‘ദീനാ’ എന്നാണ് ലോകാരാധ്യനായ പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായജിയുടെ ചെറുപ്പത്തിലെ വിളിപ്പേര്. 1961 സപ്തംബര്‍ 25ന് പണ്ഡിറ്റ് ഭഗവതി പ്രസാദ് ഉപാധ്യായയുടെയും മാംപ്യാരിയുടെയും മകനായി ജനിച്ച ദീനദയാല്‍ എഴുതിയ പരീക്ഷകളിലെല്ലാം ഒന്നാമനായിരുന്നു. രണ്ടര വയസ്സുള്ളപ്പോള്‍ പിതാവും നാലുവയസ്സായപ്പോള്‍ അമ്മയും മരണപ്പെട്ടശേഷം അമ്മാവന്റെ തണലില്‍ ദീനദയാല്‍ ക്ലേശങ്ങള്‍ സഹിച്ചാണ് വളര്‍ന്നതും പഠിച്ചതും. ഉപരിപഠനത്തിനിടയില്‍ രാഷ്ട്രീയ സ്വയംസേവകസംഘവുമായി ബന്ധപ്പെട്ടപ്പോഴാണ് ജീവിതത്തിന് ഒരു ദിശാബോധം കൈവരിക്കുന്നത്.
പരംപൂജനീയ ഗുരുജിയുമായുള്ള സമ്പര്‍ക്കം ജീവിതം രാജ്യത്തിനായി സമര്‍പ്പിക്കാനുള്ള പ്രേരണയായി. സംഘത്തിന്റെ പ്രചാരകനായി. ഉത്തര്‍പ്രദേശായിരുന്നു അദ്ദേഹത്തിന്റെ കര്‍മക്ഷേത്രം. 1942ല്‍ ലഖന്‍പുര്‍ ഖേരി ജില്ലാ പ്രചാരകനായി തുടങ്ങി. തുടര്‍ന്ന് ഉത്തര്‍പ്രദേശ് സഹപ്രാന്ത പ്രചാരകുമായി. 1951ല്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ജനസംഘമെന്ന ദേശീയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കിയപ്പോള് ഗുരുജിയോടഭ്യര്ത്ഥിച്ചത് അല്‍പ്പം സമര്‍പ്പിത ജീവിതവുമായി കഴിയുന്ന പ്രവര്‍ത്തകരെയാണ്. ദീനദയാല്‍ജി ജനസംഘപ്രവര്‍ത്തനത്തിനായി നിയോഗിക്കപ്പെട്ടു. ജനസംഘത്തിന്റെ ദേശീയ സംഘടനാ സെക്രട്ടറിയായി നിശ്ചയിക്കുകയും ചെയ്തു. ദീനദയാല്‍ജിയുടെ പ്രവര്‍ത്തന മികവില്‍ സംതൃപ്തനായ മുഖര്‍ജി, ദീനദയാല്‍ജിയെ ജനറല്‍ സെക്രട്ടറിയായി നിശ്ചയിച്ചു. രണ്ട് ദീനദയാല്‍ജിയെ ലഭിച്ചെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ചിത്രവും ചരിത്രവും മാറ്റിമറിച്ചേനെയെന്ന് ശ്യാമപ്രസാദ് മുഖര്‍ജി ഒരിക്കല്‍ പറഞ്ഞു.
ഒന്നാം ലോകസഭാ തെരഞ്ഞെടുപ്പില്‍ത്തന്നെ ജനസംഘത്തിന്റെ ശക്തിയും സാന്നിധ്യവും തെളിയിച്ചു. ശേഷം സംഘടനയ്ക്കൊരു തത്വവും നയവും രൂപപ്പെടുത്തുന്നതിലായിരുന്നു ദീനദയാല്‍ജിയുടെ ശ്രദ്ധയും ശ്രമവും. അതിനായി ലോകത്ത് ലഭിക്കാവുന്ന തത്വസംഹിതകള്‍ പഠിച്ചു. സാമ്പത്തിക വിദഗ്ധരടക്കം നിരവധി പ്രഗത്ഭരുമായി കൂടിയാലോചന നടത്തി. പലവര്‍ഷം പലതട്ടിലും ചര്‍ച്ച നടത്തി ഒരു തത്വശാസ്ത്രത്തിന് രൂപംനല്കി. അതാണ് ഏകാത്മ മാനവദര്‍ശനം. ഇത് രൂപംനല്കിയ ശേഷം ഇന്ത്യയിലെ പ്രഗത്ഭരായ പലര്‍ക്കും വായിക്കാനും പഠിക്കാനും എത്തിച്ചു. പ്രമുഖ സോഷ്യലിസ്റ്റ് രാംമനോഹര്‍ ലോഹ്യയ്ക്കും അത് ലഭിച്ചു. ഏകാത്മ മാവദര്ശനം വായിച്ചശേഷം അദ്ദേഹം പ്രതികരിച്ചു; ”ഞങ്ങളാണ് വലിയ സോഷ്യലിസ്റ്റെന്ന് ഊറ്റംകൊണ്ടിരുന്നു. ഇപ്പോള്‍ മനസ്സിലായി, ഏകാത്മ മാനവദര്ശനമാണ്് സോഷ്യലിസത്തെക്കാള്‍ വലിയ വിപ്ലവം.” മാനവരാശിക്കുവേണ്ടിയുള്ള പ്രത്യയശാസ്ത്രമാണ് ഏകാത്മമാനവദര്‍ശനം. മനുഷ്യന്റെ സമഗ്രമായ വികസനത്തിനായി ധര്‍മത്തിലൂന്നി തയ്യാറാക്കിയതാണ് ദീനദയാല്‍ജിയുടെ തത്വശാസ്ത്രം.
അദ്ദേഹത്തിന്റെ മാനവദര്ശനത്തെയും അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും ദീനദയാല്‍ജിയോടൊപ്പം പ്രവര്‍ത്തിച്ച മാന്യ പി. പരമേശ്വര്‍ജി കുറിച്ചത് ഇങ്ങനെയാണ്; ”ഏകാത്മ മാനവദര്‍ശനത്തിന്റെ കരടുരൂപം ഏറെക്കുറെ തയ്യാറായിക്കഴിഞ്ഞിരുന്നു. ഓരോ സംസ്ഥാനത്തെയും ഏറ്റവും പ്രമുഖരായ ചുരുക്കം ചില പ്രവര്‍ത്തകരുമായി ഒരുമിച്ചിരുന്ന് അതെക്കുറിച്ച് വിശദമായും ആഴത്തിലും ചര്‍ച്ച നടത്തണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. കേരളത്തിലും അതിനുവേണ്ടി അഞ്ച് ദിവസത്തെ ഒരു ചെറിയ ശിബിരം പണ്ഡിറ്റ്ജിയുടെ നിര്‍ദ്ദേശപ്രകാരം ഞങ്ങള്‍ ഏര്‍പ്പാടുചെയ്തു. ഏകാന്തമായ ഏതെങ്കിലും വിദൂര ഗ്രാമത്തില്വച്ചായാല് പൂര്‍ണ ഏകാഗ്രത കിട്ടുമെന്നതിനാല്‍ ആലുവയ്ക്കടുത്ത് വെളിയത്തുനാടുള്ള ഒരു വീട്ടില്‍ വച്ചായിരുന്നു പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്. വൈകുന്നേം ശാഖയില്പ്പോയി പ്രാര്‍ത്ഥന നടത്തുക എന്നതൊഴിച്ച് മറ്റു യാതൊരു വ്യതിക്രമവും ഉണ്ടാകരുതെന്ന കാര്യത്തില്‍ നിഷ്കര്‍ഷയുണ്ടായിരുന്നു. ഒരു ഡസനോളം പ്രവര്‍ത്തകര്‍ മാത്രമെ അതില്‍ പങ്കെടുത്തിരുന്നുള്ളു. പവിത്രമായൊരു ജ്ഞാനയജ്ഞമായിരുന്നു അത് – അക്ഷരാര്‍ത്ഥത്തില്‍ ഗുരുകുലവാസം. അവിസ്മരണീയമായ ആ അനുഭൂതി എന്തൊരുല്കൃഷ്ടമാതൃകയായിരുന്നു. അത്തരം ഗൗരവപൂര്‍ണമായ ജ്ഞാനതപസ്യ ഇന്ന് രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ആഡംബരമോ അധികപ്പറ്റോ ആയി പരിഗണിക്കപ്പെട്ടുവരുന്നു എന്നത് ഇന്നത്തെ അധഃപതനത്തിന് കാരണമല്ലെ?
സംസ്ഥാനതലത്തില്‍ നടന്ന ഇത്തരം അധ്യയന ശിബിരങ്ങളുടെ അനുഭവങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പിന്നീട് ദേശീയതലത്തില്‍ ഒരാഴ്ച നീണ്ടുനിന്ന ഒരുവലിയ ശിബിരം സംഘടിപ്പിക്കുകയുണ്ടായി. അവിടെയും ആഴത്തിലുള്ള ചര്‍ച്ചകള്‍ നടന്നു. അതെല്ലാം കഴിഞ്ഞാണ് ഏകാത്മ മാനവദര്‍ശനം ജനസംഘത്തിന്റെ ഔദ്യോഗിക രേഖയായി അവതരിപ്പിച്ച് അംഗീകാരം നേടിയത് എന്നോര്മിക്കേണ്ടതുണ്ട്.
ഉപദേശത്തിലൂടെയും ഉദാഹരണത്തിലൂടെയും ആണ് ദീനദയാല്‍ജി പ്രവര്‍ത്തകരുടെ മാതൃക വരച്ചുകാട്ടിയത്. നിരന്തര സഞ്ചാരിയായിരുന്ന അദ്ദേഹത്തിന്റെ പെട്ടിയില്‍ എപ്പോഴും രണ്ട് കാര്യങ്ങള്‍ പ്രത്യേകം സൂക്ഷിച്ചിരുന്നു. ഒന്ന് പഠിക്കാനുള്ള പുസ്തകങ്ങള്‍. മറ്റൊന്ന് ശാഖയില്പ്പോകുമ്പോള് ധരിക്കാനുള്ള കാക്കി നിക്കര്‍. ഇവയെ പ്രതീകാത്മകമായി കണക്കാക്കാം. അധ്യയന നിഷ്ഠയും ആചാരശുദ്ധിയും പ്രവര്‍ത്തകന്റെ സ്വഭാവമായി മാറണം. ജനസംഘത്തിന്റെ പ്രവര്‍ത്തകര്‍ക്ക് അടിസ്ഥാനപരമായ ആദര്‍ശങ്ങളെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരിക്കണം. അവ അപ്പപ്പോള്‍ ഉയര്‍ന്നുവരുന്ന പ്രശ്നങ്ങള്‍ വിലയിരുത്താനും ശരിയായ സമാധാനം കണ്ടെത്താനും സഹായിക്കും. ഹിന്ദുജീവിതദര്ശനത്തിന്റെ മൗലികതത്വങ്ങള്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നതോടൊപ്പം അവയെ ആനുകാലികപ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിലും പരിഹരിക്കുന്നതിലും എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ഒരു പ്രവര്ത്തകന് അറിഞ്ഞിരിക്കണം. പഠനവും മനനവും ഇതിനുകൂടിയേ കഴിയൂ. ഏത് പ്രശ്നവും ഈ കാഴ്ചപ്പാടിലൂടെ ജനങ്ങളുടെ മുന്പില് അവതരിപ്പിക്കാന്‍ ഉള്ള പണ്ഡിറ്റ്ജിയുടെ സാമര്‍ത്ഥ്യം അനന്യസാധാരണമായിരുന്നു. ഈ കഴിവിന്റെ സമ്പൂര്‍ണമായ ഭാവമായിരുന്നു അദ്ദേഹം സദാ കൂട്ടത്തില്‍ കൊണ്ടുനടന്നിരുന്ന പുസ്തകങ്ങള്‍. എന്നാല്‍, ബുദ്ധികൊണ്ടറിഞ്ഞാല്‍ മാത്രം പോരാ, അനുഷ്ഠാനത്തില്‍ കൊണ്ടുവരികയും ചെയ്യണം. ആചരണം അതിപ്രധാനമാണ്. ജനസംഘത്തെ ജനങ്ങള്‍ മനസ്സിലാക്കുന്നത് പ്രവര്ത്തകനില്ക്കൂടിയാണ്. പ്രത്യേകിച്ചും അവരുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും കൂടി. മാത്രമല്ല, ഒരു മാതൃകാ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ശുദ്ധചാരിത്ര്യമുള്ള വ്യക്തികള്‍ കൂടിയേ കഴിയൂ. അത്തരം വ്യക്തിനിര്‍മാണം പൊതുവെ പറഞ്ഞാല്‍ രാജനൈതിക കക്ഷികളില്ക്കൂടി നടക്കുക പ്രയാസമാണ്. അതുകൊണ്ടാണ്, വ്യക്തിനിര്മാത്തിനുവേണ്ടി ഉഴിഞ്ഞുവച്ചിട്ടുള്ള സംഘശാഖകളുമായി നിരന്തരബന്ധം പുലര്‍ത്തേണ്ടത് ആവശ്യമാണെന്ന് ദീനദയാല്‍ജി വിശ്വസിച്ചതും സ്വയം അതിന് മാതൃകയായിത്തീര്‍ന്നതും.”
ഏകാത്മ മാനവ ദര്‍ശനമാണ് ഇന്ന് ബിജെപിയുടെയും പ്രത്യയശാസ്ത്രം. അതിലൂന്നിയാണ് അടല്‍ജിയും തുടര്‍ന്ന് നരേന്ദ്രമോദിയും ഭരണം നയിക്കുന്നത്. അടിസ്ഥാനവര്‍ഗത്തിന് ഭരണത്തിന്റെ ആദ്യ പരിഗണനയെന്ന ദീനദയാല്‍ജിയുടെ സ്വപ്നമാണ് ഇപ്പോള്‍ സാക്ഷാല്‍ക്കരിക്കുന്നത്. അത് പൂര്‍വാധികം ശക്തിയോടെ നടപ്പാക്കാന്‍ ദീനദയാല്‍ജിയുടെ സ്മരണ പ്രേരണയാകുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: