രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള രാഷ്ട്രീയ നേതാവെന്ന ബഹുമതി നിലനിര്‍ത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 2018-നോട് വിടപറയുന്നത്. 2019 മോദിക്ക് തെരഞ്ഞെടുപ്പു വര്‍ഷമാണ്. അഞ്ച് വര്‍ഷത്തെ ഭരണം വിലയിരുത്തുന്ന ദിവസങ്ങളാണ് വരാന്‍പോകുന്നത്. മോദിതന്നെയാകും രാജ്യത്തെ നയിക്കുകയെന്ന് വ്യക്തമാക്കുകയാണ് വിവിധ സര്‍വ്വേകള്‍.
സിഎസ്ഡിഎസ്സ്(സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡവലപ്പിംഗ് സൊസൈറ്റീസ്) നടത്തിയ സര്‍വ്വേ പ്രകാരം 34 ശതമാനം പേര് മോദി പ്രധാനമന്ത്രിയായി തുടരണമെന്ന് ആഗ്രഹിക്കുന്നു. ഇന്ത്യാ ടുഡെ നടത്തിയ സര്‍വ്വെയില്‍ രാജ്യം കണ്ടതില്‍വച്ച് ഏറ്റവും മികച്ച പ്രധാനമന്ത്രിയാരെന്ന ചോദ്യത്തിനും മറ്റൊരു ഉത്തരമില്ല. 26 ശതമാനം വോട്ട് നേടി മോദിതന്നെയാണ് മുന്നിലെത്തിയത്. രണ്ടാമതായ ഇന്ദിരാ ഗാന്ധിയെ 20 ശതമാനം പേരാണ് പിന്തുണച്ചത്. വാജ്പേയ് മൂന്നാമതെത്തിയപ്പോള്‍ നെഹ്റു നാലാമതായി. നൂറ് ശതമാനം ആത്മവിശ്വാസത്തോടെ മോദിക്ക് തെരഞ്ഞെടുപ്പിനെ നേരിടാം!
”2018നെ എങ്ങനെ വിലയിരുത്തുന്നു?” വീഡിയോ കോണ്‍ഫറന്‍സിലൂടെ ചെന്നൈയിലെ ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തകരുമായി സംവദിക്കവെ ഒരാള്‍ മോദിയോട് ചോദിച്ചു. ഇതൊരു പാര്‍ട്ടി പ്രവര്‍ത്തകന്റെ ചോദ്യമല്ല, പത്രപ്രവര്‍ത്തകന്റേതാണ് എന്ന് ചിരിച്ചുകൊണ്ട് പ്രതികരിച്ച മോദി ഇന്ത്യയെ സംബന്ധിച്ച് ‘മഹത്തായ വര്‍ഷ’മെന്നാണ് മറുപടി നല്‍കിയത്. ‘ആയുഷ്മാന്‍ ഭാരത്’ അഥവാ ‘മോദി കെയര്‍’ എന്ന പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ 2018-ല്‍ ജനങ്ങള്‍ക്ക് നല്കിയ ഏറ്റവും പ്രധാനപ്പെട്ട സമ്മാനം.
രാജ്യത്തെ അന്‍പത് കോടിയിലധികം ജനങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ലോകത്തിലെതന്നെ ഏറ്റവും വലിയ സര്‍ക്കാര്‍ ആരോഗ്യ പരിരക്ഷാ പദ്ധതിയാണിത്. 50 കോടിയാളുകള്‍ക്കാണ് പ്രയോജനം ലഭിക്കുക. നഗര-ഗ്രാമ പ്രദേശങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ഏറെ ആശ്വാസമാകുന്ന പദ്ധതിയില്‍ വര്‍ഷത്തില്‍ അഞ്ച് ലക്ഷം രൂപയാണ് ഇന്‍ഷുറന്‍സ് കവര്‍. സെപ്തംബര്‍ 25 മുതല്‍ ഇത് നടപ്പാക്കിത്തുടങ്ങി.
സര്‍ക്കാരിന്റെ നേട്ടങ്ങളുടെ പട്ടിക നീണ്ടതാണെങ്കിലും മുഴുവന്‍ ഗ്രാമങ്ങളിലും വൈദ്യുതിയെത്തിക്കാനായതാണ് മോദി പ്രധാനമായി ചൂണ്ടിക്കാട്ടുന്നത്. ഒരിക്കലും നടപ്പാക്കാനാകില്ലെന്ന് വിലയിരുത്തി കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഉപേക്ഷിച്ച വനവാസി മേഖലകളിലടക്കം മോദി സര്‍ക്കാര്‍ വെളിച്ചം വിതറി. 1000 ദിവസത്തിനുള്ളില്‍ മുഴുവന്‍ ഗ്രാമങ്ങളിലും വൈദ്യുതിയെത്തിക്കുമെന്ന് 2015-ല്‍ മോദി പ്രഖ്യാപിച്ചിരുന്നു. 2018 എപ്രിലില്‍ മണിപ്പൂരിലെ ലെയ്സാങ് ഗ്രാമത്തിലെ വൈദ്യുതീകരണം പൂര്‍ത്തിയാക്കിയതോടെയാണ് രാജ്യം ചരിത്ര നേട്ടം കൈവരിച്ചത്.
സ്വാതന്ത്ര്യ സമരത്തിന്റെ പിതൃത്വം നെഹ്റു കുടുംബത്തിന് മാത്രം അവകാശപ്പെട്ടതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മറ്റ് നേതാക്കളുടെ സംഭാവനകള്‍ തമസ്കരിച്ച കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ വഞ്ചനയ്ക്കും മോദി മറുപടി നല്കി. കോണ്‍ഗ്രസ് അവഗണിച്ച നേതാജി സുഭാഷ് ചന്ദ്ര ബോസിനും സര്‍ദ്ദാര്‍ വല്ലഭഭായ് പട്ടേലിനും അദ്ദേഹം ഉചിതമായ ആദരവ് നല്കി. നേതാജി സ്ഥാപിച്ച ആസാദ് ഹിന്ദ് ഗവണ്മെന്റിന്റെ 75-ാം വാര്‍ഷികം ചെങ്കോട്ടയില്‍ പതാകയുയര്‍ത്തിയാണ് പ്രധാനമന്ത്രി ആഘോഷിച്ചത്.
സാധാരണയായി സ്വാതന്ത്ര്യദിനത്തില്‍ മാത്രമാണ് ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നത്. സ്വപ്ന പദ്ധതിയായ ഏകതാ പ്രതിമയും മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഗുജറാത്തിലെ കെവാഡിയ ഗ്രാമത്തില്‍ നര്‍മ്മദയുടെ തീരത്ത് ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായി സര്‍ദാര്‍ പട്ടേല്‍ ലോകത്തെ വീക്ഷിക്കുകയാണ്. പതിനായിരങ്ങളാണ് ദിവസവും സ്മാരകം കാണാനെത്തുന്നത്. പലസ്തീന് സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയുമായി മോദി. റഫാല്‍ കരാറില്‍ വ്യാജപ്രചാരണം നടത്തിയ കോണ്‍ഗ്രസ്സിന് സുപ്രീം കോടതിയിലൂടെ അഗ്നിശുദ്ധി വരുത്തി മോദി മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: