ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്ന് ചെകുത്താന്റെ തടവറകളിലേക്ക് ആളുകള്‍ നിരന്തരം പോകുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കേണ്ട വിഷയമാണ്. ഐഎസ്സിലേക്കായാലും മറ്റു തീവ്രനിലപാടുള്ള സംഘടനകളിലേക്കായാലും രാജ്യങ്ങളിലേക്കായാലും നിരന്തരം ഒഴുക്ക് തുടരുകയാണ്. അത്തരത്തിലുള്ള ഒരു ഒളിച്ചോട്ടമാണ് അടുത്തിടെ എറണാകുളം ജില്ലയിലെ മുനമ്പത്ത് നടന്നിരിക്കുന്നത്. മനുഷ്യക്കടത്തെന്നാണ് പറയുന്നത്. ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് വിദേശത്തേക്ക് കടത്തിയതെന്നാണ് വിവരം. എങ്ങനെ ഇത്രയേറെപേരെ അനധികൃതമായി കൊണ്ടുപോകാന്‍ കഴിഞ്ഞു എന്നത് ആശ്ചര്യപ്പെടുത്തുന്നതാണ്. നിയമത്തിന്റെ നൂലാമാലകള്‍ കൊണ്ട് ശരിയായ കാര്യം ചെയ്യാന്‍തന്നെ ഭഗീരഥപ്രയത്നം വേണ്ടിവരുന്ന സ്ഥലത്താണ് അധികൃതര്‍ക്ക് ഒരു സംശയവും തോന്നാത്ത തരത്തിലുള്ള മനുഷ്യക്കടത്ത് നടന്നിരിക്കുന്നത്.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒന്നോ രണ്ടോ മാസം കൊണ്ടോ മറ്റോ നടക്കാനിടയുള്ളതല്ല. ഇതിന്റെ പിന്നില്‍ അതിവിദഗ്ധമായ ചരടുവലികളുള്പ്പെടെയുള്ള സംഭവഗതികള്‍ നിശ്ചയമായും ഉണ്ടാകാനിടയുണ്ട്. ഇതു സംബന്ധിച്ച അന്വേഷണങ്ങള്‍ എല്ലാം തന്നെ ഇരുട്ടില്‍ തപ്പുന്ന തരത്തിലാണ്. ആയിരക്കണക്കിന് ലിറ്റര്‍ ഡീസല്‍ വാങ്ങിയെന്നും ആഹാരപദാര്‍ത്ഥങ്ങള്‍ സംഭരിച്ചിരുന്നെന്നും ഒക്കെയായി വിവരങ്ങള്‍ പുറത്തുവരുന്നുണ്ടെങ്കിലും സമൂഹത്തിലെ ഭയാശങ്കകള്‍ തീര്‍ക്കാന്‍ അവയൊന്നും പര്യാപ്തമായിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ക്കായല്ല സമയം ചെലവഴിക്കുന്നത് എന്നതാണ് ഇതിലെ മറ്റൊരുവശം. അനധികൃതമായി ആളുകളെ എവിടേക്കൊക്കെ കൊണ്ടുപോയെന്നോ ആര്‍ക്കൊക്കെ ഇതില്‍ നേട്ടമുണ്ടായെന്നോ കണ്ടെത്തിയാല്‍ മാത്രം പോര. ഇതിന്റെ പിന്നാമ്പുറത്ത് എന്തൊക്കെ നടന്നെന്നും അതിന്റെ ആത്യന്തികലക്ഷ്യം എന്താണെന്നും കണ്ടെത്തേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഇതിന്റെ പൂര്‍ണചിത്രം അനാവൃതമാവൂ.
ജീവിത പരിതോവസ്ഥകള്‍ ദയനീയമായ കുടുംബങ്ങള്‍ എങ്ങനെയും രക്ഷപ്പെടാന്‍ നോക്കുന്നത് സ്വാഭാവികമാണ്. മാഫിയാസംഘങ്ങള്‍ക്ക് അതൊരു ചാകരയുമാണ്. പോയവര്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതൊന്നും മാഫിയാസംഘത്തിന് പ്രശ്നമല്ല. ലക്ഷങ്ങള്‍ കൈമറിഞ്ഞ് കിട്ടുമ്പോള്‍ അവര്‍ക്കെല്ലാം നിഷ്പ്രയാസം സാധിക്കും. അധികൃതരെപോലും തെറ്റിദ്ധരിപ്പിക്കാനും കേസുകൂട്ടങ്ങളില്നിന്ന് ഒഴിവാകാനും സമര്‍ത്ഥമായി കരുക്കള്‍ നീക്കാനുമാവും. ഇത്തരം അനധികൃത നീക്കങ്ങള്‍ക്ക് എങ്ങനെ കേരളം പോലൊരു അഭ്യസ്ഥവിദ്യരുടെ നാട് ഇടത്താവളമാകുന്നു എന്നത് ചിന്തിക്കേണ്ട വിഷയമാണ്. ജനങ്ങളുടെ ദൈന്യത ചൂഷണം ചെയ്യുന്നവര്‍ ആത്യന്തികമായി അവരെ അപകടപ്പെടുത്തുന്ന കെണിയിലേക്ക് ആട്ടിത്തെളിക്കുകയാണെന്ന് കാണാതെ പോകരുത്. സാമൂഹികവിരുദ്ധ നീക്കങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുന്ന സര്‍ക്കാര്‍ അനാവശ്യങ്ങള്‍ക്കായി അതീവശ്രദ്ധയും ജാഗ്രതയും പുലര്‍ത്തുന്നു എന്നതാണ് അപഹാസ്യകരം.
ശബരിമല വിഷയത്തില്‍ ധാര്‍ഷ്ട്യവും ധിക്കാരവും കൈമുതലാക്കി ജനങ്ങള്‍ക്കുനേരെ ഉരുക്കുമുഷ്ടി പ്രയോഗിക്കുന്നവര്‍ മനുഷ്യക്കടത്തുള്‍പ്പെടെയുള്ള നീച പ്രവൃത്തികളെ നിസ്സംഗതയോടെയാണ് കാണുന്നത്. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കപ്പുറത്ത് ദേശദ്രോഹ സമീപനങ്ങളും തീവ്രവാദ ബന്ധങ്ങളും ഉണ്ടോ എന്ന് അന്വേഷിക്കേണ്ടതല്ലേ? കണ്ണൂര്‍ ജില്ലയില്‍ നിന്നുള്‍പ്പെടെ ഐഎസ് തീവ്രവാദ സംഘടനകളിലേക്ക് നിരന്തരം റിക്രൂട്ട്മെന്റ് നടന്നതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോവേണ്ടതല്ലേ? അതിനൊന്നും മെനക്കെടാതെ അനാവശ്യവാചാടോപങ്ങളിലൂടെ കളംനിറഞ്ഞുനില്ക്കാനുള്ള ചെപ്പടിവിദ്യകളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മുനമ്പം സംഭവം വിശദമായി അന്വേഷിക്കാന്‍ കളക്ടര്‍ ഉത്തരവിട്ടിട്ടുപോലും അസ്വാഭാവികമായി ഒന്നുമില്ലെന്ന റിപ്പോര്‍ട്ടു നല്കാന് പോലീസ് തയ്യാറായതെന്തുകൊണ്ട് എന്ന് അറിയേണ്ടതുണ്ട്. സമഗ്രമായ അന്വേഷത്തിലൂടെ നെല്ലും പതിരും തിരിച്ചറിയാന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും തയ്യാറായില്ലെങ്കില്‍ സര്‍വനാശത്തിലേക്കുള്ള എന്‍ഒസിയായി മാറും ഇത്തരം സംഭവങ്ങള്‍. അതിന് ഇടവെക്കരുതെന്നാണ് ഞങ്ങള്‍ക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: