പി.വി. സിന്ധു എന്ന ഇരുപത്തിമൂന്നുകാരി, ചൈനയിലെ ഗ്വാങ്ഷൂവില്‍ നേടിയ ബാഡ്മിന്റണ്‍ കിരീടം സിന്ധുവിന്റെ മാത്രം വിജയമല്ല. ഇന്ത്യയുടെ പെണ്‍കരുത്തിന്റേതുകൂടിയാണ്. ലോക ബോക്സിങ് കിരീടമണിഞ്ഞ മേരി കോമിനു പിന്നാലെ സിന്ധുവും ഇന്ത്യന്‍ സ്ത്രീശക്തിയെ ലോക ശ്രദ്ധയിലെത്തിച്ചിരിക്കുന്നു. ഞങ്ങള്‍ എത്തിക്കഴിഞ്ഞു എന്ന സന്ദേശം അതിലുണ്ട്. ഒരു കാലത്ത് പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും അത്ലറ്റിക്സില്‍ വെട്ടിപ്പിടിച്ച ലോകനിലവാരത്തിലുള്ള വിജയങ്ങള്‍ക്ക് പിന്‍ഗാമികളുണ്ടായിരിക്കുന്നു.
ലോക ബാഡ്മിന്റന്‍ ടൂര്‍ ഫൈനലില്‍ സിന്ധുവിനു മുന്‍പ് ഇത്തരമൊരു നേട്ടം ഇന്ത്യയിലാര്‍ക്കുമില്ല. നിര്‍ണായക ഘട്ടങ്ങളില്‍ അടിപതറുന്ന ഇന്ത്യന്‍ ചരിത്രത്തെ മാറ്റിക്കുറിക്കുകയാണ് സിന്ധു ചെയ്തത്. കളിമികവും ശാരീരികക്ഷമതയും സമ്മര്‍ദ്ദത്തെ നിയന്ത്രിച്ച,് എതിരാളിയെ അറിഞ്ഞു പൊരുതാനുള്ള മനസ്സാന്നിദ്ധ്യവും സമംചേര്‍ത്തുള്ള പോരാട്ടത്തില്‍ സിന്ധു ആധികാരികത തെളിയിച്ചു. നെറ്റിന് അപ്പുറം നില്‍ക്കുന്ന എതിരാളിയുടെ വമ്പന്‍ പേരിനുമുന്നില്‍ പതറാതെയുള്ള പോരാട്ടം ഏറെ ഇന്ത്യന്‍ താരങ്ങള്‍ക്കു മാനസികമായ കരുത്തുപകരും.
ഒളിമ്പിക്സിലും ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ലോക ചാമ്പ്യന്‍ഷിപ്പിലുമടക്കം ഫൈനലില്‍ തോല്‍വി വാങ്ങിയിരുന്ന പെണ്‍കുട്ടിയായിരുന്നില്ല ഇത്തവണ സിന്ധു. ഫൈനല്‍ പേടിയുടെ പേരില്‍ നേരിടേണ്ടിവന്ന ഒരുപാടു വിമര്‍ശനങ്ങള്‍ക്കും ആശങ്കകള്‍ക്കും ഈ ഒരൊറ്റ വിജയത്തോടെ മറുപടി കൊടുത്തുകഴിഞ്ഞു. എങ്കിലും വിജയംപോലെ തന്നെ പ്രധാനമാണ് അതു തുടരുക എന്നതും. ഈ നേട്ടം അതിനുള്ള കരുത്ത് ഈ ഹൈദരാബാദുകാരിക്കു നല്‍കുമെന്നു പ്രതീക്ഷിക്കാം.
നൊസോമി ഒക്കുഹാര എന്ന ജപ്പാന്‍കാരിക്കെതിരെ രണ്ടു ഗെയിമില്‍ നേടിയ ഫൈനല്‍ വിജയത്തിനു തിളക്കം കൂടും. കാരണം കഴിഞ്ഞ വര്‍ഷം ഇതേ എതിരാളിയോടാണു സിന്ധു പരാജയം വഴങ്ങിയത്. കളിയില്‍ പ്രതികാരത്തിനു സ്ഥാനമില്ലെങ്കിലും കിട്ടിയതു തിരിച്ചുകൊടുക്കുന്നതിന്റെ സുഖം അതിനുണ്ട്. അത്തരം വിജയം നല്‍കുന്ന ആവേശത്തിന് ഇരട്ടി ശക്തിയുമുണ്ട്. 23 വയസ്സിനിടെ 14 കിരീടങ്ങള്‍. 408 മത്സരത്തില്‍ 288 വിജയങ്ങള്‍. പത്മശ്രീയും ഖേല്‍രത്നയും അടക്കമുള്ള ബഹുമതികള്‍. ഒളിമ്പിക്സിലും ഏഷ്യന്‍ ഗെയിംസിലും അടക്കം മെഡലുകള്‍.
വോളിബോള്‍ താരങ്ങളായിരുന്ന പി.വി. രമണയും പി. വിജയയും എട്ടാം വയസ്സില്‍ മകളെ ബാഡ്മിന്റണ്‍ പരിശീലനത്തിനയച്ചപ്പോള്‍ മനസ്സില്‍ മോഹിച്ചത് അവര്‍ക്കു നല്‍കുകയാണ് പുസര്‍ല വെങ്കട സിന്ധു എന്ന പി.വി. സിന്ധു. ഇതുപോലൊരു ശിഷ്യയെ കിട്ടിയതില്‍ പുല്ലേല ഗോപീചന്ദിനും അഭിമാനിക്കാം.
ലോക റാങ്കിങ്ങില്‍ മുന്നില്‍ നില്‍ക്കുന്നവരുടെ പോരാട്ട വേദിയാണ് ടൂര്‍ ഫൈനല്‍സ്. അതുകൊണ്ടുതന്നെ എതിരാളികളാരും മോശക്കാരായിരുന്നുമില്ല. ഒന്നാംനമ്പര്‍ തായ് സൂ യിങ്, രണ്ടാം നമ്പരുകാരി അകാനെ യമാഗുച്ചി തുടങ്ങിയവരടക്കം സിന്ധുവിനു മുന്നില്‍ വീണു. ഗ്രൂപ്പ് തലം മുതല്‍ ഒരു കളിയും തോല്‍ക്കാതെയായിരുന്നു മുന്നേറ്റം.
ഈ വര്‍ഷത്തെ അവസാന ടൂര്‍ണമെന്റ് അങ്ങനെ സിന്ധുവിനു ശരിക്കും മരണപ്പോരിന്റെ വേദിയായി. തുടര്‍ച്ചയായ ഏഴു ഫൈനല്‍ തോല്‍വിക്കുശേഷമുള്ള കിരീടവിജയം. സീസണിലെ ആദ്യകിരീടം. പുതുവര്‍ഷത്തിലേയ്‌ക്കു കാല്‍വയ്‌ക്കുന്നതു തികഞ്ഞ ആത്മവിശ്വാസത്തോടെ തന്നെയാണ്.
ഇനി ഒരു ഒളിമ്പിക് സ്വര്‍ണം. ഈ പെണ്‍കുട്ടിയില്‍ നിന്ന് രാജ്യം പ്രതീക്ഷിക്കുന്നത് അതാണ്. ഒന്നരവര്‍ഷം അപ്പുറം വന്നുനില്‍ക്കുന്ന ഒളിമ്പിക്സിലേക്ക് തയ്യാറെടുക്കാന്‍ സിന്ധുവിന് സമയമുണ്ട്, വിജയിക്കാനുള്ള മനസ്സുണ്ട്, നിശ്ചയദാര്‍ഢ്യമുണ്ട്, മുഴുവന്‍ ഇന്ത്യക്കാരുടെയും പ്രാര്‍ഥനയുടെ കരുത്തുമുണ്ട്. എന്തുകൊണ്ട് ഒരു സ്വര്‍ണവിജയം സാധ്യമല്ല സിന്ധു?
പ്രതികരിക്കാൻ ഇവിടെ എഴുതുക: