ജനിമൃതിയുടെ പരമ്പരയിലാണ് ഓരോ മനുഷ്യനും എന്ന് ഭാരതീയ ദര്‍ശനം ഉദ്ഘോഷിക്കുന്നു. ഓരോ നടനും അരങ്ങിലെത്തി തന്റെ ഭാഗധേയം പൂര്‍ണമാകുമ്പോള്‍ അണിയറയിലേക്ക് മടങ്ങുന്നു. പരമാത്മാവ് ഏകമാണെന്നും അത് ഈ ഭൂമുഖത്തെ എല്ലാ ജീവജാലങ്ങളിലും വസിക്കുന്ന ചൈതന്യമാണെന്നും ഓറിയന്റല്‍ മിസ്റ്റിക്കുകളും മഹര്‍ഷി അരബിന്ദോവിനെപ്പോലുള്ള ഋഷിവര്യന്മാരായ ചിന്തകന്മാരും പറയുന്നു. കമ്യൂണിസത്തിന്റെ വിശ്വമാനവികതയുടെ പൊള്ളയായ ഇരുമ്പുമറയില്‍ നിന്ന് ആത്മജ്ഞാനത്തിന്റെ പൊരുള്‍ തേടിയ എഴുത്തുകാരനാണ് ഒ.വി. വിജയന്.
അറുപതുകള്‍ക്കുശേഷം മലയാളസാഹിത്യത്തിന് തുടക്കം കുറിച്ചത് ഒ.വി.വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസമാണ്’ അനേകം മാനങ്ങളുള്ള ഈ നോവല്‍ പിറന്ന് വീണതിന്റെ അമ്പത് വര്‍ഷം ആഘോഷിക്കുന്ന മലയാളികള്‍ മറന്നുപോയ ഒരുകാര്യം, മലയാള ഭാവുകത്വത്തെ ഇത്രയും നവീകരിച്ച മറ്റൊരു കൃതി കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തിനിടെ ഉണ്ടായിട്ടില്ല എന്നതാണ്. സാമ്പ്രദായിക സൗന്ദര്യബോധത്തില്‍ ആധുനിക നോവലിസ്റ്റുകള്‍ നടത്തിയ പൊളിച്ചെഴുത്തുപോലെ ആധുനികത സൃഷ്ടിച്ച സൗന്ദര്യബോധം ഇന്ന് പൊളിച്ചെഴുതാന്‍ ശ്രമിക്കുകയാണ്. മനുഷ്യജീവിതത്തിന്റെ വിപരീത സമസ്യയെ ആവിഷ്കരിക്കാനുള്ള ഫലവത്തായ യത്നങ്ങളാണ് ഒ.വി. വിജയന്റെ കഥകളും നോവലുകളും. പ്രപഞ്ചത്തിനും ദൈവത്തിനുമിടയില്‍ സന്ദേഹിയായി ജീവിക്കുന്ന മനുഷ്യന്റെ അനാഥത്വവും നിലനില്‍പ്പിന്റെ വേദനയും സത്യാന്വേഷണവും അസ്തിത്വത്തിന്റെ ദുരൂഹമായ സമസ്യകളെ ആത്മീയമായ വെളിപാടുകള്‍കൊണ്ട് നേരിടാനുള്ള ശ്രമവും ഈ എഴുത്തുകാരന് നടത്തിയിട്ടുണ്ട്.
ഖസാക്കിന്റെ ഇതിഹാസത്തെ അസ്തിത്വ ദുഃഖത്തിന്റെ കണ്ണടവച്ച് നിരൂപണം നടത്തിയ കെ.പി. അപ്പനും വി. രാജകൃഷ്ണനും ആഷാ മേനോനും ഈ കൃതിയുടെ മെറ്റാഫിസിക്കലായ തലം കാണാതെ പോയി. ഖസാക്ക് ഒരു മിത്താണ്. തുടര്‍ച്ചയറ്റുപോയ ഒരു വ്യവസ്ഥിതിയുടെ പുരാവൃത്തം. അതിന്റെ പ്രാചീനതയും നവീനതയും ഈ കൃതി പ്രകടിപ്പിക്കുന്നു. ആശയ സംവേദനത്തിന്റെ വ്യവസ്ഥിതികളിലൊന്നായ മിത്തിന്റെ സൂചക സൂചിത സമ്മിശ്രമായ ഘടനയില്‍ പ്രത്യക്ഷപ്പെടുന്ന പുരാണങ്ങളും ഇതിഹാസങ്ങളും അതിന്റെ ചരിത്രപരമായ ആത്മീയാടിത്തറ വ്യക്തമാക്കുന്നു.
ഖസാക്കിന്റെ ചരിത്രം നശിച്ചുപോയ പന്ത്രണ്ട് പള്ളികളില്‍ തളം കെട്ടി നില്ക്കുന്ന കാലവും, വളരെ പണ്ട് ചടച്ച് കിഴവനായ പാണ്ടന്‍ കുതിരപ്പുറത്തേറി വന്ന സെയ്യിദ് മിയാന്‍ ഷൈഖിന്റെ വ്യാഖ്യാനവും മറ്റനേകം ദൈവികത നിറഞ്ഞുനില്ക്കുന്ന സന്ദര്‍ഭങ്ങളും ഈ കൃതിയെ ഒരു മെറ്റാ ഫിസിക്കല്‍ വായനയ്ക്ക് പ്രേരിപ്പിക്കുന്നു. കാലം തളംകെട്ടി നില്ക്കുന്ന ഒരു ബഹുസ്വര സമൂഹത്തില്‍ അടിഞ്ഞുകൂടിയ വിശ്വാസങ്ങളുടെ നൂലിഴകള്‍ ചികഞ്ഞ് പരിശോധിക്കുന്നതിനിടയില്‍ അസ്തിത്വം എന്ന സമസ്യയുടെ യുക്തിയും അയുക്തിയും ഒരു സന്ദേഹിയെപ്പോലെ അന്വേഷിക്കുന്നു.
ഈ നോവലില്‍ ഒ.വി. വിജയന് സൃഷ്ടിച്ച മൊല്ലാക്ക അസാധാരണമായ ആത്മീയ ചൈതന്യം വിതറുന്ന കഥാപാത്രമാണ്. തന്റെ മകനുമായി ഗാഢമായ സംവേദനങ്ങളില്‍ മുഴുകാനിരിക്കുന്ന പിതാവാണ് മൊല്ലാക്ക. നൈസലാമലിയിലൂടെ ഖസാക്കില്‍ തന്നെത്തന്നെ ആവര്‍ത്തിക്കാനാണ് അദ്ദേഹം മോഹിച്ചത്. തന്നെപ്പോലെ അഗതിയായി ഖസാക്കിലെത്തിയ അവന് അടുത്ത പുരോഹിതനാവുമെന്ന് അദ്ദേഹം പ്രവചിക്കുന്നു. ഒരിക്കല്‍ മൊല്ലാക്ക സ്വയം ഏറ്റുപറയുന്ന ഒരു ഭാഗമിതാ
”തമ്പുരാനേ,
ഈ ഒറ്റയടിപ്പാത നീയെനിക്ക് കാണിച്ചു
തന്നു, മേട്ടുകേറി, പള്ളിയാലോരം
പറ്റി, ഞാനതിലൂടെ നടന്നു, കാല്
വ്രണപ്പെട്ടു. എത്ര കൊല്ലം, ഓര്‍ക്കാന്‍
കഴിയുന്നില്ല. മുന്നിരുട്ട് പുതച്ച്
ചിതലയുടെ പിറകില്‍ കാലടി വീണിട്ടില്ലാത്ത
പെരുവഴികള് തുറവ മൂടിക്കിടക്കുന്നു.”
(പേജ് 43)
പ്രപഞ്ചത്തിന്റെ ഉള്ത്തുടിപ്പുകളറിയുന്ന ദൈവമെന്ന മഹാപ്രതിഭാസവുമായി ഏകാന്ത സംഭാഷണത്തില്‍ ഏര്‍പ്പെടുന്ന മൊല്ലാക്ക അതീതമായ ഒരു പൊരുളില്‍ സ്വയം സമര്‍പ്പിക്കുകയാണ്. നഷ്ടപ്പെട്ട ഭൂതകാലമാണ് രവിക്ക് പിതൃബിംബം. നഷ്ടപ്പെട്ട വീടുപോലെ അയാളെ അലട്ടുന്ന ഖസാക്കിലെ ജീവിതത്തില്‍ തന്നിലേക്ക് കടന്നുവരുന്ന ഓരോ വൃദ്ധനിലും, രവിയെന്ന കഥാനായകന് തനിക്ക് തിരിച്ചുപോകാനാവാത്ത പിതൃരൂപത്തെ കാണുന്നുണ്ട്. ഈ നോവലിന്റെ മികച്ച പഠനങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കാറുള്ള ‘നിരാനന്ദത്തിന്റെ ചിരി’ എഴുതിയ കെ.പി. അപ്പന് എഴുതുന്നതിങ്ങനെയാണ്:
”മനുഷ്യജീവിതം എന്ന പാപത്തില്‍നിന്ന് രക്ഷപ്രാപിക്കാനുള്ള രവിയുടെ ഉപബോധ മനസ്സിന്റെ അഭിലാഷങ്ങളാണ് ഖസാക്കിന്റെ ഇതിഹാസത്തിലെ ഗര്‍ഭപാത്ര ബിംബങ്ങളായി രൂപം മാറി വരുന്നത്. പരസ്പര വിരുദ്ധമായ ഭാവങ്ങളില്‍നിന്നും മോചനമില്ലാതെ കഴിയുന്ന മനുഷ്യന്റെ അവസ്ഥയെ ഒ.വി. വിജയന് വ്യത്യസ്ത രീതിയില്‍ നോക്കിക്കാണുകയാണ്.”
ഖസാക്കില്‍ ആദ്യമായി എത്തുന്ന രവിക്ക് ആ സ്ഥലം അപരിചിതമായി തോന്നിയില്ല. വരുംവരായ്കകളിലൂടെ കടന്നുപോകുന്ന കാലം, ആ കാലത്തിന്റെ ഒഴുക്കില്‍ ഇന്നലെയും ഇന്നും നാളെയും പരസ്പരം ലയിച്ചുചേരുന്നു. ജരയും ദീനതയും നിറഞ്ഞ മാവുകളുടെ ആ വഴിയമ്പലത്തില്‍ താന്‍ വന്നെത്തുമെന്ന ബോധം രവിക്കുണ്ട്. ജീവിതത്തെയാകമാനം വഴിയമ്പലത്തിലെ യാത്രക്കാരുടെ കഥാഖ്യാനമായി കണ്ട എഴുത്തച്ഛന്റെ ദര്‍ശനബോധം ഒ.വി. വിജയനെ സ്പര്‍ശിക്കുന്നുണ്ട്. നിരൂപകന് ആഷാ മേനോന് എഴുതിയതുപോലെ ”പഞ്ചഭൂതങ്ങളില്‍ ഈ എഴുത്തുകാരന് ഏറ്റവും ഹിതമായത് കാറ്റാണ്. അരയാലിലകളിലും പനമ്പട്ടകളിലും പതിഞ്ഞ് വീശിയ കാറ്റ് പുതിയ ഒരു സൗന്ദര്യശാസ്ത്രത്തിന്റെ മുന്നോടിയായി. ഖസാക്കിന്റെ ഇതിഹാസത്തില്‍ കരിമ്പനകള്‍ പ്രതീകാത്മകങ്ങളാണ്. ചുരത്തിലൂടെ വരുന്ന കാറ്റിന് അതിന്റേതായ പല്ലവികളുണ്ട്. ശബ്ദമുണ്ട്, സ്വരവുമുണ്ട്.”
മഴയെക്കുറിച്ച് ഏറ്റവും നല്ല കവിതയെഴുതിയത് ഒ.വി. വിജയനാണെന്ന് നവീന നിരൂപകര്‍ പറയാറുണ്ട്.
”മഴ പെയ്യുന്നു
മഴ മാത്രമേയുള്ളൂ
കാലവര്‍ഷത്തിന്റെ വെളുത്ത മഴ
മഴ ഉറങ്ങി
മഴ ചെറുതായി
അനാദിയായ സ്പര്‍ശം
ചുറ്റും പുല്ക്കൊടികള് മുളപൊട്ടി
രോമകൂപങ്ങളിലൂടെ പുല് കൊടികള്‍
വളര്‍ന്നു.
മുകളില്‍
വെളുത്ത കാലവര്‍ഷം പെരുവിരലോളം ചുരുങ്ങി.”
വീണ്ടും ഖസാക്ക് എന്ന മിത്തുകളുറങ്ങുന്ന ഗ്രാമത്തിലെത്തുമ്പോള്‍ സ്ഥലകാലങ്ങള്‍ തിരിച്ചറിയാനാവാത്ത തരത്തില്‍ കെട്ടുപിണഞ്ഞുകിടക്കുന്നു. ജന്മാന്തരങ്ങളുടെ ഇളംവെയിലില്‍ തുമ്പികള്‍ പറന്നകലുന്നത് മലയാള നോവല്‍ സാഹിത്യത്തില്‍ പുതിയ അനുഭവമായിരുന്നു.
”പണ്ട്, പണ്ട് ഓന്തുകള്‍ക്കും മുന്‍പ്
ദിനോസറുകള്‍ക്കും മുന്‍പ് ഒരു സായാഹ്ന
ത്തില്‍ രണ്ട് ജലബിന്ദുക്കള്‍ നടക്കാനിറങ്ങി”
പരിണാമത്തിന്റെ ഉള്‍ത്തലങ്ങള്‍ ആത്മീയതയുടെ ഊടുവഴികളിലൂടെ വിജയന് അന്വേഷിക്കുന്നു. കെ.പി. അപ്പന് എഴുതിയത് ”വായനക്കാരുമായി പ്രഹേളികകള്‍ കൈമാറുന്ന നോവലാണ് ഖസാക്കിന്റെ ഇതിഹാസം” എന്നാണ്. ‘പാപബോധം’ ഈ കൃതിയിലെ ദീനതയായി മാറുന്നു. അരുതാത്തവര് തമ്മിലുള്ള രതിമണ്ഡലത്തില്നിന്നും ജനിക്കുന്ന രവിയുടെ പാപബോധം, രവിയെ സത്യമന്വേഷിക്കുന്ന ഒരു സന്ദേഹിയായി മാറ്റുന്നു. ജീവിതത്തെക്കുറിച്ചും മനുഷ്യവിധിയെക്കുറിച്ചും മെറ്റാഫിസിക്കലായ ഒരു കാഴ്ചപ്പാട് അനിവാര്യമാണെന്ന തോന്നലില്‍ നിന്നാണ്. ‘പ്രവാചകന്റെ വഴി’യും ‘ഗുരുസാഗരവും’ ‘മധുരം ഗായതി’യും ജന്മമെടുത്തത്. ഒ.വി. വിജയന്റെ ആഖ്യാന പ്രപഞ്ചത്തില്‍നിന്ന് ചില മാതൃകകള്‍ ഇവിടെ ഉദ്ധരിക്കാം.
”അയാള്‍ കിണറ്റിലേക്ക് കൂപ്പുകുത്തി. കിണറുകടന്ന് ഉള്‍ക്കിണറ്റിലേക്ക്, വെള്ളത്തിന്റെ വില്ലീസ് സ്ഫുടതയിലൂടെ അയാള്‍ നീങ്ങി, ചില്ലുവാതിലുകള്‍ കടന്ന് സ്വപ്നത്തിലൂടെ, സാന്ധ്യ പ്രജ്ഞയിലൂടെ തന്നെ കൈ നീട്ടി വിളിച്ച പൊരുളിന്റെ നേര്‍ക്ക് അയാള്‍ യാത്രയായി” (പുറം 94)
”പര്‍വ്വത സരിത്തിന്റെ പ്രവാഹത്തിന് മുകളില്‍ സൂക്ഷ്മരൂപികളായ ഗുരുപരമ്പരകള്‍ കണ്‍പാര്‍ത്തുനിന്നു. അദൃശ്യങ്ങളുടെ വിഹാരങ്ങളില്‍ നിന്നുള്ള അധ്യയന സ്വരങ്ങള്‍കൊണ്ട് പുഴക്കാറ്റ് നിറഞ്ഞു.”
(ഗുരുസാഗരം)
പുറം 49
സര്‍ഗ്ഗാത്മകതയോടും വിപ്ലവത്തോടും സാധാരണ ബന്ധപ്പെടുത്താറുള്ള ഋതു വസന്തമാണ് ‘നൂറ് പൂക്കള്‍ വിരിയട്ടെ’ എന്ന കമ്യൂണിസ്റ്റ് മുദ്രാവാക്യം, നൂറ് പൂക്കള്‍ കൊഴിയുന്നത് കണ്ടപ്പോള്‍ ഒ.വി. വിജയന് എന്ന സന്ദേഹി ഭാരതീയ ദര്‍ശനത്തിന്റെ അകക്കാമ്പിലേക്ക് പതുക്കെയിറങ്ങി. പക്ഷേ തന്റെ ആദ്യകാല കൃതികളിലൊന്നായ ‘ഖസാക്കിന്റെ ഇതിഹാസ’ത്തില്‍ തന്നെ ആത്മീയമായ അന്വേഷണത്തിന്റെ സൂചനകളുണ്ട്. വിപ്ലവാനന്തരമുള്ള ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി വസന്തത്തില്‍നിന്ന് ഹേമന്തത്തിലേക്ക് പുളംതള്ളപ്പെട്ട ഒരു ജനതയുടെ വിലാപമാണ് ഒവിയെ പ്രപഞ്ചത്തിന്റെ രഹസ്യ അറകള്‍ തേടാന്‍ പ്രേരിപ്പിച്ചത്. അരബിന്ദോവിനെപ്പോലെ ഒവിയും ഇരുട്ടില്‍ ഉറങ്ങാതിരുന്ന പ്രവാചകനായിരുന്നു. ”ഖസാക്കിന് മുകളില്‍ മലയാളം പറന്നിട്ടില്ല” എന്ന് വി.സി. ശ്രീജന് പറഞ്ഞതും പ്രസക്തമാണ്.
ഡോ.റഷീദ് പാനൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: