Categories: Special Article

കവിതയിലെ ശാസ്ത്രത്തിന്റെ പുസ്തകം

Published by

കവിത എപ്പോഴോ സാങ്കേതികതയുടെ പിടിയില്‍പെട്ടുപോയിരുന്നു. ”ഈ വല്ലിയില്‍നിന്ന് പൂക്കള്‍ പോകുന്നിതാ പറന്നമ്മേ”എന്ന് പൂമ്പാറ്റകളെക്കണ്ട് കുഞ്ഞ് പറഞ്ഞപ്പോള്‍ ”തെറ്റീ നിനക്കുണ്ണീ ചൊല്ലാം നല്‍പ്പൂമ്പാറ്റകളല്ലേ ഇതെല്ലാം,” എന്ന് അമ്മ പറഞ്ഞുകൊടുത്തത് ശാസ്ത്രമായിരുന്നെങ്കിലും പറഞ്ഞത് കവിതയിലായിരുന്നു; അടിമുടി പൂത്ത കവിത. ഈ ശാസ്ത്രത്തെ കവിതയുടെ ഉടുപ്പിടുവിപ്പിച്ച് വൈലോപ്പിള്ളിക്കാലം ചങ്ങമ്പുഴക്കൂട്ടത്തില്‍ നിന്ന് മാറി സഞ്ചരിച്ചത് വലിയൊരു മാറ്റമായിരുന്നു. എന്നാല്‍, ശാസ്ത്രത്തെ കവിതയ്‌ക്കു മേല്‍ കവചമായി ഘടിപ്പിച്ചവര്‍ വെറുതേ ”സൗന്ദര്യത്തെക്കാണുന്ന കണ്‍പൊട്ടിച്ചു.” തുടര്‍ക്കാലത്ത് രൂപത്തിലും ഭാവത്തിലും ഉള്ളടക്കത്തിലും കവിത ശാസ്ത്രക്കുറിപ്പിന്റെ പദ്യഭാവം പോലെയായി. ഘടനയില്‍ കൃത്രിമ രൂപപരിണാമത്തിന്റെ ‘ശാസ്ത്രക്രിയ’ക്ക് വിധേയമായി.

കവിതയ്‌ക്ക് ശാസ്ത്രം വേണ്ടെന്നല്ല. അലങ്കാര ശാസ്ത്രവും വൃത്തശാസ്ത്രവും ഭാഷാ ശാസ്ത്രത്തിന്റെ ഭാഗമാണല്ലോ. വളയമില്ലാതെ ചാടുന്ന സര്‍ക്കസിലെ കോമാളികള്‍ക്കും അഭ്യാസമാണല്ലോ ആധാരം; അതിന് അടിസ്ഥാനം ശാസ്ത്രവും. പക്ഷേ, കവിതയില്‍ ശാസ്ത്രത്തിന് മനോഹാരിതയും വേണം. അതുകൊണ്ടുതന്നെയാവണം വൃത്തശാസ്ത്രം എഴുതിയ കേരളപാണിനി, എ.ആര്‍. രാജരാജവര്‍മ ‘വൃത്ത മഞ്ജരി’യെന്ന് അതിന് പേരിട്ടത്.  വൃത്തത്തില്‍നിന്ന് താളത്തിലേക്കും പിന്നെ താളപ്പിഴകളിലേക്കും ഗദ്യത്തിലേക്കും മാറിമാറി ഒടുവില്‍ ഉപശീര്‍ഷകം ഇല്ലെങ്കില്‍ കവിതയും കഥയും ലേഖനവും തിരിച്ചറിയാഞ്ഞ് ഏകസ്ഥിതിയാലെത്തിയ കാലവുമുണ്ടായി. എന്നാല്‍ ഇടയ്‌ക്കിടയ്‌ക്ക് എന്നല്ല, അധികവും വൃത്തത്തിലേക്കും അലങ്കാരത്തിലേക്കുമെല്ലാം കവിത തിരിയുന്ന കാലമായി. (കഴിഞ്ഞവര്‍ഷം, കവി സച്ചിദാനന്ദന്‍ ഒരാഴ്ചയിടവേളയില്‍ രണ്ടുകവിതകള്‍ പ്രസിദ്ധീകരിച്ചു. ഒന്ന് കുട്ടികള്‍ക്ക് വായിക്കാനുള്ള പംക്തിയില്‍; അത് വൃത്തഭദ്രം, അലങ്കാരവും കാവ്യഭംഗികളെല്ലാം തന്നെ ഒത്തിണങ്ങിയ ലളിത കവിത. മറ്റൊന്ന് ചെത്തിമിനുക്കില്ലാതിരിക്കണമെന്ന നിര്‍ബന്ധത്തില്‍ പണിതെടുത്തത്; മുതിര്‍ന്നവര്‍ക്ക്. ഇതാണ് കവിതാ നിര്‍മാണത്തിലെ കാലിക ശാസ്ത്രം.)

ആദി കവിത ശ്ലോകമായിരുന്നുവെന്നാണല്ലോ. അങ്ങനെ ശ്ലോകം ചമയ്‌ക്കാന്‍, പദ്യം കുത്തിക്കുറിച്ചാല്‍പ്പോര. ശ്ലോകത്തില്‍ കവിത പിറക്കാന്‍ സിദ്ധിയും സാധനയും ചേരണമെന്നര്‍ത്ഥം. അതില്‍ ശാസ്ത്രത്തിന്റെ കടുത്ത ചിട്ടയുംകൂടി ചേര്‍ക്കുന്നെങ്കില്‍ നല്ല അധ്വാനം വേണ്ടിവരും.; നൈപുണ്യം. അങ്ങനെ മൂന്നും ചേര്‍ത്ത് മുറുക്കിയ പരീക്ഷണമാണ് ‘നവീന ശ്ലോകമാല’ എന്ന പുസ്തകം. കുട്ടന്‍ ഗോപുരത്തിങ്കലാണ് രചയിതാവ്. 41 സംസ്‌കൃത വൃത്തത്തില്‍ ശ്ലോകങ്ങള്‍. ഇന്നത്തെ വായനക്കാര്‍ക്ക് അപരിചിതമാണെങ്കില്‍, ശ്ലോകത്തെയും അതിന്റെ വൃത്തത്തേയും പരിചയപ്പെടാന്‍ മുഖലക്ഷണവും ഉള്‍ശാസ്ത്രവും ചേര്‍ത്താണ് രചന. അതായത് ശ്ലോക വൃത്തത്തിന്റെ പേര്, ആ വൃത്തത്തിന്റെ ശാസ്ത്രീയ വിശദീകരണം, എങ്ങനെയാണ് ആ ശ്ലോകത്തിന്റെ ശാസ്ത്രീയ ഘടന എന്ന വിശദീകരണം ചേര്‍ത്താണ് രചന. തികച്ചും പുതുമയുള്ള പുസ്തകം. കാലത്തിന് അനുസൃതമായത്.

‘അതിരുചിര’ എന്ന വൃത്തം മുതല്‍ ‘സ്രഗ്വിണി’വരെ 41 വൃത്തങ്ങളില്‍ ശ്ലോകമുണ്ട്. ഓരോ വൃത്തത്തിലും നാലും അഞ്ചും വീതം. വൃത്തത്തിന്റെ പേര്, അതിന്റെ ശാസ്ത്രീയ ലക്ഷണം, ശ്ലോകം എന്നാണ് ക്രമം. ഒരു ദാഹരണം ‘ശാലിനി’ വൃത്തം. ലക്ഷണം: ‘നാലേഴായ് മം ശാലിനീതംതഗംഗം.’ തുടര്‍ന്ന് ശ്ലോകം: 

‘കണ്ണില്‍ പൂക്കും കര്‍ണികാരങ്ങള്‍ കണ്ടു

കണ്ണാടിപ്പൂം ചാരുഗണ്ഡങ്ങള്‍ കണ്ടു

പെണ്ണാളന്നെന്‍ ചുണ്ടിലാച്ചുണ്ടുകൊണ്ടീ

മണ്ണില്‍ വിണ്ണുണ്ടെന്ന് കാണിച്ചുതന്നൂ’ 

എന്ന് ശ്ലോകം. ഇതാണ് കുട്ടന്‍ ഗോപുരത്തിന്റെ രചനാ ഘടന.

എ.ആര്‍. രാജരാജവര്‍മ്മയുടെ വൃത്തമഞ്ജരിക്ക് വിമര്‍ശപാഠങ്ങള്‍ ഏറെയുണ്ടായിട്ടുണ്ട്. വൃത്തശാസ്ത്രം മുടിനാരിഴ കീറി പരിശോധിച്ചിട്ടുണ്ട്. പക്ഷേ, ഇത്തരമൊരു തുടര്‍പുസ്തകം വേറേയില്ലെന്ന് തോന്നുന്നു. അതുകൊണ്ടും ഏറെ പ്രസക്തിയുണ്ട് പുസ്തകത്തിന്.

ശാസ്ത്രം പഠിപ്പിക്കാന്‍, ഭാഷയിലാണെങ്കില്‍ ശൃംഗാരവും ഭക്തിയും വിഷയമായാല്‍ എളുപ്പമാണെന്ന് ഒരു അദ്ധ്യാപകന്‍ പറഞ്ഞുകേട്ടിട്ടുണ്ട്. കുട്ടന്‍ ഗോപുരത്തിങ്കലിന്റെ രചനയിലും, കേരള പാണിനിയുടെ വഴിയേ ശൃംഗാരവും ഭക്തിയും കാണുന്നത് കൗതുകകരമാണ്. 

കുട്ടന്‍, മുതിര്‍ന്ന് ബാങ്ക് ജോലിയില്‍നിന്ന് വിരമിച്ചയാളാണെങ്കിലും കവിത വായിച്ചാല്‍ യൗവനം കടന്നിട്ടില്ലെന്നേ തോന്നിപ്പിക്കൂ. പുസ്തകത്തിന്റെ രണ്ടാം പകുതി കവിതകളാണ്. ‘ഹരിമുരളീരവ’മെന്ന തികച്ചും കാല്‍പനികമായ പേരിട്ട കവിതകള്‍ ഓരോന്നും വികാരത്തുടിപ്പുകളാണ്. അനുരാഗവും സ്‌നേഹവും പ്രേമവും ആരാധനയുമെല്ലാം വികാരംചൂടിയ വരികള്‍.

കുട്ടന്‍ ഗോപുരത്തിങ്കല്‍, സ്വയം പ്രസ്താവിക്കുന്നതുപോലെ, ബാങ്കിലെ കണക്കുകളിലായിരുന്നു അധികകാലവും. ഇടയ്‌ക്കെപ്പോഴോ അക്ഷരത്തിലെത്തിയതാണ്. അക്ഷരവും കണക്കും പിഴക്കാതെ എഴുത്തിന്റെ ലോകത്തുണ്ട്. നിഷ്ഠയോടെ എഴുത്തിനിരിക്കലാണ് പ്രത്യേകത. നാലുവര്‍ഷത്തിലേറെ തുടര്‍ച്ചയായി ദിവസവും സന്ധ്യാവേളയ്‌ക്കു മുന്‍പ് സാമൂഹ്യ മാധ്യമത്തില്‍ സ്വന്തം ശ്ലോകം ഒരെണ്ണം ചേര്‍ക്കുക പതിവായിരുന്നു. ഇപ്പോഴും തുടരുന്നു. അക്ഷരശ്ലോകമെഴുത്ത് ഗ്രൂപ്പില്‍  തുടങ്ങിയതാണിത്. മുടക്കമില്ലാതെ.

ആദ്യ പുസ്തകമാണ്. മുമ്പ് ഹൈക്കു കവിതകളുടെ സമാഹാരത്തില്‍ കുട്ടന്റെ രചനകള്‍ കണ്ടിരുന്നു. പിന്നെ സാമൂഹ്യ മാധ്യമങ്ങളിലും. 

പുസ്തകം അക്കാദമിക് ലക്ഷ്യത്തിലും പ്രധാനമാണ്. ഭാഷ പഠിക്കുന്നവര്‍ക്കും പഠിപ്പിക്കുന്നവര്‍ക്കും ഗുണമാണ്. ശാസ്ത്രവും പ്രതിപാദിക്കുന്നതിനാല്‍ കണിശതയുടെ കാര്യത്തില്‍ കൂടുതല്‍ കൃത്യത വേണ്ടതുണ്ട്. അച്ചടിയുടെ സാങ്കേതികതയിലെ പരിമിതികൊണ്ടോ, നോട്ടപ്പിശകുകൊണ്ടോ ആകാം, ചില ശ്ലോകങ്ങളില്‍ മാത്ര നിരത്തി നോക്കിയാല്‍ ലക്ഷണപ്രകാരം പൂര്‍ണതമുറ്റിയിട്ടില്ലായ്മയും കാണുന്നു. പരിഷ്‌കരിച്ച പതിപ്പുകളില്‍ തിരുത്താനാവുമെന്ന് ഉറപ്പുണ്ട്. 

നവീന ശ്ലോകമാല

കുട്ടന്‍ ഗോപുരത്തിങ്കല്‍

സംഘമിത്ര ബുക്‌സ്

എറണാകുളം

വില: 170

9447039077

9497276896 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts