സംഘപഥത്തിലെ ഏതാനും വിദ്യാലയ ചിന്തകളാകട്ടെ ഇക്കുറി എന്നു വിചാരിക്കുകയാണ്. ഈ പംക്തിയില്‍ അത് പലതവണ നടത്തിയതുമാണ്. എന്നാലും ഞാന്‍ കലാലയ പഠനത്തിന് തുടക്കമിട്ട തിരുവനന്തപുരത്തെ മഹാത്മാഗാന്ധി കോളജ് ആരംഭിച്ചിട്ട് ഏഴു പതിറ്റാണ്ടുകള്‍ കഴിഞ്ഞുവെന്നും, തലസ്ഥാന നഗരത്തിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ തന്നെ കാണാന്‍ കഴിയുന്ന അന്യാദൃശ ഗാംഭീര്യമുള്ള കരിങ്കല്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് അറൂപതു വര്‍ഷം പൂര്‍ത്തിയായി എന്നതുമാത്രമാണ് ഈ സ്മരണകള്‍ കുറിക്കാന്‍ കാരണം.
തിരുവിതാംകൂര്‍ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യര്‍ വിദ്യാഭ്യാസവിദഗ്ദ്ധന്‍ കൂടിയായിരുന്നു. ഉന്നത വിദ്യാഭ്യാസരംഗത്ത് സ്കൂള്‍ തലത്തിനും കോളജ് തലത്തിനുമിടയില് ഒരു പ്രീയൂണിവേഴ്സിറ്റി ഘട്ടം വേണമെന്നു തീരുമാനിച്ച് ഭാരതത്തില്‍ത്തന്നെ അതാദ്യമായി നടപ്പാക്കിയത് സി.പി. ദിവാനായിരുന്ന തിരുവിതാംകൂറിലായിരുന്നു. അക്കാലത്തു വിദ്യാലയങ്ങള്‍ 80 ശതമാനവും ക്രിസ്ത്യന്‍ സഭകളുടെ നിയന്ത്രണത്തിലായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധിതവും സൗജന്യവുമാക്കാനും അതിലെ പാഠ്യവിഷയങ്ങള്‍ സര്‍ക്കാര്‍ നിര്‍ണയിക്കാനും സിപി എടുത്ത തീരുമാനത്തിനെതിരെ ക്രൈസ്തവര്‍ നടത്തിയ പ്രക്ഷോഭവും, ക്രൈസ്തവാന്തരീക്ഷത്തില്‍ തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്ന ഹിന്ദുഭരണത്തെ ധിക്കരിക്കാനുള്ള നീക്കങ്ങളും തിരുവിതാംകൂറിന്റെ ചരിത്രത്തെ വഴിതിരിച്ച സുപ്രധാന സംഭവങ്ങളായിരുന്നു. അക്കാലത്ത് സര്‍ക്കാര്‍ നടപടികളെ എന്‍എസ്എസും, എസ്എന്‍ഡിപിയും പൂര്‍ണമായി പിന്താങ്ങിയിരുന്നു. സഭകള്‍ വൈസ്രോയിയുടെയും മറ്റും സഹായമഭ്യര്‍ത്ഥിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. സിപിഐക്കെതിരെ നടന്നുവന്ന രാഷ്ട്രീയ പ്രക്ഷോഭത്തിന്റെ നട്ടെല്ലായി പ്രവര്‍ത്തിച്ചതും ക്രൈസ്തവര്‍ ആയിരുന്നു.
പ്രീയൂണിവേഴ്സിറ്റി സമ്പ്രദായം സര് സി.പി. കൊണ്ടുവന്നപ്പോള്‍ സര്‍ക്കാരിതര രംഗത്തെ വിദ്യാഭ്യാസ കുത്തക കൈവശം വച്ചിരുന്ന ക്രൈസ്തവ വിഭാഗം നിസ്സഹകരിച്ചു. അക്കാലത്താണ് സംസ്ഥാനത്തു ഹിന്ദുസമുദായത്തിന്റേതായി കോളജുകള്‍ വേണമെന്ന ആശയം ഉയര്‍ന്നുവന്നത്. എന്‍എസ്എസ്സും എസ്എന്‍ഡിപിയും ഇതിനു മുന്‍കയ്യെടുത്തു. പ്രീ യൂണിവേഴ്സിറ്റി സ്ഥാപനങ്ങള്‍ ആരംഭിക്കുകയാണെങ്കില്‍ അതിനാവശ്യമായ സ്ഥലം ഏറ്റെടുത്തു നല്കുന്നതിനു പുറമേ പ്രാരംഭ ചെലവുകള്‍ക്കായി സഹായവും നല്കാന് സര്‍ക്കാര്‍ സന്നദ്ധമായി. മന്നത്തു പത്മനാഭനും ആഗമാനന്ദസ്വാമികളും മറ്റും ഹിന്ദു കോളജ് സ്ഥാപിക്കാനുള്ള പ്രചാരണവും ധനസമാഹരണവുമായി സംസ്ഥാനമാകെ സഞ്ചരിച്ചു. കൊല്ലത്ത് ആര്.ശങ്കറിന്റെ ഉത്സാഹത്തില്‍ എസ്എന്‍ഡിപി നേതൃത്വവും മുന്നിട്ടുവന്നു. തിരുവനന്തപുരത്തു ഒന്നാം ഗ്രേഡ് കോളജിനും പ്രോത്സാഹനം ലഭിച്ചു. തിരുവനന്തപുരത്തെ കറ്റച്ചകോണം കുന്നിന്മുകളിലെ 46 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് രാജഭരണകാലത്തുതന്നെ എന്‍എസ്എസിന്റെ കോളജ് കമ്മിറ്റിക്കു നല്കി. അവിടെ ക്രിസ്ത്യന്‍ സഭക്കാര് ഒരു വലിയ ക്രിസ്ത്യന്‍ കോളനി സ്ഥാപിക്കാന്‍ പരിപാടിയിട്ടിരുന്നതാണ്. സിയോണ്ഹില് എന്ന പേരും അതിനു നല്കപ്പെട്ടിരുന്നു. പല പല പേരുകളിലായി നാല്പതോളം വീടുകളും അവിടെയുണ്ടായിരുന്നു.
1948-ല്‍ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തു കോട്ടയ്ക്കു പുറത്ത് വടശ്ശേരി അമ്മവീട് എന്ന കൊട്ടാര സദൃശമായ ഭവനസമുച്ചയം വാടകയ്ക്കെടുത്ത് അവിടെയാണ് ക്ലാസ്സുകള്‍ ആരംഭിച്ചത്. സിപി പോയി; രാജഭരണമവസാനിച്ചു; ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ്സിനെ പിടിച്ചടക്കി. പ്രീ യൂണിവേഴ്സിറ്റി പദ്ധതി ഉപേക്ഷിക്കപ്പെട്ടു. പഴയ ഇന്റര്‍മീഡിയറ്റ് സമ്പ്രദായം തിരിച്ചെത്തി. പ്രീയൂണിവേഴ്സിറ്റി രീതിയിലേക്ക് വിദ്യാര്‍ത്ഥികളെ പാകപ്പെടുത്തുന്ന തരത്തില്‍ സ്കൂള്‍ വിദ്യാഭ്യാസ പദ്ധതിയിലും സര് സി.പി. പരിഷ്കാരങ്ങള്‍ വരുത്തിയിരുന്നു. ഓരോ വിദ്യാര്‍ത്ഥിയും സ്വാഭിരുചിക്കനുസരിച്ച് തെരഞ്ഞെടുക്കുന്ന വിഷയത്തില്‍ വൈദഗ്ദ്ധ്യം നേടുന്നതിനു പര്യാപ്തമായ പഠനരീതിയായിരുന്നു അത്. അതും ഉപേക്ഷിക്കപ്പെട്ടു. സ്വാതന്ത്ര്യലബ്ധിക്കുശേഷം വിദ്യാഭ്യാസരംഗത്തെ പരിഷ്കാരത്തിനു നിര്‍ദ്ദേശങ്ങള്‍ നല്കാന് നിയുക്തമായ ഡോ. രാധാകൃഷ്ണന് കമ്മീഷന് അതിവിശിഷ്ടമെന്നു വിശേഷിപ്പിച്ച രീതിയായിരുന്നു അത്. ദശകങ്ങള്‍ പിന്നിട്ടപ്പോള്‍ ആ സമ്പ്രദായത്തിന്റെ ഒരു പേക്കോലം 10+2+3 എന്ന പേരില്‍ രാജ്യത്തു നടപ്പാക്കപ്പെട്ടു. അതുതന്നെ ഒട്ടേറെ പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ശേഷമാണ് കേരളം സ്വീകരിച്ചതെന്നോര്ക്കാം. ലോകത്തെ വിശിഷ്ടവിദ്യാലയങ്ങളുടെ ആദ്യത്തെ നൂറെണ്ണത്തില്പ്പെടാന് നമ്മുടെ ഒരു വിദ്യാലയത്തിനുപോലും കഴിയുന്നില്ലെന്നതായി അതിന്റെ ഫലം. സമ്പൂര്‍ണ സാക്ഷരതയുടെ പേരില്‍ ഊറ്റംകൊള്ളുന്ന കേരളത്തിന്റെ കാര്യത്തിലും മുന്‍നിര വിശിഷ്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ല തന്നെ.
ഞാന്‍ ചേര്‍ന്നത് കേശവദാസപുരത്തെ മഹാത്മാഗാന്ധി കോളജിലായിരുന്നു. 500 കുട്ടികളെ ഒന്നാം വര്‍ഷ ഇന്ററില്‍ ചേര്‍ത്തിരുന്നു. കെട്ടിടത്തിന്റെ പണി നടക്കുന്നതേ ഉള്ളൂ. പണിതീര്‍ത്ത ക്ലാസ്സു മുറികളില്‍ തേപ്പു കഴിയുന്നതിനു മുന്‍പുതന്നെ ബെഞ്ചും ഡസ്കും നിരത്തി ക്ലാസ്സ് നടത്തുന്നതായിരുന്നു രീതി. അവധി ദിവസങ്ങളിലാണ് തേപ്പും വയറിങ്ങും നടത്തിയത്. ഞങ്ങളുടെ നാട്ടിലും എന്‍എസ്എസിന്റെ ഒരു മിഡില്‍ സ്കൂളിന് ഹൈസ്കൂളാകാനുള്ള അനുമതിക്കായി കാത്തിരിക്കേണ്ട അവസ്ഥയുണ്ടായിരുന്നു. അതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിദഗ്ധത്തൊഴിലൊഴികെ എല്ലാം നാട്ടുകാര്‍ കൂട്ടമായി സഹകരിച്ചു ചെയ്യുകയായിരുന്നു. എന്നാല്‍ കോളജിന്റെ നിര്‍മാണത്തില്‍ നാട്ടുകാരുടെ അത്തരം സഹകരണം കാണാത്തതില്‍ ഇച്ഛാഭംഗം വന്നു. അപ്പോഴാണ് സമീപവാസികള്‍ക്ക് കോളജിനോട് ഒരുതരം നിസ്സംഗ മനോഭാവമാണെന്ന് മനസ്സിലായത്. സാമ്പത്തികമായി ഭേദപ്പെട്ടവര്‍ വീടുകളോടു ചേര്‍ന്നു മുറികള്‍ നിര്‍മിച്ച് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വാടകയ്ക്കു കൊടുത്തു പണമുണ്ടാക്കാനുള്ള അവസരമായി കോളജിനെ കണ്ടതും കൗതുകമുണ്ടാക്കി.
കോളജില്‍ അധ്യാപകരായി ഏറ്റവും മികച്ചവരെത്തന്നെ ലഭ്യമാക്കുന്നതില്‍ കോളജ് സെന്‍ട്രല്‍ കമ്മറ്റി വിജയിച്ചു. പ്രിന്‍സിപ്പല്‍ പ്രൊഫ. വി. നാരായണപിള്ള യൂണിവേഴ്സിറ്റിയിലെ ആദരണീയ വ്യക്തികളില്പ്പെട്ടിരുന്നു. യൂണിവേഴ്സിറ്റി കമ്മീഷന്റെ തലവനായും പലതവണ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇംഗ്ലീഷ് വിഭാഗത്തില്‍ പി.ജി. സഹസ്രനാമയ്യര്‍ ഷേക്സ്പിയര് ക്ലാസ്സെടുക്കുന്നത് ശ്രദ്ധിക്കാന്‍ അധ്യാപകര്‍ പോലും പിന്നില്‍ വന്നിരിക്കുമായിരുന്നു. ഫിസിക്സിലെ പി.കെ. കൃഷ്ണപിള്ളയും ശ്രീനിവാസ അയ്യങ്കാറും അധ്യാപനരംഗത്തെ പ്രഗത്ഭരായിരുന്നു. ഇംഗ്ലീഷ് അധ്യാപകനായി അയ്യപ്പപ്പണിക്കരും ഉണ്ടായിരുന്നു. ആധ്യാത്മിക സാഹിത്യവിഭൂതിയായി കരുതപ്പെടുന്ന പ്രൊഫ. ജി. ബാലകൃഷ്ണന്‍നായരും യോഗാചാര്യന് വെണ്‍കുളം പരമേശ്വരനും പ്രൊഫ. സി.ഐ. ഗോപാലപിള്ളയും മലയാള വിഭാഗത്തിലുണ്ടായിരുന്നു.
വിദ്യാര്‍ഥികളുടെ കാര്യം പറഞ്ഞാല്‍ പില്ക്കാലത്ത് അധൃഷ്യ സംന്യാസിയായ സ്വാമി സത്യാനന്ദസരസ്വതിയും, സമാനതകളില്ലാത്ത രാഷ്ട്രീയനേതാവ് ആര്. ബാലകൃഷ്ണപിള്ളയും പഠിക്കുന്നുണ്ടായിരുന്നു; മറ്റ് ഗ്രൂപ്പുകളിലായിരുന്നെന്നുമാത്രം.
എന്നാല്‍ വിദ്യാര്‍ഥി വിഭാഗം ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കൂത്തരങ്ങായിരുന്നു. വിദ്യാര്‍ഥി ഫെഡറേഷനും വിദ്യാര്‍ഥി കോണ്‍ഗ്രസ്സും, ആര്‍എസ്പിക്കാരുടെ പിഎസ്യുവും തമ്മില്‍ സംഘര്ഷമുണ്ടാവാത്ത ദിവസങ്ങള്‍ ചുരുക്കമായിരുന്നു. ഒന്നാം വര്‍ഷത്തില്‍ ക്ലാസ് നടന്നത് 95 ദിവസങ്ങളില്‍ മാത്രം. രണ്ടാം വര്‍ഷത്തില്‍ 103 ദിവസവും. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിരോധനം പിന്‍വലിച്ച് ജയില്‍മോചിതരായ നേതാക്കള്‍ക്ക് കോളജ് ലൈബ്രറിയില്‍ നല്കപ്പെട്ട സ്വീകരണത്തില്‍, ഇ.എം.എസ്. നമ്പൂതിരിപ്പാട് ഒഴികെയുള്ള എല്ലാ നേതാക്കളുമുണ്ടായിരുന്നു. അവരുടെ പ്രസംഗങ്ങളുടെ സാരാംശം സോവിയറ്റ് യൂണിയനിലേതുപോലുള്ള വിദ്യാഭ്യാസംകൊണ്ടേ ഇന്ത്യ ഗതിപിടിക്കൂ എന്നും, അതിന് സായുധവിപ്ലവംതന്നെ വേണമെന്നുമായിരുന്നു.
1953-ലെ ഇന്റര്‍മീഡിയറ്റ് പരീക്ഷയില്‍ 540 പേരാണ് കോളേജില്നിന്നെഴുതിയത്. ജയിച്ചവര്‍ നാല്പത്തിനാലുപേര്! ഇതു സംസ്ഥാനത്തെ കോളജുകള്ക്കിടെ ഇന്നും ഭേദിക്കപ്പെടാത്ത റെക്കോര്ഡാവുമെന്നു തോന്നുന്നു.
ഞങ്ങള്‍ നിത്യശാഖക്കാരായ ഏഴെട്ടുപേരും വല്ലപ്പോഴും നാലഞ്ചുപേരുമായിരുന്നു സ്വയംസേവകര്‍. ഏഴു പതിറ്റാണ്ടുകളെത്തുമ്പോള് കോളേജ് യൂണിയന് വിദ്യാര്‍ഥി പരിഷത്തിന്റെ നിയന്ത്രണത്തിലായി എന്നതില്‍ ചാരിതാര്‍ഥ്യം കൊള്ളുന്നു. കോളജ് സ്റ്റേഡിയം സ്വയംസേവകരാല്‍ നിറഞ്ഞ, ആര്‍എസ്എസ് സര്‍സംഘചാലക് ബാലാസാഹിബ് ദേവറസിന്റെ പരിപാടിയില്‍ പങ്കെടുക്കാനായിട്ടാണ് ആ മാതൃവിദ്യാലയത്തില്‍ ഒടുവില്‍ പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: