നടപ്പു വര്‍ഷത്തെ ബജറ്റ് അവതരണം പദ്ധതികള്‍ നടപ്പാക്കിയതിനെക്കുറിച്ചും നടപ്പാക്കാന്‍ പോകുന്നതിനെ കുറിച്ചുമുള്ള വിശകലനമാണ്. സാധാരണ ജനങ്ങളുടെ ശരാശരി ജീവിതത്തെ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ എങ്ങനെ ബാധിക്കും എന്നതാണ് പ്രധാന ചര്‍ച്ചാവിഷയം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സാധാരണക്കാരന് കൂടുതല്‍ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നത് എല്ലാ സര്‍ക്കാരിന്റെയും ശൈലിയാണ്. ഇതിനെ ബജറ്റിലെ സോപ്പ് എന്നു വിശേഷിപ്പിക്കാറുണ്ടെങ്കിലും, സോപ്പിനും ചീപ്പിനും പൗഡറിനും വിലകൂട്ടുന്ന ബജറ്റ് പ്രഖ്യാപനം സാധാരണക്കാരനോടുള്ള ക്രൂരത മാത്രമല്ല വെല്ലുവിളി കൂടിയാണ്. സംസ്ഥാന ബജറ്റില്‍ തോമസ് ഐസക് വിലക്കയറ്റത്തിന്റെ വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ കേന്ദ്രബജറ്റില്‍ ധനമന്ത്രി പീയൂഷ് ഗോയല്‍ സാധാരണക്കാര്‍ക്ക് ഗുണകരമായ ഒട്ടനവധി പ്രഖ്യാപനങ്ങള്‍ നടത്തുകയും അതുനടപ്പിലാക്കാനുള്ള പ്രാവര്ത്തികനടപടികള് സ്വീകരിക്കുകയും ചെയ്തിരിക്കുന്നു.
പ്രളയത്തിനുശേഷം ആദ്യത്തെ ബജറ്റാണ് തോമസ് ഐസക് അവതരിപ്പിച്ചത്. പുതിയ കേരളത്തെ സൃഷ്ടിക്കാന്‍ ഇരുപത്തഞ്ചിന പരിപാടി മുന്നോട്ട് വച്ച ധനമന്ത്രി കേന്ദ്രബജറ്റിനെ അവമതിക്കാനും കുറ്റപ്പെടുത്താനും മറന്നില്ല. കേന്ദ്രബജറ്റ് നിരാശാജനകമാണെന്ന് ഐസക്കും മുഖ്യമന്ത്രിയും പ്രഖ്യാപിച്ചപ്പോള്‍ മുന്‍ധനമന്ത്രി ചിദംബരം കേന്ദ്രബജറ്റിനെ ”അക്കൗണ്ട് ഫോര്‍ വോട്ട്” എന്നാണ് പരിഹസിച്ചത്. ദരിദ്രരായ കര്‍ഷകര്‍ക്ക് 6,000 രൂപ മൂന്നു ഗഡുക്കളായി നല്കാന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിനെയാണ് ചിദംബരം വിമര്‍ശിച്ചത്. വാസ്തവത്തില്‍ 60 വര്‍ഷത്തെ കോണ്‍ഗ്രസ്സിന്റെ ഭരണത്തെ ഈ കാഴ്ച്ചപ്പാടില്‍, ”അകൗണ്ട് ഫോര്‍ വണ്‍ ഫാമിലി” എന്ന് പറയേണ്ടിവരും. പരിഹാസങ്ങള്‍ക്കപ്പുറം രണ്ടു ബജറ്റിലേയും കാഴ്ചപ്പാടുകള്‍ വിശകലനം ചെയ്യുമ്പോള്‍ തോമസ് ഐസക്കിന്റെ വെല്ലുവിളിയും പീയൂഷ് ഗോയലിന്റെ ജനപ്രിയതയും തമ്മില്‍ അജഗജാന്തരമുണ്ട്. പ്രളയവും ജിഎസ്ടിയും ഉണ്ടാക്കിയ കലുഷിതമായ സാമ്പത്തിക അന്തരീക്ഷത്തില്‍ നടപ്പ് സാമ്പത്തികവര്‍ഷത്തിലെ ക്രയവിക്രയങ്ങളെയും നിത്യജീവിതത്തെയും ബജറ്റ് ആശ്രയിച്ചിരിക്കുന്നതു കൊണ്ട് പൊതുസമൂഹം ഏറെ പ്രതീക്ഷയോടെയാണ് രണ്ട് ബജറ്റിനെയും ശ്രദ്ധിച്ചത്.
കുമാരനാശാന്റെ കവിത ചൊല്ലി നടത്തിയ ഐസക്കിന്റെ ബജറ്റ് അവതരണം അവസാനിച്ചത്, ഇടിവെട്ട് ഏറ്റവനെ പാമ്പ് കടിച്ച അവസ്ഥയിലാണ്. ”മാറ്റുവിന്‍ ചട്ടങ്ങളെ” എന്ന പ്രസിദ്ധമായ ആശാന് കവിതാശകലം കേരളത്തിലെ പൊതുസമൂഹം തോമസ് ഐസക്കിനോടും മുഖ്യമന്ത്രിയോടും തിരിച്ചു പറയേണ്ടിവരുന്നതു പോലെയായിരുന്നു നികുതിഭാരം. സാധാരണക്കാരന്റെ നടുവൊടിക്കാനുള്ള നികുതി ചുമത്തുമ്പോള്‍ത്തന്നെ കുത്തകകളുടെ നികുതി ഇളവു ചെയ്ത് അവരെ സഹായിക്കാന്‍ ധനമന്ത്രി മറന്നില്ല. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ നിത്യ ജീവിതത്തിലെ എല്ലാ വസ്തുക്കള്‍ക്കും വിലകൂട്ടി. എന്നാല്‍ 40 ലക്ഷം പേര്‍ക്ക് സാമൂഹ്യസുരക്ഷ പെന്‍ഷന്റെ പേരില്‍ 100 രൂപ വര്‍ദ്ധിപ്പിച്ച് പാവപ്പെട്ടവന്റെ കയ്യടിനേടി. ഇവിടെയാണ് കളി. പാലും ഭക്ഷ്യവസ്തുക്കളും ടൂത്ത് പേസ്റ്റും സോപ്പും അടക്കം അടുക്കളയിലും കുളിമുറിയിലും ഉപയോഗിക്കുന്ന സാധനങ്ങളിലൂടെ പാവപ്പെട്ടവനെ ഞെക്കിപ്പിഴിഞ്ഞപ്പോള്‍ 100 രൂപ വര്‍ദ്ധനവ് ഇടത് കൈകൊണ്ട് കൊടുത്ത് വലത് കൈ കൊണ്ട് 150 രൂപ പിടിച്ചുപറിക്കുകയാണ് ഐസക്ക് ചെയ്തത്. ഇടത് കൈകൊണ്ട് കൊടുക്കുന്നത് ഇടതുപക്ഷക്ഷേമവും വലതു കൈകൊണ്ട് പിടിച്ചുപറിക്കുന്നത് വലതുപക്ഷ ജിഎസ്ടി കൊള്ളയുമായി പ്രഖ്യാപിക്കുമ്പോള്‍ കേന്ദ്രത്തിനെ കുറ്റംപറഞ്ഞ് ധനമന്ത്രി രക്ഷപ്പെടുന്നു. പ്രളയദുരിതം മറികടക്കാന്‍ 4,700 കോടിയുടെ പാക്കേജ് പ്രഖ്യാപിക്കുമ്പോള്‍ തന്നെ പ്രളയ സെസ്സിന്റെ അധികഭാരം ജനങ്ങള്‍ക്ക് നേരെ അടിച്ചേല്‍പ്പിച്ചതാണ് സംസ്ഥാന ബജറ്റിലെ ക്രൂരത. വിലകൂടിയ വസ്തുക്കള്‍ക്കോ ആഡംബരവസ്തുക്കള്ക്കോ മാത്രം ഏര്‍പ്പെടുത്തി അധികനികുതി പിരിക്കേണ്ടതിനു പകരം പാവപ്പെട്ടവന്റെ പോക്കറ്റില്‍നിന്നാണു തട്ടിപ്പറിച്ചത്. ഐസക്കിന്റെ ബജറ്റ് പ്രകാരം എന്നും പല്ലുതേച്ച് കുളിക്കുന്ന മലയാളി ഇനി ആഴ്ചയില്‍ ഒരിക്കല്‍ കുളിച്ചാല്‍ മതിയെന്ന് വെക്കേണ്ടിവരും. 40 ലക്ഷം രൂപ വരെ വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാരെ വിറ്റുവരവ് ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കണമെന്ന കേന്ദ്ര ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനത്തെ എതിര്‍ത്ത ധനമന്ത്രി 40 ലക്ഷം മുതല്‍ ഒന്നര കോടി വരെ വിറ്റുവരവുള്ള വന്‍കിട കുത്തക കച്ചവടക്കാരുടെ നികുതി ഒരു ശതമാനം കുറച്ചു. കുത്തക കമ്പനികളുടെ രജിസ്ട്രേഷന് മുദ്രവില കുറക്കുകയും ഭൂമിയുടെ ന്യായവില 10% വര്‍ദ്ധിപ്പിക്കുകയും ചെയ്തതും ന്യായീകരിക്കാനാവില്ല. പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് ഒരു തുണ്ട് ഭൂമി മേടിക്കുമ്പോള്‍ ഇതോടെ അമിതവില നല്‍കേണ്ടിവരും. വാഹനങ്ങളുടെ പര്ച്ചേസിനുമേല് 1% സെസ്സ് ചുമത്തിയ കൂട്ടത്തില്‍ റോഡ് നികുതിയിലും സെസ്സ് കൊണ്ടുവന്നത് ഇരട്ടിപ്രഹരമായി. ജിഎസ്ടി ഇല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ക്കടക്കം പ്രളയത്തിന്റെ പേരില്‍ സെസ്സു കൂട്ടിയതും 28% ജിഎസ്ടിയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വീണ്ടും നികുതി കൂട്ടിയതും ചെയ്തതോടെ ജിഎസ്ടിയുടെ പേരില്‍ ധനമന്ത്രി നടത്തുന്ന കൊള്ളയുടെ പാപഭാരം കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവെക്കാനുള്ള രാഷ്ട്രീയനീക്കവും നടത്തി.
സെസ്സ് തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടേ പിരിക്കുന്നുള്ളൂ എന്നാണ് പുതിയ തീരുമാനം. പെട്രോള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരും പല സംസ്ഥാന സര്‍ക്കാരുകളും പലവട്ടം നികുതി കുറച്ചപ്പോഴും കേരളം കുറച്ചില്ല. സാധാരണ ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രയാസം ഉണ്ടാക്കുന്ന സിമന്റിന്റെ വിലവര്‍ദ്ധനയില്‍ ധനമന്ത്രി ഒന്നും ചെയ്യുന്നില്ല. കര്‍ണ്ണാടകയിലും തമിഴ്നാട്ടിലും സിമന്റിനു കേരളത്തെക്കാള്‍ 100-150 രൂപ കുറവാണ്. അവിടത്തെ സിമന്റ് ലോബികള്‍ 9 ലക്ഷം ടണ്‍ സിമന്റ് കേരളത്തില്‍ അമിതവിലയ്ക്കു വില്ക്കുമ്പോള് 28 ശതമാനം ജിഎസ്ടിയുള്ള സിമന്റിന്റെ കൂടിയവിലവഴി കൂടുതല്‍ നികുതിയാണു ലക്ഷ്യം വയ്ക്കുന്നത്.
പദ്ധതി പ്രഖ്യാപിക്കുക, പൂര്‍ത്തീകരിക്കാതിരിക്കുക, വീണ്ടും പ്രഖ്യാപിക്കുക, വഞ്ചിക്കുക ഇതാണ് നിയമസഭയിലെ ബജറ്റിന്റെ ചരിത്രം. വ്യത്യസ്തമല്ല തോമസ് ഐസക്കിന്റെ ബജറ്റും. രണ്ടാം കുട്ടനാട് പദ്ധതിയും അതിവേഗ റെയില്‍വേ പദ്ധതിയും ഉദാഹരണം. ഒന്നാംപദ്ധതി എവിടെയും എത്തിയിട്ടില്ല. 1840 കോടി രൂപയുടെ ഒന്നാംപാക്കേജില് ചിലവഴിച്ചത് 850 കോടി. 2010 സെപ്തംബര്‍ അഞ്ചിന് ഉദ്ഘാടനം ചെയ്ത പാക്കേജ് 3 വര്‍ഷത്തേക്കാണ് പ്രഖ്യാപിച്ചത്. 2016ല്‍ ഒന്നാംപദ്ധതി അവസാനിക്കുമ്പോള്‍ ലക്ഷ്യത്തിന്റെ അയലത്ത് പോലും എത്തിയിട്ടില്ല. കരാറുകാര്‍ പണം അടിച്ചുമാറ്റുകയും പാര്ട്ടിക്കാര് ശതമാനം പറ്റുകയും ചെയ്തതൊഴിച്ചാല്‍ പദ്ധതിയിലെ പുറംകനാല് നവീകരണവും എ.സി, കനാല്‍ നവീകരണവും നടപ്പാക്കാതെ കിടക്കുകയാണ്. നാഷണല്‍ ഹൈവേക്കുവേണ്ടി മോദി സര്‍ക്കാര്‍, ചോദിച്ച പണം അനുവദിച്ചിട്ടും ഭൂമി ഏറ്റെടുത്തു കൊടുക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് അതിവേഗ റെയില്‍വേക്കു വേണ്ടി ആയിരം ഹെക്ടര്‍ ഭൂമി ഏറ്റെടുത്ത് 515 കി.മീ. നീളമുള്ള റെയില്‍ പദ്ധതി കൊണ്ടുവരുമെന്ന് പ്രഖ്യാപിക്കുന്നത്. കൈയ്യടിനേടാം, കാര്യസാദ്ധ്യത ഉണ്ടാകാനിടയില്ല. 2009-10ല്‍ തോമസ് ഐസക് തന്നെ പ്രഖ്യാപിച്ച പദ്ധതിയാണിത്. ഇതുമായി ബന്ധപ്പെട്ട് ഒരു കോര്പ്പറേഷന് രൂപീകരിച്ച് ലക്ഷങ്ങള്‍ ചിലവെഴിച്ചു. അവസാനം സര്‍വ്വേ പോലും പൂര്‍ത്തീകരിക്കാതെ കോര്പ്പറേഷന് പ്രവര്‍ത്തനം അവസാനിപ്പിച്ചു.
ഈ ബജറ്റില്‍ വീണ്ടും പ്രഖ്യാപനം. മറ്റൊരു പദ്ധതിക്കായി കുടുംബശ്രീക്ക് 1,000 കോടി രൂപ അനുവദിച്ചതിലും ദുരൂഹതയുണ്ട്. പ്രഖ്യാപനം റെക്കോര്‍ഡ് വിഹിതമാണെങ്കിലും സംസ്ഥാനസര്‍ക്കാരിന്റെ വിഹിതം 258 കോടി മാത്രമാണ്. ബാക്കിയുള്ളത് കേന്ദ്രപദ്ധതി വിഹിതമാണ്. തദ്ദേശസ്ഥാപനങ്ങള്‍ വഴി കേന്ദ്രസര്‍ക്കാര്‍ നല്കുന്ന കേന്ദ്രപദ്ധതി വിഹിതങ്ങള്‍ വകമാറ്റി ചിലവെഴിക്കാനും അതുവഴി വനിതാമതിലില്‍ അണിചേര്‍ന്നവരെ രാഷ്ട്രീയമായി കൂടെ നിറുത്താനുമുള്ള അടവ് തന്ത്രത്തിന്റെ പ്രഖ്യാപനമായി ഇതിനെ കാണാം. ഇന്നും സര്‍ക്കാര്‍ വക ന്യായവില ഷോപ്പുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദേശനിര്മ്മിതസാധനങ്ങളോ കോര്‍പ്പറേറ്റ് ഡിസ്കൗണ്ട് ഉല്പന്നങ്ങളുമാണ് ഉപയോഗിക്കുന്നതും വില്‍ക്കുന്നതും. പിന്നെയെങ്ങനെ കുടുംബശ്രീയുടെ ഉല്‍പ്പന്നങ്ങളെ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളായി വളര്‍ത്താന്‍ കഴിയും.
പരമ്പരാഗത വ്യവസായത്തിനു റബറടക്കമുള്ള മൂല്യവര്‍ദ്ധിത കാര്‍ഷികവിളകള്‍ക്കോ കാര്‍ഷികമേഖലക്കോ കാര്യമായ സംഭാവനകളില്ല. ഇന്നു നാം ആഹരിക്കുന്ന പച്ചക്കറിയുടേയും അരിയുടെയും 10% മാത്രമാണ് കേരളത്തില്‍ ഉല്പാദിപ്പിക്കുന്നത്. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും ഓഖി പാക്കേജും അടക്കം ഇതിനു മുമ്പ് അവതരിപ്പിച്ച ബജറ്റിലെ പദ്ധതികളും ഇന്നും നടപ്പാകാതെ കിടക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനകീയ ആരോഗ്യക്ഷേമസഹായം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും പാവപ്പെട്ടവര്‍ക്ക് ഗുണകരമായ ആയുഷ്മാന്‍ പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ രാഷ്ട്രീയത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. പ്രഖ്യാപനങ്ങളില്‍ ഒതുങ്ങിനില്ക്കുന്ന തോമസ് ഐസക്കിന്റെ ബജറ്റ് കിഫ്ബിയെ ആശ്രയിച്ചാണ് നിലകൊള്ളുന്നതെങ്കിലും കിഫ്ബിയുടെ കൊട്ടയില്‍ കാര്യമായി എന്തെങ്കിലും വീണതായി ഇതുവരെ അറിവില്ല.
പ്രളയാനന്തര കേരളത്തിന്റെ പുനഃസൃഷ്ടിയുടെ ഇരുപത്തഞ്ചിന ബജറ്റ് പ്രഖ്യാപനങ്ങളില്‍ ഉല്പാദനത്തിനോ ക്രീയാത്മകമായ നിര്‍മ്മാണത്തിനോ കാര്യക്ഷമമായ മുന്നേറ്റത്തിനോ ഉതകുന്ന ഒന്നുമില്ല. മാത്രമല്ല ഒറ്റ നോട്ടത്തില്‍ ഈ ബജറ്റ് കൊണ്ട് തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും സാധാരണകാര്‍ക്കും ഒരുമെച്ചവുമില്ല.
(ബിജെപി സംസ്ഥാന വക്താവാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: