മലയാള സിനിമ തിരശ്ശീലക്ക് മുന്നിലും പിന്നിലും മാറ്റങ്ങള്‍ക്ക് വിധേയമായ വര്‍ഷമാണ് കഴിഞ്ഞുപോകുന്നത്. 2018 ഡിസംബര്‍ 21 വരെ 156 ചിത്രങ്ങള്‍ തീയേറ്ററുകളിലെത്തി. വെറും 15 സിനിമകളാണ് നഷ്ടത്തിന്റെ കടമ്പ കടന്നത്. അതില്‍ എട്ടെണ്ണം വിജയരഥമേറി. ഫെബ്രുവരി, മാര്‍ച്ച്, മെയ്, ജൂണ്‍, നവംബര്‍ മാസങ്ങളിലാണ് കൂടുതല്‍ റിലീസ് നടന്നത്. 17 ചിത്രങ്ങള്‍ വീതമാണ് ഈ മാസങ്ങളില്‍ തീയേറ്ററിലെത്തിയത്. ഏറ്റവും കുറവ് ആഗസ്റ്റിലും. നാല് ചിത്രങ്ങള്‍.
തിരശ്ശീലയില്‍ താരങ്ങള്‍ പരാജയപ്പെട്ട് പ്രമേയം ജയിച്ച വര്‍ഷംകൂടിയായിരുന്നു 2018. താരത്തിടമ്പേറ്റിവന്ന ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ തിരസ്കരിച്ചു. പ്രമേയത്തിന്റെ വ്യത്യസ്തതകൊണ്ടും അവതരണത്തിലെ പുതുമകൊണ്ടും പുതുമുഖ ചിത്രങ്ങള്‍ തീയേറ്ററില്‍ കയ്യടി നേടി. വിജയത്തിന്റെ സിംഹാസനമേറിയ എട്ട് ചിത്രങ്ങളില്‍ മൂന്നെണ്ണം താരപ്രൗഢിയില്ലാത്ത ചിത്രങ്ങളായത് ഇതിന് ഉദാഹരണം. ക്യൂന്‍, സുഡാനി ഫ്രം നൈജീരിയ, ജോസഫ് എന്നിവയാണവ.
കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയത്തിനൊപ്പം സിനിമയിലെ രാഷ്ട്രീയവും മാറി. ഒരു ഡസനിലേറെ ചിത്രങ്ങള്‍ ചുവപ്പ് പുതച്ചെത്തി. എന്നാല്‍ തിരശ്ശീലയില്‍ അപ്രസക്തമാകാനായിരുന്നു അവയുടെ യോഗം. 2018-ലെ ആദ്യ റിലീസ് ചിത്രം തന്നെ കേരള രാഷ്ട്രീയത്തിന്റെ ബലിയാടായി. കണ്ണൂരിലെ യഥാര്‍ത്ഥ രാഷ്ട്രീയം ചര്‍ച്ച ചെയ്ത ‘ഈട’ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാരുടെ നിഴല്‍യുദ്ധത്തില്‍ കാലിടറി വീണു. എസ് ദുര്‍ഗ്ഗ, ആഭാസം, സുഡാനി ഫ്രം നൈജീരിയ, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്നിവ ദേശീയതയെ പരോക്ഷമായി കൂക്കിവിളിച്ചപ്പോള്‍, ബിടെക് പച്ചയായി വര്‍ഗീയത പറഞ്ഞ് കയ്യടി നേടി.
ചിത്രീകരണം തുടങ്ങും മുന്‍പേ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ ആമി, എസ് ദുര്‍ഗ്ഗ, ആഭാസം എന്നീ ചിത്രങ്ങള്‍ തിരശ്ശീലയിലെത്തിയപ്പോള്‍ നനഞ്ഞ പടക്കമായി. 2017-ല്‍ സെന്‍സര്‍ ചെയ്തതെങ്കിലും 2018-ല്‍ തീയേറ്ററിലെത്തിയ ഈ മ യൗ അവതരണത്തിന്റെ പുതുമകൊണ്ട് കൈയടി നേടി. അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രം പക്ഷേ നഷ്ടത്തിന്റെ കണക്കുപുസ്തകത്തിലാണ് ചേര്‍ക്കപ്പെട്ടത്. ബുദ്ധിജീവി കെട്ടുകാഴ്ചകളുമായെത്തിയ ചിത്രങ്ങളെയും കേരളം മാറ്റിനിര്‍ത്തി.
പ്രശസ്ത വ്യക്തികളുടെ ജീവിതത്തെ ആസ്പദമാക്കി രണ്ട് ചിത്രങ്ങളാണ് ഈ വര്‍ഷം മലയാളത്തിലെത്തിയത്. ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ വി.പി. സത്യന്റെ ജീവിതം ക്യാപ്റ്റന്‍ എന്ന പേരിലും, സിനിമാതാരം കലാഭവന്‍ മണിയുടെ ജീവിതം ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന പേരിലും. ക്യാപ്റ്റന്‍ അഭിപ്രായത്തോടൊപ്പം ലാഭവും നേടി. ചാലക്കുടിക്കാരന്‍ ചങ്ങാതി പ്രേക്ഷക ശ്രദ്ധനേടിയെങ്കിലും തീയേറ്ററില്‍ അകാലചരമമടഞ്ഞു.
നൂറു കോടി ക്ലബിലെത്തുന്ന രണ്ടാമത്തെ ചിത്രമെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്ന കായംകുളം കൊച്ചുണ്ണി, മുന്വര്ഷങ്ങളിലിറങ്ങിയ പ്രേമം, എന്ന് നിന്റെ മൊയ്തീന്, പുലിമുരുകന്, ബാഹുബലി-2 എന്നിവയെപ്പോലെ തരംഗമാകാതെ മടങ്ങി. 2018-ല്‍ എല്ലാ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തിയ ഒരു ട്രെന്‍ഡ്സെറ്റര്‍ ഉണ്ടായിട്ടില്ല. ഏറെ പ്രതീക്ഷകളോടെ മോഹന്‍ലാല്‍ ചിത്രം ഒടിയന് 2018 ന്റെ അവസാനം തീയേറ്ററിലെത്തിയെങ്കിലും പ്രതീക്ഷകള്‍ കാക്കാനായില്ല. സത്യന് അന്തിക്കാട്-ശ്രീനിവാസന് ടീമിന്റെ ഞാന്‍ പ്രകാശന്, ലാല്‍ ജോസിന്റെ തട്ടിന്‍പുറത്ത് അച്യുതന്, ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ ടീമിന്റെ പ്രേതം-2 എന്നിവ തീയേറ്ററിലെത്തിയിട്ടുണ്ടെങ്കിലും പ്രേക്ഷക സ്വീകാര്യത വ്യക്തമല്ല.
തിരശ്ശീലയ്ക്ക് മുന്നിലും പിന്നിലും ഇടത്-ഇസ്ലാമിക കൂട്ടായ്മ മറനീക്കിയ വര്‍ഷമാണ് പിന്നിടുന്നത്. സിനിമയുടെ പ്രമേയത്തില്‍ ഇടത്-ഇസ്ലാമിക തീവ്രചിന്തകളെ തിരുകിക്കയറ്റിയത് ഇതിന് തെളിവാണ്. തിരക്കഥയിലെ വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമായ കമ്മാരസംഭവത്തെ നഷ്ടത്തിലേക്ക് തള്ളിവിട്ടതും ഈ കൂട്ടുകെട്ടിന്റെ ദുഷ്പ്രചാരണം തന്നെ. താര സംഘടനയായ ‘അമ്മ’യുടെ കാര്യത്തിലും ഈ രാഷ്ട്രീയകൂട്ടുകെട്ടിന്റെ ഇടപെടല്‍ വ്യക്തമായിരുന്നു.
2018 ജനുവരി അഞ്ചിനായിരുന്നു ഈ വര്‍ഷത്തെ ആദ്യ റിലീസ്. ജനുവരിയില്‍ ഒമ്പത് ചിത്രങ്ങള്‍ തീയേറ്ററിലെത്തി. അതില്‍ പുതുമുഖ ചിത്രങ്ങളായ ആദി, ക്യൂന്‍ ഇവ മാത്രമാണ് ലാഭം നേടിയത്. ഫെബ്രുവരിയില്‍ 17 ചിത്രങ്ങളെത്തിയപ്പോള്‍ ക്യാപ്റ്റന്‍ മാത്രമാണ് നിര്‍മ്മാതാവിന് ആശ്വാസം നല്‍കിയത്. ഈ വര്‍ഷത്തെ ഏറ്റവും ജനശ്രദ്ധ നേടിയ ചിത്രം സുഡാനി ഫ്രം നൈജീരിയ എത്തിയത് മാര്‍ച്ചിലാണ്. ഇതിനൊടൊപ്പം 16 ചിത്രങ്ങള്‍കൂടി തീയേറ്ററിലെത്തിയെങ്കിലും ഒന്നിനും നിലനില്‍പ്പുണ്ടായില്ല. ഏപ്രില്‍, മെയ് മാസങ്ങളില്‍ 14, 17 ചിത്രങ്ങള്‍ വീതം എത്തിയപ്പോള്‍ ഓരോ ചിത്രംവീതം ലാഭത്തിന്റെ പുസ്തകത്തിലെത്തി.
പതിവ് തെറ്റിക്കാതെ ശ്രീനിവാസന് കുടുംബത്തില്‍നിന്നെത്തിയ അരവിന്ദന്റെ അതിഥികളാണ് അതില്‍ ഒന്ന്. പ്രേക്ഷക ശ്രദ്ധ നേടിയ കുട്ടന്‍പിള്ളയുടെ ശിവരാത്രി മെയ് മാസത്തില്‍ തീയേറ്ററിലെത്തി. നിര്‍മ്മാണത്തിലെ അധികച്ചെലവ് ലാഭത്തിന്റെ പുസ്തകത്തില്‍ നിന്നും ചിത്രത്തെ മാറ്റിനിര്‍ത്തി. ജൂണ്‍, ജൂലൈ മാസത്തില്‍ 17, 12 എന്നീ ക്രമത്തിലാണ് ചിത്രങ്ങള്‍ തീയേറ്ററിലെത്തിയത്. ഇതില്‍ മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികള്‍ ഈ വര്‍ഷം രണ്ടാമത് കളക്ഷന്‍ നേടിയ ചിത്രമായി. മമ്മൂട്ടി ചിത്രങ്ങളില്‍ ലാഭത്തിലെത്തിയ ഏക സിനിമയും ഇതാണ്. വലിയ പ്രതീക്ഷകളോടെ ജൂലൈയില്‍ തീയേറ്ററിലെത്തിയ അഞ്ജലി മേനോന് ചിത്രം കൂടെ, അര്‍ബന്‍ സൊസൈറ്റിയുടെ കനിവില്‍ നാണക്കേടില്‍ നിന്നും രക്ഷപ്പെട്ടങ്കിലും നഷ്ടത്തിന്റെ കണക്കുപുസ്തകത്തിലേ അതിനും ഇടം നേടാനായുള്ളൂ.
ഓഗസ്റ്റിലെത്തിയ നാല് ചിത്രങ്ങളും കേരളത്തെ മുക്കിയ പ്രളയജലത്തില്‍ ഒലിച്ചുപോയി. സെപ്തംബര്‍, ഒക്ടോബര്‍ മാസത്തില്‍ 8, 12 എന്നീ ക്രമത്തില്‍ ചിത്രങ്ങളെത്തിയപ്പോള്‍ തീവണ്ടിയും വരത്തനും കായംകുളം കൊച്ചുണ്ണിയും വിജയം നുണഞ്ഞു. നവംബറില്‍ 17 മുതല്‍ ഡിസംബര്‍ 21 വരെ ഒമ്പത് ചിത്രങ്ങളും തീയേറ്ററിലെത്തി. നവംബറില്‍ ജോസഫ് വിജയിച്ചപ്പോള്‍, ഡിസംബറിലെ വിജയമറിയാന്‍ ഇനിയും കാക്കണം.
എന്നിരുന്നാലും 2018-ല്‍ മലയാള സിനിമ ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. താരങ്ങളെ തിരസ്കരിച്ച് പ്രമേയത്തെ പ്രണയിക്കുന്ന മലയാളി, സിനിമയ്ക്ക് ഒരു മുതല്‍ക്കൂട്ടാവുകയാണ്. സഹ്യനെ കടന്നെത്തിയ താരങ്ങളെയും മലയാളി തിരസ്കരിച്ചത് പ്രതീക്ഷ നല്കുന്നു. സഹ്യനപ്പുറത്തെ നല്ല സിനിമകള്‍ക്ക് മാത്രമാണ് മലയാളി ഈ വര്‍ഷം കേരളത്തില്‍ ഇടം നല്‍കിയത്. നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ ഇത്തരം സിനിമകള്‍ക്ക് പ്രേരണയാകട്ടെ വരുംവര്‍ഷങ്ങളിലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: