ഭാരതീയ ജനസംഘത്തിലും പിന്നീട് ഭാരതീയ ജനതാ പാര്‍ട്ടിയിലും സജീവമായി പ്രവര്‍ത്തിച്ച് സംസ്ഥാന തലത്തിലും ദേശീയതലത്തിലും ചുമതലകള്‍ നിര്‍വഹിച്ച് ഏതാണ്ട് ഒന്നര ദശാബ്ദമായി പ്രത്യക്ഷരംഗത്തില് നിന്നും പിന്‍വാങ്ങിക്കഴിഞ്ഞ അഡ്വക്കേറ്റ് പി.ആര്. നമ്പ്യാര്‍ കഴിഞ്ഞ ദിവസം അന്തരിച്ച വാര്‍ത്ത അറിയിക്കാന്‍ ഒട്ടേറെ പഴയ സഹപ്രവര്‍ത്തകര്‍ വിളിച്ചുവെന്നത് ആ സൗഹൃദം അനുഭവിച്ചവരുടെ മമത എത്രത്തോളമുണ്ട് എന്നതിനു തെളിവായിരുന്നു.
ജനസംഘത്തിലും പിന്നീട് ജന്മഭൂമിയിലും അയോധ്യാ പ്രിന്റേഴ്സിലുമൊക്കെ സജീവസാന്നിദ്ധ്യമായിരുന്ന പി. സുന്ദരം, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, കുറേക്കാലം എറണാകുളത്ത് ഷിപ്യാര്ഡില് ജോലിയും പരിവാര്‍ പ്രസ്ഥാനങ്ങളില്‍ സജീവവുമായിരുന്ന കോഴിക്കോട്, നടുവണ്ണൂരിനടുത്ത് ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്ന ബാലന് മുതലായവര്‍ ആ സ്മരണകളെ തുറന്നുവിട്ടുകൊണ്ടാണ് സംസാരിച്ചത്.
സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലെ ഒരു മൂന്നു തലമുറയ്ക്കെങ്കിലും നമ്പ്യാര്‍ജിയുടെ സമ്പര്‍ക്കത്തിന്റെ സൗരഭ്യം ഇന്നും കാത്തുസൂക്ഷിക്കാന്‍ കഴിയുന്നുണ്ടാവും. നമ്പ്യാര്‍ജിയുടെ മൂലഗൃഹം ഒറ്റപ്പാലത്തിനടുത്ത് പുതിയേടത്തു മഠമായിരുന്നു. പത്നീഗൃഹമാകട്ടെ കിള്ളിക്കുറിശ്ശി മംഗലത്തെ മേലോത്തുകാവും. ആ മഠം സാക്ഷാല്‍ കുഞ്ചന്‍ നമ്പ്യാരുടെ കലക്കത്ത് മഠത്തിന്റെ അയല്പക്കവും.
പരമ്പരാഗത കേരളീയ സമൂഹത്തില്‍ നമ്പ്യാര്‍ സമുദായം പൊതുവെ അമ്പലവാസി വിഭാഗത്തിലാണ്, സംസ്കൃത നാടകങ്ങള്ക്കരങ്ങായ കൂത്തമ്പലങ്ങളില്‍ കൂടിയാട്ടത്തിനും, കൂത്തിനും മറ്റും മിഴാവ് കൊട്ടുന്നതാണ് ആ സമുദായത്തിന്റെ കുലത്തൊഴിലായി കണക്കാക്കപ്പെടുന്നത്. നര്‍മബോധത്തിന്റെ അത്യുദാത്തവും ഉച്ചസ്ഥവുമായ നിലയിലുള്ള കലയാണല്ലോ കൂത്തും കൂടിയാട്ടവും. സാഹിത്യത്തിലും പുരാണേതിഹാസങ്ങളിലും അഗാധമായ അറിവും, പ്രത്യുത്പന്ന മതിത്വവും തുളുമ്പുന്ന അന്തരീക്ഷത്തിലാണ് ഇരുകലകളും നിലനില്‍ക്കുന്നത്. ലോകത്ത് ഇന്നു നിലനില്‍ക്കുന്ന ഏറ്റവും പുരാതനമായ നാടകരീതിയായി കൂടിയാട്ടം ഐക്യരാഷ്ട്ര പൈതൃകത്തിന്റെ സ്ഥാനംപിടിച്ചിരിക്കയാണ്.
ആ സാഹചര്യത്തില്‍ ജനിച്ചു വളര്‍ന്ന നമ്പ്യാര്‍ജിക്ക് സഹജമായിത്തന്നെ സംഗീത,സാഹിത്യ, കലാമേഖലകളില്‍ വാസന വിടര്‍ന്ന് ഏതാണ്ട് പാരംഗതത്വം തന്നെ കൈവരിക്കാനായി. ആധുനിക വിദ്യാഭ്യാസം അതിനെ ഒന്നുകൂടി ദൃഢതരമാക്കി. 1940 കളില്‍ പാലക്കാട്ടെ കോളജ് വിദ്യാഭ്യാസ കാലത്ത് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖയില്‍ പങ്കെടുക്കാനും അവസരമുണ്ടായി. നിയമപഠനത്തിനും ആദ്യകാല ജീവിതത്തിനും, അദ്ദേഹം അന്നത്തെ മലബാറിലെ പതിവനുസരിച്ച് മദിരാശിയിലാണ് പോയത്. പിന്നീട് ഒറ്റപ്പാലത്ത് നീതിന്യായ രംഗത്തെയും രാഷ്ട്രീയ രംഗത്തെയും കൊഴുപ്പിച്ചു കഴിഞ്ഞു.
കേരള സംസ്ഥാന രൂപീകരണത്തോടെ കേസുകെട്ടുകളും മറ്റുമായി എറണാകുളത്തേക്ക് താമസം മാറി. 1957 മുതല്‍ എറണാകുളത്തെ രവിപുരത്തിന്റെ സാന്നിദ്ധ്യമായിരുന്നു നമ്പ്യാര്‍ജി എന്നു പറയാം. എറണാകുളത്തിന്റെ ബൗദ്ധികവും, അഭിജാതവുമായ വിഭാഗത്തിന്റെ ആസ്ഥാനമായിട്ടാണല്ലോ രവിപുരം കരുതപ്പെട്ടിരുന്നത്. ഇന്നും ആ അവസ്ഥ നിലനില്ക്കുന്നുവെന്നു പറയാം.
ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ കേരള ഘടകത്തിന്റെ കേന്ദ്രം എറണാകുളത്ത് ചിറ്റൂര്‍ റോഡിലാണ്. അതിന്റെ തലപ്പത്തെ പ്രമുഖ സ്ഥാനത്ത് നമ്പ്യാര്‍ജി ഉണ്ടായിരുന്നു. അതിന്റെ ഭരണസമിതിയില്‍ മുതിര്‍ന്ന സ്വയംസേവകനും ജനസംഘത്തിന്റെ സംസ്ഥാന കോശാധ്യക്ഷനുമായിരുന്ന കെ.ജി. വാധ്യാര് എന്നറിയപ്പെട്ടിരുന്ന ഗുണഭട്ടുമുണ്ടായിരുന്നു. അദ്ദേഹവും അഭിഭാഷക പ്രമുഖന് കെ. രാംകുമാറുമായുള്ള അടുപ്പത്തിലൂടെ നമ്പ്യാര്‍ജി ജനസംഘത്തോടടുത്തു. പിന്നീട് അദ്ദേഹം ജനസംഘത്തിലും ഭാരതീയ ജനതാപാര്‍ട്ടിയിലും തന്റെ സമയം മുഴുവന്‍ ചെലവഴിച്ചു.
ജനസംഘത്തിന്റെ സംഘടനാകാര്യദര്ശിയായിരിക്കെയാണ് എനിക്ക് അദ്ദേഹവുമായി അടുത്തിടപഴകാന്‍ അവസരമുണ്ടായത്. രവിപുരത്തെ വസതിയില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു. സരസ്വതി നങ്ങ്യാരമ്മയും സ്വന്തം സഹോദരനെപ്പോലെ വാത്സല്യം കാട്ടി. വീട്ടിലെ വിശേഷങ്ങള്‍ക്കെല്ലാം, ആ നിലയില്‍ തന്നെ അതിഥിയല്ലാതെ കരുതാന്‍ അവര്‍ക്കു കഴിഞ്ഞു. രാമന്പിള്ളയ്ക്കും സുന്ദരത്തിനും രാജേട്ടനും പരമേശ്വര്ജിക്കുമൊക്കെ ആ മമത അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
അവിസ്മരണീയങ്ങളായ ഒട്ടേറെ സംഭവങ്ങള്‍ക്കും ആ സമ്പര്‍ക്കം അവസരം തന്നു. ഒരു അപ്രതീക്ഷിത പുനസ്സമാഗമത്തിനും നമ്പ്യാര്‍ജി അവസരമുണ്ടാക്കി. അടിയന്തരാവസ്ഥ കഴിഞ്ഞ് പ്രവര്‍ത്തനങ്ങള്‍ വീണ്ടും കൂട്ടിയിണക്കാനും, ജനതാപാര്‍ട്ടിയുടെ രൂപീകരണവുമായി മുന്നോട്ടുപോകാനും ബദ്ധപ്പെടുന്നതിനിടെ എം.സി. നമ്പ്യാര്‍ എന്ന യുവ അഭിഭാഷകന് വളരെ സമര്ത്ഥനായിട്ടുണ്ട്, ബിഎംഎസ്സിലാണ് പ്രവര്‍ത്തിക്കുന്നത്, പരിചയപ്പെട്ടാല്‍ നന്നായിരിക്കുമെന്ന് നമ്പ്യാര്‍ജി നിര്‍ദ്ദേശിച്ചു. അങ്ങനെയിരിക്കെ ജന്മഭൂമി പുനരാരംഭിക്കുന്നതു സംബന്ധിച്ച ഒരു സൗഹൃദകൂട്ടായ്മയില്‍ വച്ച് ‘മീറ്റ് എം.സി. നമ്പ്യാര്‍’ എന്നുപറഞ്ഞ് നമ്പ്യാര്‍ജി അദ്ദേഹത്തെ പരിചയപ്പെടുത്തി.
20 ഓളം വര്‍ഷങ്ങള്‍ക്കു മുന്‍പ് തലശ്ശേരി ധര്‍മടത്ത് ബ്രണ്ണന്‍ കോളജില്‍ പോയപ്പോള്‍, അവിടെ കാര്യാലയമായി ഉപയോഗിച്ചിരുന്ന സി. ചിന്നേട്ടന്റെ കെട്ടിടത്തില്‍ താമസിച്ചു പഠിച്ച ചാത്തുക്കുട്ടിയെന്ന പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു എം.സി. നമ്പ്യാരായി മുന്നില്‍നിന്നത്. ഇത്രയും കാലത്തെ വിടവിനുശേഷം കണ്ടുമുട്ടിയതിന്റെ ആഹ്ലാദം ഞങ്ങള്‍ക്ക് മറക്കാനാവില്ല. നോര്‍ത്ത് സ്റ്റേഷന്റെ അടുത്ത് ഇഎസ്ഐ ക്വാര്‍ട്ടേഴ്സില്‍ താമസിച്ച അദ്ദേഹം പിന്നീട് സ്വന്തം നാടിന്റെ (മുഴക്കുന്ന്) പരദേവതാ സ്മരണയില്‍ ‘മൃദംഗശൈലം’ എന്ന പേരില്‍ വീടുവച്ചു താമസിക്കുന്നു. എം.സി. നമ്പ്യാരിലെയും പി.ആര്. നമ്പ്യാരിലെയും നമ്പ്യാര്‍ വ്യത്യസ്തമാണ്. ഒന്നു സ്ഥാന നമ്പ്യാരും; മറ്റത് ജാതി നമ്പ്യാരും.
നമ്പ്യാര്‍ജിയുടെ മകളുടെ വിവാഹം പ്രമാണിച്ചുള്ള സല്‍ക്കാരം നടന്നത് എറണാകുളത്തെ ടിഡിഎം ഹാളിലായിരുന്നു. ഹാളിനു പിന്നിലെ വനിതാ കരയോഗം ഹാളില്‍ വിരുന്നും. കേരളത്തിലെ ലീഗല്‍ ഫ്രറ്റേണിറ്റി (നിയമ സൗഭ്രാത്രം) മാത്രമല്ല രാഷ്ട്രീയ, വാണിജ്യ, സംഘ രംഗങ്ങളിലെയെല്ലാം പ്രവര്‍ത്തകര്‍ അതില്‍ പങ്കെടുത്തു. മുഴുവന്‍ ന്യായാധിപന്മാരും എത്തിയതിനെപ്പറ്റി ‘ഇതൊരു ഫുള്‍ ബഞ്ച് അഫയറാ’യി എന്ന നമ്പ്യാര്‍ജിയുടെ നര്‍മബോധം മൊഴിഞ്ഞു.
ഉജ്ജയിനിയില്‍ 1973 ല്‍ ജനസംഘത്തിന്റെ ദേശീയ പഠന ശിബിരം നടത്തപ്പെട്ടപ്പോള്‍ പങ്കെടുക്കാന്‍ പോയവരില്‍ നമ്പ്യാര്ജിയുമുണ്ടായിരുന്നു. അതിന്റെ മനോഹരമായ വിവരണം അദ്ദേഹത്തിന്റെ ആത്മകഥയായ ‘ഓര്‍മകളുടെ തീരത്തി’ലെ ഒരു അദ്ധ്യായമാണ്.
ജനസംഘത്തിന്റെ അധ്യക്ഷസ്ഥാനത്തേക്ക് അടല്‍ജിയെ പിന്തുടര്ന്ന് അദ്വാനിജി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യത്തെ ദേശീയ പരിപാടി ആയിരുന്നു അത്. അവിടത്തെ ചര്‍ച്ചകളില്‍ എല്ലാ പ്രതിനിധികളും പങ്കെടുക്കണമെന്നും, ഹിന്ദിയിലോ, സ്വന്തം ഭാഷയിലോ വേണം സംസാരിക്കാനെന്നും അദ്വാനിജിയും സുന്ദര്‍സിങ് ഭണ്ഡാരിയും അഭിപ്രായപ്പെട്ടു.
മലയാളം പ്രസംഗങ്ങള്‍ ഹിന്ദിയിലാക്കാന് എന്നെയാണ് ചുമതലപ്പെടുത്തിയത്. നമ്പ്യാര്‍ജി ഹിന്ദി പ്രചാരസഭയുടെ ഭാരവാഹിയാകയാല് ഹിന്ദിയില്‍ സംസാരിക്കുമെന്നു കരുതി. ഹിന്ദിയില്‍ തുടങ്ങിയെങ്കിലും കോടതിയിലെ ശീലംകൊണ്ടാകണം, മെല്ലെ ഇംഗ്ലീഷിലേക്കു മാറി; പിന്നെ മലയാളമായി. ആ കാലാംശം കഴിഞ്ഞു പുറത്തുവന്ന ഞങ്ങളെ അടല്‍ജി അടുത്തുവിളിച്ച് മുപ്പതുകൊല്ലം മുന്‍പ് നൂറുകണക്കിന് കേരളീയ യുവാക്കള്‍ ഹിന്ദി പഠിച്ച് മധ്യപ്രദേശിലും, ഉത്തരഭാരതത്തിലും ഹിന്ദിപ്രചാരകന്മാരായി വന്ന വിവരം അറിയുമോ എന്നുചോദിച്ചു. കേന്ദ്ര ഹിന്ദി നിദേശാലയം അധ്യക്ഷന്‍ എ. ചന്ദ്രഹാസന്റെ കാര്യം അദ്ദേഹം പേരെടുത്തു പറഞ്ഞു.
നമ്പ്യാര്ജിയെ അനുസ്മരിക്കാന്‍ ഒട്ടേറെയുണ്ട്. അദ്ദേഹം 450 പുറങ്ങള്‍ വരുന്ന ആത്മകഥയെഴുതി. ‘ഓര്‍മകളുടെ തീരത്ത്,’ അത് ഒരു ജീവചരിത്രത്തെക്കാള്‍ വിജ്ഞാനകോശം തന്നെയാണ്. നരവംശ ശാസ്ത്രം, ദേശവഴി, സാമൂഹ്യശാസ്ത്രം, ചരിത്രം, രാഷ്ട്രീയം എന്നിങ്ങനെ എല്ലാവിധത്തിലും സമാനതകളില്ലാത്ത ഗ്രന്ഥം. പക്ഷേ സ്വന്തം ചെലവില്‍ 500 കോപ്പി അച്ചടിപ്പിച്ചിട്ടും വിറ്റഴിക്കാന്‍ കഴിയാതെ അദ്ദേഹം കഷ്ടപ്പെട്ടു. നടുവണ്ണൂരിലെ ബാലനും, ഏറ്റുമാനൂര്‍ രാധാകൃഷ്ണനും വിളിച്ചപ്പോള്‍, നമ്പ്യാര്ജിയുമൊത്ത് എറണാകുളത്തെ സംസ്ഥാന കാര്യാലയത്തിലെയും, സമിതിയോഗങ്ങളിലെയും അദ്ദേഹത്തിന്റെ മറക്കാന്‍ കഴിയാത്ത ഭാഷാ പ്രയോഗങ്ങളെ അനുസ്മരിക്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: