പരമോന്നത നീതിപീഠത്തിന്റെ മൂന്ന് വിധികളെ പശ്ചാത്തലമാക്കിയുള്ള സംവാദാത്മകമായ ഒരു അന്വേഷണമാണിത്. പൗരാവകാശ തുല്യത, വിവേചനമില്ലായ്മ തുടങ്ങി ഭരണഘടനയുടെ തത്ത്വങ്ങളെ അടിസ്ഥാനമാക്കിയ മൂന്ന് വിധികളാണ് അടുത്തിടെയുണ്ടായത്.
ഒന്ന്: ഇന്ത്യന്‍ ശിക്ഷാസംഹിതയിലെ 497-ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന ഉത്തരവ് ലിംഗനീതിയെ ഉറപ്പിച്ച നാഴികക്കല്ലായി വ്യാഖ്യാനിക്കപ്പെട്ടു. മതവിശ്വാസവും ആചാരവും ഭരണഘടനയുടെ അടിസ്ഥാനതത്ത്വമായ സമത്വത്തിന് ദോഷകരമാകരുതെന്ന നിലപാടായിരുന്നു ഈ വിധിയിലുള്ളത്.
രണ്ട്: ഭര്‍ത്താവ് ഭാര്യയുടെ യജമാനനല്ല. ഭാര്യ ഉപഭോഗവസ്തുവല്ല എന്ന് വിലയിരുത്തി സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഇതേ വകുപ്പ് റദ്ദാക്കി വിവാഹേതരബന്ധം ക്രിമിനല്കുറ്റമല്ലാത്ത രാജ്യമാക്കി ഇന്ത്യയെ പ്രഖ്യാപിച്ചു. 1985-ലെ വൈ.വി. ചന്ദ്രചൂഡിന്റെ വിധിയെ മകന് ഡി.വൈ. ചന്ദ്രചൂഡ് 33 വര്‍ഷത്തിനുശേഷം തിരുത്തിയെഴുതി എന്ന പ്രാധാന്യവും ഈ വിധിക്കുണ്ട്. ഒരു സ്ത്രീ മറ്റൊരാളിന്റെ ഭാര്യ ആയിരിക്കെ ആ സ്ത്രീയുടെ ഭര്‍ത്താവിന്റെ സമ്മതമോ മൗനാനുവാദമോ കൂടാതെ ബലാത്സംഗമാകാത്ത ലൈംഗികവേഴ്ച നടത്തുന്നതാണ് ജാരവൃത്തി (അറൗഹലേൃ്യ) അല്ലെങ്കില്‍ വിവാഹേതരബന്ധം.
മൂന്ന്: സ്വവര്‍ഗരതി കുറ്റകരമാണെന്ന 2013-ലെ സുപ്രീംകോടതിവിധി ട്രാന്‍സ്ജെന്‍ഡര്‍/സ്വവര്‍ഗരതി സമൂഹത്തിനേറ്റ കനത്ത പ്രഹരമായിരുന്നു. അതിന് പരിഹാരമായിരുന്നു ഐപിസി 377-ാം വകുപ്പ് റദ്ദാക്കി 1860-ലെ മെക്കാളെ പ്രഭുവിന്റെ ശിക്ഷാനിയമത്തെ തിരുത്തിയെഴുതിയ 2018-ലെ സുപ്രിംകോടതിവിധി. ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങള്‍ അനുസരിച്ച് യഥാക്രമം ഉറപ്പുനല്‍കുന്ന പൗരന്റെ തുല്യതയ്ക്കുള്ള അവകാശം, ജാതി, മത, ലിംഗ, വര്‍ഗ, വംശ വിവേചനങ്ങളുടെ നിരോധനം, പൗരന്റെ ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും എന്നിവ അടിസ്ഥാനമാക്കി 377-ാം വകുപ്പ് പൗരാവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
സാമൂഹിക സഹവര്‍ത്തിത്വം(ടീരശമഹ കിരഹൗശെീി) എന്ന ആശയവുമായി ബന്ധിപ്പിച്ച് ഈ പ്രഖ്യാപനങ്ങളെ വിലയിരുത്താം. ‘പുരോഗമനാശയങ്ങളുടെ വിപ്ലവകരമായ ഈ മുന്നേറ്റ’ത്തില്‍ ഹിന്ദുധര്‍മ്മവും ജീവിതവും ഇതാ തകര്‍ന്നുവെന്നും, വലിയ പൊളിച്ചെഴുത്തിന് കാലമായെന്നും സ്വയംപ്രഖ്യാപിത നവോത്ഥാനവാദികള്‍ ഊറ്റംകൊള്ളുന്നുവെന്നതിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ? ഹിന്ദുധര്‍മ്മത്തിലെ സ്ത്രീ ആരാണ്? എങ്ങനെയാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള നമ്മുടെ സ്ത്രീത്വത്തെ നിര്‍വചിക്കാനാവുക? സമദര്‍ശിതയുടെ ഭാരതീയ ഹൈന്ദവപാഠങ്ങള് എന്തെല്ലാമാണ്?
ഹിന്ദുത്വം ധര്‍മ്മ ശാസനമാണ്. ബഹുസ്വരതയുടെ ജീവിതമല്ല. ജീവിതത്തിന്റെ രീതിശാസ്ത്രമാണത്. പാരസ്പര്യവും പരാശ്രയത്വവും പരസ്പര ധാരണയും ദൃഢമായി ബന്ധിക്കുന്ന ഏകാത്മ മാനവ ദര്‍ശനമാണ് ഹിന്ദുധര്‍മ്മത്തിന്റെ അകംപൊരുള്‍. സ്വാംശീകരണവും സാത്മീകരണവുമാണ് അതിന്റെ സൗന്ദര്യം. (ആനോ ഭദ്രാഃ ഋതവോ യന്തു വിശ്വതഃ) ലോകത്തെവിടെനിന്നും ശുഭചിന്തകള്‍ ഇവിടേക്ക് പ്രവഹിക്കട്ടെയെന്നാണ് ഹിന്ദുക്കള്‍ പ്രാര്‍ത്ഥിക്കുക.’ഈശ്വരഃ സര്‍വ ഭൂതാനാം,’ ‘ഈശാവാസ്യമിദം സര്‍വം’ എന്നിങ്ങനെ സര്‍വഭൂത ഹൃദയതത്ത്വത്തെ മനഃശാസ്ത്ര ചിന്തയാക്കി മനുഷ്യനെ സമദര്‍ശിതയുടെ പാഠങ്ങള്‍ പഠിപ്പിച്ചു.
പഞ്ചതന്ത്രകഥകളും മഹാപ്രസ്ഥാനകാലത്തെ നായയുടെ സ്വര്ഗാരോഹണകഥയും വ്യാസ-ശുക-പ്രകൃതി സംവാദവും ശാകുന്തളോപാഖ്യാനത്തിലെ പ്രകൃതി പാഠങ്ങളും ഭാരതത്തിന്റെ സര്വഭൂതഹൃദയതത്ത്വമാണ് ധ്വനിപ്പിക്കുന്നത്. സാത്മീകരണത്തിലെ സംലയനമാണ് അതിന്റെ ജീവന്. (Ekatma Manava Darshan means viewing the whole existence as interconnected, inter dependent and interrelated. So a person has no seperate existance from this whole universe.)
അതുകൊണ്ടുതന്നെ ഹിന്ദുധര്‍മ്മത്തില്‍ സ്ത്രീക്ക് സൃഷ്ടിയില്‍ രണ്ടാം സ്ഥാനമില്ല. വാക്കും മനസ്സുംപോലെ, ശിവശക്തിലയം പോലെ പുരുഷനും പ്രകൃതിയുമായി അത് പരസ്പരപൂരകമായി വര്‍ത്തിച്ചിരുന്നു.
സ്വത്വം-സമത്വം
ഋഗ്വേദകാലത്ത് അന്നത്തിലേക്ക്, ശക്തിയിലേക്ക്, വ്രതങ്ങളിലേക്ക്, സൗഹൃദങ്ങളിലേക്ക്, മൃഗാദി സമ്പത്തിലേക്ക്, ധനത്തിലേക്ക്, ഗുരുജനസമീപത്തേക്ക് തുല്യപങ്കാളിയായി പുരുഷനൊപ്പം കടന്നുചെന്നവളാണ് സ്ത്രീ. ബഹുഭാര്യാത്വമോ ബാലികാവിവാഹമോ അന്നുണ്ടായിരുന്നില്ല. വിധവാവിവാഹം ഒരു സമ്പ്രദായമായിത്തന്നെ നിലനിന്നിരുന്നുതാനും. വൈദിക സ്ത്രീകള്‍ മതപരമായ കാര്യങ്ങളില്‍ പുരുഷന്മാര്ക്കൊപ്പം കര്‍മ്മങ്ങള്‍ നിര്‍വഹിച്ചിരുന്നു. ഋഗ്വേദത്തിലും സാമവേദത്തിലും സംഗീതത്തിലും നൃത്തത്തിലും പ്രാവീണ്യം നേടിയ സ്ത്രീകളെക്കുറിച്ച് പരാമര്‍ശമുണ്ട്. അവള് യാഗം ചെയ്യുന്നവളായി, പൂജാരിണികളായി, വേദം പഠിച്ചവരായി (സദ്യോദ്വാഹകര്- വിവാഹം കഴിക്കാതെ വേദം പഠിച്ചവര്‍), ബ്രഹ്മവാദിനികളായി (അദ്ധ്യാപനം ജീവിതവ്രതമാക്കിയവര്‍- വിശ്വവര, ലോപമുദ്ര, പൗലോമി തുടങ്ങിയവര്‍ ഉദാഹരണം), ശൂലം ധരിച്ച് യുദ്ധം ചെയ്യുന്ന ശാക്തികികളായി (ധനുര്‍വേദം പഠിച്ചവര്‍ – വധ്രിമടി, വിഷ്പല, മുദ്ഗാലിനി തുടങ്ങിയവര്‍ ഉദാഹരണം) സ്വയംവര വധുവായി, യോഗവിദ്യകള്‍ അഭ്യസിച്ച പണ്ഡിതകളായി (സുലഭാജനക സംവാദം, വിപുലോപാഖ്യാനം), തര്ക്കശാസ്ത്രവിശാരദകളായി (ഗാര്‍ഗി, മൈത്രേയി) ആത്മാവിന്റെ നിഗൂഢതത്ത്വം മനസ്സിലാക്കിയ കേനോപനിഷത്തിലെ ഉമാഹൈമവതിയായി ലോകത്തെ ആദ്യത്തെ മീമാംസാഗ്രന്ഥമെഴുതിയ കാശകൃത്സ്നയായി – സ്ത്രീമുഖങ്ങളുടെ ചരിത്രം നീളുകയാണ്.
മുഹമ്മദ്ബിന്‍ കാസിം സിന്ധ് ആക്രമിക്കുന്നതു മുതലുള്ള ഹിന്ദുമതത്തിന്റെ ക്ഷയോന്മുഖസന്ധിയില് സ്ത്രീപദവി പിന്നീട് ശിഥിലമായി. എന്നിട്ടും വിദേശികളാല്‍ ഭ്രഷ്ട് കല്പിക്കപ്പെട്ട ഹിന്ദുസ്ത്രീകളെ സ്വമതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ദേവലസ്മൃതികള് ഉണ്ടായി.
പത്താം നൂറ്റാണ്ടിനുശേഷം രാജ്യത്തിന്റെയും സ്ത്രീത്വത്തിന്റെയും സംരക്ഷകരായി വീരാംഗനകള്‍ ഉയിര്‍ക്കൊണ്ടു. കാശ്മീരിലെ സുഗന്ധ, ദിസ്സ, കുത്തുബ്ദീനെ എതിര്‍ത്ത കൂര്മാദേവി, കോല്‍ഹാപൂരിലെ താരാബായി, ഇന്ദോറിലെ അഹല്യാ റാണി, ഝാന്‍സിയിലെ റാണി ലക്ഷ്മിബായി, കര്‍ണാടത്തിലെ റാണി ചന്നമ്മ, കേരളത്തിലെ ആറ്റിങ്ങല്‍ റാണി, ഇങ്ങനെ എത്രപേര്‍…. പത്തൊമ്പതാം നൂറ്റാണ്ടില്‍ ശ്രീരാമകൃഷ്ണപരമഹംസര്ക്ക് തന്ത്രവിദ്യ പകര്‍ന്ന ഭൈരവീദേവിയെയും പത്നി ശാരദാദേവിയെയും മറക്കാനാവില്ല.
സ്വാതന്ത്ര്യം
ഇതിഹാസകാലത്ത് വിവാഹേതരബന്ധം സ്വാഭാവികമെന്നോണം നിലനിന്നിരുന്നുവെന്നതിനെ ചൂണ്ടിക്കാട്ടുന്നതാണ് ഉദ്ദാലകകഥ. ഉദ്ദാലകന്റെ പത്നിയെ ആശ്രമത്തിലെത്തുന്ന താപസന് തന്റെ തുടര്‍ന്നുള്ള യാത്രയില്‍ കൂടെകൂട്ടുന്നു. മകന് ശ്വേതകേതു ഈ പ്രവൃത്തിയെ സംസ്കാരശൂന്യമായി കാണുകയും, എതിര്‍ത്ത് സംസാരിക്കുകയും ചെയ്യുമ്പോള്‍ ഉദ്ദാലകന് മകനെ ആശ്വസിപ്പിക്കുന്നു. യുഗങ്ങള്‍ മാറിക്കൊണ്ടിരിക്കുമ്പോള്‍ പുതിയ മൂല്യങ്ങള്‍ ഉയരുമെന്നും, അത് ഒരു തലമുറയുടെ സാംസ്കാരികമായ മാറ്റത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറയുന്നു. ഒരു പുരുഷന് ഒരു സ്ത്രീ എന്ന സമ്പ്രദായം സാര്‍വത്രികമാകുന്നത് പിന്നീടാണ്.
സ്വയംവരത്തില്‍ ജാതിയോ കുലമോപോലും കര്‍ശന നിയമമായിരുന്നില്ല. ബഹുഭാര്യാത്വവും ബഹുഭര്‍തൃത്വവും ഹിന്ദുധര്‍മ്മത്തിലും നിലവിലിരുന്നു. സ്വവര്‍ഗരതിയും ഉഭയലിംഗപരിവേഷവും ട്രാന്സ്ജെന്ഡറിസവുമൊക്കെ ശിഖണ്ഡിനി, സ്ഥൂലകര്ണകഥയെയും അര്‍ജുനന്റെ ബൃഹന്നള വേഷത്തെയും ശിവശക്തി സങ്കല്പത്തെയും മോഹിനീസങ്കല്പത്തെയുമൊക്കെ മുന്‍നിര്‍ത്തി ചര്‍ച്ച ചെയ്യാവുന്നതാണ്.
ലൈംഗിക സദാചാരത്തിന്റെ സ്വാഭാവികമായ മൂന്ന് ഘട്ടങ്ങള്‍ ലോകസ്വഭാവത്തിന്റെ സമാനതകളായി കാണാം. പ്രതുല്പാദന ലക്ഷ്യമില്ലാതെ മനുഷ്യര്‍ ലൈംഗികചോദനകള്‍ക്ക് അനുസരിച്ച് നിര്‍ബാധം ജീവിച്ചിരുന്ന കാലം, പ്രത്യുല്പാദനപരമല്ലാത്ത രതിചോദനകള്‍ വിലക്കപ്പെട്ടിരുന്ന കാലം, കുടുംബവ്യവസ്ഥയുടെ പരിധികള്‍ക്കപ്പുറത്തുള്ള ലൈംഗികബന്ധങ്ങള്‍ വിലക്കപ്പെട്ട കാലം എന്നിങ്ങനെ.
തുല്യനീതിയുടെ ഭേദങ്ങള്‍
ലിംഗപരമായ വിവേചനത്തില്‍നിന്ന് സ്ത്രീക്ക് തുല്യനീതി ഉറപ്പാക്കാന്‍ രൂപപ്പെടുത്തിയ പാശ്ചാത്യ സൈദ്ധാന്തികപദ്ധതിയുടെ കലഹസ്വഭാവവും ഹിന്ദുധര്‍മ്മത്തിന്റെ ആര്ഷമനന സാത്മീകരണവും ഏതേത് അകലങ്ങളിലാണ് രണ്ട് സംസ്കാരത്തെയും അടയാളപ്പെടുത്തിയത് എന്നത് ചര്‍ച്ച ചെയ്യേണ്ടതാണ്. ഗ്രീക്ക് സംസ്കാരത്തില്‍ സ്ത്രീകള്‍ സര്വദൂഷ്യങ്ങള്ക്കും ഉറവിടങ്ങളായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലെ പരിഷ്കാരിയായ ഭര്‍ത്താവിന് ഭാര്യയെ ശാരീരികമായി ശിക്ഷിക്കാന്‍ നിയമപരമായി അവകാശമുണ്ടായിരുന്നു. അതേ കാലഘട്ടത്തില്‍ ഹിന്ദു നിയമമനുസരിച്ച് സ്ത്രീയെ ശിക്ഷിക്കാന്‍ ഭരണകൂടത്തിനുപോലും അവകാശമുണ്ടായിരുന്നില്ല.
ഫ്രഞ്ച് വിപ്ലവത്തിലെ സമരാവേശദര്ശനത്തെ പിന്തുടര്ന്ന് ഒരു നാട്യവേദിയുണ്ടാക്കണമെന്ന് വാദിച്ച ഒലിംവെദ ഗൗജിനെ ഫ്രാന്‍സിലെ ഭരണകൂടം തലവെട്ടിക്കൊന്നു. ഫ്രഞ്ച് വിപ്ലവത്തിലെ ആണധികാരത്തെ ചോദ്യം ചെയ്ത തിയോറിന് ഡി മേരികുര്ദ് ഭ്രാന്താലയത്തില്ക്കിടന്ന് മരിച്ചു.
ഇവിടെ സുലഭാ ജനക സംവാദ സന്ദര്‍ഭം ഓര്‍ക്കണം. ആണധികാരത്തെ താര്‍ക്കികമായി നേരിട്ട ആ സംവാദം മനസ്സിന്റെയും ഭാഷയുടെയും ബുദ്ധിയുടെയും സംസ്കാരത്തിന്റെയും ആത്മാവിന്റെയും അനുരഞ്ജനവേദിയായി. ദ്വൈതബോധത്തില്‍ നിന്ന് അദ്വൈതത്തിലേക്കുള്ള തുടക്കമായി. ഏകം എന്ന ബോധം ബ്രഹ്മജ്ഞാനത്തിന്റെ തത്ത്വമായി. യഥാര്‍ത്ഥജ്ഞാനം സര്വ്വഭൂതഹൃദയതത്ത്വമാണ്, സഹവര്‍ത്തിത്വമാണ്, അഹംബോധത്തില്‍ നിന്നുള്ള മോചനമാണ്. മതമോ ആചാരമോ തുല്യതാസങ്കല്പമോ ലിംഗനീതിരാഹിത്യമോ വിവേചനമോ ഹിന്ദുധര്‍മ്മത്തിന്റെ വിശാലതയിലെ അവ്യാഖ്യേയ സങ്കല്പങ്ങളായി ഇവിടെയൊന്നും അധഃപതിക്കുന്നില്ല. ഹിന്ദുധര്‍മ്മത്തിന് സമൂഹത്തിന്റെ ആവശ്യമനുസരിച്ച് അറിഞ്ഞ് വികസിച്ച ചരിത്രമാണുള്ളത്.
പതിനേഴാം നൂറ്റാണ്ടില്‍ തുടങ്ങി ഇരുപതാം നൂറ്റാണ്ടോടെ ശക്തിപ്രാപിച്ച പാശ്ചാത്യ സ്ത്രീവാദവും സ്ത്രീവാദവിമര്ശനങ്ങളും ലിംഗപരമായ വിവേചനത്തില്‍നിന്ന് സ്ത്രീകള്‍ക്ക് തുല്യനീതി ഉറപ്പാക്കാന്‍ രൂപപ്പെടുത്തിയ. സൈദ്ധാന്തിക പദ്ധതിയായിരുന്നു. കുടുംബം, സമൂഹം, സംസ്കാരം, മതം തുടങ്ങിയ കെട്ടുപാടുകളില്‍ നിന്നുള്ള സ്ത്രീയുടെ മോചനവും സ്വാതന്ത്ര്യ സങ്കല്പവും പടിഞ്ഞാറിന്റേതാണ്. സിമോണ്‍ ഡി ബുവ്വയുടെ ഠവല ടലരീിറ ടലഃ ഉം ബെറ്റി ഫ്രീഡന്റെ ഠവല എലാശിശില ങശേെശൂൗല ഉം സ്ത്രീയെ രണ്ടാംതരം പൗരന്മാരായി ചിത്രീകരിക്കുന്ന പിതൃകേന്ദ്രിത വ്യവസ്ഥയെ ചോദ്യം ചെയ്യുന്നു. പാരിസ്ഥിതിക സ്ത്രീവാദം, കറുത്ത സ്ത്രീവാദം, ലെസ്ബിയന്‍ സ്ത്രീവാദം തുടങ്ങി ഇന്ന് ഫെമിനിസത്തിന്റെ വ്യത്യസ്തധാരകള്‍ കിഴക്കും ജീവശാസ്ത്രം, മനശ്ശാസ്ത്രം, ഭാഷാശാസ്ത്രം, സംസ്കാരം എന്നിവയിലെല്ലാം വ്യാപിച്ചുകാണുന്നു.
വ്യക്തി, സമൂഹം, സ്ത്രീ, പുരുഷന് തുടങ്ങിയ സാമൂഹ്യ ഘടകങ്ങളെ ഒന്ന് ഒന്നിന്റെ അപരമെന്ന് കാണുന്നതിലെ വൈരുധ്യമാണ് ഈ വ്യാപനത്തിന്റെ അടിസ്ഥാനം.
യദിഹാസ്തി തദന്യത്ര
യന്നേ ഹാസ്തി ന തത്ക്വചിത്
ഭാരതീയ ജീവിത വിദ്യാഭ്യാസത്തില്‍ ദ്വന്ദ്വബോധമില്ല.അത് ഇല്ലാത്തതിനുവേണ്ടി ആര്ത്തിപ്പെടുന്നില്ല. നിത്യദുഃഖങ്ങളെ ഉപാസിക്കുന്നില്ല. പ്രകാശപൂരിതവും സ്വയം സമ്പൂര്‍ണവുമായ സര്‍വതലസ്പര്‍ശിയായ ദര്‍ശനമാണത്. ആദിവേദത്തില് പരാമര്‍ശിക്കാത്ത പാരിസ്ഥിതിക സ്ത്രീവാദദര്ശനങ്ങളില്ല. വേദേതിഹാസത്തിന്റെ വിശാലസ്ഥലിയില് സ്ഥലകാലങ്ങളനുസരിച്ച്, പ്രകൃതിയും പ്രവൃത്തിയുമനുസരിച്ച് ധര്‍മ്മ സങ്കല്പങ്ങള് ചലനാത്മകമാകുന്നത് നമുക്ക് കാണാം. അവിടെ ചര്‍ച്ചചെയ്യാത്ത കറുത്ത ഫെമിനിസവും ലെസ്ബിയന്‍ ഫെമിനിസവും റാഡിക്കല്‍ ഫെമിനിസവുമുണ്ടോ?
ധര്‍മ്മത്തോടൊപ്പം അര്‍ത്ഥകാമങ്ങളെ സഹജവ്യാപാരങ്ങളായി ദര്‍ശിച്ച് ധര്‍മ്മത്തില്‍നിന്ന് അവയെ വിപുലപ്പെടുത്തി വ്യാഖ്യാനിച്ച നമ്മുടെ ധര്‍മ്മഗുരുക്കന്മാര്‍ കാലങ്ങള്‍ക്കൊത്ത് ജനിച്ചവരും ജീവിച്ചവരുമാണ്. വൈവിധ്യത്തില്‍ ഏകതയെ കാണുന്ന സഹവര്ത്തിത്വശക്തിയാണത്. യജ്ഞസങ്കല്പത്തിലെ മൃഗബലി നിരോധിക്കണമെന്ന് ഋഷിയുടെ നാവായി വ്യാസന് പറയുമ്പോള്‍, സമുദ്ഗ്രഥനാത്മക ആശയസംഹിതയായ കൃഷ്ണന് ഗീത ഉപദേശിക്കുമ്പോള്‍, രാഷ്ട്രതന്ത്രത്തിലും ധര്മ്മശാസനത്തിലും ഋഷികള്‍ ഇടപെടുമ്പേള് മാറ്റമില്ലാത്ത നിയമസംഹിതയാണ് ഹിന്ദുധര്മ്മത്തിനുള്ളതെന്ന് ആര്‍ക്ക് പറയാനാകും?
മുന്‍പ് സൂചിപ്പിച്ച സുപ്രീംകോടതിവിധികളെ പരാമര്‍ശിച്ച് 2018-ന്റെ രാഷ്ട്രീയ കാലുഷ്യം നിര്‍വീര്യമാകാന്‍ ഹിന്ദുധര്‍മ്മത്തിന്റെ മര്‍മ്മമറിഞ്ഞ ഒരു ഋഷി വേദസംസ്കാരത്തിന്റെ സാംസ്കാരികഭൂമികയില്‍ ഉറച്ചുനിന്നുകൊണ്ട് വര്‍ത്തമാനകാല രാഷ്ട്രധര്മ്മത്തെപ്പറ്റി സംസാരിച്ചതും അതിന്റെ തുടര്‍ച്ചയാണ്. ശബരിമല വിഷയത്തില്‍ അനുരഞ്ജനത്തിന്റെ ഭാഷയാണ് അഭികാമ്യമെന്ന ആ വാക്കുകള്‍ ഹിന്ദുവിന്റെ വിശ്വോത്തരമായ ആദര്‍ശസംഹിതയുടെ പൊളിച്ചെഴുത്തായിരുന്നില്ല, മറിച്ച് പ്രപഞ്ചത്തോളം വിശാലമായ അനശ്വരദര്ശനത്തിന്റെ ഓരോ അണുവിലും പ്രകാശിക്കുന്ന വികാസം എന്ന പ്രപഞ്ചതത്ത്വത്തിലേക്കുള്ള പടികയറ്റമായിരുന്നു.
മഹാഭാരതത്തില്‍ മഹര്‍ഷിമാര്‍ അധര്‍മ്മിയും സ്വേച്ഛാധിപതിയുമായ വേനന്റെ ഇടത്തേ തുട കടഞ്ഞു എന്ന ദൃശ്യകഥാസന്ദര്ഭത്തിന് വ്യത്യസ്തങ്ങളായ ഭാവാര്ത്ഥതലങ്ങളുണ്ട്. ജനാധിപത്യത്തിന്റെ ഇടത്തേ തുട കടഞ്ഞ് നമ്മുടെ നാട്ടിലെ ഭരണപാപം കുറച്ചുതരാന്‍ യോഗ്യരായ മഹര്‍ഷിമാര്‍ ഇല്ലാതെ പോയതാണ് ഇന്നിന്റെ രാഷ്ട്രീയദുരന്തം.
(ചങ്ങനാശ്ശേരിയില്‍ നടന്ന ഭാരതീയവിചാരകേന്ദ്രം സംസ്ഥാനസമ്മേളനത്തില്‍ ‘സാമൂഹ്യ സഹവര്‍ത്തിത്വം- നയവും നിലപാടും’ എന്ന വിഷയത്തില്‍ നടത്തിയ പ്രസംഗം. പന്തളം എന്‍എസ്എസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: