മലയാള സാഹിത്യരംഗത്ത് അദ്ഭുതങ്ങളൊന്നും സംഭവിക്കാതെയാണ് 2018 കടന്നുപോകുന്നത്. വലിയ ചലനങ്ങള്‍ സൃഷ്ടിച്ച സാഹിത്യകൃതികളൊന്നും ഉണ്ടായില്ലെന്നുതന്നെ പറയാം. 2016-ലും 2017-ലും ചര്‍ച്ച ചെയ്യപ്പെടുകയും വായിക്കപ്പെടുകയും ചെയ്ത പുസ്തകങ്ങള്‍ തന്നെയാണ് വീണ്ടും വായനക്കാരിലേക്ക് കൂടുതലായി എത്തിയത്. വായനക്കാരെ കൂടുതല്‍ ആകര്‍ഷിച്ച നോവല്‍ 2018-ല്‍ ആര്‍ക്കും സംഭാവന ചെയ്യാനായിട്ടില്ല. മൊഴിമാറ്റ സാഹിത്യവും ആത്മകഥകളുമൊക്കെയാണ് കടന്നുപോകുന്ന വര്‍ഷത്തെ കുറച്ചെങ്കിലും സമ്പന്നമാക്കുന്നത്.
ലോകമെമ്പാടുമുള്ള വായനക്കാരുടെ ആരാധനാകഥാപാത്രവും ബ്രസീലിയന്‍ സാഹിത്യകാരനുമായ പൗലോ കൊയ്ലോയുടെ ഏറ്റവും പുതിയ നോവല്‍ ‘ഹിപ്പി’ മലയാളത്തില്‍ പുറത്തിറങ്ങിയത് ഒക്ടോബര്‍ മാസത്തിലാണെങ്കിലും വര്‍ഷത്തിന്റെ വലിയ വായനകളിലൊന്നാണത്. പോര്‍ച്ചുഗീസ് ഭാഷയിലെഴുതപ്പെട്ട കൃതിയുടെ മലയാളം പതിപ്പാണ് പുറത്തിറങ്ങിയത്. ഒരു യാത്രയുടെ കഥയാണ് പൗലോ കൊയ്ലോ ഇത്തവണ വായനക്കാരുമായി പങ്കുവയ്ക്കുന്നത്.
ട്രാവല്‍ നോവല്‍ ഗണത്തില്‍പ്പെടുന്ന മനോഹരമായ കൃതി. മനുഷ്യനെ പറ്റിക്കുന്ന എല്ലാത്തരം തട്ടിപ്പാശയങ്ങളെയും വിമര്‍ശിക്കാനാണ് ഹിപ്പിയിലൂടെ അദ്ദേഹം ശ്രമിക്കുന്നത്. സ്വേച്ഛാധിപതികളും യാഥാസ്ഥിതികരുമായ കമ്യൂണിസ്റ്റുകാരും ചൂഷകരായ മുതലാളിത്തവാദികളും ഒരുപോലെ പൗലോ കൊയ്ലോയുടെ തൂലികയുടെ മൂര്ച്ചയറിയുന്നു. ഡാംസ്ക്വയറില് നിന്ന് നേപ്പാളിലേക്കുള്ള ബസ് യാത്രയില്‍ വ്യത്യസ്തരായ യാത്രക്കാരിലൂടെയും പ്രദേശങ്ങളിലൂടെയുമാണ് നോവല്‍ വികസിക്കുന്നത്. 2018-ലെ ശ്രദ്ധേയമായ കൃതിയാണ് പൗലോ കൊയ്ലോയുടെ നോവല്‍ ‘ഹിപ്പി’.
ശ്രദ്ധേയമായ രണ്ട് ചെറുകഥാ സമാഹാരങ്ങള്‍ പോയവര്‍ഷം മലയാളത്തിന് സംഭാവന ചെയ്തു. ബി.മുരളിയുടെ ‘ബൈസിക്കിള്‍ റിയലിസവും’ ജി.ആര്. ഇന്ദുഗോപന്റെ ‘അമ്മിണിപ്പിള്ള വെട്ടുകേസും.’ യുവ എഴുത്തുകാരില്‍ ഏറ്റവും ശ്രദ്ധേയനാണ് ബി.മുരളി. ‘ബൈസിക്കിള്‍ റിയലിസം’ മുരളിയുടെ ഏറ്റവും പുതിയ സമാഹാരമാണ്. ബൈസിക്കള്‍ റിയലിസം, വേലായുധനാശാന്; ഒരു തിരുത്ത്, ഗ്രഹാംബെല്‍, ജഡങ്ങളില്‍ നല്ലവന്‍, കത്തി, പത്മാവതി ടീച്ചര്‍, വാഴക്കൂമ്പ്, വാതില്ക്കലെ കള്ളന്, അന്നരായപുരയില്‍ ഒരു പശു, ഭൂമിജീവശാസ്ത്രം, കരസഞ്ചാരം എന്നീ 11 ചെറുകഥകളാണ് ഈ കൃതിയിലുള്ളത്. കഥയുടെ ആധുനിക കാലത്തും സാധാരണക്കാരന് മനസ്സിലാകുന്ന തരത്തില്‍ ലളിതമായി കഥപറയുന്നു എന്നതാണ് മുരളിയുടെ എഴുത്തിന്റെ സവിശേഷത.
വായനക്കാരനെ ഒരിക്കലും മടുപ്പിക്കാത്ത കഥപറച്ചില്‍ ശൈലിയാണ് ഇന്ദുഗോപന്റെ പ്രത്യേകത. ഭാവനയെക്കാളുപരി ജീവിതത്തെക്കുറിച്ചാണ് ഇന്ദുഗോപന്റെ കഥകള്‍. ഭാവനയെ പൂര്‍ണ്ണമായി ഉപേക്ഷിക്കുന്നുമില്ല. ‘അമ്മിണിപ്പിള്ള വെട്ടുകേസും’ അതില്‍ നിന്ന് വ്യത്യസ്തമല്ല. ജീവിതാനുഭവങ്ങളെ നേരെ പകര്ത്തിവെയ്ക്കുന്നില്ല എഴുത്തുകാരന്. അല്പം ഭാവനയെക്കൂട്ടിക്കലര്ത്തി രസച്ചരട് മുറുക്കി വെയ്ക്കുന്നു. ബി.മുരളിയുടേതുപോലെതന്നെ ഇന്ദുഗോപനും പൊതുവായ പ്രത്യേകതകളുണ്ട്. വായനക്കാരനിലേക്ക് വേഗത്തില്‍ സന്നിവേശിക്കുന്നതാണ് വാക്കും ഭാഷയുമെന്നതാണാ പ്രത്യേകത. കൂട്ടുകാര്‍, അറിയാവുന്നവര്‍, കൂടെ ജോലിചെയ്യുന്നവര്‍, യാത്രക്കിടയില്‍ പരിചയപ്പെടുന്നവര്‍ ഇവരില്‍ നിന്നെല്ലാം ഇന്ദുഗോപന്റെ കഥകളുണ്ടാകുന്നു. ജീവിതത്തോട് ചേര്‍ന്നു നില്ക്കുന്ന കഥകള്‍. അതിനാല്‍ തന്നെയാണ് കടന്നു പോകുന്ന വര്‍ഷത്തിലെ ശ്രദ്ധേയ പുസ്തകമായി ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ മാറുന്നത്.
പ്രകൃതിയെ ഇല്ലായ്മചെയ്യുന്നവര്ക്കെതിരായ സമരം കൂടുതല്‍ രൂക്ഷമായി സുഗതകുമാരി നടത്തുന്നത് എഴുത്തിലൂടെയാണ്. ഇവിടെ കവിത മാത്രമല്ല കവിയുടെ മാധ്യമം. ലേഖനങ്ങളും അനുഭവക്കുറിപ്പുമെല്ലാം പ്രതികരിക്കാനുള്ള ഇടമാക്കിമാറ്റുന്നു സുഗതകുമാരി. പരിസ്ഥിതിക്കായുള്ള അവരുടെ വിലാപവും പ്രതിഷേധവുമെല്ലാമാവുകയാണ് ‘ഞാനും കഴുകനാണ്’ എന്ന പുസ്തകം. പ്രകൃതിയും പരിസ്ഥിതിയും മനുഷ്യവിരുദ്ധമായി മാറുന്നതിലെ ഉത്ക്കണ്ഠയാണ് സുഗതകുമാരി ഇതിലെ
ലേഖനങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. എഴുത്തുകാരി സ്വയം പറയുകയാണ്, ഞാനും ഒരു കഴുകനാണെന്ന്. പ്രകൃതി വിഭവങ്ങള്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ എന്തുചെയ്യാന്‍ കഴിയുമെന്ന ചിന്തയ്ക്ക് അവസാനം കിട്ടുന്ന ഉത്തരം നിരാശാജനകമാണ്. ഒന്നും ചെയ്യാനാകുന്നില്ല! വേദവ്യാസന് മുതല്‍ എല്ലാ കവികളുടെയും ദുഃഖമാണത്. ഒരു പ്രാവ് മാത്രമാകാന്‍ ആഗ്രഹിക്കുന്ന സുഗതകുമാരിക്കും പറയേണ്ടിവരുന്നു ‘ഞാനും ഒരു കഴുകനാണെന്ന്’. 2018-ലെ ഏറെ ശ്രദ്ധേയമായ പുസ്തകമാണിത്.
ജേക്കബ് തോമസ് ഐപിഎസിന്റെ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’, നമ്പിനാരായണന്റെ ‘ഓര്‍മ്മകളുടെ ഭ്രമണ പഥം’, സിബിമാത്യൂസിന്റെ ‘നിര്‍ഭയം’ എന്നീ പുസ്തകങ്ങള്‍ 2017-ല്‍ വായനക്കാരെ ആകര്‍ഷിച്ചവയാണ്. 2018-ലും സജീവമായി വായിച്ച പുസ്തകങ്ങളുടെ കൂട്ടത്തില്‍ ഇവയുമുണ്ട്. ഇവ ചര്‍ച്ചയ്ക്കു വച്ച വിഷയങ്ങളെല്ലാം വീണ്ടും വീണ്ടും ചര്ച്ചയ്ക്കുവിധേയമായതാണ് അതിനു കാരണം.
വിവാദങ്ങള്‍ സൃഷ്ടിച്ച് ശ്രദ്ധേയരാകാനും ചവറ് സാഹിത്യത്തിന് ഇരിപ്പിടം നേടിക്കൊടുക്കാനുമൊക്കെ ചിലരെല്ലാം ശ്രമിച്ചെങ്കിലും പ്രബുദ്ധരായ വായനക്കാര്‍ അവരെയെല്ലാം പുറംകാല്‍കൊണ്ട് തട്ടിമാറ്റിയ വര്‍ഷം കൂടിയാണ് 2018. മാതൃഭൂമി വാരികയില്‍ ആഴ്ചതോറും പ്രസിദ്ധീകരിക്കുകയും പിന്നീട് പുസ്തകമായി ഇറങ്ങുകയും ചെയ്ത ഹരീഷിന്റെ ‘മീശ’ നോവല്‍ തന്നെ അതിന് ഉദാഹരണമാണ്.
ഹൈന്ദവ വിശ്വാസത്തെ അവഹേളിച്ച പരാമര്‍ശങ്ങളുടെ പേരില്‍ ഉയര്‍ന്ന പ്രതിഷേധത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ നാലുലക്കങ്ങള്‍ പിന്നിട്ടപ്പോള്‍ത്തന്നെ മാതൃഭൂമിയില്‍ നിന്ന് നോവല്‍ ഒഴിവാക്കപ്പെട്ടെങ്കിലും പിന്നീടത് പുസ്തകമായി ഇറങ്ങി. 2018-ലെ ഏറ്റവും വെറുക്കപ്പെട്ടതും ‘ചവറ്’ ഗണത്തില്‍പ്പെടുന്നതുമായ ‘മീശ’യ്ക്ക് വായനക്കാരെ തൃപ്തിപ്പെടുത്താനേ കഴിഞ്ഞില്ല. ഒരു നോവലിസ്റ്റിന്റെയും എഡിറ്ററുടെയും ‘മരണത്തി’നാണ് പോയവര്‍ഷം സാക്ഷ്യം വഹിച്ചത്. മീശ നോവലിന്റെ രചയിതാവ് എസ്. ഹരീഷ് വായനക്കാരുടെ മനസ്സില്‍ നിന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടപ്പോള്‍, ഹൈന്ദവ വിശ്വാസങ്ങള്‍ക്കെതിരായ നോവല്‍ പ്രസിദ്ധീകരിക്കാന്‍ ഗൂഢാലോചന നടത്തിയ കമല്‍റാം സജീവ് എന്ന എഡിറ്റര്‍ക്ക് വാരികയുടെ പടിയിറങ്ങേണ്ടിയും വന്നു.
കെ.ആര്.മീരയുടെ ‘ഭഗവാന്റെ മരണം’ എന്ന പുസ്തകവും വിവാദങ്ങളിലൂടെയുള്ള പ്രശസ്തിക്കു വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്. പക്ഷേ, വായനക്കാര്‍ എഴുത്തുകാരിയുടെയും പ്രസാധകന്റെയും തന്ത്രം തിരിച്ചറിഞ്ഞ് പുസ്തകത്തെ അവഗണിച്ചു. ഭഗവദ്ഗീതയെ നിന്ദിച്ച പ്രൊഫ.ഭഗവാന് ബസവപ്പയെന്ന കഥാപാത്രത്തെ കൊല്ലാനെത്തുന്ന അമര എന്ന കൊലയാളി, ബസവണ്ണയുടെ വചനങ്ങളാല്‍ മനസ്സുമാറ്റുന്നതും തുടര്‍ന്നുണ്ടാകുന്ന നാടകീയ സംഭവങ്ങളുമാണ് ‘ഭഗവാന്റെ മരണം’ എന്ന കഥയില്‍ ആവിഷ്കരിക്കുന്നത്.
തികച്ചും ഹൈന്ദവവിരുദ്ധമായ ബിംബങ്ങളാണ് കഥകളിലുടനീളം ഉപയോഗിക്കുന്നത്. കന്നഡ എഴുത്തുകാരന് കല്‍ബുര്‍ഗിയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് മീരയുടെ കഥ. ആണ്‍പ്രേതം, ഭഗവാന്റെ മരണം, സെപ്റ്റംബര്‍ മുപ്പത്, സ്വച്ഛഭാരതി, സംഘിയണ്ണന്, മാധ്യമധര്‍മ്മന്‍ എന്നീ ആറു കഥകളിലും ഇന്ത്യയുടെ സമകാലിക രാഷ്ട്രീയം ചര്‍ച്ചചെയ്യുന്നു എന്ന പേരില്‍ ഹിന്ദുത്വത്തിനെതിരായ കടന്നാക്രമണമാണ് നടത്തുന്നത്.
നിരവധി പുരസ്കാരങ്ങളും പദവികളും കടന്നുപോകുന്ന വര്‍ഷത്തിലും സാഹിത്യപ്രഭൃതികള്ക്ക് സമ്മാനിക്കപ്പെട്ടു. മുഖ്യമന്ത്രിപിണറായി വിജയനെയും ഇടതു സര്‍ക്കാരിനെയും വാനോളം പുകഴ്ത്തുകയും നരേന്ദ്രമോദി സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്യുന്ന എം.മുകുന്ദന് എഴുത്തച്ഛന് പുരസ്കാരം. മറ്റ് പലര്‍ക്കും കിട്ടി പുരസ്കാരങ്ങള്‍. ബെന്യാമിന് ലഭിച്ച ജെസിബി പുരസ്കാരമാണ് അതില്‍ കൂടുതല്‍ തിളക്കമുള്ളത്. ‘മുല്ലപ്പൂനിറമുള്ള പകലുകള്‍’ എന്ന കൃതിക്കാണ് 25 ലക്ഷം രൂപയുടെ പുരസ്കാരം ബെന്യാമിനെ തേടിയെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: