മൂന്ന് സംസ്ഥാനങ്ങളില്‍ കഷ്ടിച്ച് കടന്നുകൂടിയതിന്റെ തിണ്ണമിടുക്കില്‍ കോണ്‍ഗ്രസ് വര്‍ധിതാവേശത്തില്‍ ചില നീക്കങ്ങള്‍ നടത്തുകയാണ്. ഉത്തര്‍പ്രദേശില്‍ മുഴുവന്‍ സീറ്റുകളിലേക്കും തനിച്ചു മത്സരിക്കുമെന്നാണ് അവര്‍ പറഞ്ഞിരിക്കുന്നത്. മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദാണ് ആ സംസ്ഥാനത്തിന്റെ കാര്യത്തില്‍ താല്‍പ്പര്യമെടുത്ത് മുന്നോട്ടുപോകുന്നത്. അദ്ദേഹത്തിന്റെ ഉപദേശ പ്രകാരമാണ് ഒറ്റയ്‌ക്ക് പാര്‍ട്ടി മത്സരിക്കുമെന്ന് രാഹുല്‍ഗാന്ധി വ്യക്തമാക്കിയിരിക്കുന്നത്. മൂന്നു സംസ്ഥാനങ്ങളില്‍ രണ്ടിടത്ത് മോഡറേഷന്‍ വഴിയാണ് നില മെച്ചപ്പെടുത്തിയതെന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ചുകൊണ്ടാണ് പുതിയ ഊര്‍ജവുമായി അവര്‍ മുന്നേറുന്നത്.
എന്‍ഡിഎ സര്‍ക്കാരിനെതിരെ എല്ലാ കക്ഷികളെയും കൂട്ടുപിടിച്ച് 2019ല്‍ ചരിത്രമുന്നേറ്റമുണ്ടാക്കാമെന്ന മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം മായാവതി-അഖിലേഷ് കൂട്ടുകച്ചവടം തകര്‍ത്തതിലുള്ള നൈരാശ്യം രാഹുലില്‍ പ്രകടമാണ്. ‘എങ്ങനെ വീണാലും നമ്മുടെ കാല് മേലെ’ എന്ന നാട്ടുമൊഴിയുടെ ബലത്തിലാണ് ഭാരതത്തിന്റെ ഹൃദയഭൂമിയില്‍ ഒറ്റയ്‌ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് ഇറങ്ങിപ്പുറപ്പെടുന്നത്. രാജ്യം ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്നതില്‍ യുപിക്കുള്ള പ്രാധാന്യം ഏറെ വലുതാണ്. പ്രതിപക്ഷത്തെ തട്ടിയുണര്‍ത്തി ആ മോഹത്തിന് ചിറകു മുളപ്പിക്കാനായിരുന്നു രാഹുല്‍ ശ്രമിച്ചത്. ആ മോഹം എട്ടുനിലയില്‍ പൊട്ടുന്നതു കണ്ട മാനസികാഘാതത്തില്‍ അഭിമാനം രക്ഷിക്കാന്‍ ഒറ്റയ്‌ക്ക് പോരാട്ടം പ്രഖ്യാപിക്കുകയേ അദ്ദേഹത്തിന് നിവൃത്തിയുള്ളൂ.
നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷത്തിന്റെ ഐക്യനീക്കം ദിവസം ചെല്ലുന്തോറും ദുര്‍ബലപ്പെട്ടുവരുന്നതായാണ് കാണുന്നത്. പ്രധാനമന്ത്രിക്കുപ്പായം തയ്ച്ചുവെച്ചിരിക്കുന്നവരെ ഒരുമിച്ചു നിര്‍ത്താന്‍ അത്രയെളുപ്പം സാധിക്കില്ലെന്ന തിരിച്ചറിവിലേക്കാണ് ഓരോ ദിനവും ഇരുട്ടിവെളുക്കുന്നത്. എന്‍ഡിഎ സര്‍ക്കാരിനെതിരെ ശക്തമായ എന്തെങ്കിലും ആരോപണം ഉന്നയിക്കാന്‍ കഴിയാത്തതിനാല്‍ റഫേല്‍ വിഷയം ചര്‍വ്വിതചര്‍വണമായി തുടരുകയാണ്. നരേന്ദ്രമോദിയില്‍ നിന്ന് എന്തൊക്കെയോ പഠിച്ചെന്ന് പറഞ്ഞ് ആത്മവിശ്വാസം കൊള്ളുന്ന രാഹുല്‍ വിദേശത്തുപോയി ഭാരത പ്രധാനമന്ത്രിയെയും രാജ്യത്തെയും പുലഭ്യം പറയാനാണ് സമയമത്രയും ചെലവഴിക്കുന്നത്. അജണ്ടാധിഷ്ഠിത മാധ്യമക്കാരെയും അതിനായി ഉപയോഗപ്പെടുത്തുന്നു. രാജ്യത്തിന്റെ സമ്പദ്‌രംഗം ഉള്‍പ്പെടെയുള്ള മേഖലകള്‍ അഭൂതപൂര്‍വമായ മുന്നേറ്റം കാഴ്‌ച്ചവെക്കുന്ന സ്ഥിതിവിശേഷം എന്തെങ്കിലും ചെപ്പടിവിദ്യകാട്ടി അട്ടിമറിക്കാനാവില്ലെന്ന് മനസ്സിലാക്കാനുള്ള വിവേകം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇല്ല. ഇതാണ് അവരുടെ എക്കാലത്തെയും പ്രശ്‌നം.
നട്ടാല്‍ പൊടിക്കാത്ത ആരോപണപ്രചാരണങ്ങളുമായി രാഹുലും വൈതാളികരും മുന്നോട്ടു പോകുമ്പോള്‍ എന്‍ഡിഎ സര്‍ക്കാരിന് കൂടുതല്‍ അധ്വാനിക്കേണ്ടിവരുന്നില്ല എന്നതാണ് ഇതിലെ പ്രധാനപ്പെട്ടവശം. പ്രതിപക്ഷനേതൃസ്ഥാനം പോലും ഔദ്യോഗികമായി ലഭിക്കാന്‍ കഴിയാത്ത ഒരു പാര്‍ട്ടിയുടെ രക്ഷപ്പെടാനുള്ള കൈകാലിട്ടടിക്കലായേ ഇതൊക്കെ കണ്ടുകൂടൂ. ജനങ്ങളുടെ മുമ്പില്‍ പരിഹാസ്യരാകാന്‍ ഇനിയും എത്രയോ ചെപ്പടിവിദ്യകളുമായി അവര്‍ രംഗപ്രവേശം ചെയ്യുന്നത് കാത്തിരിക്കുകയാണ് ദേശസ്‌നേഹികള്‍. എന്‍ഡിഎ സര്‍ക്കാരിന്റെ ക്രിയാത്മകതയും ആത്മാര്‍ത്ഥതയും നെഞ്ചേറ്റിയവര്‍ക്ക് മുമ്പില്‍ എല്ലാ നിഷ്ഫലം എന്നേ പറയാനുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: