ശാരദാ ചിട്ടി തട്ടിപ്പുകേസില്‍ പോലീസ് കമ്മീഷണറെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും അതിനെ രാഷ്ട്രീയ നാടകമായി കൊണ്ടാടുകയും ചെയ്യുന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുടെ നടപടി ജനാധിപത്യത്തിന്റെ കൊലപാതകമെന്നാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ വിശേഷിപ്പിച്ചത്.
ജനാധിപത്യത്തിന്റെ ബാലപാഠങ്ങളെങ്കിലും അറിയാവുന്നവര്‍ക്ക് അങ്ങനെയേ പറയാന്‍ കഴിയൂ. ഫെഡറലിസത്തിന്റെ എല്ലാ മര്യാദകളും കാറ്റില്‍പ്പറത്തി മുഖ്യമന്ത്രിയെന്ന ഭരണഘടനാ പദവി ദുരുപയോഗം ചെയ്തുകൊണ്ട് മമതാ ബാനര്‍ജി ഉറഞ്ഞുതുള്ളുന്നതിനെ കേമമെന്ന് പറയുന്ന രാഷ്ട്രീയ നേതാക്കളുമുണ്ട്. നിര്‍ഭാഗ്യവശാല്‍ പ്രധാനപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ഈ പട്ടികയില്‍പ്പെടുന്നുവെന്നതാണ് ദുര്യോഗം.
ശാരദാ ചിട്ടിത്തട്ടിപ്പുകേസ് ബിജെപിയുടെയോ കേന്ദ്രസര്‍ക്കാരിന്റെയോ കണ്ടുപിടിത്തമല്ല, 30,000 കോടിയുടെ തട്ടിപ്പ് പുറത്തുവന്നതും അതന്വേഷിക്കാന്‍ ഉത്തരവിട്ടതും കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിച്ചപ്പോഴാണ്. അന്വേഷണം ആഴത്തിലേക്കിറങ്ങിച്ചെന്നപ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം. വെറുമൊരു ചിട്ടി തട്ടിപ്പല്ല അതെന്ന യാഥാര്‍ത്ഥ്യം എല്ലാവരും തിരിച്ചറിഞ്ഞു. അന്താരാഷ്ട്ര ഭീകരസംഘടനകളുമായും ഇടത്-ജിഹാദി ഭീകര ശൃംഖലകളുമായും ബന്ധമുള്ള ദുരൂഹമായ പണമിടപാട് തട്ടിപ്പാണിത്. കള്ളപ്പണ, ഭീകരവാദ ബന്ധമുള്ള കേസ്.
പശ്ചിമബംഗാളിലും വടക്ക് -കിഴക്കന്‍ സംസ്ഥാനങ്ങളിലും ആഴത്തില്‍ വേരൂന്നിയിട്ടുള്ള വിവിധ ഇന്ത്യാവിരുദ്ധ ശക്തികളുടെ ബന്ധങ്ങള്‍ പുറത്താക്കുവാനും അവരുടെ ധനവിനിയോഗ – ധനസമാഹരണ രീതികള്‍ തകര്‍ക്കാനും കഴിയുന്ന കേസായിരുന്നു. തട്ടിപ്പിനു പിന്നില്‍ വ്യാപകമായ ഭീകരവാദ നെക്സസുകള്‍ മുതല്‍ ബംഗാളിലെ ലോക്കല്‍ ഗുണ്ടായിസം വരെയുണ്ട് എന്നതായിരുന്നു സത്യം. അതുകൊണ്ടുതന്നെ കേസന്വേഷണത്തെ അട്ടിമറിക്കാനുള്ള ശ്രമം തുടക്കം മുതലേയുണ്ടായി. വ്യത്യസ്ത കാരണങ്ങള്‍കൊണ്ട് അന്വേഷണം ശക്തമാക്കാന്‍ കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന് താല്‍പ്പര്യമുണ്ടായില്ല. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ അന്വേഷണത്തിന് വേഗം കൂടി. എന്നാല്‍ അന്വേഷണത്തിന് പിന്തുണ നല്‍കേണ്ട സംസ്ഥാന പോലീസും ഭരണസംവിധാനവും തികച്ചും നിരുത്തരവാദപരമായ നിലപാടാണ് സ്വീകരിച്ചത്.
സുപ്രീംകോടതി നിര്‍ദേശപ്രകാരം അന്വേഷണം ആരംഭിച്ച സിബിഐയോട് സഹകരിച്ചില്ലായെന്ന് മാത്രമല്ല, തെളിവുകള്‍ നശിപ്പിക്കലുള്‍പ്പെടെ തട്ടിപ്പുകാര്‍ക്ക് സഹായകമായ നടപടികളാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. സംസ്ഥാന മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പൂര്‍ണപിന്തുണയായിരുന്നു ഇതിന് കാരണം. കോണ്‍ഗ്രസിന്റെ ഫയര്‍ബ്രാന്റ് നേതാവെന്ന രീതിയില്‍ ബംഗാളില്‍ ഉയര്‍ന്നുവരികയും പിന്നീട് കോണ്‍ഗ്രസ് റിബലായിമാറി സ്വന്തം പാര്‍ട്ടിയുണ്ടാക്കി മുന്നേറുകയും സിപിഎമ്മിന്റെ ഭരണത്തിന് അറുതി വരുത്തുകയും ചെയ്ത നേതാവാണ് മമതാ ബാനര്‍ജി. അവര്‍ എന്തിന് നഗ്നമായി അഴിമതിക്ക് പിന്തുണ നല്‍കുന്നുവെന്ന് സംശയിച്ചവര്‍ പലരുമുണ്ട്.
അതിനുത്തരമായിരുന്നു കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ എംപി അഹമ്മദ് ഹുസൈന് ഉമ്രാന്റെ അറസ്റ്റ്. മമതയുടെ വലംകയ്യായിരുന്ന ഇമ്രാന് ആയിരുന്നു ശാരദാ ചിട്ടിഫണ്ടില്‍ നിന്ന് ആയിരക്കണക്കിന് കോടി രൂപ കൈപ്പറ്റിയത്. ഇതില്‍ വലിയൊരു വിഹിതം തൃണമൂല്‍ കോണ്‍ഗ്രസിന് അധികാരം പിടിച്ചെടുക്കാന്‍ ഉപയോഗിച്ചു. ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിക്ക് ഹവാല ഇടപാടുവഴിയും ഇമ്രാന് പണം കൈമാറിയതായി കണ്ടെത്തിയിരുന്നു. സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും പിന്തുണച്ചിരുന്ന മുസ്ലീങ്ങളെ ഒറ്റക്കെട്ടായി തൃണമൂലിന് കീഴില്‍ അണിനിരത്താന്‍ ഈ പണമാണ് സഹായകമായത്.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് മുഗള്‍ റോയിയുടെ വലംകൈ അസീംഖാനെയും സിബിഐ കേസല്‍ ചോദ്യംചെയ്തിരുന്നു. തുടര്‍ന്ന് അദ്ദേഹം പാര്‍ട്ടിവിട്ട് പുതിയ പാര്‍ട്ടിയുണ്ടാക്കിയെങ്കിലും അടുത്തിടെ വീണ്ടും മമതയെ പുകഴ്ത്തി രംഗത്തുവന്നിട്ടുണ്ട്. ബംഗാളില്‍ മുസ്ലീം വോട്ട് ബിജെപി വിഭജിക്കാതിരിക്കാന്‍ എന്ന ന്യായം പറഞ്ഞാണിത്. മാത്രമല്ല, ശാരദാ ചിട്ടി തട്ടിപ്പുകേസിലെ മുഖ്യപ്രതി സുധീപ്തോസെന്‍ അറസ്റ്റിലായത് കാശ്മീരില്‍വച്ചായിരുന്നു. ഇതൊക്കെ തട്ടിപ്പിനുപിന്നിലെ ഇന്ത്യാവിരുദ്ധ ബന്ധങ്ങളുടെ തെളിവുകളാണ്.
അത്തരം ശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്ന കളിപ്പാവ മാത്രമാണ് മമതാ ബാനര്‍ജി എന്നതിന്റെ ഒടുവിലത്തെ തെളിവാണ് കഴിഞ്ഞദിവസം കല്‍ക്കത്തയിലുണ്ടായത്. മമതാ ബാനര്‍ജിയോ അവരുടെ ആരെങ്കിലുമോ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെയോ ഒന്നുമല്ല, കല്‍ക്കത്ത പോലീസ് കമ്മീഷണറായ ഐപിഎസുകാരന് അഴിമതി കാണിച്ചിട്ടുണ്ടോ എന്ന ആരോപണം അന്വേഷിക്കാനാണ് സിബിഐ എത്തിയത്. പോലീസ് ഓഫീസറുടെ അഴിമതി ചോദ്യം ചെയ്യാനാവില്ലെന്ന് വാശിപിടിച്ചാണ് മമതാബാനര്‍ജി നിരാഹാരമിരിക്കുന്നത്.
അഴിമതി നിരോധിക്കുന്നതിന്റെ അപ്പോസ്തലനായ അരവിന്ദ് കെജ്രിവാള് ഉള്‍പ്പെടെയുള്ള ഭാവിയിലെ പ്രധാനമന്ത്രിപദമോഹികള്‍ പലരും മമതയുടെ പട്ടിണിക്ക് പിന്തുണ നല്കുന്ന വിചിത്ര കാഴ്ചയും കാണാം. ശാരദാ ചിട്ടി തട്ടിപ്പ് അന്വേഷിക്കാന്‍ ഉത്തരവിട്ടത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. അന്വേഷണം തടസപ്പെടുത്തുന്ന മമതയെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്റെ രാഷ്ട്രീയ അപക്വത പക്ഷെ മനസ്സിലാകുന്നില്ല.
കമ്മീഷണറെ ചോദ്യം ചെയ്തുകഴിയുമ്പോള്‍ ചിലപ്പോള്‍ സിബിഐയ്ക്ക് മമതയെയും ചോദ്യം ചെയ്യേണ്ടിവന്നേക്കാം. കാരണം മമതയുടെ വെപ്രാളവും ആവേശവും സഹപ്രവര്‍ത്തകര്‍ക്കുള്ള പങ്കും ഒക്കെ ഇതാണ് സൂചിപ്പിക്കുന്നത്. കുറ്റക്കാരിയല്ലെങ്കില്‍ മമത എന്തിന് പേടിക്കണം എന്ന ചോദ്യം രാഷ്ട്രീയ തിമിരം ബാധിക്കാത്ത എല്ലാവരില്‍ നിന്നും ഉയരുന്നുണ്ട്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സിബിഐയുടെ മുന്നില്‍ ചോദ്യം ചെയ്യലിന് 13 മണിക്കൂര്‍ നിന്നുകൊടുത്ത നരേന്ദ്രമോദിയെയും ജുഡീഷ്യല്‍ കമ്മീഷനു മുന്പില് 19 മണിക്കൂര്‍ ഇരുന്നുകൊടുത്ത ഉമ്മന്‍ചാണ്ടിയെയും പലരും ഓര്‍ക്കുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: