കോഴിക്കോട്: വനാവകാശനിയമം കര്‍ശനമായി നടപ്പാക്കുമെന്ന് കേന്ദ്രപട്ടികവര്‍ഗ വകുപ്പ് സഹമന്ത്രി സുദര്ശന് ഭഗത് അഭിപ്രായപ്പെട്ടു. ഭാസ്ക്കര്‍ റാവുജി ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് കേരള വനവാസി വികാസകേന്ദ്രവും ഭാരതീയ വിചാരകേന്ദ്രവും സംയുക്തമായി കോഴിക്കോട്ട് സംഘടിപ്പിച്ച ദ്വിദിന ദേശീയസെമിനാറില്‍ സമാപന ഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വനവാസി വിഭാഗത്തെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായി നിരവധി പദ്ധതികളാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. ഭാരതീയ സംസ്ക്കാരത്തിന് വനവാസി സമൂഹം നല്കിയ സംഭാവനകള്‍ അമൂല്യമാണ്. നിരവധി സ്വാതന്ത്ര്യസമരനായകന്മാരെയും വനവാസി സമൂഹം സംഭാവന നല്‍കിയിട്ടുണ്ട്. വനവാസി സമൂഹത്തില്‍ നിന്നുള്ള സ്വാതന്ത്ര്യസമരനായകന്മാരുടെ സ്മാരകങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. വനവാസികള്‍ പരമ്പരാഗതമായി കൈമാറിവരുന്ന അറിവുകള്‍ സംരക്ഷിക്കാനും കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള അറിവുകള്‍ സംരക്ഷിക്കുന്നവരെ ആദരിക്കുകയും ചെയ്യുന്നു. കേരളത്തില്‍ നിന്നുള്ള ലക്ഷിക്കുട്ടിയെ രാജ്യം പത്മശ്രീ നല്‍കിയാണ് ആദരിച്ചത്. വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാറിന്റെ കാലത്താണ് പട്ടികവര്‍ഗവിഭാഗത്തിനായി പ്രത്യേകം വകുപ്പ് രൂപീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാട് സംരക്ഷിച്ചാല്‍ മാത്രമേ നാടിനും നിലനില്‍പ്പ് ഉണ്ടാകൂ എന്ന് അദ്ധ്യക്ഷത വഹിച്ച ചരിത്രകാരന് ഡോ. എം.ജി.എസ്. നാരായണന് അഭിപ്രായപ്പെട്ടു. വനവാസി സമൂഹത്തിലെ യുവാക്കളില്‍ നിന്നുതന്നെ ഒരു വലിയ നേതൃനിര ഉയര്‍ന്നുവരണമെന്ന് ഭാരതീയവിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്. സഞ്ജയന് അഭിപ്രായപ്പെട്ടു. ഇ.പി. സോമനാഥന് കേന്ദ്രമന്ത്രി സുദര്ശന് ഭഗത്തിന് ഉപഹാരം സമ്മാനിച്ചു.
വനവാസി കല്യാണാശ്രം അഖിലഭാരതീയ ഹിതരക്ഷാപ്രമുഖ് ഗിരീഷ്കുബേര്, വനവാസി വികാസകേന്ദ്രം സംസ്ഥാന പ്രസിഡന്റ് കെ.സി. പൈതല്‍, സംസ്ഥാന വൈസ്പ്രസിഡന്റ് വത്സമ്മ, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു, സ്വാഗതസംഘം വൈസ്ചെയര്‍മാന്‍ എ. ശ്രീവത്സന്‍, അഡ്വ. വി.ജി. മോഹന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: