ന്യൂദല്‍ഹി: 2007ലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ധാരണയിലെത്തിയ കരാറുമായി ഏറെ വ്യത്യാസങ്ങള്‍ വരുത്തിയതാണ് മോദി സര്‍ക്കാര്‍ 2015ല്‍ ഒപ്പുവെച്ച കരാറെന്ന് സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. യുദ്ധവിമാനങ്ങളില്‍ ഘടിപ്പിക്കുന്ന ആയുധങ്ങളുടെ കാര്യത്തില്‍ ഏറെ മാറ്റങ്ങളാണ് കരാറില്‍ സാധ്യമാക്കിയിരിക്കുന്നതെന്നും സിഎജി കണ്ടെത്തി.
36 യുദ്ധവിമാനങ്ങളാണ് പുതിയ കരാര്‍ പ്രകാരം വ്യോമസേനയ്ക്ക് ലഭ്യമാകുക. 2007ലെ ധാരണ പ്രകാരം 18 യുദ്ധവിമാനങ്ങള്‍ സജ്ജമായ നിലയിലും 108 എണ്ണം വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ നിര്മ്മിക്കണമെന്നുമായിരുന്നെങ്കില് പുതിയ കരാര്‍ സര്‍വ്വസജ്ജമായ 36 വിമാനങ്ങള്‍ വാങ്ങാനാണ് ഒപ്പുവെച്ചത്. രണ്ട് സ്ക്വാഡ്രണിനുള്ള ആയുധങ്ങളാണ് 2007ലെ ധാരണ പ്രകാരം പറഞ്ഞിരുന്നത്. 2015ലെ കരാര്‍ പ്രകാരവും രണ്ട് സ്ക്വാഡ്രണിലേക്കുള്ള ആയുധങ്ങളാണ് വ്യവസ്ഥ ചെയ്യുന്നത്. എന്നാല്‍ പുതിയ കരാര്‍ പ്രകാരം പുതിയ ആയുധങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാലാനുസൃതമല്ലാത്ത ചില ആയുധങ്ങള്‍ ഒഴിവാക്കിയിട്ടുമുണ്ട്. എന്നാല്‍ ആയുധങ്ങളുടെ ആകെ പാക്കേജ് നോക്കുമ്പോള്‍ നവീന ആയുധങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പുതിയ കരാര്‍ പ്രകാരം 1.05 ശതമാനത്തിന്റെ ലാഭവും രാജ്യത്തിന് ലഭിച്ചിട്ടുണ്ട്.
2007ലെ കരാര്‍ ഇന്ത്യയും ഫ്രഞ്ച് വിമാനക്കമ്പനിയായ ഡസോള്‍ട്ട് ഏവിയേഷനും തമ്മിലായിരുന്നെങ്കില്‍ 2015ല്‍ മോദി സര്‍ക്കാര്‍ ഒപ്പുവെച്ചത് ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള നേരിട്ടുള്ള കരാറാണ്. ഇതിന്റെ ഗുണം ഡസോള്‍ട്ട് ഏവിയേഷന്‍ ഫ്രാന്‍സിന് റഫാല്‍ യുദ്ധവിമാനങ്ങള്‍ നല്‍കുന്നതിന് സമാനമായ അതേ വ്യവസ്ഥയിലാണ് ഇന്ത്യയ്ക്കും വിമാനങ്ങള്‍ ലഭിക്കുക. രാജ്യങ്ങള്‍ തമ്മില്‍ നേരിട്ട് കരാറൊപ്പിട്ടതു വഴിയാണ് ഇതു സാധ്യമായത്. ഡസോള്‍ട്ട് ഏവിയേഷന്‍ ഫ്രാന്‍സിന് റഫാല്‍ യുദ്ധവിമാനം വില്ക്കുമ്പോള് ലഭിക്കുന്ന പ്രയോജനങ്ങളും സംരക്ഷണവും അതേ അളവില്‍ തന്നെ ഇന്ത്യക്കും ലഭിക്കും, സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യക്ക് ബ്രിട്ടണുമായും അമേരിക്കയുമായും റഷ്യയുമായും നേരിട്ടുള്ള കരാറുകളുണ്ടെന്നും സിഎജി വ്യക്തമാക്കി.
ബാങ്ക് ഗ്യാരണ്ടി സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങളും സിഎജി റിപ്പോര്‍ട്ടില്‍ തള്ളി. ഫ്രാന്‍സും ഡസോള്‍ട്ട് ഏവിയേഷനും തമ്മില്‍ ബാങ്ക് ഗ്യാരണ്ടിയോ സോവറിന്‍ ഗ്യാരണ്ടിയോ ഒപ്പുവെച്ചിട്ടില്ല. അതിനാല്‍ തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിലും അതുള്ക്കൊള്ളിക്കാനാവില്ല. എന്നാല്‍ ഫ്രഞ്ച് പ്രധാനമന്ത്രി ഒപ്പുവെച്ച ലെറ്റര്‍ ഓഫ് കംഫര്‍ട്ട് ബാങ്ക് ഗ്യാരണ്ടിയുമായി ബന്ധപ്പെട്ട് ലഭ്യമാണ്. മോദി സര്‍ക്കാര്‍ ഫ്രഞ്ച് സര്‍ക്കാരുമായി ഒപ്പുവെച്ച കരാര്‍ പ്രകാരം റഫാല്‍ യുദ്ധവിമാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തിലും യുദ്ധവിമാന നിര്‍മ്മാതാക്കള്‍ക്കൊപ്പം തന്നെ ഫ്രഞ്ച് സര്‍ക്കാരിനും തുല്യ ഉത്തരവാദിത്വമാണെന്നും സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഓഫ് ഓഡിറ്റ് കെ. സുബ്രഹ്മണ്യം തയ്യാറാക്കിയ സിഎജി റിപ്പോര്‍ട്ടിന് കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ രാജീവ് മെഹ്റിഷിയാണ് അന്തിമ അംഗീകാരം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: