ഡിസംബര്‍ മൂന്നാം വാരത്തില്‍ അപ്രതീക്ഷിതമായി ഒരു ദീര്‍ഘയാത്ര ചെയ്യാനിടയായി. കുടുംബസഹിതം, മറ്റടുത്ത ബന്ധുക്കളും സഹയാത്രികരായുണ്ടായിരുന്നു. കര്‍ണാടക സംസ്ഥാനത്തെ ശിവമോഗ ജില്ലയില്‍ സാഗര എന്ന സ്ഥലത്ത് ആയുര്‍വേദ കോളേജില്‍ പഠിക്കാന്‍ പോയി ഉന്നതബിരുദാനന്തര പഠനം പൂര്‍ത്തിയാക്കിയ ഗോപു (എന്റെ അച്ഛന്റെ ഭാഗിേനയീ പുത്രന്) എന്ന യുവതലമുറയിലെ ഭിഷഗ്വരന്, തന്റെ സഹപാഠിനിയെ സഹധര്മ്മിണികൂടിയാക്കി ആ സ്ഥലത്ത് ആയുര്‍വേദചികിത്സാ നിപുണനായി ഏതാനും വര്‍ഷങ്ങളായി കഴിയുകയാണ്. ഗോപുവിന്റെ മാതാപിതാക്കളും അവിടേക്കു താമസം മാറ്റി. കുറേ കൃഷിസ്ഥലം വാങ്ങി കേരളീയ രീതിയില്‍ കൃഷിയിലേര്പ്പെട്ടുകഴിയുന്നു.
ഡോ. ഗോപു സാഗരയില്ത്തന്നെ പുതിയ വീടുവെച്ച് അതിന്റെ ഗൃഹപ്രവേശനത്തിന് അടുത്ത ബന്ധുക്കളെ ആ സന്തോഷാവസരം പങ്കിടാന്‍ ക്ഷണിച്ചു. അങ്ങനെ ഒരു ചെറുബസ്സില് ഞങ്ങള്‍ പത്തുപതിനാറു പേര് യാത്രതിരിച്ചു. ഡിസംബര്‍ 27-ന് തൊടുപുഴയില്‍നിന്ന് രാത്രി 9 ന് പുറപ്പെട്ടു. ക്രിസ്തുമസ് കഴിഞ്ഞതിന്റെ തിരക്കുമൂലം വളരെ മന്ദഗതിയിലായിരുന്നു യാത്ര. ഉച്ചതിരിഞ്ഞ് രണ്ടര മണിയോടെ സാഗരയിലെത്തി. പുലര്‍ച്ചെ ആറു മണിയോടെയാണ് കണ്ണൂരിലെത്തിയത്. അവിടെ പുതിയതായി നിര്‍മ്മിക്കപ്പെട്ട മാരാര്‍ജി സ്മാരക ജില്ലാ ബിജെപി കാര്യാലയത്തില്‍ പ്രഭാതകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ ഏര്‍പ്പാടുകള്‍ ചെയ്തു. കാര്യാലയത്തിന്റെ ചുമതലക്കാരനായി പിണറായി പാറപ്രത്തെ പഴയ സഹപ്രവര്ത്തകന് ഗിരിധരനാണുണ്ടായിരുന്നത്.
യാദൃച്ഛികമായ ആ സമാഗമം ഞങ്ങള്‍ക്ക് അതിയായ സന്തോഷം നല്കി. അദ്ദേഹത്തിന്റെ മകനും എന്റെ മകന് അനുവും നേരത്തെ അമൃതാ ടിവിയില്‍ സഹപ്രവര്‍ത്തകരായിരുന്നതിനാല്‍ ഗിരിധരനും അനുവും പരിചിതരായിരുന്നു. ‘ഇരുട്ടുമുറിയില്‍നിന്ന് നാലുനില മാളികയിലേക്ക്’ എന്ന പേരില്‍ ഈ പംക്തികളില്‍ കണ്ണൂരിലെ ഈ കാര്യാലയം ഉദ്ഘാടനം ചെയ്ത അവസരത്തില്‍ എഴുതിയിരുന്നു. അടിയന്തരാവസ്ഥയ്ക്കു മുമ്പും അടിയന്തരാവസ്ഥക്കാലത്തും പിണറായിയിലും പരിസരങ്ങളിലും ജനസംഘത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പോയ അവസരത്തിലെ സഹപ്രവര്‍ത്തകരെയും അവരുടെ ഇന്നത്തെ അവസ്ഥയെയുംകുറിച്ച് സംസാരിക്കാനും ആ അവസരം പ്രയോജനപ്പെട്ടു.
എന്റെ പ്രചാരക ജീവിതത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ സദാ പദയാത്ര ചെയ്തിരുന്ന കണ്ണൂര്‍ നഗരഭാഗങ്ങളിലൂടെ 60 വര്‍ഷത്തിനുശേഷം സഞ്ചരിച്ചപ്പോള്‍ വന്ന മാറ്റങ്ങളും, മാറ്റം വരാത്ത നഗരശീലങ്ങളും കൗതുകകരമായിത്തോന്നി. പിള്ളയാര്‍ കോവിലിന് സമീപം ഒരു കടമുറിയില്‍ ധന്വന്തരി വൈദ്യശാലയുടെ ബ്രാഞ്ചുമായി കണ്ണൂരില്‍ ഇന്നിംഗ്സ് ആരംഭിച്ച എന്റെ അടുത്ത ബന്ധുവായ ദാമോദരന്‍ നായര്‍ പില്ക്കാലത്ത്, പുതിയ ബസ്സ്റ്റാന്‍ഡിനടുത്തു സ്വന്തമായ ആയുര്‍വേദ ഔഷധ വ്യാപാരം ആരംഭിക്കുകയും, ആ സ്ഥലം ദശകങ്ങളോളം കണ്ണൂരിലെ മുഴുവന്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെയും സംഗമസ്ഥാനമാവുകയും ചെയ്തിരുന്നു. ഇന്നദ്ദേഹത്തിന്റെ മകന് സന്തോഷ് ആ സ്ഥാപനം നടത്തിക്കൊണ്ടുപോകുന്നു.
പ്രഭാതത്തില്‍ കണ്ണൂരില്‍നിന്ന് പുറപ്പെട്ട് ബേക്കല്‍ കോട്ടകൂടി സന്ദര്‍ശിച്ചാണ് യാത്ര തുടര്‍ന്നത്. 70-കളുടെ ആദ്യം, പില്ക്കാലത്ത് പ്രചാരകനായ, സനല്‍കുമാര്‍ (സുരേഷ്ഗോപിയുടെ അമ്മാവന്) കാസര്‍കോട് ഡിഇഒ ആഫീസില്‍ ജോലിയായിരിക്കെ ബേക്കല്‍ കോട്ടയില്‍ നടത്തപ്പെട്ട ഒരു സഹല്‍ പരിപാടിക്കാണ് ഞാന്‍ മുമ്പവിടെ പോയത്.
യാത്ര തുടര്‍ന്ന് ഉഡുപ്പി, മണിപ്പാല്‍ വഴി അഗുംബി മലനിരകള്‍ കടന്ന് സിദ്ധഗംഗ വഴിയാണ് സാഗരയിലേക്കു പോകേണ്ടത്. വയനാട് താമരശ്ശേരി ചുരത്തെക്കാള്‍ ഗാംഭീര്യം അനുഭവപ്പെടുന്ന മലമടക്കുകള്‍ താണ്ടിയാണ് അഗുംബിയിലെത്തിയത്. ദക്ഷിണഭാരതത്തില്‍ ഏറ്റവും മഴ കിട്ടുന്ന സ്ഥലമാണ് അഗുംബി. ആ മലനിരകളില്‍നിന്ന് ഉത്ഭവിക്കുന്ന ശരാവതി നദി സാകല്യ കാവേരി കഴിഞ്ഞാല്‍ കര്‍ണാടകത്തില്‍ ഏറ്റവും ജലസമൃദ്ധവുമാകുന്നു. ഏതാണ്ട് ഒരു രാവും പകലും മുഴുവന്‍ സഞ്ചരിച്ചവശരായി എല്ലാവരും സന്ധ്യക്ക് ഏഴര മണിയോടുകൂടി ഗോപുവിന്റെ സ്ഥലത്തെത്തി. ഒരു ഹില്‍സ്റ്റേഷന്റെ ലക്ഷണം തികഞ്ഞ അവിടെ ഒരു റിസോര്‍ട്ടിലാണ് തങ്ങാന്‍ ഏര്‍പ്പാടുകള്‍. ഏഴെട്ട് കുടുംബാംഗങ്ങള്‍ക്ക് താമസിക്കാവുന്ന സ്യൂട്ടുകള്‍. വര്‍ത്തുളാകാരമായ ഒരു തളത്തിനു ചുറ്റുമായി ഒരുക്കിയതായിരുന്നു റിസോര്‍ട്ട്. യാത്രാക്ലേശത്തിന്റെ കാഠിന്യംമൂലം മുറിയില്‍ കയറിയ ഉടന്‍തന്നെ വെട്ടിയിട്ട വാഴപോലെ കിടന്നുറങ്ങിപ്പോയി. പ്രഭാതത്തില്‍ കിളികളുടെ ശബ്ദം കേട്ടാണുണര്‍ന്നത്. സുഖപ്രദമായ കുളിര്കാലമായത് അനുഗ്രഹമായി.
രാവിലെ ഗൃഹപ്രവേശത്തിന്റെ വൈദികചടങ്ങുകള്‍ ആരംഭിച്ചിരുന്നു. വാധ്യാര് (കര്‍ണാടകത്തില്‍ ഭട്ടര്‍) വേദമന്ത്രോച്ചാരണത്തോടെയുള്ള ഹോമങ്ങളും വാസ്തുപൂജാക്രിയകളുമൊക്കെ നടത്തുന്നതിനിടയില്‍ ഞങ്ങള്‍ പ്രഭാതഭക്ഷണം കഴിച്ചു. അവിടെനിന്ന് മുക്കാല്‍ മണിക്കൂര്‍ അകലെ സുപ്രസിദ്ധമായ ജോഗ് വെള്ളച്ചാട്ടം കാണാന്‍ സൗകര്യമുണ്ടാകുമെന്നു ഡോ. ഗോപു പറഞ്ഞതനുസരിച്ച് അതിന് പുറപ്പെട്ടു. ശരാവതി നദി ഇടുക്കിപോലുള്ള ഒരു പര്‍വതഗര്‍ത്തത്തില്‍ പ്രവേശിക്കുന്നതിനു മുമ്പ് ലിംഗനമക്കി എന്ന സ്ഥലത്ത് അണകെട്ടി ജലം സംഭരിക്കപ്പെടുന്നു. ആ വെള്ളം മുഴുവന്‍ ജലസേചനത്തിനുള്ളതാണ്. അണക്കെട്ടിനു താഴെ ഏതാണ്ട് ആയിരമടി വിസ്താരമുള്ള മലയിടുക്കില്‍ പ്രവേശിച്ച് ആയിരമടി താഴത്തേക്ക് അലറി വീഴുകയായിരുന്നു ശരാവതി. വേനല്‍ക്കാലത്ത് നാലഞ്ചു കൈവഴികളായിട്ടാണ് ചാട്ടങ്ങള്‍. അവയെല്ലാം താഴെയെത്തുമ്പോള്‍ യോജിക്കുന്നു. യോജിക്കുന്നതിനാല്‍ ജോഗ് ജലപാതം (ജോഗ് ഫാള്‍സ്) എന്ന പേര് വന്നു.
ശരാവതി ജലസേചന പദ്ധതി വന്നപ്പോള്‍ വെള്ളച്ചാട്ടം മഴക്കാലത്ത് മാത്രമായി. ഒരു വേനല്ക്ക് തീരെ വരണ്ടുപോകുമോ എന്ന ആശങ്ക വന്നപ്പോള്‍ നിരാശരായി സഞ്ചാരികളും വിനോദസഞ്ചാര വകുപ്പുമൊക്കെ ചേര്‍ന്ന് മൈസൂര്‍ ഗവണ്മെന്റില് സമ്മര്‍ദ്ദം ചെലുത്തി. വെള്ളച്ചാട്ടം തീരെ ഇല്ലാതാകുന്ന അവസ്ഥ ഒഴിവാക്കി. ഞങ്ങളുടെ സന്ദര്‍ശനം മഴ തീരെ ഒഴിഞ്ഞ സമയത്തല്ലാത്തതിനാല്‍ രണ്ടു സാമാന്യം വലിയ വെള്ളച്ചാട്ടങ്ങളും രണ്ടു ചെറിയവയും കാണാന്‍ കഴിഞ്ഞു. താഴെയെത്തുന്ന ശരാവതി നദി ആയിരത്തിലേറെ അടി കീഴെക്കൂടി ഒഴുകി ഹൊന്നാവരത്ത് അറബിക്കടലില്‍ പതിക്കുന്നു.
1972-ല്‍ ഇതേ സ്ഥലം സന്ദര്‍ശിച്ചത് ഓര്‍മ്മയില്‍ വരുന്നു. അന്ന് ഹൂബ്ലിയില്‍ ഭാരതീയ ജനസംഘത്തിന്റെ പ്രതിനിധിസഭയില്‍ പങ്കെടുക്കാന്‍ പരമേശ്വര്‍ജിയോടൊപ്പം, രാജേട്ടനും രാമന്‍പിള്ളയും ദേവകിയമ്മയും ഒരുമിച്ച് കോഴിക്കോട്ടുനിന്ന് കാറിലാണ് പോയത്. സമ്മേളനം കഴിഞ്ഞ് കര്‍ണാടക കൗണ്‍സിലിലെ മെമ്പര്‍ (പേര് മറന്നു)ക്കൊപ്പം ഗരസപ്പാ വെള്ളച്ചാട്ടം കാണാന്‍ പുറപ്പെട്ടു. രാത്രി എട്ടുമണിക്ക് അവിടത്തെ ഗസ്റ്റ്ഹൗസില്‍ എത്തി. കോരിച്ചൊരിയുന്ന മഴയത്ത്, കാറിന്റെ ചില്ലിന്മേല് മലര് വാരിയെറിയുന്നതുപോലെ തോന്നി. പ്രഭാതത്തില്‍ ഉറക്കമുണര്‍ന്ന് പുറത്തു വരാന്തയില്‍ വെള്ളച്ചാട്ടം കാണത്തക്ക വിധത്തിലുള്ള കസേരയില്‍ ഇരുന്നു കണ്ട ദൃശ്യം പേടിപ്പെടുത്തുന്നതായിരുന്നു.
ഏതാണ്ട് ആയിരമടി വിസ്തൃതിയില്‍ ശരാവതി നദി ഗര്‍ജിച്ചുകൊണ്ട് താഴേക്കു വീഴുകയായിരുന്നു. പുകപോലെ പരക്കുന്ന ജലശീകരങ്ങള്‍ ഗസ്റ്റ് ഹൗസിനെ മൂടിക്കഴിഞ്ഞു. അല്പം കഴിഞ്ഞ് സൂര്യപ്രകാശം വന്നപ്പോള്‍ സപ്തവര്‍ണ പ്രപഞ്ചത്തിലൂടെ പര്‍വതനിരകളും കാണാറായി. ഇടത്തുവശത്ത് അങ്ങകലെയായി സമതലമാരംഭിക്കുന്നതിന് മുന്‍പുള്ള കുന്നുകള്‍ക്കിടയിലൂടെ പുഴവെള്ളം പാഞ്ഞൊഴുകുന്നു. അന്നു കണ്ടത് ജോഗ് അല്ല, ഒരൊറ്റ ജലപാതമായിരുന്നു.
ഗരസപ്പാ എന്ന് ജലപാനത്തിന് എങ്ങനെ പേരുവന്നു എന്നതിനെക്കുറിച്ച് സംഘത്തിന്റെ ആദ്യത്തെ പ്രചാരകനും, പൂജനീയ ഡോക്ടര്‍ജിയുടെ സമകാലീനനും, മൗലിക ചിന്തകനും അഗാധ പണ്ഡിതനുമായിരുന്ന ഉമാകാന്ത് കേശവ (ബാബാസാഹിബ്)ആപ്തേജിയുടെ അഭിപ്രായം അര്‍ത്ഥവത്താണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കര്‍ണാടക പര്യടനത്തിനിടയില്‍ യാദവറാവു ജോഷി, അദ്ദേഹത്തെ ഞങ്ങള്‍ താമസിച്ച ഗസ്റ്റ് ഹൗസില്‍ കൊണ്ടുവന്നു. അന്നും നല്ല രീതിയില്‍ ജലപാതമുണ്ടായിരുന്നു. അവിടത്തെ പാറക്കൂട്ടത്തിന് രണ്ടു തട്ടുകള്‍ പോലെ കാണാനുണ്ട്. മുകളില്‍നിന്ന് താഴോട്ടു വീഴുന്ന ജലധാര ഏതാണ്ട് 250 അടി താഴെ ശിവലിംഗാകൃതി സങ്കല്പിക്കാവുന്ന മറ്റൊരു പാറയ്ക്കുമേല്‍ വീണ് അതിനെ പൊതിഞ്ഞാണ് ഒഴുകിയത്. ശിവന് ഗിരീശനായതിനാല് ഗിരിശപ്പാ, ഗരസപ്പാ ആയി ഭവിച്ചതായിരിക്കാമെന്ന് ആപ്തേജി അനുമാനിച്ചു: കര്‍ണാടകത്തിലെ ശിവമോഗാ (ഷിമോഗാ) ജില്ല ശൈവര്‍ക്ക് ആധിപത്യമുള്ളതായതിനാല് അതിന് യുക്തിയുമുണ്ട്.
ഇത്തവണ ഞങ്ങള്‍ കണ്ടത് ഏറെ നേര്‍ത്ത വെള്ളച്ചാട്ടമായിരുന്നു. ‘ഗിരിശപ്പ’നെന്ന് ആപ്തേജി സങ്കല്പിച്ച പാറയുടെ വശങ്ങളിലൂടെ നല്ല നീരൊഴുക്കുണ്ടായിരുന്നു. പണ്ട് കേട്ട ഗര്‍ജനത്തിന്റെ സ്ഥാനത്ത് അത്ര സമൃദ്ധമല്ലാത്ത ജലപാതത്തിന്റെ നിലയ്ക്കാത്ത സംഗീതധ്വനി മാത്രം.
ഇക്കുറിയത്തെ സകുടുംബ യാത്ര പെട്ടെന്നു നിശ്ചയിക്കപ്പെട്ടതാകയാല്‍ സാഗരയിലെ കാര്യാലയവുമായി ബന്ധപ്പെടാനുള്ള തയ്യാറെടുപ്പുകള്‍ക്കു കഴിഞ്ഞില്ല. ജോഗില്നിന്ന് മടങ്ങി സാഗരയിലെ വീട്ടില്‍ വന്ന് ഭക്ഷണവും കഴിച്ച് എല്ലാവരും വണ്ടിവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: