ഇന്ത്യയെയും ലോകത്തെയും നടുക്കിയ ആ കിരാത സംഭവത്തിന് ഇന്നലെ പത്താണ്ട് തികഞ്ഞു. 2008 നവംബര്‍ 26 നാണ് പാക്കിസ്ഥാനില്‍നിന്ന് കടല്‍ കടന്നെത്തിയ ഇസ്ലാമിക ഭീകരര്‍ ഇന്ത്യയുടെ വ്യവസായ നഗരമായ മുംബൈയില്‍ കണ്ണില്‍ ചോരയില്ലാത്തവിധം ആക്രമണം നടത്തിയത്. 158 പേരുടെ ജീവനെടുക്കുകയും, 308 പേരെ മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത ലഷ്കറെ തൊയ്ബ ഭീകരരില്‍ ഒരാളൊഴികെ എല്ലാവരെയും സുരക്ഷാ സൈന്യം വധിച്ചു. ഓപ്പറേഷന് ബ്ലാക്ക് ടൊര്‍ണാഡോ എന്ന പേരില്‍ നടത്തിയ ഈ പ്രത്യാക്രമണത്തില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരായ ഹേമന്ത് കര്‍ക്കറെ, വിജയ് സലാസ്കര്‍, അശോക് കാംതെ എന്നിവരും, മലയാളികളുടെ അഭിമാനമായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനും ബലിദാനികളായി. ജീവനോടെ പിടികൂടാന്‍ കഴിഞ്ഞ അജ്മല്‍ കസബിനെ വിചാരണ ചെയ്ത് തൂക്കിലേറ്റി.
കോണ്‍ഗ്രസ്സ് നേതൃത്വം നല്കിയ യുപിഎ സര്‍ക്കാരുകള്‍ കേന്ദ്രത്തിലും മഹാരാഷ്ട്രയിലും അധികാരത്തിലിരിക്കുമ്പോഴാണ് സുരക്ഷാ വീഴ്ച മുതലെടുത്ത് പാക് ഭീകരര്‍ മുംബൈ ആക്രമിച്ചത്. പ്രതിഷേധത്തെത്തുടര്‍ന്ന് അന്നത്തെ ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന് രാജിവയ്ക്കേണ്ടിവന്നു. എന്നാല്‍ പ്രതിരോധമന്ത്രിയെന്ന നിലയ്ക്ക് കൂടുതല്‍ ഉത്തരവാദിത്വമുണ്ടായിരുന്ന എ.കെ. ആന്റണി അനങ്ങാപ്പാറ നയം സ്വീകരിച്ചു. അന്തിമ വിജയം നമ്മള്ക്കായിരിക്കുമെന്ന ബാലിശമായ പ്രസ്താവനയായിരുന്നു ആന്റണിയുടെ പ്രതികരണം. ശത്രുരാജ്യമായ പാക്കിസ്ഥാന്റെ പിന്തുണയോടെ ആക്രമണം നടത്തിയത് പാക് ഭീകരരാണെന്ന് വ്യക്തമായിട്ടും ആക്രമണത്തിനു പിന്നില്‍ ‘ഹിന്ദു ഭീകരര്‍’ ആണെന്നും, ഹേമന്ത് കര്‍ക്കറെയെ വധിച്ചത് ഇവരാണെന്നും പ്രചരിപ്പിക്കാന്‍ കോണ്‍ഗ്രസ്സ് മടിച്ചില്ല.
കോണ്‍ഗ്രസ്സ് നേതാവായിരുന്ന എ.ആര്. ആന്തുലെയാണ് ഇതിന് തുടക്കമിട്ടത്. മറ്റൊരു കോണ്‍ഗ്രസ്സ് നേതാവ് ദിഗ്വിജയ് സിങ് ഇത് ഏറ്റുപിടിച്ചു. ആക്രമണം നടത്തിയവരുടെ ഭീകര സംഘടനയായ ലഷ്കറെ തൊയ്ബ അത്ര വലിയ ഭീഷണിയല്ലെന്ന പ്രസ്താവന പോലും കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിയായിരുന്ന രാഹുല്‍ ഗാന്ധി നടത്തി. കോണ്‍ഗ്രസ്സ് ഭരണത്തിന്റെ തണലിലാണ് ഈ ആക്രമണം നടന്നതെന്ന് കരുതാന്‍ ഇതൊക്കെ മതിയായ കാരണങ്ങളാണ്. നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴില്‍ അജ്മല്‍ കസബ് തൂക്കിലേറ്റപ്പെട്ടപ്പോള്‍ വധശിക്ഷ പ്രാകൃതമാണെന്നും, ജുഡീഷ്യല്‍ കില്ലിങ്ങാണ് അതെന്നും പറഞ്ഞ് രംഗത്തുവന്നര്ക്കും കോണ്‍ഗ്രസ്സിന്റെ പരോക്ഷ പിന്തുണ ലഭിച്ചത് ഇതിനോട് ചേര്‍ത്തു വായിക്കാം.
പാക് പിന്തുണയോടെയുള്ള ഭീകരാക്രമണത്തെ ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്ന നിലപാടാണ് നരേന്ദ്ര മോദി സര്‍ക്കാരിനുള്ളത്. അതിര്‍ത്തി കടന്ന് പാക്കധീന കശ്മീരിലെ ഭീകരത്താവളത്തില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കു മാത്രം ഇതിന് തെളിവായി. മുംബൈ ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികത്തില്‍ ഭീകരരെ നിഷ്കരുണം അടിച്ചമര്‍ത്തുകയാണ്. കശ്മീരില്‍ അടുത്ത ദിവസങ്ങളില്‍ പതിനൊന്ന് ഭീകരരെയാണ് സൈന്യം കൊന്നൊടുക്കിയത്. ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ഭീകരരെയും അതിശക്തമായി നേരിടുകയാണ്. നോട്ട് റദ്ദാക്കലിലൂടെ കശ്മീരിലുള്‍പ്പെടെ സാമ്പത്തികമായി ഭീകരരുടെ നടുവൊടിക്കാന്‍ മോദി സര്‍ക്കാരിനു കഴിഞ്ഞു.
മുംബൈ ഭീകരാക്രമണം നടത്തിയവരില്‍ അജ്മല്‍ കസബിന് മാത്രമാണ് നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് അര്‍ഹിക്കുന്ന ശിക്ഷ കൊടുക്കാന്‍ കഴിഞ്ഞത്. എന്‍ഐഎ അന്വേഷിച്ച കേസില്‍ ആക്രമണത്തിന്റെ സൂത്രധാരന്മാരായ ഹഫീസ് സെയ്ദ്, സഖിയൂര്‍ റഹ്മാന് ലഖ്വി എന്നീ ലഷ്കര്‍ ഭീകരനേതാക്കള്‍ പ്രതികളാണ്. ഇന്ത്യയുടെ നിരന്തരമായ ആവശ്യം അവഗണിച്ച് പാക്കിസ്ഥാന് ഇവരെ സംരക്ഷിക്കുന്നു. വധശിക്ഷ റദ്ദാക്കണമെന്ന അജ്മല്‍ കസബിന്റെ അപ്പീല്‍ തള്ളി സുപ്രീംകോടതി പറഞ്ഞത്, സമൂഹ മനഃസാക്ഷി സംതൃപ്തമാവാന്‍ ഈ പ്രതിയെ തൂക്കിലേറ്റണമെന്നാണ്. ഹഫീസ് സെയ്ദിനും ലഖ്വിക്കും ഇത് ബാധകമാണ്. ഇതിനാണ് ഇന്ത്യയുടെ ഇപ്പോഴത്തെ ശ്രമം. ഇത് വിജയിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പാക്കിസ്ഥാനൊപ്പം ചേര്‍ന്ന് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ആഭ്യന്തര ശക്തികളെ പരാജയപ്പെടുത്തേണ്ടതും ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: