പലരും പറയാന്‍ ആഗ്രഹിച്ചതാണ് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. രാജ്യത്തിന്റെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി, ഭരണഘടനാ ധാര്‍മികതയില്‍ മാത്രം ഊന്നിയും അതിനു പ്രധാന്യം നല്‍കിയും തീരുമാനങ്ങളിലെത്തുന്നത് അപകടകരമായ സ്ഥിതി സൃഷ്ടിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇതുപറയുമ്പോള്‍ ശബരിമലയിലെ യുവതീ പ്രവേശന വിധിയും അതിനോടടുത്തു തന്നെയുണ്ടായ സ്വവര്‍ഗരതി, വിവാഹേതര ലൈംഗികബന്ധം എന്നിവ സംബന്ധിച്ച വിധിയും അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നിരിക്കാം.
ഒരു വ്യക്തിയുടെ കാര്യത്തിലുള്ള തീരുമാനം പോലെയല്ല സമൂഹത്തിന്റെ കാര്യത്തിലുള്ള തീരുമാനമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. പാരമ്പര്യത്തിനും വിശ്വാസത്തിനും ആചാരത്തിനും അനുഷ്ഠാനത്തിനുമൊക്കെ ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്ന് വ്യാഖ്യാനിക്കാവുന്നതിന് അപ്പുറമുള്ള മാനമുണ്ട്. വൈകാരികമായി സമൂഹമനസ്സില്‍ രൂഢമൂലമായിരിക്കുന്നതിനെ നിയമത്തിന്റെ തലനാരിഴകീറി വ്യാഖ്യാനിക്കാനാവില്ല. അവിടെ മാനുഷികമായ ഭാവത്തിന്റെ സ്പര്‍ശംകൂടി വേണ്ടിവരും. ജീവിതവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന പാരമ്പര്യങ്ങളെ അപ്പാടെ കൈവിട്ട് കേവലം നിയമത്തിന്റെ വഴിയേ സഞ്ചരിക്കാന്മാത്രം പാകപ്പെട്ടിട്ടില്ല ഇന്ത്യയുടെ സമൂഹമനസ്സ്. അതായിരിക്കണം അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാണിച്ചത്.
ശബരിമല വിധി ഇതിനു വ്യക്തമായ ഉദാഹരണം തന്നെയാണ്. തികച്ചും ഭരണഘടനയുടെ ചട്ടക്കൂട്ടില്‍ ഒതുങ്ങി നിന്നുകൊണ്ടു നാലുപേര്‍ വിധി തീര്‍പ്പാക്കിയപ്പോള്‍, വനിതകളെ ബാധിക്കുന്ന വിഷയമായിരുന്നിട്ടും ഏക വനിതാ ജഡ്ജിയാണ് വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരില്‍ വിയോജനക്കുറിപ്പെഴുതിയത്. സുപ്രീം കോടതി ബഞ്ചില്‍ നിന്ന് വ്യത്യസ്ത ശബ്ദങ്ങള്‍ ഉണ്ടാവുന്നത് അപകടകരമായ ആയുധമായി മാറുമെന്നും അത് സൃഷ്ടിക്കുന്നത് ഗുരുതരമായ മുറിവായിരിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
നിയമനിര്‍മാണത്തിനു മുന്‍പുണ്ടായ ആചാരാനുഷ്ഠാനങ്ങളേയും പാരമ്പര്യത്തേയും നിയമം കൊണ്ടല്ല വ്യാഖ്യാനിക്കേണ്ടത് എന്നതു മുന്‍പും പലരും ചൂണ്ടിക്കാണിച്ച കാര്യമാണ്. നിയമം വിവക്ഷിക്കുന്ന സമത്വം, നീതി തുടങ്ങിയവയ്ക്ക് അപ്പുറം വിവേകത്തിന്റെ തലത്തില്‍ ഇവയൊക്കെ വ്യക്തമായി വ്യഖ്യാനിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്തൊരു വ്യവസ്ഥിതിയാണ് പാരമ്പര്യത്തിന്റെയും അനുഷ്ഠാനങ്ങളുടേയും അടിത്തറ. അവയെ വ്യാഖ്യാനിക്കുമ്പോഴാണ് മാനുഷികതയുടേയും വൈകാരികതയുടേയും പ്രസക്തി. ഇവ സമൂഹത്തിനു ദോഷം ചെയ്യുന്നവയാണെങ്കില്‍ നിയമത്തിന് ഇടപെടാനുള്ള സാധ്യതയോട് ആരും വിയോജിക്കുന്നില്ല. പക്ഷേ, ഗുണഭോക്താക്കള്‍ക്ക് വേണ്ടാത്ത ഒന്ന് കേവലം നിയമത്തിന്റെ മാത്രം പേരില്‍ അടിച്ചേല്പിക്കുന്ന നടപടിയായിപ്പോയി ശബരിമല വിഷയത്തിലെ സുപ്രീംകോടതി തീര്‍പ്പ്.
ഇക്കാര്യത്തില്‍ സംസ്ഥാനത്തെ ഭരണ സംവിധാനമാണ് യഥാര്‍ഥ കുറ്റവാളികള്‍ എന്ന നിഗമനത്തില്‍ തെറ്റില്ല. തങ്ങളെ ഭരണമേല്പിച്ചതു സ്വന്തം താല്പര്യം നടപ്പാക്കാനല്ല, ജനതാത്പര്യം നടപ്പാക്കാനാണ് എന്ന അടിസ്ഥാനതത്വം അറിയാത്ത ഭരണ നേതൃത്വത്തിന്റെ പാളിച്ചയിലേയ്ക്ക് അറ്റോര്‍ണി ജനറല്‍ വിരല്‍ ചൂണ്ടിയില്ല. പക്ഷേ, കോടതി വിധിയുടെ പിന്നാമ്പുറത്ത് ആ സത്യംകൂടിയുണ്ട്. ഭരണഘടനാ വ്യവസ്ഥകള്‍ക്കപ്പുറം ഒരു വലിയ സമൂഹം ഹൃദയത്തില്‍ സൂക്ഷിക്കുന്നൊരു വൈകാരിക മാനം അതിനുണ്ടെന്ന കാര്യം കോടതിയില്‍നിന്നു മറച്ചുവച്ചത് സര്‍ക്കാരാണ്.
അതിനു പിന്നിലെ താല്പര്യം ഭരിക്കുന്ന കക്ഷിയുടേതു മാത്രമായിരുന്നു. ഫലത്തില്‍ ജനാധിപത്യ ഭരണവ്യവസ്ഥയുടെ പോക്കും അപകടകരമായ ഭാവിയിലേയ്ക്കാണ്. അധികാരത്തിലേറുന്നവര്‍ അവരുടെ ഇച്ഛമാത്രം നടപ്പാക്കാനിറങ്ങിയാല്‍ ജനാധിപത്യം ഏകാധിപത്യമായി മാറും. അമര്‍ത്തിവയ്ക്കാന്‍ നോക്കിയാല്‍ പൊട്ടിത്തെറിക്കും. അതു പ്രകൃതിനിയമമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: