തിരുവനന്തപുരം: എം.ബി. രാജേഷിനെ മത്സരിപ്പിക്കാതിരിക്കാന്‍ അണിയറയില്‍ നടന്ന ശക്തമായ കരുനീക്കത്തില്‍ നഷ്ടം എ. സമ്പത്തിന്. സ്വന്തം ആറ്റിങ്ങല്‍ സീറ്റാണ് സമ്പത്തിന് പോയത്. പി.കെ. ശശി എംഎല്‍എക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് ഉന്നയിച്ച ലൈംഗികാരോപണത്തിന് ചൂട്ടുപിടിച്ചത് എം.ബി. രാജേഷ് ആണെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം വിശ്വസിക്കുന്നു. അതിനാല്‍ രാജേഷിനെ മത്സരിപ്പിക്കാതിരിക്കാനുള്ള അണിയറ നീക്കം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. സംസ്ഥാന കമ്മിറ്റിയിലും പോളിറ്റ്ബ്യൂറോയിലും ശശിയെ അനുകൂലിക്കുന്ന കണ്ണൂര്‍ ലോബിക്ക് ശക്തമായ സാന്നിധ്യമുണ്ട്.
മൂന്നാം തവണ മത്സരിക്കുന്നവരെ ഒഴിവാക്കി വിജയസാധ്യതയുള്ള പുതിയ ആള്‍ക്കാര്‍ക്ക് അവസരം നല്‍കണമെന്ന വാദം ഉയര്‍ത്തിയാണ് ചരടുവലി. രണ്ടുതവണ ജയിച്ചവര്‍ മൂന്നാമത് മത്സരിക്കേണ്ടെന്ന് തീരുമാനിച്ചാല്‍ രാജേഷിന് പുറമെ മൂന്നു സിറ്റിങ് എംപിമാര്‍ക്കുകൂടി സീറ്റില്ലാതാകും. ആലത്തൂരിലെ പി.കെ. ബിജു, കാസര്‍കോട്ടെ പി. കരുണാകരന്, ആറ്റിങ്ങലിലെ എ. സമ്പത്ത്. രണ്ടു തവണ വീതം ഒരേ മണ്ഡലത്തില്‍ ജയിച്ചവരാണ്. സംസ്ഥാനത്ത് പാര്‍ട്ടി ചിഹ്നത്തില്‍ ആകെ ജയിച്ചത് അഞ്ചു പേരാണ്. കണ്ണൂരില്‍ നിന്നും ജയിച്ച പി.കെ. ശ്രീമതിയാണ് മറ്റൊരാള്‍. മോശം പ്രകടനവും ബന്ധുനിയമന വിവാദവും ശ്രീമതിയുടെ സ്ഥാനാര്‍ഥിത്വത്തിനും കരിനിഴലാണ്.
രണ്ടു വര്‍ഷം സിപിഎമ്മിനെ പ്രതിനിധാനം ചെയ്ത ആറ്റിങ്ങല്‍ എംപി അഡ്വ. എ. സമ്പത്ത്, രാജേഷിന് വച്ച കെണിയില്‍ ബലിയാടാവുകയായിരുന്നു. സമ്പത്തിന്റെ സാധ്യത മങ്ങുന്നെന്ന് മനസ്സിലാക്കിയ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം സ്ഥാനാര്‍ഥിത്വത്തിനായി ചരടുവലി ആരംഭിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ക്കലയില്‍ വര്‍ക്കല കഹാറിനോട് പരാജയപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് പരിചയമുള്ള ആളെന്ന നിലയ്ക്കാണ് റഹീമിന്റെ പ്രചരണം. സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്, സിപിഎം ജില്ലാ കമ്മിറ്റി അംഗം ഐ. സാജു, ശിശുക്ഷേമ സമിതി സെക്രട്ടറി എസ്.പി. ദീപക്ക് തുടങ്ങിയവരുടെ പേരും പരിഗണനയിലുണ്ട്.
1991ല്‍ സുശീല ഗോപാലനില്കൂടി പിടിച്ചെടുത്ത മണ്ഡലം വര്‍ക്കല രാധാകൃഷ്ണന് ശേഷം സമ്പത്ത് ചെങ്കോട്ടയായി തന്നെ കാത്തു. രണ്ടു തവണ വിജയിച്ച അടൂര്‍ പ്രകാശ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി എത്തുമെന്ന് ഏകദേശം വ്യക്തമായതോടെ സമ്പത്തിനെ പിന്‍വലിച്ച് പുതിയ ഒരാളെ പരീക്ഷിക്കാനാകും സിപിഎമ്മും താത്പര്യപ്പെടുക.
നിയമസഭാ തെരഞ്ഞെടുപ്പില്‍ 175041 വോട്ടാണ് ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ബിജെപി നേടിയത്. അതു കൊണ്ടു തന്നെ ഇക്കുറി മണ്ഡലം പിടിക്കുക എന്നതില്‍ കുറഞ്ഞ് മറ്റൊന്നും ബിജെപിയും ചിന്തിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: