ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്തെ വാണിജ്യകേന്ദ്രമായ കരോള്‍ബാഗിലെ ഹോട്ടലിലുണ്ടായ വന്‍തീപിടിത്തത്തില്‍ പൊള്ളലേറ്റും വിഷപ്പുക ശ്വസിച്ചും മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 17 പേര് മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു. എറണാകുളം ചേരാനെല്ലൂര്‍ സ്വദേശി നളിനി അമ്മ(84), മക്കളായ പി.സി വിദ്യാസാഗര്‍ (59), പി.സി ജയശ്രീ (53) എന്നിവരാണ് മരിച്ച മലയാളികള്‍. ഒപ്പമുണ്ടായിരുന്ന ഇവരുടെ ബന്ധുക്കളായ 10 പേര് രക്ഷപ്പെട്ടു. തമിഴ്നാട് സ്വദേശികളുടെയും വിനോദസഞ്ചാരത്തിനെത്തിയ രണ്ട് മ്യാന്മര് സ്വദേശികളുടെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. രക്ഷപ്പെടാനായി ടെറസില്‍ നിന്ന് താഴേക്ക് ചാടിയ അമ്മയും കുഞ്ഞും തല്‍ക്ഷണം മരിച്ചു. രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ എംബാം ചെയ്ത ശേഷം ഇന്ന് പുലര്‍ച്ചെ 5.10നുള്ള വിമാനത്തില്‍ കൊച്ചിയിലേക്ക് അയച്ചു.
പുലര്‍ച്ചെ നാല് മണിയോടെയാണ് ഗുരുദ്വാര റോഡിലുള്ള ഹോട്ടല്‍ അര്‍പ്പിത പാലസില്‍ ദുരന്തമുണ്ടായത്. ജനറേറ്റര്‍ ഓണ്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ അമിത വൈദ്യുതി പ്രവാഹം മൂലം മുറിയിലെ എസി പൊട്ടിത്തെറിച്ചാണു തീ പടര്‍ന്നതെന്നു കരുതുന്നു. രാവിലെ ഏഴോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഗാസിയാബാദില്‍ ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് 13 അംഗ മലയാളി സംഘം ദല്‍ഹിയിലെത്തിയത്. ഞായറാഴ്ച വിവാഹച്ചടങ്ങില്‍ പങ്കെടുത്ത സംഘം ഇന്നലെ പുലര്‍ച്ചെ ഹരിദ്വാര്‍ സന്ദര്‍ശനത്തിനു ശേഷം ഇന്ന് നാട്ടിലേക്കു മടങ്ങാനിരിക്കെയാണ് ദുരന്തത്തില്‍പ്പെട്ടത്. യാത്ര പോകാന്‍ ഒരുങ്ങവെ ഹോട്ടലില്‍ പെട്ടെന്ന് വൈദ്യുതി നിലച്ചു. അല്പസമയത്തിനു ശേഷം വൈദ്യുതി വന്ന ഉടന്‍ തീപിടിത്തമുണ്ടാകുകയായിരുന്നു. വിവരം ആദ്യം അറിഞ്ഞ ഉടന്‍ ജയശ്രീയാണ് മറ്റുള്ളവരെ വിവരം അറിയിച്ച് രക്ഷപ്പെടാന്‍ സഹായിച്ചത്.
തീ ആളിപ്പടര്‍ന്നപ്പോള്‍ മുറിക്കുള്ളിലേക്കു ഓടിക്കയറിയവരെ ഫയര്‍ഫോഴ്സ് എത്തി രക്ഷപ്പെടുത്തിയെങ്കിലും ഹോട്ടല്‍ ഇടനാഴിയിലേക്ക് ഓടി ഇറങ്ങിയവര്‍ക്കു രക്ഷപ്പെടാനായില്ല. നളിനിയമ്മയുടെയും വിദ്യാസാഗറിന്റെയും ശരീരങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞിരുന്നു. ഹോട്ടലിലെ 48 മുറികളില്‍ 40 ലും താമസക്കാരുണ്ടായിരുന്നു. രണ്ടു തമിഴ്നാടു സ്വദേശികളും ഒരു ഐആര്‍എസ് ഉദ്യോഗസ്ഥനും മരിച്ചവരില്‍പ്പെടുന്നു. രക്ഷപ്പെട്ട മറ്റ് പത്തു മലയാളികളെ പിന്നീടു കരോള്‍ബാഗിലെ സ്വകാര്യ ഗസ്റ്റ്ഹൗസിലേക്കു മാറ്റി.
പുലര്‍ച്ചെ ഉറക്കത്തിലായതിനാലും ഹോട്ടലിലെ അനധികൃത നിര്‍മ്മാണങ്ങളും സുരക്ഷാസംവിധാനങ്ങളുടെ കുറവുമാണ് മരണ സംഖ്യ ഉയരുന്നതിലേക്ക് വഴിവച്ചതെന്നാണ് പൊലീസ് നിഗമനം. ജനല്‍ ചില്ലുകള്‍ തകര്‍ത്താണ് ആളുകളെ ഫയര്‍ഫോഴസ് രക്ഷപ്പെടുത്തിയത്. ദുരന്തത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവര്‍ അനുശോചിച്ചു. സംഭവസ്ഥലത്തെത്തിയ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്ട പരിഹാരം പ്രഖ്യാപിച്ചു. ജുഡീഷ്യല്‍ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ലെഫ്റ്റനന്റ്ഗവര്‍ണര്‍ അനില്‍ബൈജാല്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രി സത്യേന്ദ്ര ജയിന്, മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിത് എം.പിമാരായ വി.മുരളീധരന്, ആന്റോ ആന്റണി, എം.കെ. രാഘവന് തുടങ്ങിയവരും സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: