ശബരിമല പ്രശ്നത്തില്‍ ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും നിലപാട് തറപ്പിച്ചും ഉറപ്പിച്ചും വ്യക്തമാക്കിക്കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളം വിട്ടത്. ചൊവ്വാഴ്ച കൊല്ലത്ത് നടന്ന എന്‍ഡിഎ മഹാസമ്മേളനത്തില്‍ പ്രസംഗിച്ച നരേന്ദ്രമോദി കമ്മ്യൂണിസ്റ്റുകാരുടെയും യുഡിഎഫുകാരുടെയും നിലപാടുകളെ അതിരൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ലജ്ജാകരമായ ചരിത്രം സൃഷ്ടിക്കുന്ന നടപടിയായാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
രാജ്യത്തിന്റെ ചരിത്രവും പാരമ്പര്യവും ആചാരവും ആത്മീയതയും മര്യാദകളും അംഗീകരിക്കാത്ത കമ്മ്യൂണിസ്റ്റുകാരുടെ അജണ്ടയെക്കുറിച്ച് ബോധ്യമുള്ള പ്രധാനമന്ത്രി, യുഡിഎഫിന്റെ സമീപനത്തില്‍ ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തു. അവര്‍ക്ക് പാര്‍ലമെന്റില്‍ ഒരു നിലപാട്. പത്തനംതിട്ടയിലെത്തുമ്പോള്‍ മറ്റൊരു നയം. തിങ്കളാഴ്ച പറയുന്നതല്ല പിറ്റേദിവസത്തേത്. ശബരിമലയില്‍ യുവതികള്‍ക്കായി വാദിക്കുന്ന ഇരുമുന്നണിക്കാരും മുത്തലാഖ് വിഷയത്തില്‍ ഇരട്ടത്താപ്പാണ് കാണിച്ചതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് കേരളത്തിലെ മുന്നണി നേതാക്കളെയും മന്ത്രിമാരെയും വല്ലാതെ അസ്വസ്ഥരാക്കിയിട്ടുണ്ട്.
ശബരിമലയുടെ ആചാരം ലംഘിക്കുന്നവര്‍ക്കെതിരെ ഭക്തരുടെ അതിശക്തമായ വികാരപ്രകടനവും ചെറുത്തുനില്‍പ്പുമാണ് കാണാനായത്. യുവതി പ്രവേശനം നടത്തിയേ അടങ്ങൂ എന്ന വാശിയിലായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎം നേതാക്കളുമെല്ലാം അതിനായി നാലായിരത്തോളം സായുധപോലീസിനെയും നിയോഗിച്ചു. യുദ്ധസമാനമായ സാഹചര്യം തന്നെ ഭക്തരെ ഭീഷണിപ്പെടുത്താന്‍ സര്‍ക്കാര്‍ സജ്ജമാക്കി. എന്നിട്ടും സര്‍ക്കാരിന്റെ ലക്ഷ്യം പൂര്‍ത്തിയാക്കാനായില്ല. അതിന്റെ ജാള്യത മറയ്ക്കാന്‍ നവോത്ഥാനമതിലുണ്ടാക്കി. മതില് ഉറയ്ക്കുംമുന്‍പ് തകര്‍ന്നടിയുന്ന കാഴ്ചയുമുണ്ടായി.
നൂറിലധികം യുവതികള്‍ സന്നിധാനത്തെത്തി എന്ന് ഏറ്റവും ഒടുവില്‍ ദേവസ്വം മന്ത്രി സുരേന്ദ്രന് പ്രസ്താവിച്ചിരിക്കുന്നു. എന്നാല്‍ ഒരു യുവതിയും നേരാംവഴിയില്‍ മലചവിട്ടിയിട്ടില്ലെന്നാണ് അവസാനം ലഭിക്കുന്ന വിവരം. രണ്ട് യുവതികള്‍ മലകയറിയതായി സര്‍ക്കാര്‍ പുറത്തിറക്കിയ ചിത്രങ്ങള്‍ വ്യാജമാണെന്നും വ്യക്തമായി. ഹൈക്കോടതി നിയോഗിച്ച കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാറിന്റെ ഒളിച്ചുകളി വ്യക്തമാക്കുന്നു.
ശബരിമല സന്നിധാനത്തു യുവതികളെ പോലീസുകാര്‍ കാവലുള്ള ഗേറ്റിലൂടെ കടത്തിവിട്ടത് എങ്ങനെയെന്ന് അറിയിലെന്നാണ് കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. സാധാരണ കൊടിമരത്തിനടുത്തുകൂടി ശ്രീകോവിലിനു മുന്നിലേക്ക് ആരെയും കടത്തിവിടാറില്ല. ദേവസ്വം ജീവനക്കാരെയും വിഐപികളേയും മാത്രമേ ഈ ഗെയ്റ്റിലൂടെ കടത്തിവിടാറുള്ളൂ. ഇതുവഴി യുവതികള്‍ സന്നിധാനത്ത് എത്തിയെന്നുപറയുമ്പോഴാണ് ദുരൂഹത സംശയിക്കുന്നത്. അജ്ഞാതരായ അഞ്ചുപേര്‍ക്കൊപ്പമാണ് യുവതികള്‍ സന്നിധാനത്തെത്തിയത് എന്നാണ് മനസിലാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത് അന്വേഷണവിധേയമാണ്.
ശബരിമലയിലെത്തുന്ന യുവതികളെ തടയുന്നതു പ്രാകൃതവും ഗുണ്ടായിസവുമാണെന്നാണ് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന് ഇന്നലെ ആക്ഷേപിച്ചത്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണു യുവതികളെ മടക്കിയയച്ചത്. വ്രതം അനുഷ്ഠിച്ചെത്തിയവരെയാണു തടഞ്ഞത്. ശബരിമലയിലെത്തുന്ന സ്ത്രീകളുടെ പ്രായം സര്‍ക്കാര്‍ നോക്കാറില്ലെന്നുപറഞ്ഞ മന്ത്രി നൂറോളം യുവതികള്‍ വ്രതംനോറ്റ് മലചവിട്ടി എന്നും പറയുന്നു.
മലകയറി എന്നുപറയുന്നവരുടെ പ്രായം നോക്കാറില്ലെങ്കില് എങ്ങനെ ഇവര്‍ യുവതികളാണെന്ന് മന്ത്രി മനസ്സിലാക്കി. ഇവര്‍ വ്രതം നോറ്റിരുന്നുവെന്ന് എങ്ങനെ മനസ്സിലാക്കി. കമ്മ്യൂണിസ്റ്റ് മന്ത്രിമാര്‍ക്ക് വാക്കുപാലിക്കാനായില്ല. പരാജിതരുടെ ജല്പനങ്ങളാണ് കമ്മ്യൂണിസ്റ്റ് മന്ത്രിമാരില്‍ നിന്നും ഉണ്ടാകുന്നതെന്ന് ഇതെല്ലാം വ്യക്തമാക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: