റഫാല്‍ യുദ്ധവിമാന ഇടപാടിലെ അഴിമതിയാരോപണം രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി തള്ളിക്കളഞ്ഞതാണ്. ഇടപാട് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജികളാണ് കോടതി ചെലവുസഹിതം തള്ളിയത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സര്‍ക്കാരിനുമെതിരെ ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങളും ഹര്‍ജിക്കാര്‍ ഉന്നയിക്കുകയും കോടതി അത് വിശദമായി പരിശോധിക്കുകയും ചെയ്തതാണ്. ഇതിനുശേഷമാണ് പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തി ഹര്‍ജികള്‍ തള്ളിയത്. എന്നാല്‍ നീതിപീഠത്തിന്റെ ആത്യന്തിക തീരുമാനം അംഗീകരിക്കാതെ പാര്‍ലമെന്റിനകത്തും പുറത്തും കുപ്രചാരണം തുടരുകയാണ് കോണ്‍ഗ്രസ്സും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ഇവര്‍ക്ക് വിടുപണി െചയ്യുന്ന ചില മാധ്യമങ്ങളും.
പാര്‍ലമെന്റില്‍ പ്രശ്നം ചര്‍ച്ച ചെയ്യാമെന്ന് തുടക്കംമുതല്‍തന്നെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. ഇതിനു നില്‍ക്കാതെയാണ് അനുകൂല ഉത്തരവ് നേടാമെന്ന് മോഹിച്ച് സുപ്രീംകോടതിയെ സമീപിച്ചത്. കോടതിയില്‍നിന്ന് തിരിച്ചടി കിട്ടിയതോടെ ജെപിസി അന്വേഷണം വേണമെന്നായി പ്രതിപക്ഷം. ഈ ആവശ്യമുന്നയിച്ചാണ് കോണ്‍ഗ്രസ്സ് പാര്‍ലമെന്റിനെ ബഹളത്തില്‍ മുക്കുന്നത്. കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മറ്റും ഉന്നയിക്കുന്ന വാദഗതികള്‍ക്ക് ഉരുളയ്ക്കുപ്പേരിയെന്നപോെല ധനമന്ത്രി അരുണ്‍ ജെറ്റ്ലിയും പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനും മറുപടി പറഞ്ഞിട്ടും പിന്മാറാന് കൂട്ടാക്കാതെ സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്നത് തുടരുകയാണ് പ്രതിപക്ഷം. സത്യം അംഗീകരിക്കാന്‍ കൂട്ടാക്കാതെ നുണകള്‍ ആവര്‍ത്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.
റഫാല്‍ ഇടപാട് ഇന്ത്യയും ഫ്രാന്‍സും തമ്മിലുണ്ടാക്കിയതാണ്. അതിന് ഇടനിലക്കാരില്ല. അനില്‍ അംബാനിയുടെ കമ്പനിയെ ഇന്ത്യയിലെ പങ്കാളിയായി സ്വന്തം വിവേചനാധികാരം ഉപയോഗിച്ച് തെരഞ്ഞെടുത്തത് വിമാന നിര്‍മാണ കമ്പനിയായ ഡസോള്‍ട്ടാണ്. സുപീംകോടതിയും ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. എന്നിട്ടും വിലകുറഞ്ഞ വാദഗതികളുയര്‍ത്തി അഴിമതിയുടെ പുകമറ സൃഷ്ടിക്കുന്നു. അഴിമതികൊണ്ട് കൊഴുത്തുതടിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. ഇതിലൊന്നായിരുന്നു ബോഫോഴ്സ് തോക്കിടപാട്. ഇതിലെ ഇടനിലക്കാരനായിരുന്നു സോണിയാ ഗാന്ധിയുടെ കുടുംബ സുഹൃത്തായിരുന്ന ഇറ്റലിക്കാരന് ഒക്ടാവിയോ ക്വത്റോച്ചി. ഈ ക്വത്റോച്ചിയുടെ മടിയില്‍ കിടന്ന് വളര്‍ന്നയാളാണ് രാഹുല്‍ ഗാന്ധിയെന്ന് ലോക്സഭയിലെ റഫാല്‍ ചര്‍ച്ചക്കിടെ അരുണ്‍ ജെറ്റ്ലി പരിഹസിക്കുകയുണ്ടായി. എന്നിട്ടും യാതൊരു ലജ്ജയുമില്ലാതെ അഴിമതിവിരോധം പ്രസംഗിക്കുകയാണ് ഈ മാന്യന്.
നാഷണല്‍ ഹെറാള്‍ഡ് അഴിമതിക്കേസില്‍ പ്രതികളായി ജാമ്യത്തിലിറങ്ങി നടക്കുകയാണ് യുപിഎ അധ്യക്ഷയായ സോണിയാ ഗാന്ധിയും മകന് രാഹുല്‍ ഗാന്ധിയും. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിക്കേസില്‍ സോണിയാഗാന്ധിക്ക് കോഴപ്പണം ലഭിച്ചതായി ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്ത്യന്‍ മിഷേല്‍ അടുത്തിടെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മൊഴി നല്‍കിയത്. കേസില്‍ പിടികിട്ടാപ്പുള്ളിയായ മിഷേലിനെ ദുബായിയില്‍നിന്ന് ഇന്ത്യയ്ക്ക് വിട്ടുകിട്ടിയതു മുതല്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് നെഞ്ചിടിപ്പാണ്. കേസില്‍ സോണിയ കുടുങ്ങുമെന്ന ഭയമാണവര്‍ക്ക്. ഇതില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് റഫാലിന്റെ പേരില്‍ അവര്‍ അഴിമതിയാരോപണം ഉന്നയിക്കുന്നത്. കള്ളന്, കള്ളന് എന്നു വിളിച്ച് ഓടുന്ന പെരുങ്കള്ളനെ ജനങ്ങള്‍ക്കറിയാം. ഈ കളി മോദി സര്‍ക്കാരിനു മുന്നില്‍ വിലപ്പോവില്ലെന്ന് അധികം വൈകാതെ കോണ്‍ഗ്രസ്സ് അറിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: