ഓരോ വര്‍ഷവും ജനുവരിമാസം നഷ്ടക്കണക്കുകള്‍ നിരത്തുന്നു. സഹൃദയ ഹൃദയത്തില്‍ നീറ്റലുണ്ടാക്കുന്ന മരണങ്ങളുടെ മാസമാകുകയാണ് കുളിര് തഴുകുന്ന ജനുവരി മാസങ്ങള്‍. ഓരോ ജനുവരിയെത്തുമ്പോഴും ഓര്മ്മയിലേക്കൊടിവരുന്ന നിരവധി മുഖങ്ങളുണ്ട്. 2019ലും ജനുവരി ആ പതിവ് തെറ്റിക്കുന്നില്ല, ഇതുവരെ വലിയ രണ്ട് നഷ്ടങ്ങളാണ് ജനുവരി മലയാളിക്ക് സമ്മാനിച്ചത്. ചലച്ചിത്ര സംവിധായകന് ലെനിന്‍രാജേന്ദ്രനും സംഗീതസംവിധായകന് എസ്. ബാലകൃഷ്ണനും. മലയാളിക്കെന്നും നിത്യഹരിതമായ ഓര്‍മ്മകള്‍ നല്കിയ പ്രേംനസീര്‍ അന്തരിച്ചത് ജനുവരിമാസത്തിലാണ്. നടനവിസ്മയം ഭരത്ഗോപിയും പ്രതിഭാവിലാസത്താല്‍ മലയാള സിനിമയുടെയും സാഹിത്യത്തിലെയും ഗന്ധര്വ്വനക്ഷത്രമായ പദ്മരാജനും അരങ്ങൊഴിഞ്ഞത് ജനുവരിയിലാണ്.
പ്രേംനസീര്‍ അന്തരിച്ച് മുപ്പത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മലയാളിയുടെ മനസ്സില്‍ നിത്യഹരിതമായി നില്‍ക്കുകയാണ് അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍. മലയാള സിനിമാ പ്രേക്ഷകനെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു നടനുമുണ്ടാകില്ല. ഇപ്പോഴും സ്വാധീനിച്ചുകൊണ്ടേയിരിക്കുന്നു. നിത്യഹരിത നായകനായി ഇപ്പോഴും അദ്ദേഹം ജീവിച്ചുകൊണ്ടേയിരിക്കുന്നു. 1989 ജനുവരി 16നാണ് നസീര്‍ അന്തരിച്ചത്. സിനിമയില്‍ നിരവധി റെക്കോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നസീറിന് കഴിഞ്ഞു. നസീറിനു മുമ്പും ശേഷവും നടന്മാര് നിരവധി വന്നെങ്കിലും അദ്ദേഹം സ്ഥാപിച്ച റെക്കോര്‍ഡുകള്‍ മറികടക്കാന്‍ ആര്‍ക്കുമായില്ല. 917 സിനിമകളില്‍ നായകനായോ നായക പ്രാധാന്യമുള്ള റോളുകളിലോ അഭിനയിക്കുക, ഒരേ നായികയുമൊത്ത് 100 ല്‍ ഏറെ സിനിമകളില്‍ അഭിനയിക്കുക. ആര്‍ക്കും ഒരിക്കലും തകര്‍ക്കാന്‍ കഴിയാത്ത റെക്കോഡുകള്‍.
ജനുവരിയിലെ തണുപ്പുള്ള വെളുപ്പാന്‍കാലത്താണ് കോഴിക്കോട്ടെ ഹോട്ടല്‍മുറിയില്‍ പി. പത്മരാജന് മരിച്ചുകിടന്നത്. അദ്ദേഹത്തിന്റെ തന്നെ വിഖ്യാത സിനിമ ‘കരിയിലക്കാറ്റുപോലെ’യിലെ കേന്ദ്രകഥാപാത്രം, സിനിമാസംവിധായകനും എഴുത്തുകാരനുമായ ഹരികൃഷ്ണന്റെ മരണം പോലെ. ഒരര്‍ത്ഥത്തില്‍ സ്രഷ്ടാവിന് തന്നെ അറംപറ്റിയ സിനിമ. അഭ്രപാളിയില്‍ അവതരിപ്പിക്കാന്‍ അനവധിയായ ദൃശ്യങ്ങള്‍ ശേഷിപ്പിച്ചാണ് നാല്പത്തിയഞ്ചാം വയസ്സില്‍ പത്മരാജന് 1991 ജനുവരി 24ന് യാത്രയായത്.
ആസ്വാദന ശേഷിയുള്ള ഓരോ മലയാളിയുടെയും മനസ്സില്‍ പറന്നുനടക്കുന്ന തൂവാനത്തുമ്പികളാണ് പത്മരാജന് സിനിമകള്‍. 1975ല്‍ പ്രയാണം എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ചുകൊണ്ടാണ് പത്മരാജന് സിനിമാക്കാരനാകുന്നത്. അതിനുമുന്നേ തന്നെ നല്ല സാഹിത്യകാരനെന്ന നിലയില്‍ പേരെടുത്തു കഴിഞ്ഞിരുന്നു. ‘പ്രയാണം’ സംവിധാനം ചെയ്തത് ഭരതനായിരുന്നു. പിന്നീട് ഐ.വി. ശശിയുടെ സംവിധാനത്തില്‍ പുറത്തു വന്ന ‘ഇതാ ഇവിടെ വരെ’ എന്ന ചിത്രത്തിന് അദ്ദേഹം തിരക്കഥയൊരുക്കി. അന്നുവരെയുണ്ടായിരുന്ന സിനിമാ സ്വഭാവത്തെ മാറ്റിമറിച്ച ചലച്ചിത്രമായിരുന്നു അത്. 1979 ല്‍ പുറത്തുവന്ന ‘പെരുവഴിയമ്പലം’ മുതല്‍ 1991ലെ ‘ഞാന്‍ ഗന്ധര്വ്വന്’ വരെ അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചമായവ. ഓരോ സിനിമയും ആസ്വാദക മനസ്സില്‍ വ്യത്യസ്തമായ അനുഭവങ്ങള്‍ സൃഷ്ടിക്കുന്നു. കള്ളന് പവിത്രന്, കരിയിലക്കാറ്റുപോലെ, അരപ്പട്ടകെട്ടിയ ഗ്രാമത്തില്‍ തുടങ്ങിയ സിനിമകള്‍ അതുവരെ വെള്ളിത്തിരയിലെത്തിയിട്ടുള്ള ചലച്ചിത്രങ്ങളുടെ രൂപഭാവങ്ങളെ അട്ടിമറിച്ചു. പത്മരാജന്റെ പ്രധാനപ്പെട്ട സിനിമകളെക്കുറിച്ചു പറയുമ്പോഴെല്ലാം സിനിമാ പ്രേമികള്‍ വിട്ടുകളയാത്ത ചിത്രമാണ് ‘തൂവാനത്തുമ്പികള്‍’. ജയകൃഷ്ണന്റെയും ക്ലാരയുടെയും കഥപറഞ്ഞ ‘തൂവാനത്തുമ്പികള്‍’ കാലാതിവര്‍ത്തിയായി ആസ്വാദ്യത നിലനിര്‍ത്തുന്ന ചലച്ചിത്രമാണ്. എപ്പോള്‍ കണ്ടാലും മനസ്സിലേക്ക് മഴയുടെ തണുപ്പ് അരിച്ചിറങ്ങുന്നു. അതില്‍ പ്രണയമുണ്ട്, വിരഹമുണ്ട്, വേദനയുണ്ട്.
ഒരു സിനിമാ നടന്റെ സാമ്പ്രദായിക രൂപഭാവങ്ങളില്ലാത്ത നടനായിരുന്നു ഗോപി. സൗന്ദര്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല അദ്ദേഹം വെള്ളിത്തിരയിലെ മിന്നുന്ന താരമായത്. അഭിനയം എന്താണെന്ന് പഠിക്കാനുള്ള പാഠപുസ്തകമായിരുന്നു അദ്ദേഹം. മലയാള സിനിമയിലെ നായക സങ്കല്പ്പത്തിന് പുതിയ മാനവും ഭാവവും നല്കാന് അദ്ദേഹത്തിനായി. കൊടിയേറ്റമെന്ന ഒറ്റ ചിത്രത്തിലൂടെ ഒരു നടനുണ്ടായിരിക്കേണ്ട ഗുണങ്ങള്‍ മനസിലാക്കിത്തരാന്‍ അദ്ദേഹത്തിനായി. റിയലിസ്റ്റിക്ക് ക്യാരക്ടറുകള്‍ക്കാണ് ഗോപി എന്നും പ്രധാന്യം നല്‍കിയിരുന്നത്. നടന്, സംവിധായകന്, നിര്‍മ്മാതാവ് എന്നീ നിലകളിലെല്ലാം മലയാളസിനിമയുടെ ഭാഗമായിരുന്നു അദ്ദേഹം. ചിറയന്‍കീഴ്കാരനായ വേലായുധന് ഗോപിനാഥന് നായര്‍ എന്ന ഗോപി നാടകത്തിലൂടെയാണ് സിനിമയിലെത്തിയത്. അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരമായിരുന്നു ഗോപിയുടെ ആദ്യസിനിമാനുഭവം. അടൂരിന്റെ തന്നെ കൊടിയേറ്റത്തില്‍ മികച്ച അഭിനയം കാഴ്ചവച്ച് ഗോപി കൊടിയേറ്റം ഗോപിയായി. കൊടിയേറ്റത്തിലെ അഭിനയത്തിനാണ് ദേശീയ അംഗീകാരം ഈ നടനെ തേടിയെത്തിയത്. കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്ന മികച്ച നടനുള്ള പുരസ്കാരത്തിന് ഭരത് എന്ന പേര് അവസാനമായി നല്‍കിയത് ഗോപിക്കാണ്. അങ്ങനെ അദ്ദേഹം ഭരത് ഗോപിയായി. പിന്നീട് ഗസറ്റില്‍ പരസ്യം ചെയ്ത് പേര് തന്നെ ഭരത് ഗോപിയെന്നാക്കി. യവനിക, പഞ്ചവടിപ്പാലം, പാളങ്ങള്‍, ഓര്‍മ്മയ്ക്കായ്, കാറ്റത്തെ കിളിക്കൂട്, ആദാമിന്റെ വാരിയെല്ല്… എന്നിങ്ങനെ നിരവധി സിനിമകളില്‍ മികച്ച വേഷങ്ങളാണ് ഗോപി സമ്മാനിച്ചത്.
നിരൂപണ സാഹിത്യത്തിനും പ്രഭാഷണകലയ്ക്കും പുതുജീവനും ശൈലിയും നല്കിയ സുകുമാര്‍ അഴീക്കോട് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞതും ഒരു ജനുവരിമാസത്തിലാണ്. സാഹിത്യത്തെ സാമൂഹ്യ വിമര്‍ശനത്തിനുപയോഗിച്ച മഹാനായ എഴുത്തുകാരന് വടക്കേകൂട്ടാല നാരായണന്‍നായര്‍ എന്ന വികെ എന്നും ജനുവരിയുടെ വലിയ നഷ്ടമാണ്. പുസ്തക പ്രസാധനത്തെ സാഹിത്യപ്രവര്ത്തനമാക്കി വളര്‍ത്തിയെടുക്കുകയും എഴുത്തുകാരനായി തിളങ്ങുകയും ചെയ്ത ഡി.സി. കിഴക്കേമുറിയുടെ മരണവും ജനുവരിയിലാണ്. അരങ്ങിന്റെ വിസ്മയമായിരുന്ന തിക്കോടിയനും കഥകളി സംഗീതത്തിലെ ദേവസാന്നിധ്യമായിരുന്ന കലാമണ്ഡലം ഹൈദരാലിയും ഗൃഹാതുരമായ ഓര്‍മ്മകള്‍ കവിതയിലേക്കാവാഹിച്ച എന്‍.എന്‍. കക്കാടും ജനുവരി മാസത്തിന്റെ നഷ്ടങ്ങളാണ്. മഹാകവി കുമാരനാശാനും അന്തരിച്ചത് ജനുവരിയിലാണ്. പല്ലനയില്‍ ബോട്ടുമുങ്ങിയായിരുന്നു മരണം.
സാഹിത്യത്തെ സാമൂഹ്യ വിമര്‍ശനത്തിനുപയോഗിച്ച മഹാനായ എഴുത്തുകാരനാണ് വടക്കേകൂട്ടാല നാരായണന്‍നായര്‍. ചിരിയിലെ ചിന്ത എന്താണെന്ന് അദ്ദേഹം കാട്ടിത്തന്നു. വികെഎന്‍ ഇല്ലാത്ത മലയാള സാഹിത്യലോകത്ത് പ്രതിഷേധത്തിന്റെ സ്വരമില്ല. പരിഹാസത്തിന്റെ ശബ്ദമില്ല. സമൂഹത്തില്‍ നടക്കുന്നതൊന്നും കാണാതിരിക്കാന്‍ തന്റെ രണ്ടു കണ്ണുകളും പൊട്ടിച്ചു കളയേണമേ എന്ന് ഒരിക്കല്‍ ആഗ്രഹിച്ച വികെഎന്‍ ഇതെല്ലാം കാണാന്‍ തനിക്ക് കൂടുതല്‍ കണ്ണുകള്‍ തരേണമെ എന്നും അപേക്ഷിച്ചു. ജനുവരി 25നാണ് വികെഎന്നിന്റെ ഓര്‍മ്മദിനം.
വാക്കുകളുടെ മുള്‍മുനയില്‍ ശ്രോതാക്കളെ തളച്ചിട്ടിരുന്ന മാന്ത്രികശേഷിയുള്ള പ്രഭാഷകനായിരുന്നു സുകുമാര്‍ അഴീക്കോട്. അദ്ദേഹം ഒഴിച്ചിട്ടുപോയ ഇടം ഇപ്പോഴും ശൂന്യമാണ്. മലയാള നിരൂപണസാഹിത്യത്തിലും പ്രഭാഷണ കലയിലും സുകുമാര്‍ അഴീക്കോടിനൊപ്പം നില്ക്കാന് കരുത്തുള്ള വ്യക്തിത്വങ്ങളൊന്നും പിന്നീടിതുവരെ ഉണ്ടായിട്ടില്ല. മലയാളിയുടെ ജീവിതത്തെ ബാധിക്കുന്ന നിരവധിയായ പ്രശ്നങ്ങളില്‍ തെറ്റും ശരിയും വേര്‍തിരിച്ച് പറഞ്ഞു തരാന്‍ കഴിവുള്ള ഒരു ഉപദേശകന്റെയോ വിമര്‍ശകന്റെയോ സ്ഥാനമാണ് അഴീക്കോടിന്റെ നിര്യാണത്തിലൂടെ ഇല്ലാതായത്. ജനുവരി 24ലെ അഴീക്കേടിന്റെ വേര്‍പാടിലൂടെ മലയാളിക്ക് സ്വന്തം നാവ് തന്നെയാണ് നഷ്ടപ്പെട്ടു.
2019 ജനുവരിയിലെ വലിയ നഷ്ടമാണ് ലെനിന് രാജേന്ദ്രന്. മലയാളത്തിന്റെ സംസ്കൃതിയും സംഗീതവും ക്ഷേത്രകലകളും ചിത്രകലാപാരമ്പര്യവുമെല്ലാം സിനിമയിലൂടെ ലോകത്തെ അറിയിച്ച ചലച്ചിത്രകാരനാണ് ലെനിന്. ചില്ല്, സ്വാതിതിരുന്നാള്‍, മഴ, ദൈവത്തിന്റെ വികൃതികള്‍, കുലം, രാത്രിമഴ, മകരമഞ്ഞ് എന്നീ ചലച്ചിത്രങ്ങളിലൂടെയാകും അദ്ദേഹം എന്നും ഓര്‍ക്കപ്പെടുക. കലാമൂല്യമുള്ള സിനിമകളാണ് അദ്ദേഹം മലയാളിക്ക് സമ്മാനിച്ചത്. വിട്ടുവീഴ്ചയില്ലാത്ത അദ്ദേഹത്തിന്റെ നിലപാടുകള്‍ സിനിമയിലും പ്രതിഫലിച്ചു. ഒരുകാലത്ത് കേരളീയ യുവത്വത്തിന്റെ അരക്ഷിതബോധത്തെയും സിനിമയിലേക്കാവാഹിക്കാനും അദ്ദേഹത്തിനായി. സംഗീതത്തിനും ചിത്രകലയ്ക്കുമെല്ലാം പ്രാധാന്യം നല്കി സിനിമകള്‍ ചെയ്യുമ്പോള്‍ പൂര്‍ണ്ണമായും അതിനോട് കൂറുപുലര്‍ത്തി. സ്വാതിതിരുന്നാളിന്റെ ജീവിതം ആസ്പദമാക്കി ലെനിന്രാജേന്ദ്രന് സംവിധാനം ചെയ്ത സിനിമ, മഹാനായ ആ ചലച്ചിത്രകാരനെകുറിച്ച് തലമുറകള്‍ക്കുള്ള പാഠപുസ്തകമാണ്. ഇക്കഴിഞ്ഞ 15നായിരുന്നു ആ അതുല്യ പ്രതിഭയുടെ മരണം. ഇന്നലത്തെ മരണവും ഏറെ വേദനയാണ് സമ്മാനിച്ചത്. സംഗീതസംവിധായകന് എസ്. ബാലകൃഷ്ണന്. മലയാള ചലച്ചിത്രഗാനശാഖയില്‍ മെലഡികളുടെ വസന്തം സൃഷ്ടിക്കുകയായിരുന്നു അദ്ദേഹം.
ജനുവരിയിലെ വേര്‍പാടുകളെല്ലാം മഹാരഥന്മാരുടേതാണ്. മരണമില്ലാത്ത ഓര്‍മ്മകളായി അവര്‍ മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: