സ്ത്രീപീഡനത്തിനു കര്‍ണാടകത്തില്‍ സംസ്ഥാന സെക്രട്ടറി പുറത്താക്കപ്പെടുമ്പോഴും സിപിഎമ്മിനു സമാധാനിക്കാം. അക്കാര്യത്തിലെങ്കിലും പാര്‍ട്ടി ദേശീയതലത്തിലേക്ക് വളരുകയാണ്. ചുരുങ്ങിച്ചുരുങ്ങി കേരളത്തിലേക്ക് ഒതുങ്ങുന്ന പാര്‍ട്ടിക്ക് ഇവിടെ പീഡന സഖാക്കളെ തട്ടാതെ നടക്കാന്‍ വയ്യാതെയായിട്ടു കുറച്ചുനാളായി. അത് കേരളത്തില്‍ പാര്‍ട്ടിക്കു ഭരണമുള്ളതുകൊണ്ടാണെന്ന് ആരും തെറ്റിധരിക്കേണ്ട എന്നുകരുതിയായിരിക്കാം കര്‍ണാടകയിലും സമാനമായൊരു പ്രകടനം നടത്തിയത്. നടത്തുമ്പോള്‍ ഭംഗിയായിത്തന്നെ വേണമല്ലോ.
അതുകൊണ്ടു സംസ്ഥാന സെക്രട്ടറിതന്നെ ആ ചുമതല ഏറ്റെടുത്തു. മുന്‍ എംഎല്‍എ കൂടിയായ ശ്രീരാമ റെഡ്ഡി കര്‍ണാടക സെക്രട്ടറി സ്ഥാനത്തുനിന്നും കേന്ദ്ര കമ്മിറ്റിയില്‍ നിന്നുമാണു പുറത്തായത്. പരാതിക്കാരി പാര്‍ട്ടി അംഗം തന്നെ. അക്കാര്യത്തില്‍ കാര്യങ്ങള്‍ എല്ലായിടത്തും സമാനമാണെന്നത് ആ പാര്‍ട്ടിയുടെ സുചിന്തിതമായ ആഗോളകാഴ്ചപ്പാടിന് അടിവരയിടുന്നു.
യെച്ചൂരി, കാരാട്ട് വിഭാഗങ്ങളുടെ വടംവലിയുടെ ഭാഗമാണ് നടപടിയെന്നൊക്കെ പിന്നാമ്പുറത്തു പതിവുപോലെ സംസാരവുമുണ്ട്. ഏതായാലും റെഡ്ഡിക്ക് ഇനി തത്ക്കാലം ജില്ലാക്കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കാം. അതുകൊണ്ടു പ്രശ്നമൊന്നുമില്ല. തിരിച്ചുവരാന്‍ വേണ്ടത്ര പഴുതുകളുള്ളതാണ് സിപിഎമ്മിന്റെ കേഡര്‍ സംവിധാനം. നടപടിക്കാലം കഴിഞ്ഞാല്‍ സ്ഥാനക്കയറ്റത്തോടെയായിരിക്കും ചിലപ്പോള്‍ തിരിച്ചുവരവ്. അതെങ്ങനെയെന്നതിനു കേരളം തന്നെ തെളിവ്. ഗോപി കോട്ടമുറിക്കല്‍ എന്ന പീഡനസഖാവ് എവിടെയെത്തി നില്ക്കുന്നു എന്നു നോക്കിയാല്‍ മതി. പി. ശശി എന്ന മറ്റൊരു പരമമാന്യനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കാന്‍ ഒരുക്കങ്ങള്‍ തകൃതിയാണെന്നാണ് സൂചന. പി.കെ. ശശി പുറത്തും അകത്തുമൊക്കെയായി വിലസി നടക്കുന്നു. ആറുമാസം മതി സര്‍വശക്തനായിട്ടുള്ള തിരിച്ചുവരവിന്.
കഴിഞ്ഞയാഴ്ച കേന്ദ്രകമ്മിറ്റി വോട്ടെടുപ്പിലൂടെ എടുത്ത തീരുമാനം സംസ്ഥാന കമ്മിറ്റിയെ അറിയിക്കാനെത്തിയവരില്‍ സീതാറാം യെച്ചൂരിക്കും പ്രകാശ് കാരാട്ടിനുമൊപ്പം എസ്. രാമചന്ദ്രന് പിള്ളയും എം.എ. ബേബിയുമുണ്ടായിരുന്നു. പിള്ളയ്ക്കും ബേബിക്കും ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്തു നല്ല ശീലമുണ്ടല്ലോ. അമേരിക്കയില്‍ ചായകുടിക്കുംപോലെയാണ് പീഡനം നടക്കുന്നതെന്ന് പണ്ട് നായനാര്‍ പറഞ്ഞതു കേരളത്തില്‍ സിപിഎമ്മിന് ബാധകമായിരിക്കുകയാണല്ലോ.
കേന്ദ്രകമ്മിറ്റി നടപടിക്കെതിരെ കര്‍ണ്ണാടകസംസ്ഥാന കമ്മിറ്റിയില്‍ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. മേല്‍ക്കമ്മിറ്റിയുടെ തീരുമാനമായതുകൊണ്ടുമാത്രമാണ് വഴങ്ങിയതെന്നു ചില നേതാക്കള്‍ പിന്നീടു പറഞ്ഞുവത്രെ. ഇത്തരം കാര്യങ്ങള്‍ക്കൊന്നും വലിയെ പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ലെന്നു പാര്ട്ടിക്കാര് ചിന്തിച്ചാല്‍ തെറ്റുപറയാനില്ല.
പാര്‍ട്ടിയില്‍ ഇതൊന്നും വലിയ കാര്യമല്ലാതായിക്കഴിഞ്ഞല്ലോ. സ്ത്രീകള്‍ സ്വകാര്യസ്വത്തല്ല എന്ന മാവോസൂക്തം ശരിക്കും ഉള്‍ക്കൊണ്ട നേതാക്കളാണിന്ന് ആ പാര്‍ട്ടിയിലുള്ളത്. പീഡനം സഖാക്കള്‍ക്കു ജന്മാവകാശമാണ് എന്നു വിശ്വസിക്കുന്നവര്‍. അവര്‍ പീഡിപ്പിക്കുക മാത്രമല്ല, എതിരഭിപ്രായം പറയുന്നവരെ പുലഭ്യംകൊണ്ടു വസ്ത്രാക്ഷേപം ചെയ്യുകയും ചെയ്യും. നവോത്ഥാനത്തിന്റെ അത്യാധുനിക മാതൃക അവര്‍ക്കേ അറിയൂ.
ഇനി ഈ നേതാക്കള്‍ കേരളത്തിലേയ്ക്കുവരും, വനിതാ സംരക്ഷണ മതില് പണിയാന്‍. സ്ത്രീകളുടെ മാനത്തിന്റെ വിലയും കണ്ണീരിന്റെ ചൂടും അറിയാത്തവര്‍ അവരെ മതില്‍കെട്ടി സംരക്ഷിക്കുന്ന അത്ഭുതവിദ്യ ലോകത്ത് ഇവിടെ മാത്രം കാണുന്ന പ്രതിഭാസമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: