എല്ലാവര്ക്കും കുടിവെള്ളം, വൈദ്യുതി എന്നിവ ലഭ്യമായ വൃത്തിയും ആരോഗ്യവും ഉള്ള ഇന്ത്യ. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കിയ ഇന്ത്യ. യുവാക്കള്‍ക്കും വനിതകള്‍ക്കും തങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ യഥേഷ്ടം അവസരങ്ങള്‍. ഭീകരത, വര്‍ഗ്ഗീയത, ജാതീയത, അഴിമതി സ്വജനപക്ഷപാതം എന്നിവയില്‍ നിന്ന് മുക്തമായൊരു ഇന്ത്യ. 2022 ഓടെ ഇത്തരമൊരു നവഭാരതം സാക്ഷാത്ക്കാരിക്കുക എന്ന ലക്ഷ്യമാണ് കഴിഞ്ഞ ദിവസം ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. അതിനാവശ്യമായ നലപാടുകളും തീരുമാനങ്ങളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര ബജറ്റിനെ രാഷ്ട്രീയ കണ്ണോടെ നോക്കി വിമര്‍ശിക്കുന്നവര്‍ക്കു പോലും പ്രഖ്യാപനങ്ങളെ തള്ളിപ്പറയാനാകുന്നില്ല. നടപ്പിലാക്കാന്‍ ഈ സര്‍ക്കാറിനു തുടര്‍ച്ച കിട്ടുമോ എന്നതില്‍ മാത്രമാണ് സംശയം. നരേന്ദ്രമോദി സര്‍ക്കാറിന് ഭരണ തുടര്‍ച്ച ലഭിച്ചാല്‍ അത് നവഭാരത സാക്ഷാത്ക്കാരത്തിലേയ്ക്കുള്ള മുന്നേറ്റമായിരുക്കും എന്ന് എല്ലാവരും സമ്മതിക്കുന്നു.
കര്‍ഷകക്ഷേമം മുതല്‍ മദ്ധ്യവര്ഗ്ഗംവരെ, ആദായനികുതി ആശ്വാസം മുതല്‍ അടിസ്ഥാന സൗകര്യം വരെ, ഉല്‍പ്പാദനം മുതല്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ വരെ, പാര്‍പ്പിടം മുതല്‍ ആരോഗ്യസംരക്ഷണം വരെ, നിരവധി ജീവിതങ്ങളെ സ്പര്‍ശിച്ച കേന്ദ്ര സര്‍ക്കാറിന്റെ വികസന സംരംഭങ്ങള്‍ ബജറ്റ് നിര്‍ദ്ദേശങ്ങളില്‍ പ്രതിഫലിച്ചു. ജീവിതം ആയാസരഹിതമാക്കാന്‍ സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുക, ഡിജിറ്റല്‍ ഇന്ത്യ സൃഷ്ടിക്കുക, വൈദ്യുതി വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ഗതാഗത വിപ്ലവത്തിലൂടെ മലിനീകരണമുക്ത ഇന്ത്യയിലേയ്ക്ക് നയിക്കുക, ആധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് വന്‍ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഗ്രാമീണ വ്യവസായവല്‍ക്കരണം വിപുലീകരിക്കുക, നദികള്‍ ശുദ്ധീകരിക്കുക, എല്ലാവര്ക്കും സുരക്ഷിത കുടിവെള്ളവും, സൂക്ഷ്മ ജലസേചനത്തിലൂടെ വെള്ളത്തിന്റെ കാര്യക്ഷമായ ഉപയോഗം ഉറപ്പാക്കുക, സാഗര്‍മാല, തീരദേശം, സമുദ്രങ്ങള്‍ എന്നിവയുടെ നിലവാരം ഉയര്‍ത്തുകയും വിപുലപ്പെടുത്തുകയും ചെയ്യുന്നതിലൂടെ വികസനവും, വളര്‍ച്ചയും ശക്തിപ്പെടുത്തുക, ഇന്ത്യന്‍ സഞ്ചാരിയെ ബഹിരാകാശത്ത് എത്തിക്കുക, ഒപ്പം ലോകത്തെ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തറയായി ഇന്ത്യ മാറുക, ഭക്ഷ്യ സ്വയംപര്യാപ്തമാക്കുന്നതിനൊപ്പം ഏറ്റവും ജൈവമായ തരത്തില്‍ ഉത്പാദിപ്പിച്ച ഭക്ഷണം കയറ്റുമതി ചെയ്യുക, ആയുഷ്മാന്ഭാരതിലൂടെ ആരോഗ്യകരമായ ഇന്ത്യയും, തുല്യ അവസരങ്ങള്‍ ഉള്ള വനിതകളും അവരുടെ സുരക്ഷിതത്വത്തില്‍ കരുതലും, കുറഞ്ഞ ഗവണ്മെന്റും കൂടുതല്‍ ഭരണവും ഉത്തരവാദിത്തമുള്ള ബ്യൂറോക്രസിയുമായി രാജ്യത്തെ പരിവര്‍ത്തിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വെക്കുന്നു. ആധുനികവും, സാങ്കേതികവിദ്യയാല്‍ നയിക്കപ്പെടുന്നതുമായ ഉയര്‍ന്ന വളര്‍ച്ചയുള്ളതും സമത്വാധിഷ്ടിതവും, സുതാര്യവുമായ സമൂഹമായി രാജ്യത്തെ മാറ്റുക എന്നത് അസാധ്യമായ കാര്യമല്ലന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണം തെളിയിച്ചതാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കറപുരളാത്തതും തീരുമാനം എടുക്കുന്നതും സുസ്ഥിരമായതുമായ സര്‍ക്കാര്‍ നയസ്തംഭനത്തെ തിരുത്തി സുസ്ഥിര വളര്‍ച്ചയ്ക്കുള്ള അടിത്തറയിടുകയും രാജ്യത്തിന്റെ പ്രതിച്ഛായ പുനസ്ഥാപിക്കുകയും ചെയ്തു. ചടുലമായ സാമ്പത്തിക പരിഷ്ക്കരണങ്ങളിലൂടെ രാജ്യം ഏറ്റവും മികച്ച ബൃഹദ് സമ്പദ്ഘടന സ്ഥിരതയാണ് കൈവരിച്ചത്. ലോകത്തെ ആറാമത്തെ വലിയ സമ്പദ്ഘടനയായി ഇന്ത്യ മാറി. ധനക്കമ്മിയും നാണ്യപെരുപ്പവും കുറഞ്ഞു. ചരക്ക് സേവന നികുതി അടുത്തതലമുറ നികുതിഘടന പരിഷ്ക്കരണത്തിന് പുതിയ പാതവെട്ടിത്തുറന്നു. അഴിമതിക്കെതിരായ നടപടികള്‍ അംഗീകരിക്കപ്പെട്ടു. രാജ്യത്തെ ഗ്രാമങ്ങളില്‍ ഏകദേശം 98% ശുചിത്വസൗകര്യങ്ങള്‍ കൈവരിച്ചു. നവഭാരത സൃഷ്ടിക്കുള്ള ചുവടുവെപ്പായി അതിനെ ഒക്കെ കണക്കാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: