ആലപ്പുഴ: സംസ്ഥാനത്ത് ഇടുക്കിയിലടക്കം കര്‍ഷകര്‍ കടബാദ്ധ്യത മൂലം ജീവനൊടുക്കുമ്പോള്‍ കണ്ണടയ്ക്കുന്ന ഇടതുസര്‍ക്കാര്‍ വടക്കേയിന്ത്യയിലെ കര്‍ഷകരുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നു. ഇടുക്കിയില്‍ മാത്രം ഒന്നര മാസത്തിനിടെ നാല് കര്‍ഷകരാണ് ജീവനൊടുക്കിയത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇവിടുത്തെ കര്‍ഷകരുടെ ആത്മഹത്യ അറിഞ്ഞ മട്ടില്ല.
വടക്കേയിന്ത്യയിലെ കര്‍ഷകരെ സഹായിക്കാന്‍ പ്രത്യേക പദ്ധതി കേരളം നടപ്പാക്കുമെന്ന് മന്ത്രി തോമസ് ഐസക്ക് സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രഖ്യാപിച്ച ദിവസം പോലും ഇടുക്കിയില്‍ കടക്കെണിയിലായ കര്ഷകന് ജീവനൊടുക്കി. കര്‍ഷകരോടും, കാര്‍ഷിക മേഖലയോടുമുള്ള താല്‍പ്പര്യമല്ല, കേവലം രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണ് ഐസക്കിനും, പിണറായി സര്‍ക്കാരിനും ഉള്ളതെന്ന് സര്‍ക്കാരിന്റെ സമീപനം വ്യക്തമാക്കുന്നു.
ദുരിതമനുഭവിക്കുന്ന വടക്കേ ഇന്ത്യന്‍ കര്‍ഷകരെ സഹായിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഒരു പദ്ധതി ആരംഭിക്കുകയാണെന്ന് തോമസ് ഐസക്ക് കഴിഞ്ഞ 6ന് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. ഈ പദ്ധതി പ്രകാരം കേരള സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ ഫെഡറേഷനും കുറഞ്ഞ ന്യായവിലക്ക് വടക്കേ ഇന്ത്യന്‍ കര്‍ഷകരില്‍ നിന്ന് കാര്ഷികോല്പന്നങ്ങള് സംഭരിച്ച്, വിവിധ കേന്ദ്രങ്ങളില്‍ സൂക്ഷിച്ച് കേരളത്തിലെത്തിക്കും എന്നാണ് അവകാശവാദം.
വടക്കേ ഇന്ത്യയിലെ ദുരിതമനുഭവിക്കുന്ന കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ പദ്ധതിയുമായി ഇറങ്ങിയ തോമസ് ഐസക്ക് പക്ഷേ, കേരളത്തിലെ കര്‍ഷകരുടെ ദുരിതത്തില്‍ മൗനം പാലിച്ചു. ഇടുക്കിയില്‍ കാര്‍ഷിക പ്രതിസന്ധി മൂലം കര്‍ഷക ആത്മഹത്യ തുടര്ക്കഥയായായി മാറി.
അടിമാലി ആനവിരട്ടി കോട്ടക്കല്ലില്‍ രാജു (62)വാണ് ഏറ്റവും ഒടുവില്‍ ആത്മഹത്യ ചെയ്തത്. എന്നാല്‍ ഇവരുടെ കുടുംബങ്ങളെ സഹായിക്കാനോ, കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനോ ധനമന്ത്രി തയ്യാറായിട്ടില്ല.
സംസ്ഥാന സര്‍ക്കാര്‍ യഥാസമയം വിഹിതം അടയ്ക്കാത്തതിനാല്‍ കഴിഞ്ഞ പ്രളയത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ ഇന്‍ഷുറന്‍സ് തുക പോലും ലഭിക്കാതെ പ്രതിസന്ധിയിലാണ്.
കഴിഞ്ഞ വിഎസ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് പ്രഖ്യാപിച്ച ഡാമിലെ മണല്‍ വാരല്‍ പോലെ കേവലം പബ്ളിസിറ്റി സ്റ്റണ്ടു മാത്രമാണ് ഐസക്കിന്റെ സാമൂഹ്യമാദ്ധ്യമങ്ങളിലെ നിലപാടെന്നാണ് വിമര്‍ശനം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: