പണ്ടുകാലത്ത് സഹ്യാദ്രിമലനിരകളിലൂടെ കൂട്ടമായി കുടുംബസമേതം സൈ്വരവിഹാരം നടത്തിയിരുന്ന കാട്ടാനകളെ അവയുടെ വഴിത്താരകളില്‍ വാരിക്കുഴികള്‍ നിര്‍മ്മിച്ച് പിടികൂടുന്ന പതിവുണ്ടായിരുന്നു. കുഴിയില്‍ വീഴുന്ന കാട്ടാനകളെ പരിശീലനം ലഭിച്ച താപ്പാനകളേയും പാപ്പാന്മാരേയും ഉപയോഗിച്ച് കരയ്‌ക്കുകയറ്റി കഠിനവും ക്ഷമാപൂര്‍ണവുമായ തീവ്രപരിശീലനത്തിലൂടെ ഇണക്കി മനുഷ്യന്റെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാറുണ്ട്. സാമദാനഭേദദണ്ഡനങ്ങളിലൂടെയാണ് അക്രമാസക്തനായ കാട്ടാനയെ മെരുക്കിയെടുക്കുന്നത്.
മുണ്ടോമുഴി, മണ്ണാറപ്പാറ, തുറ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും പിടിച്ചിരുന്ന കാട്ടാനകളെ പരിശീലിപ്പിക്കുന്നതിനായി 1942-ല്‍ (കൊല്ലവര്‍ഷം 1117) കോന്നിയില്‍ സ്ഥാപിച്ച ആനക്കൂടാണ് ഇന്ന് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ഇക്കോ ടൂറിസം കേന്ദ്രമായി മാറിയിരിക്കുന്നത്. ഇതിന് 9 ഏക്കര്‍ വിസ്തൃതിയുണ്ട്. ഇവിടെ കൃഷ്ണ, മണിയന്‍, ഇവ, പ്രിയദര്‍ശിനി, മീന എന്നീ ആനകളും കൂടാതെ പിഞ്ചു എന്ന ഒരു വയസുകാരന്‍ കുട്ടിയാനയുമാണ് ഉള്ളത്. 2016-ല്‍ കോന്നി മണ്ണാറപ്പാറ കടമ്പുപാറമൂഴിയില്‍ നിന്നുമാണ് പിഞ്ചുവിനെ കിട്ടിയത്.
കോന്നിയില്‍ 1810 മുതലേ ആനപിടുത്തം ആരംഭിച്ചതായി ചരിത്രം രേഖപ്പെടുത്തുന്നു. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ ഈ ആനത്താവളത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. ഇവിടെനിന്നും സംയുക്ത എന്ന ആനയെ പോര്‍ച്ചുഗലിന് ഭാരതത്തിന്റെ സമ്മാനമായി നല്‍കിയിട്ടുണ്ട്. വനത്തില്‍നിന്നും പുതുതായി കിട്ടുന്ന കാട്ടാനകളെ ഇണക്കാന്‍ കെല്‍പുള്ള കൊച്ചയ്യപ്പന്‍, രഞ്ജി, പത്മനാഭന്‍, ബാലകൃഷ്ണന്‍, സോമന്‍, വേണു, രമേശന്‍, മണി എന്നീ താപ്പാനകളൊന്നും തന്നെ ഇന്ന് ഈ കേന്ദ്രത്തിലില്ല. ഒരേസമയം 6 ആനകള്‍ക്ക് പരിശീലനം നല്‍കാന്‍ ശേഷിയുള്ള ആനക്കൂടുകള്‍ ഇവിടെയുണ്ട്. കമ്പകം എന്ന തടി ഉപയോഗിച്ച് നിര്‍മിച്ച 12.65 മീറ്റര്‍ നീളവും, 8.60 മീ. വീതിയും 7. മീ. ഉയരവുമുള്ള ആനക്കൂടുകളാണ് കോന്നിയിലുള്ളത്.
ആനസവാരി
ആനപ്പുറത്തുള്ള സവാരിയാണ് സഞ്ചാരികളുടെ ഒരു പ്രധാന ആകര്‍ഷണം. മുന്‍പ് ഇവിടെ സവാരിക്ക് രണ്ട് ആനകളുണ്ടായിരുന്നു. ഇതില്‍ സുരേന്ദ്രന്‍ എന്ന ആനയെ ഹുങ്കി പരിശീലനത്തിനായി തമിഴ്‌നാട്ടിലെ മുതുമലയിലേക്ക് കൊണ്ടുപോവുകയുണ്ടായി. സര്‍ക്കാരും വനംവകുപ്പും ഒത്തുചേര്‍ന്ന് കോന്നിയിലെ ഇക്കോ ടൂറിസം പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് നാട്ടുകാര്‍ ആനയെ താവളത്തില്‍നിന്നും മാറ്റുന്നതിനെതിരെ പ്രക്ഷോഭണം നടത്തുകയുണ്ടായി. നേരത്തെ ആനസവാരിക്ക് സുരേന്ദ്രനെയും ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇന്നിവിടെ സവാരിക്ക് പ്രിയദര്‍ശിനി എന്ന ഒരാനയെ മാത്രമാണ് ഉപോഗിക്കുന്നത്. മാത്രമല്ല ഒരു ദിവസം ആകെ 10 സവാരി എന്ന് എണ്ണം വെട്ടിക്കുറയ്‌ക്കുകയും നിരക്ക് ക്രമാതീതമായി വര്‍ധിപ്പിക്കുകയും ചെയ്തു. ആനസവാരിക്ക് രണ്ടുപേര്‍ക്ക് 600 രൂപയും; മൂന്ന് പേര്‍ക്ക് 800 രൂപയുമാണ് നിരക്ക്.
ആനയുടെ തലയോട്ടിയും കൊമ്പും ചങ്ങലയും മറ്റ് ഉപകരണങ്ങളും വിശദമായ വിവരണങ്ങളും ഫോട്ടോയും എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു മ്യൂസിയം ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. കാട്ടുപക്ഷികളുടെയും ജീവികളുടെയും ചിത്രങ്ങളും ശബ്ദവും അടുത്തറിയാന്‍ സഹായിക്കുന്ന ഓഡിയോ വിഷ്വല്‍ സിസ്റ്റവും ഇവിടെയുണ്ട്.
വനശ്രീ ഇക്കോ ഷോപ്പ്
ശുദ്ധമായ വനവിഭവങ്ങള്‍ വാങ്ങാന്‍ സൗകര്യമുള്ള ഒരു സ്ഥാപനവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. വനശ്രീ ഇക്കോ ഷോപ്പ് എന്ന് നാമകരണം ചെയ്തിട്ടുള്ള ഇവിടെ നിന്നും മായമില്ലാത്ത ചന്ദന തൈലം, ചന്ദനമുട്ടി, വന്‍തേന്‍, ചെറുതേന്‍, കുന്തിരിക്കം, കസ്തൂരി മഞ്ഞള്‍, ഇഞ്ച, പുല്‍ത്തൈലം, യൂക്കാലിത്തൈലം, ഗ്രാമ്പു, കുരുമുളക്, ഏലം, തേന്‍ നെല്ലിക്ക എന്നിവയെല്ലാം ലഭിക്കുന്നതാണ്.
പന്ത്രണ്ട് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഉല്ലസിക്കാനും ഓടിച്ചാടി കളിക്കാനും ഉപയുക്തമായ ഒരു പാര്‍ക്ക് ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഊഞ്ഞാല്‍, ദിനോസര്‍, പൂന്തോട്ടം തുടങ്ങിയവ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ സന്തോഷത്തെ പ്രദാനം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.
കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രവേശനത്തിന് മുതിര്‍ന്നവര്‍ക്ക് 20 രൂപയും, വിദ്യാര്‍ത്ഥികള്‍ക്ക് 5 രൂപയുമാണ് പ്രവേശന ഫീസ്. ആനകളെ കുളിപ്പിക്കാന്‍ ആളൊന്നുക്ക് 30 രൂപയാണ് ഫീസുള്ളത്. തിങ്കളാഴ്ച ഇവിടെ അവധി ദിവസമാണ്. ബാക്കി ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണിവരെ സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതി ലഭിക്കും. ഇവിടെ ഒരു പേപ്പര്‍ നിര്‍മാണശാലയും പ്രവര്‍ത്തിക്കുന്നുണ്ട്.
ഈ വര്‍ഷം ജനുവരി 1 മുതല്‍ ഒക്‌ടോബര്‍ 15 വരെ ഏകദേശം ഒന്നര ലക്ഷത്തോളം വിദേശികളടക്കമുള്ള ടൂറിസ്റ്റുകള്‍ കോന്നി ഇക്കോ ടൂറിസം കേന്ദ്രം സന്ദര്‍ശിച്ചിട്ടുണ്ട്. ഓണക്കാലത്ത് ആനത്താവളത്തില്‍ നടത്തിയിരുന്ന ഗജവിജ്ഞാനോത്സവം ഉപേക്ഷിച്ചിരിക്കുകയാണ്. ആനയൂട്ട്, നക്ഷത്രവനം പദ്ധതികളും ഇഴയുകയാണ്. ഏറെ വരുമാനമുണ്ടാക്കിയ കാട്ടാത്തി-ചെളിക്കല്‍ ഇക്കോ ടൂറിസം പദ്ധതിയും തഴയപ്പെട്ടിരിക്കുന്നു. കുറിച്ചിയിലേക്കുള്ള ജീപ്പ് സവാരി, കാട്ടാത്തിയിലേക്കുള്ള ട്രക്കിങ്, ഔഷധസസ്യപാര്‍ക്ക് എന്നിവ സഞ്ചാരികളെ ഹഠാദാകര്‍ഷിക്കും. കോന്നിയില്‍നിന്നും ഗവിയിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യങ്ങളുണ്ട്.
ബാംബൂ ഹട്ട്
കോന്നിയില്‍നിന്നും 11 കി.മീറ്റര്‍ ദൂരെയായി സ്ഥിതിചെയ്യുന്ന പേരുവാലിയിലുള്ള (അടവി) മുളകൊണ്ട് നിര്‍മിച്ച ഭവനങ്ങളില്‍ സന്ദര്‍ശകര്‍ക്ക് താമസിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
ലോട്ടസ്, ജാസ്മിന്‍, നീലക്കുറിഞ്ഞി, ചെമ്പകം, തുളസി എന്നീ പേരുകളിലുള്ള അഞ്ച് ഭവനങ്ങളാണുള്ളത്. ഒരു ദിവസത്തേക്ക് 4 പേര്‍ക്ക് താമസിക്കാന്‍ 1 ഹട്ടിന് 4000/രൂപയാണ് വാടക. മുന്‍കൂട്ടിയുള്ള ബുക്കിങ്ങിന് ബന്ധപ്പെടേണ്ട നമ്പര്‍: 8547600634.
കുട്ടവഞ്ചി സവാരി
കാനന മധ്യത്തിലൂടെ ഒഴുകിവരുന്ന കല്ലാറിലൂടെ കുട്ടവഞ്ചിയില്‍ യാത്ര ചെയ്യുകയെന്നത് ഒരനിര്‍വചനീയമായ അനുഭൂതി സന്ദര്‍ശകര്‍ക്ക് നല്‍കുമെന്നതിന് സംശയമില്ല.
കോന്നിയില്‍നിന്നും 13. കി.മീറ്റര്‍ ദൂരെയായി സ്ഥിതിചെയ്യുന്ന മുണ്ടോമുഴിയില്‍ (അടവി)നിന്നും പേരുവാലിയിലേക്കാണ് യാത്ര ചെയ്യാന്‍ അവസരം നല്‍കുന്നത്. 4 പേര്‍ക്ക് 1 മണിക്കൂറുള്ള ദീര്‍ഘയാത്രക്ക് 800 രൂപയും, അരമണിക്കൂറുള്ള ഹ്രസ്വയാത്രയ്‌ക്ക് 400 രൂപയുമാണ് നിരക്ക്. 5 വയസ്സില്‍ താഴെ പ്രായമുള്ള ഒരു കുട്ടിയേയും ഈ യാത്രയില്‍ സൗജന്യമായി ഉള്‍പ്പെടുത്താവുന്നതാണ്.
ആനക്കൂടിലേക്കുള്ള യാത്രാപഥം
പത്തനംതിട്ടയില്‍നിന്നും പുനലൂരിലേക്കുള്ള യാത്രാമദ്ധ്യേ ഏകദേശം 12 കി.മീ. അകലെയുള്ള കോന്നിയിലാണ് വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണകേന്ദ്രമായ കോന്നി ആനക്കൂട് സ്ഥിതി ചെയ്യുന്നത്. കോന്നി ബസ് സ്റ്റാന്റ് കവലയില്‍നിന്നും വലത്തോട്ട് (സര്‍ക്കാര്‍ ആശുപത്രി റോഡ്)തിരിഞ്ഞ് 300 മീ. കഴിഞ്ഞാല്‍ വലതുവശത്ത് (ആശുപത്രി കഴിഞ്ഞാലുടന്‍) ആനത്താവളം ദര്‍ശിക്കാം.
പുനലൂരില്‍നിന്നും വരുമ്പോള്‍ പത്തനാപുരം വഴി കോന്നിയില്‍ എത്താം. കോന്നി കവലയില്‍നിന്നും ഇടത്തോട്ട് (സര്‍ക്കാര്‍ ആശുപത്രി റോഡ്) തിരിഞ്ഞ് 300 മീ. കഴിഞ്ഞാല്‍ വലതുവശത്തായി ആനത്താവളം കാണാം. ഇവിടെ വിപുലമായ പാര്‍ക്കിങ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: