക്കറിയ അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസ്സും ഇന്ദിരയും ജനാധിപത്യ സ്ഥാപനങ്ങളെ ഒന്നടങ്കം ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചതിനെക്കുറിച്ച് അശ്ലീലമായ മൗനം പുലര്‍ത്തുന്നു. ഭരണഘടനയെത്തന്നെ പൊളിച്ചെഴുതാന്‍ കോണ്‍ഗ്രസ്സ് നേതാവ് സ്വരണ്‍ സിങ്ങിന്റെ നേതൃത്വത്തില്‍ പുനരവലോകന കമ്മിറ്റി രൂപീകരിച്ചതിനെക്കുറിച്ചും സക്കറിയ കേട്ടിട്ടില്ല! മന്ത്രിസഭായാഗം ചേരാന്‍ സമയമില്ലെന്നു പറഞ്ഞാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിനുള്ള ഉത്തരവ് രാഷ്ട്രപതി ഫക്രുദ്ദീന്‍ അലിക്ക് ഇന്ദിരാഗാന്ധി കൊടുത്തയച്ചത്. അര്‍ദ്ധരാത്രിയില്‍ കിട്ടിയപാടേ ഉത്തരവില്‍ അലി ഒപ്പുവയ്ക്കുകയും ചെയ്തു. റായ്ബറേലിയിലെ ഇന്ദിരയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിക്കൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ പ്രതികാരം ചെയ്യാന്‍ രാജ്യത്തെ ഹൈക്കോടതികള്‍ മുഴുവന്‍ അടച്ചുപൂട്ടാനാണ് അന്നത്തെ ആഭ്യന്തരമന്ത്രി ഓം മേത്ത ഒരുങ്ങിയത്. അടിയന്തരാവസ്ഥയില്‍ ഇതൊക്കെ ചെയ്തവരാണ് ഇപ്പോഴും സുപ്രീംകോടതി, സിഎജി, സിബിഐ, തെരഞ്ഞെടുപ്പ് കമ്മീഷന് മുതലായ ഭരണഘടനാ സ്ഥാപനങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നത്. പത്ത് വര്‍ഷത്തെ യുപിഎ ഭരണകാലത്തും ഭരണഘടനാ സ്ഥാപനങ്ങളെ കോണ്‍ഗ്രസ്സ് കടന്നാക്രമിച്ചു. സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞത് ആരും മറന്നിട്ടില്ല.
രാഹുലിന്റെ കൈലാസയാത്രയും ക്ഷേത്ര സന്ദര്‍ശനങ്ങളും ഹിന്ദുവോട്ടുകള്‍ കൈവിട്ടു പോവാതിരിക്കാനുള്ള രാഷ്ട്രീയ നീക്കമാണെന്ന് അംഗീകരിക്കാനാവാത്ത സക്കറിയ, ഒരു നേതാവെന്ന നിലയില്‍ രാഹുലിന്റെ വളര്‍ച്ചയും പരിണാമവും ശ്രദ്ധേയമാണെന്ന് വാഴ്ത്തുന്നു. ഇടതുപക്ഷത്തിന്റെ ശക്തനായ നേതാവായി പിണറായി വിജയന് ഉയര്‍ന്നുവന്നിട്ടുണ്ടെന്നും സക്കറിയയ്ക്ക് അഭിപ്രായമുണ്ട്.
മോദി ഭരണത്തിന്റെ പതിവ് വിമര്‍ശകരില്‍ പലരും കേരളത്തില്‍ ഇപ്പോള്‍ നിശ്ശബ്ദരാണ്. അവര്‍ ഉറ്റുനോക്കുന്നത് മോദി വീണ്ടും വരുമോയെന്നാണ്. സക്കറിയയ്ക്ക് ഇക്കാര്യത്തില്‍ ആശങ്കയില്ല. മോദി വന്നാലും പിണറായി ഭരണത്തില്‍ താന്‍ സുരക്ഷിതനായിരിക്കും. (ഒരിക്കല്‍ സഖാക്കള്‍ കഴുത്തിന് പിടിച്ചത് അവരുടെ വികാരപ്രകടനം മാത്രം) കോണ്‍ഗ്രസ്സാണ് കേന്ദ്രത്തില്‍ വരുന്നതെങ്കില്‍ പലതും നേടിയെടുക്കുകയും ചെയ്യാം. ഇതാണ് കറിയാച്ചന്റെ മനസ്സിലിരുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: