എന്റെ താമസസ്ഥലം മൂവാറ്റുപുഴ നദീതട പദ്ധതിയിലെ (എംവിഐപി) വലതുകനാലിന്റെ 12.500 കി.മീറ്ററിലാണ്. വീട്ടു വളപ്പിനെ പിളര്‍ന്നാണ് കനാല്‍ നിര്‍മിക്കപ്പെട്ടത്. അതു നിര്‍മാണമല്ല കുഴിക്കലായിരുന്നു. അതായത് 13 മീറ്റര്‍ ആഴത്തിലൂടെയാണ് കനാല്‍ പോകുന്നത്. അതില്‍ പത്തുമീറ്ററും കരിങ്കല്‍പാറ വെടിവച്ച് താഴ്ത്തിയതാണ്. കനാലിലൂടെ ജനുവരി മുതല്‍ ജൂണ്‍ വരെ ആറുമാസം വെള്ളമൊഴുകുന്നുണ്ടാവും. വെള്ളം ഞങ്ങളുടെ ഗ്രാമത്തിലെന്നല്ല ഇടുക്കി ജില്ലയില്‍ ഒരിടത്തും ജലസേചനത്തിനുപകരിക്കുന്നില്ല. മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലാണ് അതു പ്രയോജനപ്പെടുന്നത്. പദ്ധതി പൂര്‍ത്തിയാക്കി ഔപചാരിക വിജ്ഞാപനം ലഭിക്കുന്ന പ്രദേശത്തുനിന്ന് ജലസേചന നികുതി പിരിക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല. 12.500 ല്‍ സംസ്ഥാനത്തു സര്‍ക്കാര്‍ മാറിയപ്പോള്‍, (2006-ല്‍ യുഡിഎഫ് മാറി എല്‍ഡിഎഫ് വന്നപ്പോള്‍) അഴിമതികാട്ടിയ ഏതാനും ജലസേചന ഉദ്യോഗസ്ഥരുടെ പേരില്‍ അഴിമതിക്കുറ്റം ചുമത്തി നടപടിയെടുത്തതിനാല്‍ ഏതാണ്ട് 50 മീറ്റര്‍ പണിപൂര്‍ത്തിയാകാതെ കിടക്കുകയാണ്. 11.900 കി.മീയിലാകട്ടെ, ഏതാണ്ട് 150 മീറ്റര്‍ നീളത്തില്‍ ഇരുവശവും ഒരു മഴക്കാലത്തു ഇടിഞ്ഞുചരിഞ്ഞു കിടക്കുന്നു. 10 വര്‍ഷമായി അധികൃതര്‍ അതുകണ്ടതായിപ്പോലും നടിക്കുന്നില്ല. കനാലിന്റെ വാര്‍ഷിക അറ്റുകുറ്റപ്പണികള്‍ നടത്തിയിട്ടു വര്‍ഷങ്ങളായി. ചളി നീക്കി വൃത്തിയാക്കുക, ഇരുവശങ്ങളിലെയും കാടുംവള്ളിപ്പടര്പ്പുകളും വെട്ടി മാറ്റുക തുടങ്ങിയ പണികളും വര്‍ഷങ്ങളായി നടക്കുന്നില്ല. 1994-ല്‍ പണി ആരംഭിച്ചശേഷം ഒരിക്കല്‍പ്പോലും ആരും എത്തിനോക്കാത്തതിനാല്‍ വളര്‍ന്ന വന്മരങ്ങള് കനാലില്‍ കാണാന്‍ കഴിയുന്നു.
ഈ ജലസേചന കനാല്‍ ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പാടശേഖരത്തിലൂടെയാണ് ഏകദേശം 15 കി.മീ. കടന്നുപോകുന്നത്. മൂന്ന് കൃഷി ചെയ്തിരുന്ന ആ പാടം പൂര്‍ണമായും നെല്‍കൃഷി നടത്താനാവാത്ത അവസ്ഥയിലാണ്. ചിലര്‍ തോട്ടങ്ങള്‍ വച്ചുപടിപ്പിച്ചു. നെല്‍കൃഷി കേരളത്തിലാകമാനം അവഗണിക്കപ്പെട്ടിരിക്കയാല് ഈ മേഖലയിലെ നഷ്ടം പൊതുവേ ജനങ്ങള്‍ പരിഗണിക്കുന്നില്ല. ഇവിടെ പ്രവര്‍ത്തിച്ചുവന്ന ഡസന്‍ കണക്കിന് റൈസ് മില്ലുകള്‍ നിലച്ചുപോയി.
കൃഷിയും പശുപരിപാലനവും ഒരുമിച്ചു പോകുന്നതാണല്ലോ. കൃഷിയില്ലാതായപ്പോള്‍ മിക്ക വീടുകളിലും പശുപരിപാലനമില്ലാതായി. പാക്കറ്റ് പാല് സര്‍വത്ര ലഭ്യമാണ്. കനാലില്‍ വെള്ളമൊഴുകുന്നതിന്റെ മേല്‍ഭാഗത്ത് ഇരുവശങ്ങളിലും സമീപവാസികള്‍ പലതരം പച്ചക്കറികളും വാഴയും മറ്റും കൃഷി ചെയ്തുവരുന്നു. വേനല്‍ക്കാലത്ത് വെള്ളത്തിനു ക്ഷാമമില്ലാത്തതിനാല്‍ നല്ല വിളവാണവയ്ക്ക്. ഇരുവശത്തെയും താമസക്കാര്‍ പറമ്പു നനയ്ക്കാനും മറ്റുമായി പമ്പുകള്‍ വച്ച് വെള്ളമെടുക്കുന്നത് അങ്ങിങ്ങ് കാണാം. അതിനു പുറമേ ടാങ്കറുകളില്‍ വെള്ളം നിറച്ച് ദൂരസ്ഥലങ്ങളിലേക്കു നിര്‍മാണാവശ്യങ്ങള്‍ക്കും, കുടിവെള്ളത്തിനുമായി കൊണ്ടുപോകുന്നതും സാധാരണയാകുന്നു.
കനാല്‍ 13 മീറ്റര്‍ പറമ്പു കുഴിച്ചുണ്ടാക്കിയതാകയാല് പറമ്പിലെ ഭൂഗര്‍ഭജലനിരപ്പു താണുപോയതാണ് എനിക്ക് വ്യക്തിപരമായ നഷ്ടം. അതേസമയം മുമ്പ് കിലോമീറ്ററുകള്‍ ഇടവഴിയും പാടവരമ്പുകളും താണ്ടിമാത്രം എത്താന്‍ കഴിഞ്ഞിരുന്ന വീട്ടിലേക്ക് ചെറുവാഹനത്തിലൂടെ സാമീപ്യം ലഭിച്ചുവെന്നത് പദ്ധതികൊണ്ട് സ്വന്തമായ പ്രയോജനവുമാകുന്നു. ഈ വര്‍ഷം ഡിസംബര്‍ പകുതി പിന്നിട്ടിരിക്കുന്നു. ജനുവരി ആദ്യം വെള്ളം തുറന്നുവിടുന്നതിന്റെ മുന്നോടിയായ കനാല്‍ ശുചീകരണം നടക്കുന്നില്ല. അകത്തു കെട്ടിക്കിടക്കുന്ന മാലിന്യക്കുഴമ്പ് ആരുടെയും മനംമടുപ്പിക്കുന്നതാണ്.
1956-ലാണ് ഇടുക്കി വൈദ്യുത പദ്ധതിയുടെ പണി അന്നത്തെ കേന്ദ്രമന്ത്രി ഗുല്‍സാരിലാല്‍ നന്ദ മൂലമറ്റത്തു ഉദ്ഘാടനം ചെയ്തത്. പത്തുവര്‍ഷംകൊണ്ട് ഉല്‍പ്പാദനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. ഹൈറേഞ്ചിലെ വന്യമൃഗ സമൃദ്ധവും ഏറ്റവും ആപല്‍ക്കരവുമായ പര്‍വത മേഖലയിലെ വിശദമായ സര്‍വേ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വന്‍ സംഘം മൂലമറ്റം മുതല്‍ മേലോട്ട്, അണയുടെ ജലസംഭരണ പ്രദേശമാകെ സഞ്ചരിച്ചിരുന്നു. ആന, കാട്ടുപോത്ത്, കടുവ, പുലി മുതലായ വന്യമൃഗ ഭീഷണിയെ നേരിടാനായി ഓരോ സംഘത്തിലും തോക്കുധാരികളായ നിരവധി പോലീസുകാര്‍ അവര്‍ക്കു സംരക്ഷണം നല്‍കാനുണ്ടായിരുന്നു.
സര്‍വേ സംഘത്തില്‍ ഒന്നിന്റെ ചുമതലക്കാരനായിരുന്ന ബെംഗളൂരുവിലെ സ്വയംസേവകന് സമ്പത്ത് കുമാര്‍ 1950-ലെ പ്രഥമ വര്‍ഷ സംഘശിക്ഷാവര്‍ഗില്‍ എന്നോടൊപ്പം ഒരേ ഗണത്തില്‍ ഉണ്ടായിരുന്നു. അദ്ദേഹം എറണാകുളം കാര്യാലയവുമായി ബന്ധം പുലര്‍ത്തി. ഇടുക്കി വനമേഖലയില്‍ അക്കാലത്തു കുടിയേറ്റം തുടങ്ങിയിട്ടില്ല. സര്‍വേ ജോലിക്കാര്‍ക്കു സഹായത്തിനായിട്ടാണ് നാട്ടുകാര്‍ അവിടെ മലകയറിയെത്തിയത്. ആ മേഖലയത്രയും മലമ്പനി ബാധിക്കാന്‍ സാധ്യതയുണ്ടായിരുന്നു. ഒരു ബംഗളൂരുകാരന് മലമ്പനി ബാധിക്കുകയും ചെയ്തു. അയാളെ മഞ്ചലിലെടുത്ത് 15 കി.മീറ്ററോളം മലയിറങ്ങി (അന്നു റോഡില്ല) താഴെ മൂലമറ്റത്തുവന്ന് സമ്പത്ത് കുമാറും കൂട്ടുകാരും തൊടുപുഴ ആസ്പത്രിയിലെത്തിച്ചു. അപ്പോഴേക്കും ഭാസ്കര്‍ റാവു വിവരം അറിയിച്ചതിനെത്തുടര്‍ന്ന് തൊടുപുഴയിലെ സ്വയംസേവകര്‍ അവിടെയെത്തി അയാളെ പരിചരിച്ചു. പിന്നീട് എറണാകുളത്ത് ജനറല്‍ ആസ്പത്രിയിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയി. സന്ദര്‍ഭവശാല്‍, പറയട്ടെ സമ്പത്ത് കുമാറും ഞാനും മൂന്നു സംഘശിക്ഷാ വര്ഗുകള്ക്കും ഒരുമിച്ച് ഒരേ ഗണത്തിലായിരുന്നു പരിശീലനം നേടിയത്. പിന്നീട് കണ്ടപ്പോഴൊക്കെ അദ്ദേഹം തൊടുപുഴ സ്വയംസേവകരുടെ സേവനത്തെ പ്രശംസിക്കുമായിരുന്നു.
ഇടുക്കി വൈദ്യുത പദ്ധതിയുടെ തുടര്‍ച്ചയായി അവിടത്തെ അവശിഷ്ട ജലം മൂവാറ്റുപുഴയാറിലേക്കൊഴുക്കുന്നത് പാഴാകാതിരിക്കാനാണ് എം.വി. ഐ.പി ആസൂത്രണം ചെയ്യപ്പെട്ടത്. തൊടുപുഴ മൂവാറ്റുപുഴ ആറുകളുടെ താഴെ ഭാഗങ്ങളില്‍ ജലസേചനവും ഒട്ടേറെ നഗരങ്ങളില്‍ കുടിവെള്ളവും, വെള്ളൂര്‍ ന്യൂസ്പ്രിന്റ് പോലുള്ള വ്യവസായങ്ങള്‍ക്കു വെള്ളവും അതിലൂടെ നിര്‍ദ്ദേശിക്കപ്പെട്ടു. ഇടതുകര കനാലും മൂവാറ്റുപുഴയാറുമാണ് അതിലെ ജലവാഹകര്. വലതുകനാല്‍ ഉദ്ദേശിക്കപ്പെട്ടിരുന്നത് ഇടുക്കിയില്‍ നഷ്ടമായ പെരിയാര്‍ ജലത്തില്‍ ഒരു ഭാഗം ഭൂതത്താന്‍ കെട്ടിനു താഴെ പെരിയാറ്റിലേക്കു തിരിച്ചെത്തിക്കാനായിരുന്നു. അതിനുവേണ്ടിയുള്ള സര്‍വേയും സര്‍വേ ഓഫ് ഇന്ത്യാ സംഘം തന്നെയാണ് നടത്തിയത്. അതിന്റെ ചുമതലക്കാരനായി വന്നത് തലശ്ശേരിയിലെ ആദ്യകാല സ്വയംസേവകന് പി.വി. രാഘവനായിരുന്നു. ആ നടപടികള്‍ക്ക് കേരളത്തിലെ രാഷ്ട്രീയ കക്ഷികളുടെ എതിര്‍പ്പുമൂലം കോതമംഗലം താലൂക്കിലെ ജലസേചനം ലക്ഷ്യമാക്കപ്പെട്ടു. ഈ ലക്ഷ്യമാറ്റത്തെപ്പറ്റിയും അത് നേരിടാവുന്ന വൈഷമ്യങ്ങളെപ്പറ്റിയും അക്കാലത്തുതന്നെ പി.വി.രാഘവനുമായി സംസാരിക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു. മൂലമറ്റത്തുനിന്നു വിടുന്ന വെള്ളം തുരങ്കം വഴി മീനച്ചിലാറ്റില്‍ എത്തിക്കാനുള്ള പരിപാടിയും പരിഗണനയിലുണ്ട്. അതു നടപ്പായാല്‍ മൂവാറ്റുപുഴയുടെ ജലസമൃദ്ധി ഇല്ലാതാകുമെന്ന ആശങ്കയുമുണ്ട്. നാടിന്റെ മൊത്തം നന്മയെയും വികാസത്തെയുംകാള് രാഷ്ട്രീയ പരിഗണനകള്‍ക്കാണ് മുന്‍തൂക്കം ലഭിക്കുന്നത് എന്ന കാര്യവും ഉണ്ട്.
വീടിനടുത്തുകൂടി പോകുന്ന കനാല്‍ കണ്ണിനാനന്ദമാകേണ്ട സ്ഥാനത്ത് കണ്ടമാനം നാനാവിധമായിക്കിടക്കുന്നതുകൊണ്ടാണ് ഇതൊക്കെ എഴുതിയത്. ഉദ്യോഗസ്ഥരോ രാഷ്ട്രീയനേതാക്കളോ അങ്ങോട്ട് തിരിഞ്ഞുനോക്കുന്നില്ല. തടിക്കച്ചവടക്കാരും കഞ്ചാവ് വില്‍പ്പനക്കാരും മയക്കുമരുന്നുകാരും വിഹരിക്കുന്ന രംഗമായി കനാല്‍ കര മാറിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: