ആരാണ് ജോണ്‍ അലന് ചൗ? ക്രിസ്തുമത പ്രചാരണത്തിനായി ഇറങ്ങിത്തിരിച്ച അമേരിക്കന്‍ വംശജന്. വയസ്സ് 26. സുവിശേഷകരുടെ കൂട്ടായ്മയായ ഓള് നേഷന്‍സ് ഫാമിലിയിലെ അംഗം. എന്തിനാണ് അലന് ആന്‍ഡമാന്‍ നിക്കോബാറിലെ ഉത്തര സെന്റിനല്‍ ദ്വീപില്‍ കഴിഞ്ഞ നവംബറില്‍ എത്തിയത്? മതപരിവര്‍ത്തനത്തിന് എന്നാണ് ഉത്തരം. മനുഷ്യരുടെ ഇടപെടലുകള്‍ നിരോധിച്ച ഈ ദ്വീപിലേക്കുതന്നെ മതപരിവര്‍ത്തനത്തിനായി അലന് എത്തിയതെന്തിനാണ്?
സെന്റിനലീസ് വംശജരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ അലന് ആഗ്രഹിച്ചിരുന്നതായാണ് സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമെല്ലാം മനസ്സിലാകുന്നത്. 2000 -ലാണ് ഓള് നേഷന്‍സ് ഫാമിലി, പാസ്റ്ററായ ഫ്ളോയിഡ് മക് ക്ലങ് സ്ഥാപിക്കുന്നത്. ക്രിസ്തുവിന്റെ രണ്ടാം വരവിനുവേണ്ടി അടിത്തറയൊരുക്കുക എന്നതായിരുന്നു ലക്ഷ്യം. അലനും അതിനായി നിയോഗിക്കപ്പെട്ടു. കൊല്ലപ്പെടുന്നതിന് മുമ്പ് അലന് വീട്ടുകാര്‍ക്ക് അയച്ച കത്തിലും താന്‍ പോകുന്നത് മതപരിവര്ത്തനത്തിനാണെന്ന് വ്യക്തമാക്കുന്നുണ്ട്.
”നിങ്ങള്‍ എനിക്ക് ഭ്രാന്താണ് എന്ന് ചിന്തിച്ചേക്കാം. എന്നാല്‍ സെന്റിനലീസ് വംശജരുടെ അടുത്തേക്ക് യേശു എത്തുന്നുവെന്ന് പ്രഖ്യാപിക്കുന്നത് മഹത്തരം ആണെന്ന് ഞാന്‍ കരുതുന്നു. ഇതൊരിക്കലും നിരര്‍ത്ഥകമായ കാര്യമല്ല. യേശുവിന്റെ സിംഹാസനത്തിന് ചുറ്റും നിന്ന് അവര്‍ അവരുടേതായ ഭാഷയില്‍ ആരാധിക്കുന്നത് കാണുന്നതിന് ഇനിയും കാത്തിരിക്കാന്‍ സാധ്യമല്ല” എന്നാണ് അലന് കത്തില്‍ പറയുന്നത്.
ലോകത്ത് ആര്‍ക്കും എത്തിപ്പെടാന്‍ സാധിക്കാത്ത ഇടങ്ങളിലെല്ലാം ചെന്ന് മതപരിവര്‍ത്തനം നടത്തുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഓള് നേഷന്‍സ് ഫാമിലിയുടെ പ്രവര്‍ത്തനം. 35 രാജ്യങ്ങളിലായി 150 ഓളം ശിഷ്യന്മാരുണ്ടെന്നാണ് ഓള് നേഷന്‍സിന്റെ അവകാശവാദം. പ്രതിവര്‍ഷം 3500 ഓളം മിഷണറിമാര്‍ക്കാണ് ആഗോളതലത്തില്‍ സഭയുടെ വിത്തെറിയാന്‍ ഈ സംഘടന പരിശീലനം നല്‍കുന്നത്. ജോണ്‍ അലന് ചൗവിന്റെ ദൗത്യവും മറ്റൊന്നായിരുന്നില്ല. ഇതിനായി വ്യക്തമായ പരിശീലനവും നേടിയിരുന്നു. ഏതൊരു കഠിന പരിതഃസ്ഥിതിയേയും അതിജീവിക്കുന്നതിനുളള മുന്നൊരുക്കങ്ങള്‍, ആശയവിനിമയത്തിനുള്ള വഴികള്‍, പ്രഥമ ശുശ്രൂഷ ചെയ്യേണ്ടുന്ന വിധം തുടങ്ങിയ കാര്യങ്ങള്‍ എല്ലാം മനസ്സിലാക്കിയ ശേഷമായിരുന്നു ചൗ സെന്റിനല്‍ ദ്വീപിലെത്തിയത്. പക്ഷേ ഗോത്രവര്‍ഗ്ഗക്കാരുടെ വിഷം പുരണ്ട അമ്പിനെ അതിജീവിക്കാനാകാതെ മരണത്തിന് കീഴടങ്ങി.
സന്ദര്‍ശകര്‍ക്ക് കടുത്ത നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള ഈ ദ്വീപിലേക്ക് സന്ദര്‍ശന വിസയില്‍ എത്തിയ അലന് പോര്ട്ട്ബ്ലെയറില് നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ സഹായവും ലഭിച്ചു. വേഷം മാറി ഗോത്രവര്‍ഗ്ഗക്കാരില്‍ ഒരാളെന്ന വ്യാജേന അവരുടെ ഇടയില്‍ കയറിപ്പറ്റാനായിരുന്നു ശ്രമം. ഇതേ ലക്ഷ്യവുമായി അലന് നവംബര്‍ 16 നും ഇവിടെ എത്തിയിരുന്നു. ദ്വീപിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ ആക്രമണത്തില്‍ ഇയാളുടെ തോണി തകര്‍ന്നു. അന്ന് രക്ഷപ്പെട്ടു. തൊട്ടടുത്ത ദിവസം വീണ്ടുമെത്തി. ഒടുവില്‍ കൊല്ലപ്പെട്ടു.
ബംഗാള്‍ ഉള്‍ക്കടലില്‍ പോര്‍ട്ട് ബ്ലെയറില്‍ നിന്ന് 50 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഈ ദ്വീപിലുള്ള മനുഷ്യരെക്കുറിച്ച് പുറംലോകത്തിന് കാര്യമായ ധാരണയില്ലെന്നതാണ് വസ്തുത. ചുറ്റും പവിഴപ്പുറ്റുകള്‍ നിറഞ്ഞ സമചതുരാകൃതിയിലുള്ള ദ്വീപിലേക്ക് എത്തിച്ചേരുക എന്നതും ഏറെ ദുര്‍ഘടമാണ്. പവിഴപ്പുറ്റുകളുടെ സാന്നിധ്യം കാരണം കപ്പലുകള്‍ ദ്വീപിലേക്ക് അടുപ്പിക്കാനും സാധിക്കില്ല. പുറംലോകത്തെ പരിഷ്കൃത സമൂഹവുമായി ഒരു ബന്ധവും പുലര്‍ത്താതെ ജീവിക്കുന്നതിനാല്‍ ഇവിടേക്ക് എത്തിപ്പെടുന്നവര്‍ക്ക് ദ്വീപ് നിവാസികളുടെ ആക്രമണം ഏല്‍ക്കാനുള്ള സാധ്യതയുണ്ട്.
നീണ്ട കാലത്തെ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ഈ ഗോത്രത്തെ പൊതുധാരയിലേക്ക് കൊണ്ടുവരേണ്ടെന്ന് തീരുമാനിച്ച സര്‍ക്കാര്‍ ദ്വീപിനു ചുറ്റുമുള്ള മൂന്നു മൈല്‍ പ്രദേശം നിരോധിത മേഖലയായി പ്രഖ്യാപിച്ചു. ആന്‍ഡമാന്‍ നിക്കോബാര്‍ കേന്ദ്രഭരണ പ്രദേശത്തിന് കീഴിലാണെങ്കിലും ഈ പ്രദേശത്തേക്ക് പുറംലോകത്തുള്ളവര്‍ക്ക് പ്രവേശനമില്ല. അതിക്രമിച്ചുകയറുന്നവരെ അമ്പെയ്തു വീഴ്ത്തുന്നവരാണ്. ഉത്തര സെന്റിനല്‍ ദ്വീപിലെ ഗോത്രവര്‍ഗ്ഗക്കാര്‍. എന്തിനായിരിക്കാം ആന്‍ഡമാന്‍ നിക്കോബാറിലെ ഉത്തര സെന്റിനല്‍ ദ്വീപ് നിവാസികള്‍ ജോണ്‍ അലന് ചൗ എന്ന അമേരിക്കന്‍ വംശജനെ അമ്പ് എയ്ത് കൊലപ്പെടുത്തിയത്? സെന്റിനല്‍ ദ്വീപില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന നിഗൂഢതകള്‍ എന്തെല്ലാമാണ്? ഈ ചോദ്യങ്ങള്‍ക്കൊന്നും പക്ഷേ വ്യക്തമായ ഉത്തരങ്ങളില്ല.
അരപ്പട്ടയും വിഷം പുരട്ടിയ അമ്പും
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്നവര്‍ക്ക് ചിന്തിക്കാന്‍പോലും ആവാത്ത വിധം അപരിഷ്കൃതരായ ഗോത്രവര്‍ഗ്ഗക്കാര്‍. പച്ചിലകൊണ്ടും തോലുകൊണ്ടും നഗ്നത മറയ്ക്കുന്നവര്‍. അമ്പ്, കുന്തം എന്നിവയുപയോഗിച്ച് മൃഗങ്ങളെ വേട്ടയാടിപ്പിടിച്ചും മീന്‍ പിടിച്ചും കാട്ടുഫലങ്ങളും കിഴങ്ങുകളും ഭക്ഷിച്ച് ഉപജീവനം നടത്തുന്നവര്‍. ആന്‍ഡമാന്‍ ദ്വീപില്‍ താമസിക്കുന്ന മറ്റ് ഗോത്രവര്‍ഗ്ഗക്കാരുടെ ജീവിതരീതിയോട് സമാനമാണ് സെന്റിനലീസ് വംശജരുടെ ജീവിത രീതിയും. എന്നാല്‍ ഇവരുടെ ഭാഷയെക്കുറിച്ച് നരവംശ ശാസ്ത്രജ്ഞര്ക്കുള്ള അറിവും പരിമിതമാണ്. മറ്റ് ഗോത്രക്കാര്‍ക്കും അത് മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. അവരെ ആക്രമിക്കാന്‍ വരുന്ന അന്യഗ്രഹജീവികളുടെ പരിവേഷമാണോ പരിഷ്കൃത സമൂഹത്തിന് അവര്‍ നല്‍കിയിരിക്കുന്നത്!
സെന്റിനലീസ് വംശജരെപ്പോലെ നൂറോളം ഗോത്രവിഭാഗക്കാര്‍, പുറംലോകവുമായി സമ്പര്‍ക്കമില്ലാതെ ജീവിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. പുറമെ നിന്നുള്ള നിരീക്ഷണങ്ങളിലൂടെ മനസ്സിലാക്കിയ വിവരങ്ങളേ ഈ ഗോത്രവര്ഗ്ഗക്കാരെക്കുറിച്ചുള്ളൂ. കഴിഞ്ഞ 60,000 വര്‍ഷമായി ഇവരുടെ ജീവിതശൈലി മാറ്റമില്ലാതെ തുടരുന്നു. വേട്ടയാടി ഉപജീവനം നടത്തുന്നവര്‍. കാര്‍ഷികവൃത്തിയെപ്പറ്റി അറിവില്ലാത്തവര്‍.
1970 കളിലും 1990 കളിലും സെന്റിനലീസ് വംശജരുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ടെങ്കിലും പരാജയപ്പെട്ടു. ബ്രിട്ടീഷുകാരും ഈ ഉദ്യമത്തിലേര്പ്പെട്ട് പരാജിതരായെന്ന് ചരിത്രം. പര്യവേക്ഷകനായിരുന്ന മാര്‍കൊ പോളോ പതിമൂന്നാം നൂറ്റാണ്ടില്‍ ഇവരെ വിശേഷിപ്പിച്ചത് ഏറ്റവും അക്രമാസക്തരും ക്രൂരരുമായ ജനതയെന്നാണ്. പിടികൂടുന്നവരെയെല്ലാം കൊന്നുതിന്നാന്‍ ആസക്തിയുള്ളവരാണെന്നും മാര്‍ക്കോ പറയുന്നു.
ഇവരുടെ ജനസംഖ്യയെക്കറിച്ചും കൃത്യമായ വിവരങ്ങളില്ല. ഏകദേശം 400 പേര് ഉണ്ടെന്നാണ് കണക്കാക്കുന്നത്. 2001-ലെ സെന്‍സസ് പ്രകാരം 15-നും 500 നും ഇടയിലാണ് ജനസംഖ്യ. ഔദ്യോഗികമായി രേഖപ്പെടുത്തിയതാവട്ടെ 15 എന്നും. 12 പുരുഷന്മാരും മൂന്ന് സ്ത്രീകളും. 2017-ല്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ നല്കിയ മറുപടി, സെന്റിനലീസ് വംശജരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ അറിയില്ല എന്നാണ്.
മൂന്ന് ചെറിയ വിഭാഗങ്ങളായിട്ടാണ് ഇവരുടെ താമസം. രണ്ട് തരം താമസ സൗകര്യങ്ങളാണ് ഇവിടെയുള്ളത്. നിരവധി കുടുംബങ്ങള്‍ക്കുവേണ്ടി ധാരാളം അടുപ്പുകളുള്ള വലിയ കുടിലുകളും താല്കാലിക ഷെല്‍ട്ടറുകളും. സ്ത്രീകള്‍ അരക്കെട്ടിലും കഴുത്തിലും ശിരസ്സിലും ഫൈബര്‍ കൊണ്ടുള്ള ചരട് കെട്ടിയിട്ടുണ്ട്. അതേപോലെ പുരുഷന്മാര് തലക്കച്ച, കട്ടിയുള്ള അരപ്പട്ട, കഴുത്തില്‍ നെക്്ലെസ് എന്നിവ ധരിച്ചവരാണ്. വിഷംപുരട്ടിയ അമ്പ്, വില്ല്, മുപ്പല്ലി എന്നിവ കൊണ്ടാണ് പുരുഷന്മാരുടെ നടപ്പ്.
മധുമാലയോട് ചങ്ങാത്തത്തിലായവര്
സെന്റിനല്‍ ഗോത്രവര്‍ഗക്കാര്‍ അവരുടെ ഗോത്രത്തിന് പുറത്തുള്ള ആരോടെങ്കിലും സൗഹാര്‍ദ്ദപരമായി ഇടപെട്ടിട്ടുണ്ടെങ്കില്‍ അത് മധുമാല ചതോപാധ്യായ എന്ന നരവംശ ശാസ്ത്രജ്ഞയോടാണ്. 1991- ലായിരുന്നു അത്. ഈ ഗോത്രവിഭാഗവുമായി സൗഹൃദം സ്ഥാപിക്കാനുള്ള പര്യവേക്ഷണ സംഘത്തിലെ ആദ്യ വനിതയായിരുന്നു ഇവര്‍. ആന്ത്രപ്പോളജി സര്‍വ്വേ ഓഫ് ഇന്ത്യയില്‍ ആദ്യം റിസര്‍ച്ച് ഫെല്ലോയായും പിന്നീട് റിസര്‍ച്ച് അസോസിയേറ്റായും പ്രവര്‍ത്തിച്ച ശേഷം ആറ് വര്‍ഷം ആന്‍ഡമാനിലെ ഗോത്രവര്ഗ്ഗക്കാരെപ്പറ്റി ഗവേഷണം നടത്തി. ഇതിനിടയില്‍ ഇവിടുത്തെ ജറവ ഗോത്രവുമായി സൗഹൃദത്തിലായി. ഗോത്രവര്‍ഗ്ഗക്കാരുമായുള്ള ഇടപെടലില്‍ ഒരിക്കല്‍പോലും ആരില്‍നിന്നും മോശമായ അനുഭവം ഉണ്ടായിട്ടില്ലെന്ന് മധുമാല പറയുന്നു. പതിമൂന്ന് അംഗ സംഘത്തിനൊപ്പമാണ് അവര്‍ ആദ്യമായി സെന്റിനെല്‍ ദ്വീപിലെത്തിയത്.
ദ്വീപിലേയ്ക്കടുക്കുന്ന മനുഷ്യരെക്കണ്ട് സെന്റിനല്‍ ദ്വീപ് നിവാസികള്‍ അവരെ ആക്രമിക്കുന്നതിനായി അമ്പും വില്ലും കൊണ്ട് മുന്നോട്ടുവന്നു. കൈവശം ഉണ്ടായിരുന്ന നാളികേരങ്ങള്‍ വെള്ളത്തിലേക്ക് എറിഞ്ഞുകൊണ്ട് അവരുടെ ശ്രദ്ധതിരിക്കുകയായിരുന്നു മധുമാലയും സംഘവും ചെയ്തത്.
ഒഴുകി നടക്കുന്ന തേങ്ങകള്‍ സെന്റിനല്‍ ഗോത്രക്കാര്‍ പെറുക്കിയെടുക്കാന്‍ തുടങ്ങി. പുരുഷന്മാരാണ് ഇതിനായി മുന്നിട്ടിറങ്ങിയത്. ചിലര്‍ ബോട്ടിന് സമീപം വന്ന് തൊട്ടുനോക്കി. തീരത്തുണ്ടായിരുന്ന ചിലര്‍ അമ്പെയ്യാന്‍ നോക്കിയപ്പോള്‍ കൂട്ടത്തിലെ സ്ത്രീകള്‍ കൈയുയര്‍ത്തി അവരെ തടഞ്ഞു. പിന്നീട് മധുമാലയും സംഘവും വെള്ളത്തിലിറങ്ങി. നേരിട്ടുതന്നെ ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് തേങ്ങകള്‍ കൈമാറി. 1991 ജനുവരി നാലിനായിരുന്നു ഈ സംഭവം. ഫെബ്രുവരി 21 നും ഇവര്‍ ആ ദ്വീപിലെത്തി. അന്നും സൗഹാര്‍ദ്ദത്തോടെയായിരുന്നു ഗോത്രവര്‍ഗ്ഗക്കാരുടെ സ്വീകരണം. എന്നാല്‍ പിന്നീട് ഈ ദ്വീപിലേക്ക് പുറത്തുനിന്നുള്ള സന്ദര്‍ശകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കര്‍ശന വിലക്കേര്‍പ്പെടുത്തി. സെന്റിനല്‍ ദ്വീപ് നിവാസികള്‍ക്ക് പ്രതിരോധ ശേഷി തീരെക്കുറവാണ് എന്ന കാരണത്താലാണിത്. പുറത്തുനിന്നുള്ളവരുടെ ഇടപെടല്‍ അവരുടെ നിലവിലെ പ്രതിരോധ ശേഷിയെപ്പോലും തകര്‍ത്തേക്കാം.
വിനീത വേണാട്ട് ([email protected])
പ്രതികരിക്കാൻ ഇവിടെ എഴുതുക: