ഭരണ, നിയമ സംവിധാനങ്ങളുടെ പോക്ക് എങ്ങോട്ട് എന്ന സംശയം ജനിപ്പിക്കുന്ന തരത്തിലാണ് സംസ്ഥാനത്ത് കാര്യങ്ങളുടെ കിടപ്പ്. പാര്‍ട്ടി താത്പര്യത്തിനനുസരിച്ചു പോലീസ് സംവിധാനത്തെ ഉപയോഗിക്കുന്ന ഇടതുസര്‍ക്കാര്‍ ശബരിമലയിലടക്കം നരനായാട്ടു നടത്തുമ്പോള്‍, നിയമസഭയില്‍ സര്‍ക്കാരിന്റെ പിടിവാശിയും പ്രതിപക്ഷത്തിന്റെ ഉറച്ച നിലപാടും മൂലം കാര്യങ്ങളൊന്നും നടക്കാത്ത സ്ഥിതിയിലായി. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന ആവശ്യവുമായി ഒരുതരത്തിലും സമവായപ്പെടാതെ കടുംപിടുത്തം പിടിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെയാണ് നിയമസഭയിലെ പ്രതിഷേധങ്ങളും സഭാനടപടി തടസപ്പെടുത്തലും. ബന്ധുനിയമനം സംബന്ധിച്ച ആരോപണം നേരിടുന്ന മന്ത്രി കെ.ടി. ജലീല്‍ രാജിവയ്ക്കണമെന്ന ആവശ്യത്തിനുമുന്നിലും സര്‍ക്കാരിനു കൂസലില്ല. പ്രതിപക്ഷം വഴങ്ങാത്തപ്പോള്‍ സഭാസ്തംഭനം തന്നെ ഫലം.
വിശ്വാസികളെ അക്രമികളെന്നു വിശേഷിപ്പിച്ച് നേരിടുന്നതിന്റെ ഭാഗമായാണ് ശബരിമലയിലടക്കം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അന്തരീക്ഷം ശാന്തമായിരുന്നിട്ടും നിരോധനാജ്ഞ പിന്‍വലിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍. കഴിഞ്ഞദിവസം നിരോധനാജ്ഞ നീട്ടുകയും ചെയ്തു. ശബരിമല പ്രശ്നം ചര്‍ച്ചചെയ്യാന്‍ പ്രത്യേക സഭാസമ്മേളനം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറായുമില്ല. സഭ സമ്മേളിച്ചപ്പോള്‍ പിടിവാശി തുടരുകയുമായിരുന്നു.
ജനാധിപത്യ സംവിധാനത്തെ നോക്കുകുത്തിയാക്കുന്ന സമ്മേളനമാണ് നിയമസഭയില്‍ ഇന്നലെ അവസാനിച്ചത്. അടിയന്തര പ്രധാനമുള്ള ചില ബില്ലുകള്‍ നിയമമാക്കാനായി 13 ദിവസത്തെ സമ്മേളനമായിരുന്നു നിശ്ചയിച്ചത്. ഇതില്‍ 11 ദിവസവും ബഹളംമൂലം പിരിയുകയായിരുന്നു. ദിവസം 20 ലക്ഷം ചെലവഴിച്ച് നടത്തുന്ന സഭ തടസമില്ലാതെ പ്രവര്‍ത്തിച്ചത് രണ്ടുദിവസം മാത്രം. 13 ദിവസത്തെ സമ്മേളനത്തിന്റെ ചെലവ് മൂന്നര കോടിയോളം രൂപ. അതു ചെലവാകുന്നതു ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന്. ആദ്യദിവസം മഞ്ചേശ്വരം എംഎല്‍എ അബ്ദുള്‍ റസാഖിനു ചരമോപചാരം അര്‍പ്പിച്ചു പിരിഞ്ഞതിനാല്‍ നടപടിക്രമങ്ങളിലേക്ക് കടന്നില്ല. പിന്നീട് തുടര്‍ച്ചയായി മൂന്നുദിവസം ശബരിമലയുടെ പേരിലുള്ള പ്രതിപക്ഷ പ്രതിഷേധം ചേദ്യാത്തരവേളയില്ത്തന്നെ സഭാനടപടികള്‍ സ്തംഭിക്കുന്ന സാഹചര്യം ഉണ്ടാക്കി. തുടര്‍ച്ചയായി മൂന്നുദിവസം 21 മിനിറ്റുകൊണ്ടു സഭ പിരിഞ്ഞു ഹാട്രിക് നേടുകയും ചെയ്തു.
ശബരിമലയെ വിട്ടു മന്ത്രി കെ.ടി. ജലീലിന്റെ രാജി വിഷയമായെടുത്ത രണ്ടു ദിവസം പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു. പ്രളയാനന്തര നവകേരള നിര്‍മ്മിതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം ചര്‍ച്ചക്കെടുക്കാന്‍ സര്‍ക്കാര്‍ സമ്മതം മൂളിയത് അവിചാരിതമായി. പക്ഷേ ഇരുപക്ഷത്തുമുള്ളവര്‍ തയ്യാറെടുപ്പൊന്നുമില്ലാതെ ചര്ച്ചക്കെത്തിയതിനാല് ചര്‍ച്ച പ്രഹസനമായി. പിന്നീട് തുടര്‍ച്ചയായ നാലുദിവസവും ശബരിമലയുടെ പേരില്‍ത്തന്നെയാണ് സഭ സ്തംഭിച്ചത്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ സഭാകവാടത്തില്‍ നടത്തിവന്ന സത്യഗ്രഹം അവസാനിപ്പിക്കുന്നതില്‍ ഭരണപക്ഷത്തുനിന്ന് കാട്ടുന്ന അലംഭാവമായിരുന്നു ബഹളത്തിലും വഴക്കിലും കലാശിച്ചത്. ശബരിമലയുടെ പേരിലുള്ള വനിതാമതിലിന്റെ വിഷയത്തില്‍ അവസാന ദിവസമായ ഇന്നലെയുണ്ടായ ബഹളം ഉന്തിലും തള്ളിലും വരെ ചെന്നെത്തി. നടപടിക്രമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും ബാധ്യതകള്‍ക്കും അപ്പുറം വാശി പിടിമുറുക്കുമ്പോള്‍ സഭാസമ്മേളനത്തിന്റെ പ്രസക്തിതന്നെ നഷ്ടപ്പെടുന്ന സ്ഥിതിയാണ്.
ഇതിന്റെ തനിയാവര്‍ത്തനമായിരുന്നു പാര്‍ലമെന്റില്‍. ശൈത്യകാല സമ്മേളനത്തിന്റെ ആദ്യദിനം പ്രതിപക്ഷ ബഹളംമൂലം നടപടികള്‍ ഒന്നും നടത്താനാവാതെ പിരിഞ്ഞു. റഫാല്‍ പ്രശ്നത്തില്‍ അന്വേഷണമായിരുന്നു കോണ്‍ഗ്രസ്സിന്റെ ആവശ്യം. കാവേരി പ്രശ്നമുന്നയിച്ച് തമിഴ്നാട്ടില്‍നിന്നുള്ള എംപിമാര്‍ നടുത്തളത്തിലിറങ്ങി. രാമക്ഷേത്ര നിര്‍മാണമായിരുന്നു ശിവസേനയുടെ ആവശ്യം. ആന്ധ്രയ്ക്കു പ്രത്യേക പദവി ആവശ്യപ്പെട്ട് ടിഡിപിയും പ്രതിഷേധത്തിനിറങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: