ഇന്ത്യന്‍ കായിക രംഗത്തിനൊരു മികച്ച സന്ദേശം നല്‍കിക്കൊണ്ടാണ് മേരി കോം എന്ന മണിപ്പൂരുകാരി ആറാമത്തെ ലോക വനിതാ ബോക്സിങ് കിരീടം നേടിയത്. ലക്ഷ്യബോധവും പോരാടാനുള്ള ഉറച്ച മനസ്സുമുണ്ടെങ്കില്‍ നമുക്കും കീഴടക്കാവുന്ന ഉയരങ്ങള്‍ മാത്രമേ കായിക രംഗത്തുള്ളൂ എന്ന സന്ദേശം. ആറ് ലോക കിരീടം നേടിയ, ലോകത്തെ ഒരേയൊരു വനിതയാണ് മാങ്ഗതെ ചുങ്കനേജിന് മേരികോം എന്ന ഈ അമ്മ. ആ ആറിനൊപ്പം ഒരു വെള്ളിയും ചേര്‍ത്ത് ആകെ ഏഴു ലോക മെഡല്‍. ഈ നേട്ടത്തിനൊപ്പം നില്ക്കാന് ലോകത്ത് ഇന്ന് പുരുഷന്മാരില്ത്തന്നെ ഒരാളേയുള്ളു. അത് ക്യൂബയുടെ ഫെലിക്സ് സാവോണ്‍ ആണ്.
നിശ്ചയദാര്‍ഢ്യം, സ്ഥിരത, തളരാത്ത പോരാട്ടവീര്യം. ബോക്സിങ് റിങ്ങില്‍ ഇവയാണ് മേരിയുടെ കൈമുതല്‍. ഇന്ത്യന്‍ കായികതാരങ്ങള്‍ക്കു മിക്കപ്പോഴും ഇല്ലാതെ പോകുന്നതും ഇതൊക്കെത്തന്നെയാണ്. സാങ്കേതികത്തികവുണ്ടായിട്ടും കളിക്കളത്തിലെ മികവ് വിജയമാക്കി മാറ്റാന്‍ അവര്‍ക്കു കഴിയാതെപോകുന്നു. ഇത് ഇന്ത്യന്‍ കായികരംഗത്തെ പതിവ്കാഴ്ചയാണ്. ഒരു വിജയത്തിന് പിന്നാലെവരുന്ന പരാജയം ഇന്ത്യയെ വിടാതെ പിന്തുടരുന്ന ശാപമാണ്. ശാരീരികക്ഷതയിലും ഫോമിലും സ്ഥിരത നിലനിര്‍ത്താന്‍ കഴിയാതെപോകുന്നതിന്റെ വ്യക്തമായ ഉദാഹരണമാണിത്. ഇവിടെയാണ് മേരിയുടെ തുടര്‍ച്ചയായ വിജയങ്ങള്‍ മാര്ഗ്ഗദര്ശകമാകുന്നത്.
പതിനെട്ടാം വയസ്സില്‍ ലോക ചാമ്പ്യന്‍ഷിപ്പ് വെള്ളി നേടിക്കൊണ്ട് തുടങ്ങിയ മെഡല്‍ നേട്ടം മുപ്പത്തഞ്ചാം വയസ്സിലും സ്വര്‍ണമണിഞ്ഞു നില്ക്കുന്നു. ഇതിനിടെ ഒളിമ്പിക് മെഡല്‍ നേടി, ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും പൊന്നണിഞ്ഞു. ഓണ്‍ലെര്‍ കോം എന്ന ഫുട്ബോള്‍ താരത്തിന്റെ ഭാര്യയായി, മൂന്നു കുട്ടികളുടെ അമ്മയായി, അര്‍ജുന അവാര്‍ഡും ഖേല്‍രത്നയും പദ്മശ്രീയും പദ്മഭൂഷണും നേടി, രാജ്യസഭാംഗമായി. ഒരു ബോക്സിങ് താരത്തിന് വേണ്ട ശരീരഘടന ഇല്ലാതിരുന്നിട്ടും ദരിദ്ര കുടുംബ പാശ്ചാത്തലത്തില്‍ നിന്നു വന്നിട്ടും ഇതൊക്കെ നേടാന്‍ മേരിക്ക് കഴിഞ്ഞത് ലക്ഷ്യ ബോധം കൊണ്ടും മനോബലം കൊണ്ടും പോരാട്ടവീര്യം കൊണ്ടും തന്നെയാണ്. അത് തന്നെയാണ് ഈ അമ്മയുടെ ജീവിതവും വിജയങ്ങളും ഇന്ത്യന്‍ കായിക രംഗത്തിനു നല്കുന്ന സന്ദേശം.
രാജ്യം ഓര്‍ത്തിരിക്കുന്ന താരങ്ങള്‍ പലരും നമുക്കുണ്ട്. പക്ഷെ, ലോകം ശ്രദ്ധിക്കുന്ന ബോക്സറായി മാറി എന്നത് മേരിയെ വ്യത്യസ്തയാക്കും.
കാലം തളര്‍ത്താത്ത ആ മത്സരാവേശം ഈ വനിത തുടരുക തന്നെയാണ്. 2020ലെ ഒളിമ്പിക്സിലേക്ക് നോക്കി മേരി ഒരുക്കം തുടങ്ങുമ്പോള്‍ മറ്റു കായിക ഇനങ്ങളില്‍ ഇന്ത്യയുടെ തയ്യാറെടുപ്പ് എവിടെ എത്തിനില്‍ക്കുന്നു എന്ന് കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയ്ക്ക് ഒരു ഉണര്‍ത്തുപാട്ടാകട്ടെ ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: