കേരളത്തിലെ ഹൈന്ദവ ജനതയ്ക്ക് അവിസ്മരണീയനായ ആര്‍എസ്എസ് പ്രചാരകന് സ്വര്‍ഗീയ ഭാസ്കര്‍ റാവുജിയുടെ നൂറ്റാണ്ടു പിറന്നാള്‍ കഴിഞ്ഞ 12-ന് കടന്നുപോയപ്പോള്‍, അദ്ദേഹത്തില്‍നിന്ന് പ്രേരണയുള്‍ക്കൊണ്ട് പ്രചാരകന്മാരായി പ്രവര്‍ത്തിച്ചവരുടെ കുടുംബസംഗമം കേരളത്തില്‍ മൂന്നിടങ്ങളിലായി നടന്നു. കോഴിക്കോട്ടു നടന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് എനിക്ക് സാഹചര്യമുണ്ടായത്. ഞാന്‍ സംഘപ്രചാരകനായി നേരിട്ട് ശാഖാ പ്രവര്‍ത്തനത്തിലും രാഷ്ട്രീയ മേഖലയിലും 50 വര്‍ഷം പ്രവര്‍ത്തിച്ച മലബാറിലെ ഒട്ടേറെ പ്രവര്‍ത്തകരുമായി സംവദിക്കാന്‍ ആ അവസരം സഹായകരമായി. എന്റെ അവിടത്തെ സാന്നിദ്ധ്യം മിക്കവര്‍ക്കും വിസ്മയകരവുമായിരുന്നു.
കുടുംബപരമായ ഒരു സന്ദര്‍ശനത്തിലാണ് കോഴിക്കോട് രണ്ടുനാള്‍ കഴിഞ്ഞതെങ്കിലും, രണ്ടു മുതിര്‍ന്ന സ്വയംസേവകരെ കൂടി സന്ദര്‍ശിക്കണമെന്ന മോഹം മൂലം ഭാര്യയും മകന് അനുവുമൊത്ത് 12-ന് രാവിലെ കോഴിക്കോട്ടുനിന്നും തളിപ്പറമ്പിലേക്കു പുറപ്പെട്ടു. അവിടത്തെ ആദ്യ സ്വയംസേവകനെന്നു പറയാവുന്ന കെ.സി. കണ്ണന് പ്രായാധിക്യം മൂലമുള്ള അവശതയാല്‍ ശയ്യാവലംബിയായി കഴിയുകയാണ്. 1949 മുതല്‍ തളിപ്പറമ്പിലെയും കണ്ണൂരിലെയും സംഘപ്രവര്‍ത്തനത്തില്‍ കണ്ണേട്ടന്റെ പങ്ക് അടയാളപ്പെട്ടു കിടക്കുകയാണ്. അവിസ്മരണീയവി.പി. ജനാര്‍ദ്ദനന്റെ കണ്ടെത്തലായിരുന്നു കണ്ണേട്ടനെന്നു പറയാം. അവിടുത്തെ പൂക്കോത്ത് തെരു എന്ന നെയ്ത്ത് തൊഴിലാക്കിയ സമൂഹത്തിന്റെ കേന്ദ്രമാണ് അത്. ഒരുപക്ഷേ മലബാറിലെ ഏറ്റവും വലിയ ശാലിയ സമൂഹവും അതായിരിക്കും. പൂക്കോത്ത് തോര്‍ത്ത് സുപ്രസിദ്ധമായിരുന്നു.
കഴിഞ്ഞ ആറുപതിറ്റാണ്ടിനിടയിലുണ്ടായ വസ്ത്രനിര്‍മാണരംഗത്തെ മാറ്റങ്ങള്‍ മൂലം കൈത്തറി തീരെ ഇല്ലാതായി എന്നുപറയാം. 1960- കളില്‍ ആ മേഖല നേരിട്ടുകൊണ്ടിരുന്ന പ്രതിസന്ധി പഠിച്ച് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനായി പരമേശ്വര്‍ജി മുന്‍കയ്യെടുത്ത്, കെ.ജി. മാരാരുടെ ഉത്സാഹത്തില്‍ ഒരു കമ്മിറ്റി പഠനം നടത്തിയിരുന്നു. അന്ന് ആ കമ്മിറ്റിക്കുവേണ്ട അടിസ്ഥാനപരമായ വിവരങ്ങള്‍ നല്കാന് മുന്നിട്ടുനിന്നത് കണ്ണേട്ടനായിരുന്നു. തളിപ്പറമ്പുകാരനായിരുന്ന മുന്‍ ജനസംഘ സംസ്ഥാനാധ്യക്ഷന്‍ ഐ.ജി. മേനോക്കിയുടെ നേതൃത്വത്തില്‍ പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുകയുണ്ടായി.
കണ്ണൂര്‍ ജില്ലയിലെ സംഘസംബന്ധമായ ഏതു കാര്യത്തിനും കണ്ണേട്ടന് മുന്‍നിരയില്‍നിന്നു. 1958-59 കാലത്ത് ജനസംഘ പ്രവര്‍ത്തനത്തിനായി ഒരു സ്വയംസേവകന്റെ സേവനം പരമേശ്വര്‍ജി ആവശ്യപ്പെട്ടപ്പോള്‍ ഏറ്റവും മികച്ച ആളെത്തന്നെ നിയോഗിക്കണമെന്ന്, അന്നു കണ്ണൂര്‍ ജില്ലാ പ്രചാരകനായിരുന്ന മാധവ്ജി അഭിപ്രായപ്പെട്ടു. അങ്ങനെയാണ് കണ്ണേട്ടന് അതിനു നിയോഗിക്കപ്പെട്ടത്. പിന്നീട് മുഴുസമയ പ്രവര്‍ത്തകനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.
തളിപ്പറമ്പിലെ വീട്ടില്‍ ചെന്നു കണ്ടപ്പോള്‍ തിരിഞ്ഞുകിടക്കാന്‍ പോലും അന്യസാഹയം വേണ്ട അവസ്ഥയിലാണ്. ‘ജന്മഭൂമി’യുടെ കണ്ണൂര്‍ പതിപ്പിന്റെ റസിഡന്റ് എഡിറ്ററായിരുന്ന എ. ദാമോദരനെയും കൂടെക്കൂട്ടിയിരുന്നു. ഞാനും കണ്ണേട്ടനും ദാമോദരനും അടിയന്തരാവസ്ഥയില്‍ കോഴിക്കോട് ജയിലില്‍ ഒരുമിച്ചെത്തി, നാലുമാസം കഴിച്ചുകൂട്ടി ഒരുമിച്ചു പുറത്തിറങ്ങിയവരായിരുന്നു. കണ്ണേട്ടന് ഇപ്പോഴും സംസാരിക്കുന്നതെല്ലാം സംഘത്തിന്റെയും ബിജെപിയുടെയും കാര്യങ്ങളാണെന്നു മകള്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ സംഘചരിത്രമെന്നുതന്നെ പറയാവുന്ന ഓര്‍മ്മക്കുറിപ്പുകള്‍ അദ്ദേഹം തയ്യാറാക്കിയിരുന്നു. തന്റെ സ്വതസ്സിദ്ധമായ ശൈലിയില്‍ എഴുതിയുണ്ടാക്കിയ അത് അച്ചടിച്ചുകാണണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. അതു സാധിക്കാത്തതിലുള്ള ഇച്ഛാഭംഗം പ്രകടിപ്പിച്ചു. ഏതാണ്ടു രണ്ടുമണിക്കൂര്‍ നേരം ഒട്ടേറെ ഓര്‍മകള്‍ പങ്കുവച്ച് കണ്ണേട്ടന്റെ സന്നിധിയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം കഴിച്ചുകൂട്ടിയ ശേഷം മടങ്ങി. ആ സ്ഥലത്തെ മറ്റാരെയുമറിയിക്കാതെയുള്ള യാത്രയായിരുന്നു അത്.
മടക്കയാത്രയില്‍ തലശ്ശേരിയില്‍ വിഭാഗ് സംഘചാലക് സി. ചന്ദ്രശേഖരന്റെ വസതിയിലും കയറി. ചന്ദ്രേട്ടന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാര്‍ക്സിസ്റ്റ് ഗുണ്ടകളുടെ ആക്രമണത്തിന് വിധേയനായിരുന്നല്ലോ. അദ്ദേഹം ഒരുപക്ഷേ കേരളത്തില്‍ ഇന്നുള്ള ഏറ്റവും മുതിര്‍ന്ന സ്വയംസേവകനായിരിക്കും. മാടവന ഗോപാല്‍ കഴിഞ്ഞാല്‍ 1942-43 കാലത്ത് ദത്തോപാന്ത് ഠേംഗഡി മലബാറില്‍ പ്രചാരകനായിരിക്കെ തലശ്ശേരിയില്‍ ഇന്നിംഗ്സ് ആരംഭിക്കാന്‍ എത്തിയപ്പോള്‍ ബാല സ്വയംസേവകനായി ചേര്‍ന്നു. മുക്കാല്‍ നൂറ്റാണ്ടുകാലം അനന്യനിഷ്ഠയോടെ സംഘകാര്യം ചെയ്തു വരുന്ന തപസ്വിയാണദ്ദേഹം.
തലശ്ശേരിയിലെ ജാതിമത, കക്ഷിഭേദമെന്യേ എല്ലാവരുടെയും ആദരവാര്‍ജിച്ചു വരുന്ന അദ്ദേഹത്തെ ആക്രമിക്കുന്നത് സംഘത്തിന്റെ മനോവീര്യം തകര്‍ക്കുമെന്ന ദുഷ്ടലാക്കോടുകൂടിയാണ് വീട് തല്ലിത്തകര്‍ത്തതെന്നു വ്യക്തമായിരുന്നു. തിരുവങ്ങാട് ക്ഷേത്രസങ്കേതത്തില്‍ ത്തന്നെയുള്ള ആ വീട് സകലര്‍ക്കും അറിയുന്നതും, സദാ സ്വാഗതം നല്കുന്നതുമായിരുന്നു. അവിടത്തെ സിപിഎം നേതാക്കളിലാരും ഇത്തരം ഒരു കൃത്യത്തിനു മുതിരില്ലെന്നു ചന്ദ്രേട്ടനുറപ്പാണ്. അതിന്നായി സിപിഎം അകലെയുള്ളവരെ ചട്ടംകെട്ടി വരുത്തിയതാവാനാണ് സാധ്യത. വാതിലില്‍ മുട്ടിവിളിച്ചപ്പോള്‍ തുറന്നുകൊടുക്കുകയും, ഇരിക്കാന്‍ ക്ഷണിക്കുകയും ചെയ്തപ്പോഴായിരുന്നു ആക്രമണം.
ചന്ദ്രേട്ടന് അടുത്തുതന്നെയുള്ള മകളുടെ വസതിയിലേക്കു മാറിത്താമസിക്കുകയാണ്. സംഘത്തിന്റെ ഏതു നിര്‍ദ്ദേശവും മുന്‍പിന്‍ നോക്കാതെ അനുസരിക്കുന്ന അദ്ദേഹത്തിന് 1960-കളില്‍ റെയില്‍വേയിലുണ്ടായിരുന്ന ജോലി ഉപേക്ഷിക്കാന്‍ ഭാസ്കര്‍ റാവുജിയുടെ വെറുമൊരഭിപ്രായം മാത്രം മതിയായിരുന്നു. തലശ്ശേരി, കൂത്തുപറമ്പ് ഭാഗത്തെ നൂറുകണക്കിന് സ്വയംസേവകരായ ബീഡിത്തൊഴിലാളികള്‍ക്ക്, തൊഴില്‍ നഷ്ടമായ സാഹചര്യത്തില്‍ അവരെ പുനരധിവസിപ്പിക്കാനുള്ള പരിപാടിയുടെ ഭാഗമായ സംവിധാനത്തിന്റെ ചുമതലയേല്‍ക്കാനായിരുന്നു റെയില്‍വേ ജോലി ഉപേക്ഷിച്ചത്. അതുപോലെ തന്നെയാണ് വയനാട്ടിലെ വനവാസികളുടെ സേവനത്തിനായി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ പ്രവര്‍ത്തനത്തെ സഹായിക്കാന്‍ കല്‍പ്പറ്റയിലേക്കു പോയതും. ചന്ദ്രേട്ടന് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് കൂത്താട്ടുകുളത്തെ ‘ശ്രീധരീയ’ത്തില്‍ കണ്ണ് ചികിത്സയ്ക്കു താമസിച്ചപ്പോള്‍ ഞങ്ങള്‍ കുടുംബസഹിതം പോയി കണ്ടിരുന്നു. അക്കാലത്ത് അവിടെ ചികിത്സയില്‍ കഴിഞ്ഞ ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യരെ സന്ദര്‍ശിക്കാനും അവര്‍ക്ക് അല്പം തലശ്ശേരി വര്‍ത്തമാനം പറയാനും അവസരമുണ്ടായി. പണ്ട് തിരുവങ്ങാട്ട് അവര്‍ അയല്ക്കാരായിരുന്നത്രേ.
പൂര്വപ്രചാരകസംഗമത്തില് പങ്കെടുക്കാന്‍ പ്രചാരകനാകാതിരുന്നിട്ടും ചന്ദ്രേട്ടന് കോഴിക്കോട് വ്യാസവിദ്യാലയത്തിലെത്തിയിരുന്നു. സഹപ്രാന്ത്ര സംഘചാലക് കെ.കെ. ബാലറാമും സഹവിഭാഗ് സംഘചാലക് സി.കെ. ശ്രീനിവാസനും ഉണ്ടായിരുന്നു. ശ്രീനിവാസന് പൂര്വപ്രചാരകന് കൂടിയാണ്.
ആ സംഗമത്തില്‍ പങ്കെടുക്കാന്‍ യാദൃച്ഛികമായാണ് എനിക്കവസരമുണ്ടായതെന്ന് നേരത്തെ വ്യക്തമാക്കിയല്ലോ. പക്ഷേ അത് ഒട്ടനേകം പേര്‍ക്ക് വിസ്മയകരമായി. അവര്‍ക്ക് പങ്കിടാന്‍ ഒട്ടേറെ പഴയ സ്മരണകളുണ്ടായിരുന്നു. ്യൂഞാന്‍ പ്രചാരകനായി എത്തിയ കാലത്ത് പേരാമ്പ്രയിലെ പ്രവര്‍ത്തനങ്ങള്‍ വഹിച്ചിരുന്ന പി. വാസുദേവന്‍ പിന്നീട് പ്രചാരകനായി നിരവധി ദശകങ്ങള്‍ കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുകയും, വിശ്വഹിന്ദു പരിഷത്തിന്റെ ചുമതല വഹിക്കുകയും ചെയ്തിരുന്നു. അദ്ദേഹമിപ്പോള്‍ കൊളത്തൂര്‍ ആശ്രമത്തിലെ വൃദ്ധസദനത്തില്‍ സഹധര്‍മിണിയുമൊത്ത് വിശ്രമജീവിതത്തിലാണ്. ഭാസ്കര്‍ റാവുജിയുടെ ജീവചരിത്രമെഴുതുന്നതില്‍ ഏറ്റവും കൂടുതല്‍ സഹായം നല്കിയവരില് വാസുദേവന്‍ ഉള്‍പ്പെടുന്നു. സഹധര്‍മിണിയുടെ ചികിത്സക്കായ്, എന്റെ അനുജന് ഡോ. കേസരിയുടെ ഉപദേശപ്രകാരം കൈക്കൊണ്ട നടപടികള്‍ ഗുണകരമായി എന്ന് അദ്ദേഹം അറിയിച്ചതും ചാരിതാര്‍ഥ്യജനകമായി. വ്യത്യസ്തമായ അനുഭവങ്ങള്‍ നല്‍കിയാണ് ഭാസ്കര്‍റാവുജിയുടെ നൂറ്റാണ്ട് ജയന്തി കടന്നുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: