കേരളത്തിലെ സര്‍ക്കാരും മന്ത്രിമാരും ചില പ്രമുഖ മാധ്യമങ്ങളും വടക്കുനോക്കി യന്ത്രങ്ങളായി മാറിയിട്ടു കാലംകുറച്ചായി. നാട്ടില്‍ കണ്ണുകാണാനും ചെവി കേള്‍ക്കാനും വയ്യാത്ത ഇവര്‍ വടക്കേഇന്ത്യയിലെ കാര്യങ്ങള്‍ കൃത്യമായി കാണുകയും കേള്‍ക്കുകയും പ്രതികരിക്കുകയും ചെയ്യും.
കര്‍ഷക ദുരിതത്തിന്റെ പേരില്‍ വടക്കേ ഇന്ത്യയില്‍ നടക്കുന്ന മരണങ്ങളും സമരങ്ങളും കൊണ്ടാടും. പക്ഷേ, കേരളത്തില്‍ കര്‍ഷകര്‍ ഗതികേടുമൂലം ആത്മഹത്യ ചെയ്യുന്നതു കണ്ടമട്ടില്ല. ഏഴുപേരുടെ ആത്മഹത്യാവാര്‍ത്ത വരുമ്പോള്‍തന്നെ വടക്കേ ഇന്ത്യയിലെ കര്‍ഷകര്‍ക്കായി സഹായപദ്ധതി രൂപീകരിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുന്ന കേരള ധനമന്ത്രിയുടെ തൊലിക്കട്ടി സമ്മതിക്കണം. ഇതു കേരളമന്ത്രിയോ വടക്കേ ഇന്ത്യന്‍ മന്ത്രിയോ?
കൃഷിനാശവും കടബാധ്യതയും മൂലം കേരളത്തില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം ഏഴായി. ഇടുക്കിയില്‍ നാലും വയനാട്ടില്‍ മൂന്നും പേരാണു ജീവനൊടുക്കിയത്. പ്രളയത്തിന്റെയും മറ്റു പ്രകൃതിക്ഷോഭത്തിന്റെയും നീരാളിപ്പിടുത്തത്തില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയാത്തവരാണിവര്‍. കൃഷിയും വളര്‍ത്തുമൃഗങ്ങളും വീടുകള്‍പോലും നഷ്ടപ്പെട്ടവരുണ്ട്.
പട്ടയം ഇല്ലെന്ന പേരില്‍ പലര്‍ക്കും പ്രളയ ദുരിതാശ്വാസം പോലും കിട്ടിയിട്ടില്ല. അപൂര്‍വം പേര്‍ക്ക് 10,000 രൂപവീതം കിട്ടി. അതു നിലനില്പിന് പര്യാപ്തവുമല്ല. ഒരുവിധം പിടിച്ചുകയറാനുള്ള ശ്രമത്തിനിടയിലാണ് ഇടുക്കിയില്‍ മഞ്ഞുവീഴ്ച വലിയ ആഘാതമായി വന്നത്. ടൂറിസം മേഖലയെ അതുകാര്യമായി സഹായിച്ചെങ്കിലും കാര്‍ഷികമേഖലയ്ക്ക് മറ്റൊരു പ്രഹരമായി. ഉള്ള കൃഷികൂടി നശിച്ചുപോയി. വിളവുകുറഞ്ഞു. ഉള്ളതിനു വിലയില്ലാതെയുമായി. കടക്കെണികൂടിയായപ്പോള്‍ ജീവിതം വഴിമുട്ടി. അടുത്ത തലമുറയെ ഓര്‍ത്ത്, കടം എഴുതിത്തള്ളി കിട്ടാനുള്ള മാര്‍ഗമായാണ് പലരും മരണത്തെ സ്വീകരിച്ചത്.
ഈ നിസ്സഹായതയൊന്നും മനസ്സിലാക്കാന്‍ പക്ഷേ, നാടുഭരിക്കുന്ന സര്‍ക്കാരിനു കഴിയുന്നില്ല. നവോത്ഥാനവും ശബരിമല യുവതീപ്രവേശനവും വനിതാമതിലും ഒക്കെയാണ് സര്‍ക്കാരിനു പ്രധാനം. ഖജനാവിലെ വന്തുകയെടുത്തു വനിതാമതിലും നവോത്ഥാനത്തിന്റെ പേരില്‍ ആര്‍ത്തവാഘോഷവും നടത്തുന്ന സര്‍ക്കാര്‍ ശബരിമലയില്‍ ആരോടോ വാശിതീര്‍ക്കാന്‍ കോടികളാണ് ചെലവഴിക്കുന്നത്. ഇതിനിടയിലും വടക്കോട്ടുനോക്കി കേന്ദ്രഭരണത്തെ പഴിപറയാനും അവിടത്തെ കര്കര്ക്കുവേണ്ടി കണ്ണീരൊഴുക്കാനും തയ്യാറാവുന്നുമുണ്ട്.
മഹാരാഷ്ട്രയിലും യുപിയിലും മറ്റും നടന്ന കര്ഷകറാലികള്ക്കു ആളും അര്‍ഥവും നല്കി സഹായിച്ചവര്‍ നാട്ടിലെ സാഹചര്യം പഠിക്കാന്‍പോലും മിനക്കെടുന്നില്ല. പ്രളയത്തിന്റെ ദുരിതത്തില്‍ നിന്നു കരകയറാത്ത കുടുംബങ്ങള്‍ ഇനിയും പലതുണ്ട്. പക്ഷേ, അവയുടെ വ്യക്തമായ കണക്കോ സഹായം ആര്‍ക്കൊക്കെ നല്‍കിയെന്ന വ്യക്തതയോ ഇന്നുമില്ല. നവകേരള സൃഷ്ടിയെക്കുറിച്ചു മിണ്ടാട്ടമില്ല. കേന്ദ്രം തരാത്ത ഫണ്ടിനേക്കുറിച്ചുമാത്രം ഇടതടവില്ലാതെ പറയുന്നതിനപ്പുറം പ്രളയാനന്തര കേരളത്തെക്കുറിച്ചുള്ള ആശങ്ക സര്‍ക്കാര്‍ കൈവിട്ടമട്ടാണ്.
ഹൈറേഞ്ചില്‍ ഏലം, കുരുമുളക്, കൊക്കോ, ജാതി, റബര്‍ തുടങ്ങിയവയ്ക്കുണ്ടായ നാശം ഉടനടിയൊന്നും നികത്താനാവുന്നതല്ല. വര്‍ഷങ്ങളുടെ അധ്വാനവും വ്യക്തമായ പദ്ധതികളും വേണ്ടിവരും, അവിടത്തെ കാര്‍ഷികമേഖലയെ പൂര്‍വസ്ഥിതിയിലെത്തിക്കാന്‍. പാര്‍ട്ടി നയങ്ങള്‍ക്കപ്പുറം ജനകീയ പ്രശ്നങ്ങള്‍ക്കു പരിഗണന നല്‍കുകയും ജനങ്ങളുടെ കഷ്ടപ്പാടില്‍ ആശങ്കപ്പെടുകയും ചെയ്യുന്ന ഭരണാധികാരികള്ക്കല്ലേ ഇതൊക്കെ മനസ്സിലാക്കാനുള്ള മനസ്ഥിതിയുണ്ടാവുകയുള്ളൂ. ശബരിമല പ്രശ്നത്തില്‍ സുപ്രീംകോടതിയില്‍ പോയി വിശ്വാസികളെ വെല്ലുവിളിക്കുംപോലെ വാദിക്കാന്‍ കാണിച്ചതിന്റ പകുതി ആവേശം ജനകീയ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ കാണിച്ചിരുന്നെങ്കില്‍ നാടിന് ആശ്വാസമയേനെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: