സ്റ്റാലിനിസത്തിലൂടെ അയ്യപ്പഭക്തരെയും, വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായി അവര്‍ക്ക് പിന്തുണ നല്കുന്നവരെയും അടിച്ചമര്‍ത്തുകയാണ് പിണറായി വിജയന്റെ സര്‍ക്കാര്‍. ഒന്നര മാസത്തോളമായി അധികാര പ്രയോഗത്തിന്റെ ഏറ്റവും നിന്ദ്യമായ മുഖം ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നു. ഈയൊരു കാര്യത്തിനുവേണ്ടി മാത്രമാണ് തങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് തോന്നിപ്പിക്കും വിധമാണ് നീതിബോധമോ ധാര്മികചിന്തയോ ജനാധിപത്യവിശ്വാസമോ പ്രതിപക്ഷ ബഹുമാനമോ തൊട്ടുതീണ്ടാതെ പിണറായിയുടെ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഭീഷണിക്ക് കീഴടങ്ങാതെ അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയതിന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ കള്ളക്കേസുകള്‍ ചുമത്തി കൊല്ലാക്കൊല ചെയ്യുകയാണ് പോലീസ്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലടീച്ചറെ തീര്‍ത്തും അനാവശ്യമായി അറസ്റ്റുചെയ്ത പോലീസുകാര്‍ക്ക് പാരിതോഷികം നല്കുന്ന സാഡിസ്റ്റ് മനോഭാവത്തിലേക്ക് ഇടതുമുന്നണി സര്‍ക്കാരിനെ നയിക്കുന്നവര്‍ അധഃപതിച്ചിരിക്കുന്നു.
ജനാധിപത്യത്തില്‍ രാജാക്കന്മാരില്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ജനങ്ങളുടെ ഇച്ഛയ്ക്കാണ് വിലകല്‍പ്പിക്കേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയന് പക്ഷേ ഈ തത്ത്വത്തില്‍ വിശ്വസിക്കുന്നില്ല. തനിക്ക് ഇഷ്ടമുള്ളത് ചെയ്യും. തടയാന്‍ വരുന്നവര്‍ പോലീസിന്റെ ലാത്തിയുടെയും ബൂട്ടിന്റെയും കരുത്തറിയും. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിവിധി എന്തും ചെയ്യാനുള്ള ലൈസന്‍സാണെന്ന് ധരിച്ച പിണറായിയുടെ ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരമാണ് ശബരിമലയെ സാധാരണ നിലയിലാക്കി ക്രമസമാധാനമുറപ്പാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് ഹൈക്കോടതി മൂന്നംഗ നിരീക്ഷണ സമിതിയെ നിയോഗിച്ചത്. നിയമങ്ങള്‍ ദുരുപയോഗിച്ചും വിശ്വാസവിരുദ്ധമായും ഇടതുമുന്നണി സര്‍ക്കാരും പോലീസും ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നീതീകരിക്കാനാവാത്ത നിയന്ത്രണങ്ങള്‍ റദ്ദാക്കിയാണ് ഹൈക്കോടതി നിര്‍ണായകമായ ഈ നടപടിയെടുത്തത്. ഭക്തരുടെ നാമജപവും ശരണംവിളികളും തടയരുതെന്ന് കോടതി കര്‍ശനനിര്‍ദ്ദേശം നല്‍കിയത് മുഖ്യമന്ത്രിക്ക് മുഖമടച്ചുകിട്ടിയ അടിയാണ്. കാരണം നാമംജപിച്ചതിനും ശരണം വിളിച്ചതിനുമാണല്ലോ പോലീസിനെ കയറൂരിവിട്ട് ഭക്തരെ ആട്ടിപ്പായിച്ചതും അടിച്ചമര്‍ത്തിയതും. ശബരിമലയിലെ പോലീസ്രാജിന് ഹൈക്കോടതി ജഡ്ജിവരെ ഇരയായി.
കോടതിയുടെ ഈ ഇടപെടലുണ്ടായി പിറ്റേദിവസംതന്നെ മുഖ്യമന്ത്രി പിണറായി വിജയന് പതിവുശൈലിയില്‍ അതിനെതിരെ രംഗത്തുവന്നു. അക്രമസാധ്യത നിലനില്‍ക്കുന്നതിനാല്‍ ശബരിമലയിലെ നിയന്ത്രണം തല്ക്കാലം പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചത്. നിയമസഭയില്‍ എന്തും പറയാം. അത് മറ്റാര്‍ക്കും ചോദ്യം ചെയ്യാനാവില്ല എന്നതുകൊണ്ടാവാം കോടതി ഉത്തരവിനെ ധിക്കരിക്കുന്ന സ്വരം മുഖ്യമന്ത്രിയില്‍നിന്ന് ഉണ്ടായത്. ശബരിമലയില്‍ ഒരു കാരണവശാലും സമാധാനാന്തരീക്ഷം പുലരരുത് എന്ന ദുഷ്ടലാക്കാണ് ഹിന്ദുവിരുദ്ധമായ ഇടതുമുന്നണി സര്‍ക്കാരിനുള്ളത്. ഇത് ഒരുവിധത്തിലും അനുവദിച്ചുകൊടുക്കാനാവില്ല. ഈ മണ്ഡല-മകരവിളക്ക് കാലം അവസാനിക്കാന്‍ ഇനിയും ഏറെ ദിവസങ്ങള്‍ ബാക്കിയാണ്. അവശേഷിക്കുന്ന ദിവസങ്ങളിലെങ്കിലും ശബരിമല സന്നിധിയില്‍ ഭക്തര്‍ക്ക് സമാധാനത്തോടെ ആരാധന നടത്താനുള്ള അവസരമൊരുക്കാന്‍ കോടതി നിയോഗിച്ച സമിതിക്കാവുമെന്ന് പ്രതീക്ഷിക്കാം. സമിതിയുടെ നിര്‍ദ്ദേശങ്ങള്‍, അത് എന്തുതന്നെയായാലും അംഗീകരിക്കാനും നടപ്പാക്കാനുമുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. അത്രയെങ്കിലും നീതിബോധം മുഖ്യമന്ത്രി കാണിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: