അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സ് നേടിയ വിജയം സാങ്കേതികം മാത്രമാണ്. കേവല ഭൂരിപക്ഷം ലഭിക്കാതിരുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും മറ്റ് പാര്‍ട്ടികളുടെയും സ്വതന്ത്രന്മാരുടെയും പിന്തുണയോടെയാണ് സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞത്. മധ്യപ്രദേശില്‍ കൂടുതല്‍ വോട്ട് കിട്ടിയതുപോലും ബിജെപിയ്ക്കാണ്. രാജസ്ഥാനില്‍ ബിജെപിയെക്കാള്‍ നേരിയ ശതമാനം വോട്ടുമാത്രമാണ് കൂടുതല്‍ നേടാനായത്. തെലങ്കാനയിലും മിസ്സോറാമിലും കോണ്‍ഗ്രസ്സിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നപ്പോള്‍ ഛത്തീസ്ഗഡിലേത് ആശ്വാസജയം മാത്രം. പക്ഷേ ഇന്ത്യ ഭരിക്കാന്‍ അവസരം ലഭിച്ചതുപോലെയായിരുന്നു കോണ്‍ഗ്രസ്സിന്റെ കോലാഹലങ്ങള്‍.
ഒട്ടും തിളക്കമില്ലാതിരുന്നിട്ടും ചരിത്രപരമായ വിജയം നേടിയെന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ അവകാശവാദം. ട്രാക് റെക്കോര്‍ഡില്‍ തോല്‍വികളുടെ പരമ്പര മാത്രം സ്വന്തമായുള്ള രാഹുല്‍ ഗാന്ധി കേമനാണെന്നും, നരേന്ദ്ര മോദിയെ വെല്ലുവിളിക്കാന്‍ ശേഷിയുണ്ടെന്നും വരുത്തിത്തീര്‍ക്കലായിരുന്നു ഇതിന്റെ ലക്ഷ്യം. എന്നാല്‍ ഭരണത്തിലേറാന്‍ കഴിഞ്ഞ മൂന്നിടങ്ങളിലും അസ്ഥിരതയാണ് കോണ്‍ഗ്രസ്സ് സര്‍ക്കാരുകളുടെ മുഖമുദ്ര. മുഖ്യമന്ത്രി ആരാവണമെന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം ഒരുവിധം പരിഹരിക്കാന്‍ കഴിഞ്ഞെങ്കിലും കാര്യങ്ങള്‍ ഒട്ടും ഭദ്രമല്ലെന്ന് ഒാരോ ദിവസവും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു.
മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയേയും രാജസ്ഥാനില്‍ സച്ചിന് പൈലറ്റിനെയും മുഖ്യമന്ത്രിമാരാക്കാതിരുന്നതിന്റെ അമര്‍ഷം ഇരുവരുടെയും അണികളില്‍ പുകയുകയാണ്. ഇത് ഏത് നിമിഷവും പൊട്ടിത്തെറിക്കാം. മന്ത്രിസ്ഥാനം വീതംവച്ചതില്‍ എല്ലാ ഗ്രൂപ്പുകളും അസംതൃപ്തരാണ്. വിമതരെ കര്‍ശനമായി നേരിടുമെന്ന രാഹുലിന്റെ മുന്നറിയിപ്പ് ഇതിന് തെളിവാണ്. സര്‍ക്കാരുണ്ടാക്കാന്‍ അവസരം ലഭിച്ചിട്ടും നിയമസഭാകക്ഷി നേതാവിനെപ്പോലും തെരഞ്ഞെടുക്കാന്‍ കഴിയാതെ വെള്ളംകുടിച്ച രാഹുലിന്റെ ഇൗ വീരവാദം മുഴക്കല്‍ പാര്‍ട്ടിയിലെ ആരും വകവയ്ക്കില്ലെന്നുറപ്പാണ്. ഇയാളാണത്രേ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ തോല്‍പ്പിക്കാന്‍ പോകുന്നത്!
ജനതാദള്‍ എസുമായി അവിശുദ്ധ സഖ്യത്തിലേര്‍പ്പെട്ട് അധികാരത്തിലെത്താന്‍ കഴിഞ്ഞ കര്‍ണാടകയിലെ സര്‍ക്കാരും തകര്‍ച്ചയുടെ വക്കിലാണ്. സ്ഥാനമോഹികളെ തൃപ്തിപ്പെടുത്താന്‍ അടുത്തിടെ നടത്തിയ മന്ത്രിസഭാ വികസനം ചേരിപ്പോരിന് ആക്കം കൂട്ടിയിരിക്കുന്നു. മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും തമ്മിലുള്ള ഏറ്റുമുട്ടല്‍ എങ്ങനെ പരിഹരിക്കണമെന്നറിയാതെ കോണ്‍ഗ്രസ്സ് നേതൃത്വം ഉഴലുകയാണ്. ഭരണകാലാവധിക്കുള്ളില്‍ ഒരിക്കല്‍ക്കൂടി മുഖ്യമന്ത്രിയാവണമെന്ന് സിദ്ധരാമയ്യ ആഗ്രഹിക്കുന്നു. എന്നാല്‍ മുഖ്യമന്ത്രിസ്ഥാനം വച്ചുമാറില്ലെന്നാണ് പരമേശ്വര പറയുന്നത്. ഇതിനിടെ പതിനാല് എംഎല്‍എമാരുടെ പിന്തുണയുളള സതീഷ് ജാര്‍ക്കി ഹോൡയും പുതിയ അവകാശവാദമുന്നയിച്ചിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി സീറ്റ് ചര്‍ച്ചയ്ക്കില്ലെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പ്രഖ്യാപിച്ചിരിക്കുന്നു. ചുരുക്കത്തില്‍ സര്‍ക്കാര്‍ ആടിയുലയുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പുവരെ ഈ സര്‍ക്കാര്‍ നിലനില്‍ക്കുമോയെന്ന് കണ്ടറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: