കൊച്ചി: കൊച്ചിയും കോഴിക്കോടും നേര്‍ക്കുനേര്‍വന്ന പ്രോ വോളി ലീഗിലെ നാട്ടങ്കത്തില്‍ ചെമ്പടയ്ക്ക് മിന്നുന്ന ജയം. സര്‍വ മേഖലയിലും മികച്ചുനിന്ന കാലിക്കട്ട് ഹീറോസ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ തുടര്‍ച്ചയായ അഞ്ച്് സെറ്റിലും കീഴ്പ്പെടുത്തി സമ്പൂര്‍ണ വിജയം ആഘോഷിച്ചു. ലീഗില്‍ ഇതാദ്യമായാണ് ഒരു ടീം അഞ്ചു സെറ്റും നേടി വിജയിക്കുന്നത്.
ഹീറോസിന് ബോണസ് പോയിന്റടക്കം മൂന്ന് പോയിന്റ് ലഭിച്ചു. സ്കോര്‍: 15-11 , 15-9, 15-14, 15-13, 15-10 . . ആദ്യ സെറ്റിന്റെ ആദ്യ പകുതി ശ്രദ്ധയോടെ കളച്ചു ഇരു ടീമുകളും. കോഗോ താരത്തിന്റെ മികച്ച പ്രതിരോധം തുണയായപ്പോള്‍ ഇടവേളയ്ക്ക് പിരിയുമുമ്പ് ഹീറോസിന് 8-4ന്റെ നിര്‍ണായക ലീഡ്. പോയിന്റുകള്‍ വാരിക്കൂട്ടി മുന്നോട്ടുകുതിച്ച ഹീറോസിനെ പലപ്പോഴും തടഞ്ഞുനിര്‍ത്തി ഡേവിഡ് ലീയുടെയും പ്രഭാകരന്റെയും മിന്നുന്ന ഫോം. കോഴിക്കോട്ട് നിന്നും കൊച്ചിയുടെ അങ്കതട്ടില്‍ ഹീറോസിന്റെ കളികാണാനെത്തിയ ചെമ്പടയെ സാക്ഷിയാക്കി ആദ്യസെറ്റ് ഹീറോസ്ന് സ്വന്തം.
രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ ഹീറോസ് നടത്തിയത് അവിശ്വസനീയ കുതിപ്പ്. നായകന് ജെറോം വിനീത് പലപ്പോഴും അതിര്കോര്ട്ടില് ആഞ്ഞടിച്ചപ്പോള്‍ ഹീറോസിന് 5-0ത്തിന്റെ മിന്നുന്ന ലീഡും സ്വന്തം. ആദ്യ മത്സരത്തിലെ ഹീറോ അജിത് ലാല്‍ ഇടയ്ക്കിടെ തൊടുത്ത കനത്ത സ്മാഷുകള്‍ ഗ്യാലറിയെ ഇളക്കിമറിച്ചു. ആദ്യ മത്സരങ്ങളില്‍നിന്നും വ്യത്യസ്തമായി ഉക്രപാണ്ഡ്യനും സംഘവും തീര്‍ത്തും നിറംമങ്ങിയ രണ്ടാം സെറ്റ് ഹീറോസ് സ്വന്തമാക്കിയത് 15-9ന്. ആദ്യ രണ്ട് സെറ്റും സ്വന്തമാക്കിയ ഹീറോസ് മത്സരത്തില്‍ 20ത്തിന് മുന്നിലും.
നിര്‍ണായകമായ മൂന്നാം സെറ്റിന്റെ തുടക്കവും കാലിക്കട്ട് ആഘോഷമാക്കി. നായകന് ജെറോം വിനീത് ഉഗ്രരൂപം പൂണ്ട സെറ്റിന്റെ തുടക്കം ഹീറോസിന് സമ്മാനിച്ചത് 4-0ത്തിന്റെ ലീഡ്. മറുവശത്ത് അറ്റാക്കര്‍ പ്രഭാകരന് ഇടയ്ക്കിടെ നടത്തിയ തിളക്കമാര്‍ന്ന മുന്നേറ്റങ്ങള്‍ കൊച്ചിയെ കളിയില്‍ പിടിച്ചുനിര്‍ത്തി. ആദ്യ രണ്ട് സെറ്റിലും തീര്‍ത്തും നിറമങ്ങിയ ഡേവിഡ് ലീ മൂന്നാം സെറ്റില്‍ കഴുകനെന്നപോല് ആര്‍ത്തിരമ്പിയപ്പോള്‍ രാജീവ് ഗാന്ധി സ്റ്റേഡിയം സാക്ഷിയായത് കടുത്ത പോരാട്ടത്തിന്. സെറ്റിന്റെ അവസാന നിമിഷങ്ങളില്‍ വിജയത്തിനായി വീര്യത്തോടെ പോരാടിയെങ്കിലും ചെമ്പടയുടെ മെയ്കരുത്തിന് മുന്നില്‍ തലത്താഴ്ത്തി.
മത്സരത്തിലാദ്യമായി നാലാം സെറ്റില്‍ തുടക്കം മുതലേ പോരാടിയ കൊച്ചി നീണ്ട റാലികള്‍ തീര്‍ത്തു. ചില മികച്ച നിമിഷങ്ങള്‍ സൃഷ്ടിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും സെറ്റിന്റെ അവസാന സമയങ്ങളില്‍ കൊച്ചി ടീം വീണ്ടും കളി മറന്നതോടെ തുടര്‍ച്ചയായ നാലാം സെറ്റ് കൈപ്പിടിയിലാക്കി ഹീറോസ്.
നാലാം സെറ്റിലെന്നപ്പോലെ അവസാന സെറ്റിലും ഇരുടീമും കരുത്തുകാട്ടി. മാനം കാക്കാനിറങ്ങിയ കൊച്ചിയുടെ നായകന്മാര്ക്ക് അഞ്ചാം സെറ്റിന്റെ അവസാന നിമിഷങ്ങളില്‍ അടിതെറ്റിയപ്പോള്‍ ഹീറോസിന്റെ വിജയം സമ്പൂര്‍ണ്ണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: