ജര്‍മന്‍ മതില് പൊളിഞ്ഞതല്ല. പൊളിച്ചതാണ്. എന്നാല്‍, കേരളത്തില്‍ ഇപ്പോള്‍ രണ്ടു മതിലുകള്‍ വീണുകൊണ്ടിരിക്കുന്നു. അത് ആരും പൊളിക്കുന്നതല്ല, താനേ പൊളിയുന്നതാണ്.
രണ്ടും സംസ്ഥാന സര്‍ക്കാര്‍ സ്പോണ്സര് ചെയ്യുന്നവതന്നെ. ഒന്ന് വനിതാ മതില്. രണ്ട് നുണകളുടെ മതില്. ആദ്യത്തേതു പണിതുടങ്ങും മുന്‍പേയാണ് വീഴുന്നത്. രണ്ടാമത്തേത് തുടര്‍ക്കഥപോലെ, പണിയും വീഴും, പണിയും വീഴും അങ്ങനെ പോവുന്നു. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നാട്ടില്‍ ഏറ്റവും തഴച്ചുവളര്‍ന്ന വ്യവസായം നുണ പറയലാണ്.
മുഖ്യമന്ത്രിയാണ് പ്രധാനവ്യവസായി. നിയമസഭയ്ക്ക് അകത്തും പുറത്തും പത്രസമ്മേളനത്തിലും പാര്‍ട്ടിപരിപാടിയിലും ഒക്കെ അത് നന്നായി നടത്തും. അതിലെ ഏറ്റവും പുതിയതാണ് ഈയിടെ ഇന്ത്യന്‍ സേനയേക്കുറിച്ചു പറഞ്ഞത്. പ്രളയ ദുരന്തസഹായത്തിനു സേന കോടികള്‍ പ്രതിഫലം ആവശ്യപ്പെട്ടു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞത്.
അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്നു വ്യോമ, നാവിക സേനാ വക്താക്കള്‍ വ്യക്തമാക്കിക്കഴിഞ്ഞു. മുഖ്യന് മിണ്ടുന്നില്ല. ശിങ്കിടികള്‍ കഥയറിയാത്തതുപോലെ കേട്ടത് പാടി നടക്കുന്നു. എഴുനൂറു കോടിയുടെ വിദേശസഹായ വിലക്കിന്റെയും പ്രളയ ദുരിതാശ്വസമായിക്കിട്ടിയ ഭക്ഷ്യധാന്യത്തിന് കേന്ദ്രം വിലചോദിച്ചതിന്റെയും ഒക്കെ പേരുപറഞ്ഞ് ഇറക്കിയ നുണക്കഥകള്‍ ഇനി പുറത്തുമിണ്ടാന്‍ വയ്യാത്തവിധം പൊളിഞ്ഞുകിടപ്പുണ്ട്.
ദേശാഭിമാനിക്കപ്പുറം ഒരു പത്രവും വായിക്കാത്ത കുട്ടിസഖാക്കളും ചില ചര്ച്ചാത്തൊഴിലാളികളുമൊക്കെ ഇപ്പോഴും അതൊക്കെ പൊടിതട്ടിയെടുത്തുപയോഗിക്കുന്നുണ്ടെങ്കിലും മൂര്ച്ചതീരെയില്ല. മൂര്‍ച്ചകൂട്ടാനാണ് പുതിയൊരെണ്ണം പിണറായി ഇറക്കിയത്. അതും പൊളിഞ്ഞു വീണതോടെ അടുത്തതിനായി ജനം കാതോര്‍ത്തിരിക്കുന്നു.
പ്രതിഫലത്തിന്റെ കാര്യം നിഷേധിച്ചതിനൊപ്പം ദക്ഷിണമേഖലാ നാവിക കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ നവീന്‍ കുമാര്‍ ചൗള പറഞ്ഞ കാര്യം മുഖ്യമന്ത്രി ഒന്നു ശ്രദ്ധിച്ചുകേട്ടാല്‍ നന്നായിരുന്നു. സേവനം സേനയുടെ ദൗത്യവും ഉത്തരവാദിത്തവുമാണെന്നും അവിടെ പ്രതിഫലേഛയ്ക്കു സ്ഥാനമില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. വ്യോമസേനയ്ക്കുവേണ്ടി ധന്യ സനലും ഇക്കാര്യം വ്യക്തമാക്കി.
വേണ്ടിടത്തും വേണ്ടാത്തിടത്തും അനവസരത്തിലും സേനയെ പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്ത മുഖ്യന്, അവശ്യസമയത്ത് അവരുടെ സേവനം ഉപയോഗപ്പെടുത്തിയതിനു നന്ദിയെങ്കിലും കാണിക്കാമായിരുന്നു. ജീവന് പണയംവച്ച് സൈന്യം നടത്തിയ സേവനത്തിന്റെ മഹത്വത്തിന് പിണറായി കല്പിക്കുന്ന വില എന്താണാവോ? അതെത്രയായാലും, ജനമനസ്സില്‍ അതിന്റെ വില അതിനേക്കാള്‍ നൂറുമടങ്ങു വലുതായിരിക്കും.
അവരാണല്ലോ ആ സേവനത്തിന്റെ മൂല്യം ശരിക്ക് അറിഞ്ഞത്. ആരോരും ആവശ്യപ്പെടാതെതന്നെ സേവനരംഗത്തേയ്ക്കു സ്വയം കുതിച്ചെത്തിയ മത്സ്യത്തൊഴിലാളി സഹോദരങ്ങളെ രാഷ്ട്രീയത്തിന്റെ പേരില്‍ വേര്‍തിരിച്ച ഭരണസംവിധാനത്തില്‍ നിന്ന് ഇതൊക്കയേ പ്രതീക്ഷിക്കാനുള്ളൂ.
പണ്ട് മുഖ്യമന്ത്രി നായനാര്‍ കെ. കരുണാകരനെക്കുറിച്ചു പറഞ്ഞതാണ് ഓര്‍മവരുന്നത്. കരുണാകരന് രണ്ടു കാര്യത്തിനേ വാ തുറക്കൂ എന്നായിരുന്നു നായനാരുടെ കമന്റ്. തിന്നാനും നുണ പറയാനും. ഇന്നത്തെ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കുറിച്ചാണെങ്കില്‍ ഒരുകാര്യംകൂടി കൂട്ടിച്ചേര്‍ത്താല്‍ നന്നാവും.
പുലഭ്യം പറയാനും അവര്‍ വാ തുറക്കും. ഇക്കാര്യത്തില്‍ പദദാരിദ്ര്യം എന്നൊന്ന് അവര്‍ക്കില്ല. നുണക്കഥകള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും. പൊളിഞ്ഞുവീണാലും അതിന്മേലാണ് അവരുടെ കുടിയിരുപ്പ്.
മതിലുകള്‍ പലതും ഇനിയും പൊളിയും. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ഇരുമ്പുമറകള്‍ വരെ തകര്‍ന്നു കിടക്കുന്നുണ്ടല്ലോ. ചരിത്രത്തിനു വഴിമാറി നടക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: