ഫുണ്‍ഡാവോ അണക്കെട്ട് പൊട്ടിയിട്ട് ആയിരം നാള് കഴിയുകയാണ്. ഫുണ്‍ഡാവോ പൊട്ടിയത് പ്രളയം വന്നല്ല. അര്‍ദ്ധരാത്രി ആരും തുറന്നുവിട്ടതുമില്ല. തികച്ചും സ്വാഭാവികമായിരുന്നു ആ തകര്‍ച്ച. പക്ഷേ അന്നവിടെ സംഭവിച്ചത് വലിയൊരു ഭൂവിഭാഗത്തിന്റെയാകെ പരിസ്ഥിതി തകര്‍ച്ചയായിരുന്നു. ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരിസ്ഥിതി ദുരന്തമായിരുന്നു അത്.
ഫുണ്‍ഡാവോ വെറുമൊരു അണക്കെട്ടായിരുന്നില്ല. ബ്രസീലിന്റെ സംസ്ഥാനമായ മിനാസ് ജെറയിസിലെ സമാര്‍ക്കോ ഇരുമ്പയിര് കമ്പനിയുടെ മാലിന്യ സംഭരണിയായിരുന്നു ആ അണക്കെട്ട്. ഇരുമ്പയിരും ഖനനമാലിന്യങ്ങളും രാസവിഷങ്ങളുമായിരുന്നു അതില്‍ പ്രധാനമായും കെട്ടിക്കിടന്നത്. കണക്ക് പ്രകാരം 50 ദശലക്ഷം ക്യുബിക് മീറ്റര്‍ ലോഹമാലിന്യം ശക്തിയേറിയ രാസവസ്തുക്കളുമായി പ്രതിപ്രവര്‍ത്തിച്ച് അണകെട്ടാനുപയോഗിച്ച സിമന്റും മണലുമൊക്കെ ക്ഷയിച്ച് അണക്കെട്ടിന്റെ അസ്ഥിവാരം തന്നെ തകരുകയായിരുന്നു.
അങ്ങനെയാണ് 2015 നവംബര്‍ അഞ്ചിന് ആരോരുമറിയാതെ ആ അണപൊട്ടിത്തകര്‍ന്നത്; രാസ-ലോഹ മാലിന്യങ്ങളപ്പാടെ നഗരത്തിലും നാട്ടിന്‍പുറത്തുമൊക്കെ കുതിച്ചൊഴുകിയത്. ആ കുത്തൊഴുക്കില്‍ ഇരുനില മാളികകള്‍പോലും മുങ്ങിമറഞ്ഞു. നിരവധി പേര് മരിച്ചു. ആയിരക്കണക്കിന് വാഹനങ്ങള്‍ കാണാതായി. പതിനായിരക്കണക്കിന് കുടിവെള്ള സ്രോതസ്സുകള്‍ മലിനീകരിക്കപ്പെട്ടു. വനവും വന്യമൃഗസമ്പത്തും പാടേ തുടച്ചുനീക്കപ്പെട്ടു. മാലിന്യ പ്രളയത്തില്‍ ബ്രസീലിലെ മുഖ്യനദിയായ ‘റിയോഡോസി’ല്‍ ഓക്സിജന്‍ നിലവാരം തീരെ താഴ്ന്നു. ലക്ഷക്കണക്കിന് മീനുകള്‍ ചത്തുപൊങ്ങി. നദി 600 കിലോമീറ്റര്‍ ദൂരം മലിനമായെന്ന് ശാസ്ത്രജ്ഞര്‍ സാക്ഷ്യപ്പെടുത്തി. മാലിന്യം കടലിലും എത്തി. സര്‍ക്കാര്‍ കണക്കുപ്രകാരം രാജ്യത്തിനുണ്ടായ സാമ്പത്തിക നഷ്ടം 7.2 സഹസ്രകോടി (ബില്യന്‍) ഡോളര്‍.
ലക്ഷങ്ങളുടെ ജീവനദിയായി വിശേഷിപ്പിക്കപ്പെടുന്ന റിയോഡോസില്‍ ആര്‍സനിക്-മെര്‍ക്കുറി-രാസസംയുക്തങ്ങള്‍ നിറഞ്ഞതോടെ 230 മുനിസിപ്പാലിറ്റികളാണ് കുടിവെള്ളം കിട്ടാതെ വീര്‍പ്പുമുട്ടിയത്. കൃത്യമായി പറഞ്ഞാല്‍ 17 ദിവസംകൊണ്ട് അണയിലെ ശേഷിപ്പുകള്‍ ഒഴുകിയൊഴുകി അറ്റ്ലാന്റിക് സമുദ്രത്തിലെത്തി. ലെതര്‍ബാക്ക് കടലാമകളുടെ പ്രജനന കേന്ദ്രമായ കമ്പോയിയോസ് ബയോളജിക്കല്‍ റിസര്‍വില്‍ വന്‍നാശമാണ് മാലിന്യപ്രവാഹം വരുത്തിവച്ചത്.
ഫുണ്‍ഡാവോ തകര്‍ന്ന് വര്‍ഷം മൂന്നു കഴിഞ്ഞിട്ടും പരിസ്ഥിതി പ്രശ്നം രൂക്ഷമാണ്. അണയുടെ ഇരിപ്പിടമായിരുന്ന മറിയാനാ നഗരം ഒരു മൃതനഗരമായി തുടരുന്നു. മനുഷ്യനെയും മൃഗങ്ങളെയും അപൂര്‍വസസ്യജാലങ്ങളെയും മുക്കിക്കൊന്ന് കുഴിച്ചുമൂടിയ മഹാപ്രളയത്തില്‍ ചില വനഭാഗങ്ങള്‍ പോലും ഒരിക്കലും മടങ്ങിവരാത്ത വിധം നശിച്ചുകഴിഞ്ഞു. ‘നദീജല പ്രവാഹത്തിനു സമീപമുള്ള റിജന്‍സിയ ഗ്രാമത്തിലെ നദീമുഖം അപ്പാടെ നശിച്ചുപോയി കടലോര ടൂറിസം പാടേ തകര്‍ന്നു. അപകടം സംഭവിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും മാലിന്യത്തില്‍ ഇരുമ്പിന്റെ ഓക്സി ഹൈഡ്രോക്സൈഡുകളും രാസമാലിന്യങ്ങളും നിറഞ്ഞുനില്ക്കുന്നുവെന്ന് ശാസ്ത്രജ്ഞര്‍. മണ്ണിന്റെ മേല്‍നിരകളില്‍ അടിഞ്ഞുകൂടിയ അവ ക്രമേണ അലിഞ്ഞുലഞ്ഞ് മണ്ണിലും വെള്ളത്തിലും വ്യാപിച്ചേക്കാമെന്ന മുന്നറിയിപ്പുമുണ്ട്.
വന്‍ പരിസ്ഥിതി നാശമാണ് ശാസ്ത്രജ്ഞരുടെ കണ്മുന്നിലുള്ളത്. വനവും കൃഷിയിടങ്ങളും വാസസ്ഥലങ്ങളും ഒരിക്കലും പൂര്‍വസ്ഥിതിയിലെത്തില്ലത്രെ. പരിസ്ഥിതി നാശത്തിനൊപ്പം അനന്തമായ സാമൂഹിക പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനും നിരന്തര ശ്രമം ആവശ്യമാണെന്ന് സാവോപൗളയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്കല്‍ റിസര്‍ച്ചിലെ ഭൂഗര്‍ഭ ശാസ്ത്രജ്ഞന് ഒമര്‍ ബിടാര്‍ മുന്നറിയിപ്പ് നല്കുന്നു. വ്യവസായ ശാലകളുടെ നാടായ കേരളത്തിന് ഫുണ്‍ഡാവോ ഒരു മുന്നറിയിപ്പാണ് നല്‍കുന്നതെന്ന് ഓര്‍ക്കുക…!!!
വാല്‍ക്കഷ്ണം: അധിക ആവൃത്തിയിലുള്ള ശബ്ദം തുടര്‍ച്ചയായി കേള്‍ക്കുന്നവര്‍ക്ക് ഹൃദ്രോഗവും പക്ഷാഘാതവും സംഭവിക്കാന്‍ സാധ്യതയേറെയെന്ന് മസാച്ചുസെറ്റ്സ് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ പഠനം മാനസിക പിരിമുറുക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. തലച്ചോറിലെ അമിഗ്ഡാല പ്രതികരിക്കുന്നതാണതിനു കാരണം. ശരാശരി 56 വയസ്സ് പ്രായപരിധിയില്‍ വരുന്ന 499 പേരില്‍ നടത്തിയ നിരന്തര പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിരീക്ഷണം. പഠനത്തിന്റെ തുടക്കത്തില്‍ 499 പേര്‍ക്കും ഹൃദയസംബന്ധമായ യാതൊരു അസുഖങ്ങളും ഉണ്ടായിരുന്നില്ല. പക്ഷേ നിരീക്ഷണം നടന്ന അഞ്ചുവര്‍ഷ കാലത്ത് 499 ല്‍ 40 പേര്‍ക്കും ഹൃദയസംബന്ധമായ രോഗങ്ങള്‍ വന്നതായി പഠനം വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: