വന്ദേ കൃഷ്ണം… ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. കൃഷ്ണന്റെ നവതിയാഘോഷമായ ‘കൃഷ്ണം വന്ദേ’ ആദരസഭയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് പൊന്നാടയണിയിച്ച് പ്രണമിക്കുന്നു. –ആര്.ആര്. ജയറാം
കൊച്ചി: സാമൂഹ്യമാറ്റങ്ങള്‍ക്ക് സാംസ്കാരിക സംഘടനകള്‍കൊണ്ട് ശക്തിപകര്‍ന്ന മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന് എംഎ സാറെന്ന എം.എ. കൃഷ്ണന്റെ നവതിയാഘോഷം സമൂഹോത്സവമായി. ‘കൃഷ്ണം വന്ദേ’ എന്ന പേരിട്ട് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ആഘോഷത്തില്‍ കേരളത്തിന്റെ പരിച്ഛേദം പങ്കെടുത്തു. എളമക്കര ഭാസ്കരീയത്തിലായിരുന്നു ആഢ്യഗംഭീരമായ ആദരാഘോഷം.
എഴുപത് വര്‍ഷമായി ആര്‍എസ്എസ് പ്രചാരകനായ, തൊണ്ണൂറു തികഞ്ഞ അദ്ദേഹം തുടങ്ങിയ ബാലഗോകുലം പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകര്‍ മുതല്‍ ഇന്നത്തെ ഭാരവാഹികള്‍ വരെ ആദരണത്തിനെത്തി. അധികം പേരും കുടുംബസമേതം. ആത്മീയ-സാംസ്കാരിക മേളനത്തിന്റെ ഓരോ നിമിഷവും സംഘടനാബോധം തുടിച്ചു നിന്നു. ആഘോഷം ബാലഗോകുലം- സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകരുടെ സംഗമ വേദിയായി.
ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് സി.ആര്. മുകുന്ദ് കൃഷ്ണം വന്ദേ ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥി മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് എം.എ. കൃഷ്ണനെ ആദരിച്ചു. അഖില ഭാരതീയ പ്രജ്ഞാ പ്രവാഹ് പ്രമുഖ് ജെ. നന്ദകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.പി. ബാബുരാജ് അധ്യക്ഷനായി. പ്രവര്‍ത്തകര്‍, മുന്‍കാല പ്രവര്‍ത്തകര്‍, അമ്മമാര്‍, കുട്ടികള്‍ എന്നിവരുടെ പ്രത്യേക യോഗം ചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തി.
മാതാ അമൃതാനന്ദമയി പ്രത്യേകം കൊടുത്തയച്ച പൊന്നാടയും സമ്മാനവും സ്വാമി പൂര്‍ണാമൃതാനന്ദപുരി നല്കി ആദരിച്ചു. ആര്‍എസ്എസ് സര് സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ സന്ദേശം പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന് വായിച്ചു. മുംബൈ, ദല്‍ഹി തുടങ്ങി ഇതര സംസ്ഥാനങ്ങളില്‍നിന്നുള്‍പ്പെടെ ബാലഗോകുലം പ്രതിനിധികള്‍ ആദരം അര്‍പ്പിച്ചു.
വൈകിട്ട് സമാപന സഭ, സ്വാമി പൂര്‍ണാമൃതാനന്ദപുരിയും നടനും മധ്യപ്രദേശ് സംസ്കാര്‍ ഭാരതി ഉപാധ്യക്ഷനുമായ നിതീഷ് ഭരദ്വാജും ചേര്‍ന്ന് കൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്തു. ഡോ. കെ.എസ്. രാധാകൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തി. കൈതപ്രം ദാമോദരന്‍ നമ്പൂതിരി അധ്യക്ഷനായി. സ്വാമി പൂര്‍ണാമൃതാനന്ദപുരി, നിതീഷ് ഭരദ്വാജ്, ഓ. രാജഗോപാല്‍ എംഎല്‍എ, പി.ഇ.ബി. മേനോന്, ഡോ. എസ്.ഡി. സിങ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: