മതിലുകളില്ലാത്ത ലോകമാണ് കമ്മ്യൂണിസം വിഭാവനം ചെയ്യുന്നത്. സര്‍വരാജ്യത്തൊഴിലാളികളെ സംഘടിക്കുവാന്‍ ആഹ്വാനം ചെയ്ത പ്രസ്ഥാനമാണത്. ഒരേയൊരു ലോകം, ഒരേയൊരു ജനത എന്നൊക്കെ പറയാം. രാജ്യാതിര്‍ത്തികള്‍ക്ക് അപ്പുറം ലോക ജനതയെ ഒന്നായിക്കാണുന്ന പ്രസ്ഥാനം. ജാതി, മത, വംശ, വര്‍ഗീയ ചിന്തകള്‍ക്കെല്ലാം അതീതം. വിശ്വമാനവികതയുടേയും തൊഴിലാളിവംശാധിപത്യത്തിന്റെയും മധുരമനോഹര മനോജ്ഞ ലോകം ആണ് കമ്മ്യൂണിസ്റ്റുകള്‍ സ്വപ്നം കാണുന്നത്. ആ പ്രസ്ഥാനം വിചിത്ര രൂപം പൂണ്ടു നില്ക്കുകയാണിന്ന്. ഭീകരരൂപം എന്നു പറഞ്ഞാലും തെറ്റില്ല. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് മേല്‍പ്പറഞ്ഞതൊന്നും വലിയ കാര്യമല്ല. ഭരണം നിലനിര്‍ത്താന്‍ മതില് തീര്‍ത്ത് ജനങ്ങളെ വേര്‍തിരിക്കാനുള്ള തിരക്കിലാണവര്‍. ജാതിചിന്തയുടെ മതിലുകള്‍ ഇടിച്ചു നിരത്തിയ നവോത്ഥാന നായകന്മാരുടെ പാത പിന്തുടരുന്നതിന്റെ ഭാഗമാണ് ഈ പുതിയ മതില് എന്ന് അവര്‍ ഉദ്ഘോഷിക്കുന്നുമുണ്ട്. ശബരിമലയിലെ യുവതീ പ്രവേശനത്തിന്റെ പേരില്‍ സ്ത്രീ-പുരുഷ സമത്വം നടപ്പാക്കാനാണത്രെ വനിതാ മതില് സംഘടിപ്പിക്കുന്നത്. മലകയറാന്‍ യുവതികളെ കിട്ടാത്തിന്റെ ചൊരുക്ക്, സവര്‍ണ-അവര്‍ണ വിദ്വേഷം വളര്‍ത്തി തമ്മില്‍ത്തല്ലിച്ചു തീര്‍ക്കാനാണ് നീക്കം.
ജാതിചിന്ത പതിയെപ്പതിയെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നാടാണ് കേരളം. അയിത്തവും തൊട്ടുകൂടായ്മയും അനാചാരങ്ങളും ക്രമേണ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഇതിനൊക്കെ തുടക്കമിട്ടത് മാനുഷികമൂല്യങ്ങളില്‍ ഊന്നിനിന്നു പുരോഗമന ചിന്തയോടെ പ്രവര്‍ത്തിച്ച ഒരു സംഘം നവോത്ഥാന നായകന്മാരാണ്. കേരള സമൂഹം എന്നും നന്ദിയോടെ ഓര്‍മിക്കുന്ന പേരുകളാണ് അവരുടേത്. അക്കൂട്ടത്തിലൊന്നും തങ്ങളുമായി ബന്ധപ്പെട്ട ഒരു പേരും പറയാനില്ലാത്തതിന്റെ വിഷമം എന്നും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളേയും നേതാക്കളേയും വേട്ടയാടിയിട്ടുണ്ട്. സാഹചര്യം മുതലെടുത്തുകൊണ്ട് ആ പട്ടികയില്‍ കയറിക്കൂടാനും അതിനൊപ്പം, ഭിന്നിപ്പിച്ചു മുതലെടുക്കുന്ന തന്ത്രം പയറ്റിനേട്ടമുണ്ടാക്കാനുമാണ് പാര്‍ട്ടിയുടെ ശ്രമം. കാലക്രമത്തില്‍ ആരോരമറിയാതെ മാഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്ന മതിലുകള്‍ ജനമനസ്സില്‍ വീണ്ടും കെട്ടിപ്പൊക്കാനുള്ള ഗൂഢമായ ഈ ശ്രമം ഭരിക്കുന്ന കക്ഷിയില്‍ നിന്നുതന്നെ ഉണ്ടാകുന്നു എന്നതാണ് വിരോധാഭാസം. അത് ഉണ്ടാക്കിയേക്കാവുന്ന ഭവിഷ്യത്തിനെക്കുറിച്ച് അവര്‍ ഒട്ടും വ്യാകുലരല്ല. കിട്ടിയ ഭരണം ഏത് രീതിയിലും നിലനിര്‍ത്തുക മാത്രമാണ് ലക്ഷ്യം. രാഷ്ട്രീയ നേതൃത്വവും ഭരണ നേതൃത്വവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചോ ഭരണ സംവിധാനത്തിന്റെ മൂല്യത്തേക്കുറിച്ചോ ഉത്തരവാദിത്തത്തെക്കുറിച്ചോ യാതൊരു ധാരണയുമില്ലാത്തവരുടെ കൈയില്‍ ഭരണച്ചുമതല ഏല്പിച്ചതിന്റെ ദുരിത ഫലം ഇനിയും നാട് അനുഭവിക്കാനിരിക്കുന്നതേയുള്ളൂ എന്നതിലേയ്ക്കാണിത് വിരല്‍ ചൂണ്ടുന്നത്.
ജാതിസ്പര്‍ധയും മതസ്പര്‍ധയും വളര്‍ത്തുന്നവര്‍ക്ക് എതിരായ ശക്തമായ നീക്കത്തിന്റെ ഭാഗമാണ് മതില് എന്നാണ് പാര്‍ട്ടി പറയുന്നത്. ഈ രണ്ടു സ്പര്‍ധകളുടേയും കാര്യത്തില്‍ പാര്‍ട്ടിക്കു വ്യക്തമായ കാഴ്ചപ്പാടുണ്ട്. അതുള്ളവരെ കണ്ടെത്താനും ഒറ്റപ്പെടുത്താനും സുചിന്തിതമായ, അതേസമയം വളരെ ലളിതവുമായ പദ്ധതികളുമുണ്ട്. അതിന്റെയെല്ലാം അടിസ്ഥാനം, ജാതിമത ഭേദമില്ലാതെ സമൂഹം ആരാധിക്കുന്ന ശബരിമലയുടെ പേരിലാണെന്നത് ഏറെ വിചിത്രം. നാമം ജപിക്കുകയോ ശരണം വിളിക്കുകയോ ചെയ്യുന്നവര്‍, പാര്‍ട്ടി കഴ്ചപ്പാടില്‍, ഈ രണ്ടു വിഭാഗത്തിലും പെടും. അമ്പലത്തില്‍ പോവുകയോ പ്രസാദം കുറിയിടുകയോ ചെയ്താലും ഈ ഗണത്തില്‍പ്പെടുത്താം. ശബരിമലയില്‍ പോകാന്‍ മാലയിട്ടാല്‍ അവര്‍ ക്രിമിനലുകള്‍കൂടിയാകും. മലചവിട്ടിയാല്‍ അക്രമികളും സന്നിധാനത്തു ശരണം വിളിച്ചാല്‍ തീവവാദികളുമാകും. ഇതൊക്കെ സംഭവിക്കുന്നത് സ്ത്രീ-പുരുഷ വിവേചനം കൊണ്ടാണത്രെ. അതുകൊണ്ടു വിവേചനം അവസാനിപ്പിക്കണം. അതിനു സ്ത്രീകളുടെ മതില് നിര്‍മിക്കാനാണ് പാര്‍ട്ടി തീരുമാനം. കേരള ദേശത്ത് അങ്ങോളമിങ്ങോളം നീളുന്ന മതിലില്‍ സ്ത്രീകള്‍ മാത്രമേ അണിനിരക്കാവൂ എന്നു പാര്‍ട്ടിക്കും സര്‍ക്കാരിനും നിര്‍ബന്ധമുണ്ട്. ശബരിമലയുടെ പേരില്‍ പതിനെട്ടടവും പയറ്റിയിട്ടും അചഞ്ചലമായി നിന്ന ഹിന്ദുഐക്യം തകര്‍ക്കാന്‍ സമൂഹമനസ്സിലേയ്ക്കു വിഷം തളിക്കുകയാണ് സര്‍ക്കാര്‍. ഇതുവരെ പുലര്‍ത്തിയ സ്വയം നിയന്ത്രണവും സംയമനവും ഇവിടെയും ഹൈന്ദവ സമൂഹത്തെ രക്ഷിക്കുമെന്ന് പ്രത്യാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: