രംഗകലകളുടെ കീര്‍ത്തിനിറഞ്ഞുനില്‍ക്കുന്ന കേളിയേറിയ കലയാണ് കഥകളി. നിറമാര്‍ന്ന കാഴ്ച സമ്മാനിക്കുന്ന ഈ കല ഒട്ടനേകം ഘടകങ്ങള്‍ ചേര്‍ന്ന ഒരു സമ്മേളനമാണ്. സാഹിത്യത്തില്‍ ആട്ടക്കഥാസാഹിത്യം എന്ന ശാഖതന്നെ പ്രബലമാണ്. അതില്‍ ഉള്‍ക്കൊണ്ട സംഗീതവും ഹൃദ്യമാണ്. തനി കേരളീയ സംഗീതം നിറഞ്ഞുനിന്നിരുന്നെങ്കിലും മാറ്റങ്ങള്‍ കാലക്രമേണ ഇതിലും വന്നുചേരുകയായിരുന്നു. ഇത് കഥകളി സംഗീതത്തേയും ബാധിച്ചു. എങ്കിലും അതുകൊണ്ട് ഒന്നുകൂടി കമനീയമായിത്തീരുകയായിരുന്നു. കഥാപാത്രങ്ങളുടെ മനോഗതികള്‍ സംഗീതത്തിലൂടെ ആസ്വാദകര്‍ക്ക് പകര്‍ന്നുകിട്ടും.
ഈ മേഖലയിലെ അഗ്രിമസ്ഥാനത്തുനില്‍ക്കുന്ന കലാനിലയം ഉണ്ണികൃഷ്ണന് എഴുപതുപൂര്‍ത്തിയാവുന്നു. പ്രശസ്തര്‍ക്കൊപ്പം വളര്‍ന്നുവന്ന്, അവര്‍ക്ക് ശിങ്കിടിപാടി തെളിഞ്ഞ ഇദ്ദേഹം കഠിനാദ്ധ്വാനംകൊണ്ടാണ് ഈ നിലയിലെത്തിയത്. നടപ്പുകഥകള്‍ക്ക് തിരക്കേറുമെങ്കിലും അപൂര്‍വമായി അരങ്ങേറുന്നവയും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നവര്‍ വിരളമാണ്. ഉണ്ണികൃഷ്ണനാശാന് അത് അനായാസമാണ്. ഓരോ അരങ്ങിലും അതുതെളിയുന്നു. ഇരിങ്ങാലക്കുട കലാനിലയത്തില്‍ കഥകളിവേഷക്കാരനായി ഒരുവര്‍ഷം പിന്നിട്ടശേഷമാണ് സംഗീത വിദ്യാര്‍ഥിയായത്, സന്ധ്യാവേളയിലെ ഭജനകേട്ട് ആശാനാണ് ഉണ്ണികൃഷ്ണന്റെ ശിരോലിഖിതം തിരിച്ചറിഞ്ഞത്. കാലങ്ങള്‍ പിന്നിടുന്തോറും തെളിഞ്ഞുവരാന്‍ അവസരം ലഭിച്ചു. അതനുഗ്രഹമായിത്തീര്‍ന്ന കലാനിലയത്തിന്റെ മണിമുത്താണ് ഉണ്ണികൃഷ്ണന്.
കലാമണ്ഡലം നീലകണ്ഠന് നമ്പീശന്, ചേര്‍ത്തല കുട്ടപ്പക്കുറുപ്പ്, തകഴികുട്ടന്‍പിള്ള, പള്ളം മാധവന്, ഉണ്ണികൃഷ്ണക്കുറുപ്പ് ഗംഗാധരാശാന്, ശങ്കരന് എമ്പ്രാന്തിരി തുടങ്ങിയ പ്രഗല്ഭര്ക്കൊപ്പം കൂടെ പാടാന്‍ അവസരം കൈവരിക്കുകയായിരുന്നു. അധികം ആര്‍ക്കും ലഭിക്കാത്ത ആ ഭാഗ്യം വേണ്ടവിധം പ്രയോജനപ്പെടുത്തുകയായിരുന്നു അദ്ദേഹം. കലാനിലയത്തിലെ പഠനം പൂര്‍ത്തിയാക്കിയ കാലത്ത് കേരളകലാമണ്ഡലത്തില്‍ താല്‍ക്കാലികമായി നിയമനംകിട്ടി. ആദ്യശമ്പളം അവിടെനിന്നായിരുന്നു. കുറച്ച് കാലം പിന്നിട്ടപ്പോള്‍ കലാനിലയത്തില്‍ സ്ഥിരനിയമനം കിട്ടി. പില്ക്കാലത്ത് കലാമണ്ഡലത്തിലേക്ക് തിരിച്ചെത്തി. അവിടെ വൈസ്പ്രിന്‍സിപ്പല്‍ വരെയായി. അവിടെനിന്നാണ് വിരമിച്ചത്. ഇപ്പോള്‍ കേരള കലാമണ്ഡലത്തില്‍ വിസിറ്റിംഗ് പ്രൊഫസറാണ്.
കഥകളി തീപ്പൊരിയായിനിന്നു എന്നുവിശേഷിപ്പിക്കുന്ന എഴുപതുകള്‍ മുതല്‍ തൊണ്ണൂറുകള്‍ വരെ ഉണ്ണികൃഷ്ണന് വിശ്രമം എന്ന ഒന്ന് ഉണ്ടായിട്ടില്ല. എല്ലാ ആശാന്മാരും സുസമ്മതനായി അവരോധിച്ചത് ഈ യുവാവിനെയായിരുന്നു. കഥകളിക്ക് തളര്‍ച്ച സംഭവിച്ചിട്ടില്ല. അത്രയ്ക്ക് ദൈവാധീനമുള്ള ഒരരങ്ങുകലയാണ്. ഓരോകാലത്തും അതിനെ സംരക്ഷിക്കുവാന്‍ നല്ല ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടായിരുന്നു. രാജകീയ ഭാവവും ആധുനികതലവും ആര്‍ജിച്ചുവളര്‍ന്നു എന്നതിലാണ് കഥകളി വേറിട്ടുനില്‍ക്കുന്നത്. ആസ്വാദകരും കലാകാരന്മാരും സംഘാടകരും ഭാഗ്യവാന്മാര് എന്നുപറയേണ്ടിവരും.
ലോകം നിറയെ വ്യാപിച്ച ഈ കലയെ മോഹിച്ചവര്‍ ചെറുതല്ല. ഇന്നും അത് വികസിച്ചുനില്ക്കുകയാണ്. കഥകളികിരീടം ചൂടിനില്‍ക്കുന്നത് അതിനുപിന്നിലെ വിയര്‍പ്പൊഴുക്കിയവരിലൂടെയാണ്. ഊണും ഉറക്കവും കളഞ്ഞ് പറന്നുനടക്കേണ്ടിവന്ന ഒരു സമൂഹമാണ് ഇതിനെ വളര്‍ത്തിയത്. ഉത്സവങ്ങള്‍ക്ക് കാലോചിതമായ കലകള്‍ ഉയര്‍ന്നുവന്ന് നിറഞ്ഞുനിന്നപ്പോഴും പിടിച്ചുനില്‍ക്കുന്നത് കഥകളിമാത്രമാണ്. കലാനിലയം ഉണ്ണികൃഷ്ണന്റെ ആയുസ്സ് ഇതിനായി ഉഴിഞ്ഞുവയ്ക്കുകയായിരുന്നു. ഈ രംഗത്ത് ഒറ്റയാനായിനിന്ന് അതും പ്രശസ്തരുടെ വേലിയേറ്റസമയത്ത് ഒഴിവാക്കാനാവാത്ത കുറച്ചുപേരില്‍ ഒരുനാമമാണ് ഉണ്ണികൃഷ്ണന്.
കഥകളിയില്‍നിന്ന് നേടിയ അവഗാഹം വേണ്ടുവോളമുള്ള ഉണ്ണികൃഷ്ണന് അരങ്ങുനിയന്ത്രണം നിഷ്പ്രയാസമാണ്. താളബോധത്താല്‍ വളര്‍ന്ന സിദ്ധിയാലാണ് ഇദ്ദേഹം സുസമ്മതനായത്. പുതിയതായി അരങ്ങിലെത്തിയ ഒട്ടേറെ കഥകള്‍ക്ക് സംഗീതം നല്‍കാനും എഴുത്തുകാര്‍ ഇദ്ദേഹത്തെ സമീപിച്ചിട്ടുണ്ട്. കഥകളിസംഗീതത്തിന് ആസ്വാദകര്‍ എക്കാലത്തും ഉണ്ട്. അവര്‍ക്ക് സുഖമായി കേള്‍ക്കുവാന്‍ കഥകളിപ്പദക്കച്ചേരികള്‍ പതിവാണ്. ഈ രംഗത്തും ആശാന് നിറയെ അവസരമുണ്ടായിരുന്നു. ഉണ്ണികൃഷ്ണക്കുറുപ്പ് കേരളത്തില്‍ തിരിച്ചെത്തിയ സമയത്ത് ഉണ്ണികൃഷ്ണന് എണ്ണമറ്റ അരങ്ങുകളില്‍ കുടെ നിന്നു. അമാനുഷികമായ അവതരണത്താല്‍ കുറുപ്പാശാന് അരങ്ങിലെ വിശിഷ്ടവ്യക്തിയായിത്തീര്‍ന്നു. വശ്യമായ അദ്ദേഹത്തിന്റെ ആലാപനത്താല്‍ അരങ്ങുകള്‍ ബലം വച്ചിരുന്നു. ആ സമയത്ത് ഒപ്പംനിന്നതിന്റെ ശക്തിയാല്‍ ഉണ്ണികൃഷ്ണനാശാന് സംഗീതത്തിലെ വലിയ ഘടകമായിത്തീരുകയായിരുന്നു. ഇദ്ദേഹം പാടിയ കര്‍ണ്ണശപഥം കാസറ്റുരംഗത്ത് വിപ്ളവം സൃഷ്ടിച്ച ഒന്നായിരുന്നു. കഥകളിസംഗീതത്തെ അറിയാത്തവര്‍ക്കുപോലും ഇത് ഹൃദ്യമായി.ആകാശവാണി എഗ്രേഡ് ആര്‍ട്ടിസ്റ്റായ ഉണ്ണികൃഷ്ണന്റെ ഭാര്യ ശ്യാമള. കവിതയും, ശ്യാംകൃഷ്ണനും മക്കളാണ്. സര്‍ക്കാരിന്റേതടക്കം എണ്ണംപറഞ്ഞ പുരസ്ക്കാരങ്ങള്‍ ഉണ്ണികൃഷ്ണനു ലഭിച്ചിട്ടുണ്ട്.
കഥകളി അരങ്ങിനെ ചിലര്‍ അടക്കിവാഴുന്നത് പലരുടേയും അവസരങ്ങളെ തടഞ്ഞുകൊണ്ടാണ്. മുന്‍കാലത്ത് ഇല്ലാതിരുന്ന ഈ പ്രവണത നല്ലതല്ല എന്ന് ഉണ്ണികൃഷ്ണന് തുറന്നുപറയുന്നു. ശിഷ്യപ്രശിഷ്യരുടെ അരങ്ങുവാഴ്ച്ചയെ ആലോചിക്കുമ്പോള്‍ തൃപ്തി തോന്നുന്നുണ്ടെന്ന് ആശാന് പറയുന്നു. കൂടല്‍മാണിക്യക്ഷേത്ര പരിസരത്തുനിന്നും കഥകളിയെ അറിഞ്ഞ,് കടഞ്ഞെടുത്ത സാധകത്താല്‍ നളചരിത മണ്ണില്‍ നിന്നും ഉയര്‍ന്നുവന്നു. എന്നാലും ഒരുകാലഘട്ടത്തിന്റെ ശബ്ദമായി നിലകൊണ്ടു. ആസ്വാദകരായി ആധികാരിക വക്താക്കള്‍ നിറഞ്ഞുനിന്ന സമയത്തും വ്യക്തിത്വം കാത്തുസൂക്ഷിക്കുവാനായി. ഇതില്‍ ഉണ്ണികൃഷ്ണന് തൃപ്തനാണ്. സംഗീത സാദ്ധ്യതകളെ അറിഞ്ഞ് തന്റേതായ സംഭാവനകളെ അരങ്ങില്‍ അര്‍പ്പിച്ച് വളരാനായതില്‍ അഭിമാനിക്കാന്‍ ഈ ആശാന് ധാരാളം വഹയുണ്ട്. കലയുടെ കിരീടം ചൂടാന്‍ കഥകളിക്കു കഴിഞ്ഞത് പൂര്‍വസൂരികളുടെ അര്‍പ്പണം കൊണ്ടാണ്. അതിനൊപ്പം സഞ്ചരിക്കാനായതും ഉണ്ണികൃഷ്ണനാശാന്റെ മഹാഭാഗ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: