കൊച്ചിയില്‍ നടന്ന, പറയാന്‍ തന്നെ മടി തോന്നുന്ന, ആര്‍പ്പോ ആര്‍ത്തവം ആഘോഷത്തില്‍ നിന്ന് മുഖ്യന്ത്രി പിണറായി വിജയന് അവസാന നിമിഷം പിന്മാറി. അവിടെ ആര്‍പ്പുവിളിക്കാന്‍ മുന്‍ നിരയില്‍ത്തന്നെ മുഖ്യന് ഉണ്ടാവുമെന്ന് സംഘാടകര്‍ മാത്രമല്ല അതിനെ എതിര്‍ക്കുന്നവരടക്കമുള്ള ജനവും പ്രതീക്ഷിച്ചു. നേരത്തേ ഉത്സാഹത്തോടെ സമ്മതിച്ചതാണ്. ഹിന്ദുവിരുദ്ധമാണെങ്കില്‍ അത്തരം പരിപാടികളില്‍ ഈയിടെ അദ്ദേഹത്തിനു പ്രത്യേക താല്പര്യമുണ്ടുതാനും.
മുഖ്യമന്ത്രിയുടെ ചിത്രം സഹിതം ബോര്‍ഡുവച്ച് സംഘാടകര്‍ അദ്ദേഹത്തിന്റെ വരവ് പ്രചരിപ്പിച്ചതുമാണ്. സമാപന സമ്മേളനത്തിലെ ഉദ്ഘാടകനായിരുന്നു മുഖ്യന്. ഒളിച്ചും പാത്തും ശബരിമലയിലൂടെ ഓടിക്കയറിപ്പോയ രണ്ട് ഫെമിനിസ്റ്റുകളുടെ സാന്നിദ്ധ്യംകൊണ്ട് വേദിക്ക് ആവേശം പകരാനും നിശ്ചയിച്ചിരുന്നു. കേരളം ഭരിക്കുന്ന മുഖ്യമന്ത്രി, അക്കാര്യങ്ങളൊന്നും മുന്‍കൂട്ടി അറിഞ്ഞില്ലെന്നു കരുതാന്‍ വയ്യ. അപ്പോഴൊന്നും തോന്നാത്ത ജാള്യത പതിമൂന്നാം മണിക്കൂറില്‍ ഉണ്ടായതിനു പിന്നില്‍ തീര്‍ച്ചയായും ശക്തമായ ചില കാരണങ്ങളുണ്ടാവും.
തനിക്ക് പറ്റിയ പണിയല്ല അതെന്നു മുഖ്യനു ബോധംവരാന്‍ വൈകിപ്പോയത്രെ. സംഘാടകര്‍ തീവ്ര സ്വഭാവമുള്ളവരാണെന്ന പോലീസ് റിപ്പോര്‍ട്ട് കിട്ടിയപ്പോഴാണ് തീരുമാനം മാറ്റിയതെന്നു പറഞ്ഞുകേള്‍ക്കുന്നു. ഇതേ തീവ്രസ്വഭാവക്കാരെ വേഷംമാറ്റി പോലീസ് സംരക്ഷണത്തില്‍ സന്നിധാനത്ത് എത്തിച്ച ഭരണാധികാരിയാണിത് പറയുന്നത്.
ശബരിമലയിലാകാം, താന്‍ ചെല്ലുന്നിടത്തുവേണ്ട എന്നായിരിക്കുമോ ഉദ്ദേശിച്ചത്? ഊരിപ്പിടിച്ച വാള്‍മുനയ്ക്കു നടുവിലൂടെ നടന്നുവളര്‍ന്നുവെന്നു വിളിച്ചുപറയുന്ന വിപ്ലവകാരിക്കു തീവ്രസ്വഭാവക്കാരെ ഇത്ര പേടിയോ. ഏതായാലും സ്ത്രീകളുടെ സ്വകാര്യതയ്ക്ക് ആര്‍പ്പുവിളിക്കാന്‍ പോയ മുഖ്യമന്ത്രി ഭരിക്കുന്ന നാട് എന്ന നാണക്കേടില്‍നിന്നു കേരളം രക്ഷപ്പെട്ടല്ലോ. അത്രയും നല്ലത്.
മിതമായി പറഞ്ഞാല്‍ ഇതു നാണക്കേടാണ്. അവിടെ പോകാതിരുന്നതല്ല. പോകാന്‍ തീരുമാനിച്ചതും അവിടെ നടക്കുന്നത് എന്തെന്നു മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിയാതെപോയി എന്നുപറയുന്നതും. നാടറിയാന്‍ കഴിയാത്ത ഭരണാധികാരിയെന്ന് സ്വയംവിളിച്ചുപറയാന്‍ നാണമില്ലേ? കുറെക്കാലമായി സമൂഹത്തിനുള്ളിലേയ്ക്കു നുഴഞ്ഞുകയറി ഇത്തരക്കാര്‍ നടത്തുന്ന പ്രവര്‍ത്തികളേക്കുറിച്ച് അറിയാത്തവരായി കേരളത്തില്‍ ഈ ഭരണവര്‍ഗം മാത്രമേ കാണൂ. അവരെ ന്യായീകരിച്ചും പരസ്പരം സഹായിച്ചും ആവശ്യത്തിന് ഉപകരണമാക്കിയും ജനങ്ങളുടെ സൈ്വരജീവിതം താറുമാറാക്കിയത് ഇതേ ഭരണാധികാരികള്‍ തന്നെയാണ്. അവരെ കൂടെനിര്‍ത്താന്‍ പൊതുജനത്തെ പുലഭ്യംപറയുന്നതു ശൈലിയാക്കിയ മുഖ്യന് ഇതു വെളിപാടല്ല, വെപ്രാളമാണ്.
ഹിന്ദുവിരോധത്തിന്റെ പേരില്‍ എന്തിനും തയ്യാറായി ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ കിട്ടിയ തിരിച്ചടയില്‍ നിന്നുള്ള വെപ്രാളം. അടിത്തറ എവിടെയൊക്കെയോ ഇളകുന്നുവെന്നു വിവരം കിട്ടി. പാര്‍ട്ടിയില്‍ത്തന്നെ പലര്‍ക്കും ചങ്കിടിപ്പുകൂടുകയും ചെയ്തു. പക്ഷേ, അതൊന്നും പുറത്തുപറയാന്‍ വയ്യല്ലോ.
പോകണോ പോകേണ്ടയോ എന്നു മുഖ്യമന്ത്രിക്കു തീരുമാനിക്കാം. അതിലാര്‍ക്കും എതിര്‍പ്പുമില്ല. സംസ്ഥാനഭരണാധികാരിക്കു പോകാന്‍ പാടില്ലാത്ത പരിപാടിയാണെന്നു നേരത്തേ അറിയാന്‍ ഇവിടെ സംവിധാനമൊന്നുമില്ലേ? പിന്നെന്തിനാണ് പോലീസ് സംവിധാനവും ഇന്റലിജന്‍സുമൊക്കെ? ഈ രഹസ്യാന്വേഷണ വിഭാഗത്തെ മുഖ്യമന്ത്രി വിശ്വസിക്കാന്‍ തുടങ്ങിയത് എന്നാണെന്നു പൊതുജനത്തിനു സംശയം തോന്നുക സ്വാഭാവികം.
തീവ്രവാദസ്വഭാവമുള്ളവര്‍ ശബരിമലയിലും പമ്പയിലുമൊക്കെ കയറി വിഹരിക്കുന്നത് അപകടമാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പെട്ടിയില്‍ വച്ചുകൊണ്ടാണ് അത്തരക്കാരെ പോലീസ് അകമ്പടിയോടെ എഴുന്നള്ളിച്ചുകൊണ്ടു നടന്നത്. അവരൊക്കെത്തന്നെയാണ് കൊച്ചിയില്‍ ആര്‍പ്പുവിളിക്കാന്‍ ഒത്തുകൂടിയതും. അന്നൊക്കെ അയ്യപ്പദര്‍ശനത്തിനു പോകുന്ന ഭക്തരിലാണ് സര്‍ക്കാര്‍ തീവ്രവാദം കണ്ടത്. അതിന്റെ പേരിലാണ് പോലീസിനെ മുഴുവന്‍ ശബരിമലയില്‍ വിന്യസിച്ചതും നിരോധനാജ്ഞ പ്രഖ്യാപിച്ചതും. അതിന്റെ പേരില്‍ത്തന്നെയാണ് ആയിരക്കണക്കിന് ഭക്തരെ ജയിലിലടച്ചതും പീഡിപ്പിച്ചതും.
കൊച്ചിയില്‍ തിരുത്താമെങ്കില്‍ ശബരിമലയിലും തിരുത്താം. തീവ്രവാദബന്ധം ആര്‍ക്കാണെന്നു തിരിച്ചറിഞ്ഞ സ്ഥിതിക്ക് ഭക്തരോട് മാപ്പ് പറയണം. പ്രായശ്ചിത്തം ചെയ്യണം. ചെയ്യുമോ മുഖ്യന്ത്രി…?
പ്രതികരിക്കാൻ ഇവിടെ എഴുതുക: