‘അയ്യപ്പസംഗമത്തില്‍ പങ്കെടുക്കാനെത്തിയ അയ്യപ്പഭക്തര്‍’
കേരളത്തിലെ ഹൈന്ദവ ഐക്യവും കരുത്തുമാണ് ഇന്നലെ അനന്തപുരിയില്‍ ദൃശ്യമായത്. ലക്ഷക്കണക്കിനാളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് പുത്തരിക്കണ്ടം മൈതാനം. അത് നിറഞ്ഞൊഴുകി കിഴക്കേകോട്ടയിലും പരിസരത്തുമായി പതിനായിരക്കണക്കിന് ആബാലവൃദ്ധം ജനങ്ങള്‍ക്ക് നില്‍ക്കേണ്ടിവന്നു. ശരണമന്ത്രവുമായി പാളയത്തുനിന്നും തുടങ്ങിയ ഘോഷയാത്ര എത്തുംമുമ്പേ മൈതാനത്ത് കാലുകുത്താന്‍പോലും സ്ഥലമില്ലാതായി. സദസ്സ് മാത്രമല്ല വേദിയും സമ്പന്നമായിരുന്നു. ദക്ഷിണേന്ത്യയിലെല്ലായിടത്തുനിന്നും പ്രമുഖരായ സന്യാസിവര്യന്മാരടക്കമുള്ളവരെക്കൊണ്ട് നിറഞ്ഞിരുന്നു. അതില്‍ പേരെടുത്ത് വിശേഷിപ്പിക്കാന്‍ പലരുമുണ്ടെങ്കിലും പ്രത്യേകം സൂചിപ്പിക്കേണ്ടത് മാതാ അമൃതാനന്ദമയി ദേവിയെക്കുറിച്ച് തന്നെയാണ്. അയ്യപ്പ സംഗമത്തില്‍ അമ്മ മുഖ്യാതിഥിയാകുമെന്ന അറിയിപ്പ് വന്നപ്പോള്‍ തന്നെ വിശ്വാസത്തെ അവഹേളിക്കാനും ശബരിമല ക്ഷേത്രത്തെ തകര്‍ക്കാനും അഹങ്കാരത്തോടെ ഉറഞ്ഞുതുള്ളിയ ഭരണാധികാരകളെ വിറകൊള്ളിച്ചിരുന്നു. അമ്മയുടെ വഴിമുടക്കാന്‍ ദേവസ്വം മന്ത്രി നേരിട്ട് കണ്ട് ശ്രമിച്ചെങ്കിലും നിരാശനായി. എന്‍എസ്എസിനെയും അമ്മയേയും അധിഷേപിക്കാന്‍ സിപിഎം സെക്രട്ടറി തയ്യാറാവുകയും ചെയ്തു. ആചാരം ലംഘിക്കാന്‍ ഏറെ പണിപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ ഞങ്ങള്‍ ഭക്തര്‍ക്കൊപ്പമാണെന്ന് പറയുന്ന അവസ്ഥയും ഇന്നലെ ഉണ്ടായി.
ശബരിമലയുടെ ആചാരം ലംഘിക്കുന്നവര്‍ക്കെതിരെ ഭക്തരുടെ അതിശക്തമായ വികാരപ്രകടനവും ചെറുത്തുനില്‍പ്പും കണ്ടതാണ്. അതിന്റെ വിശ്വരൂപമാണ് അനന്തപുരിയിലുണ്ടായത്. യുവതി പ്രവേശനം നടത്തിയേ അടങ്ങൂ എന്ന വാശിയിലായിരുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎം നേതാക്കളുമെല്ലാം സംഗമം കണ്ട് അന്ധാളിച്ചു കാണണം. നേരത്തെ യുദ്ധസമാനമായ സാഹചര്യം തന്നെ ഭക്തരെ ഭീഷണിപ്പെടുത്താന്‍ സര്‍ക്കാര്‍ സജ്ജമാക്കി. എന്നിട്ടും സര്‍ക്കാരിന്റെ ലക്ഷ്യം പൂര്‍ത്തിയാക്കാനായില്ല. അതിന്റെ ജാള്യത മറയ്‌ക്കാന്‍ നവോത്ഥാനമതിലുണ്ടാക്കി. മതില്‍ ഉറയ്‌ക്കുംമുന്‍പ് തകര്‍ന്നടിയുന്ന കാഴ്ചയുമുണ്ടായി. എന്നാല്‍ ഒരു യുവതിയും നേരാംവഴിയില്‍ മലചവിട്ടിയിട്ടില്ലെന്നതാണ് സത്യം. രണ്ട് യുവതികള്‍ മലകയറിയതായി സര്‍ക്കാര്‍ പുറത്തിറക്കിയ ചിത്രങ്ങള്‍ വ്യാജമാണെന്നും വ്യക്തമായി. ഒടുവില്‍ കോടതിയില്‍ നല്‍കിയ പട്ടികയും തട്ടിപ്പാണെന്നു വ്യക്തമായി.
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ആസുരിക ഭരണമാണ് നടക്കുന്നതെന്നാണ് ബോധ്യമാക്കിയത്. ശരണം വിളിക്കുന്നവരെ തല്ലാനും കൊല്ലാനും ശ്രമിക്കുകയായിരുന്നു ഭരണക്കാര്‍. നാരായണനാമം കേള്‍ക്കുമ്പോള്‍ കലിതുള്ളിയ ഹിരണ്യകശിപുവിന്റെ ഭാവമായിരുന്നല്ലോ മുഖ്യമന്ത്രി പിണറായി വിജയന്. ഹിരണ്യന്റെ അന്ത്യം തന്നെയാവും പിണറായിയേയും കാത്തിരിക്കുന്നതെന്ന് പറയേണ്ടിയിരിക്കുന്നു. പ്രജകളോട് ക്രൂരത കാട്ടിയ ഭരണാധികാരിക്ക് ജനതാ ജനാര്‍ദ്ദനന് മുന്നില്‍ മുട്ടുമടക്കേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ല. മൂന്നരമാസമായി ശബരിമല വിഷയത്തില്‍ ഭക്തജനങ്ങളുടെ മനസ്സ് നീറുകയായിരുന്നു. അത്തരക്കാര്‍ക്കെല്ലാം ആശ്വാസം നല്‍കുന്നതായി അനന്തപുരിയിലെ ഭക്തജനസംഗമം. സംഘാടകരുടെ കണക്കുകൂട്ടലുകളെ തെറ്റിച്ച് വന്നെത്തിയ ജനസഞ്ചയം അധികാരികളുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. എന്നാല്‍ പിണറായി വിജയനെപ്പോലൊരു മുഖ്യമന്ത്രിയില്‍ നിന്ന് അതുണ്ടാകുമോ എന്നതാണ് സംശയം.
അയ്യപ്പ സംഗമ വേദി
ആചാരങ്ങള്‍ തകരണമെന്നും ആരാധനാലയങ്ങള്‍ നശിക്കണമെന്നും വാശിപിടിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. അതിനായി അവര്‍ ഏതടവും പ്രയോഗിക്കും. ചിലപ്പോള്‍ ഭക്തര്‍ക്കൊപ്പമെന്ന് നടിക്കും. നാടകങ്ങള്‍ പ്രയോഗിക്കും. ഇങ്കുലാബിനൊപ്പം ശരണവും വിളിക്കുമെന്നൊക്കെ പറയും. അതൊക്കെ വെറും അടവുനയം മാത്രമാണ്. ലക്ഷ്യത്തിലെത്താനുള്ള കുതന്ത്രങ്ങള്‍ പലതും പ്രയോഗിക്കുമെന്നതില്‍ സംശയമില്ല. സര്‍ക്കാര്‍ തലപ്പത്തുള്ളവരുടെ പഞ്ചാരവര്‍ത്തമാനങ്ങളെ കരുതലോടെ കേള്‍ക്കേണ്ട സമയമാണിത്. മകരവിളക്ക് പൂജ കഴിഞ്ഞ് നടയടച്ച് മലയിറങ്ങിയപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കുണ്ടായ നേരിയ മനംമാറ്റം മാരീചന്റെ മാന്‍ വേഷമാണെന്നതില്‍ സംശയമില്ല. കണ്ണ് തുറന്ന് കാത് കൂര്‍പ്പിച്ച് നിന്നാലേ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കൊലച്ചതിയെ ചെറുക്കാന്‍ കഴിയൂ. അതിനുള്ള പ്രതിജ്ഞയും ആഹ്വാനവുമാണ് അനന്തപുരിയിലെ സംഗമത്തിലുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: